•  21 Nov 2024
  •  ദീപം 57
  •  നാളം 37
വചനനാളം

നിത്യജീവന്‍ അവകാശമാക്കാന്‍

നവംബര്‍ 10  പള്ളിക്കൂദാശക്കാലം രണ്ടാം ഞായര്‍

പുറ 6:1-8    ഏശ 49:1-7
1 പത്രോ 1:3-7  മത്താ 19:23-30

   ദൈവമായ കര്‍ത്താവ് ദീനരോദനം കേള്‍ക്കുന്നവനാണ്; ഉടമ്പടി ഓര്‍ക്കുന്നവനാണ് (പുറ. 6:5). തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ഉദ്ധരിക്കുന്നവനും വിമോചിപ്പിക്കുന്നവനുമാണ് അവിടുന്ന് (ഏശയ്യ 49:6-7). ദൈവം കരുണയുള്ളവനാണ് (1 പത്രോ. 1:3). ദൈവം നിത്യജീവന്‍ പ്രദാനം ചെയ്യുന്നവനാണ് (മത്താ. 19:29). പള്ളിക്കൂദാശക്കാലം രണ്ടാം ഞായറിലെ വായനകളില്‍ ദൈവത്തിന്റെ വ്യക്തിത്വം വ്യക്തമാക്കപ്പെടുന്നുണ്ട്. ആരാധനക്രമവത്സരങ്ങളിലൂടെ യാത്ര ചെയ്ത് ദൈവം ആരാണെന്ന തിരിച്ചറിവിലേക്കു വന്ന് അവിടുത്തോടൊപ്പം സ്വര്‍ഗീയമഹത്ത്വത്തിലേക്കും ആനന്ദത്തിലേക്കും പ്രവേശിക്കാന്‍ വിശ്വാസികളെ ഒരുക്കുന്നതാണ് ഈ വചനവായനകള്‍.
    ഒന്നാം വായനയില്‍ (പുറ. 6:1-8) വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്ന് അരുള്‍ ചെയ്യുന്ന ദൈവമായ കര്‍ത്താവിനെക്കുറിച്ചും; രണ്ടാം വായനയില്‍ (ഏശയ്യാ 49:1-7) ഏശയ്യായെ ശക്തിപ്പെടുത്തുന്ന ദൈവത്തെക്കുറിച്ചും; മൂന്നാം വായനയില്‍ (1 പത്രോ. 1:3-7) ഈശോമിശിഹായുടെ ഉത്ഥാനംവഴി സജീവമായ പ്രത്യാശയിലേക്കും ഒളിമങ്ങാത്ത അവകാശത്തിലേക്കും എല്ലാവരെയും  കൊണ്ടുവരുന്ന ദൈവത്തെക്കുറിച്ചും; നാലാം വായനയില്‍ (മത്താ. 19:23-30) മഹത്ത്വത്തിന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാകുന്ന ഈശോയെക്കുറിച്ചും നാം ധ്യാനിക്കുന്നു. 'ദൈവികസാന്നിധ്യം, ദൈവമഹത്ത്വം, ദൈവിക ഇടപെടല്‍' ഇവയെല്ലാമാണ് ഈ വായനകളുടെയെല്ലാം പൊതുവായ ചിന്താധാരകള്‍.
    പുറപ്പാട് 6:1-8: വിളിക്കുന്ന ദൈവം പരിപാലിക്കുന്നവനാണെന്ന ചിന്തയെ മറന്നുപ്രവര്‍ത്തിക്കുന്ന മോശ ദൈവമായ കര്‍ത്താവ് വാഗ്ദാനങ്ങള്‍ പാലിച്ചില്ലായെന്നു പരാതി പറഞ്ഞു. ഈ പരാതിയുടെ സാഹചര്യത്തില്‍, ദൈവത്തിന്റെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഇസ്രയേല്‍ജനം കാണും എന്ന ഉറപ്പുനല്കുകയാണ് ദൈവം ഇവിടെ. ദൈവത്തിന്റെ മറുപടിയാണിത്. പ്രതീക്ഷയുടെയും പ്രത്യാശയുടെയും പുതിയ കവാടങ്ങള്‍ തുറക്കുമെന്ന അറിയിപ്പാണിത്.
  ''ഞാന്‍ കര്‍ത്താവാണ്'' എന്ന പ്രസ്താവനയോടെയാണ് ദൈവം മോശയോടു സംസാരിക്കാന്‍ ആരംഭിക്കുന്നത് (6:2). 'എലോഹിം' എന്ന ഹീബ്രുപദത്തിന്റെ അര്‍ഥം ‘Lord’  'കര്‍ത്താവ്' എന്നാണ്. മോശയോടു സംസാരിക്കുന്നത് യഹോവയായ 'ദൈവം' (GOD) ആണെന്ന ഉറപ്പാണ് നാലു തവണയുള്ള ആവര്‍ത്തനത്തിലൂടെ ഇവിടെ നല്‍കുന്നത് (പുറ. 6:2, 6,7,8). മോശയോടുള്ള ദൈവത്തിന്റെ വാക്കുകള്‍ അവസാനിക്കുന്നതും 'അനി യാഹ്‌വെ' (ani yahweh)  - ഞാന്‍ കര്‍ത്താവാണ് - എന്നു പറഞ്ഞുകൊണ്ടാണ് (6:8). കര്‍ത്താവായ ദൈവം 'എല്‍ഷദ്ദായ്' (elshaddai) ആണെന്നും അവിടുന്നു വ്യക്തമാക്കുന്നുണ്ട് (6:2).
    ഇസ്രയേല്‍ജനത്തിനു കാനാന്‍ദേശം നല്‍കുമെന്ന് ഉടമ്പടി ചെയ്തവനാണ് ദൈവം. 'ബെറിത്ത്' (berith) എന്ന ഹീബ്രുപദത്തിന്റെ അര്‍ഥം 'ഉടമ്പടി' എന്നാണ്. 'ബാറാ' (bara)  എന്നാല്‍ 'ഒരുമിച്ചുഭക്ഷിക്കുക' എന്നാണര്‍ഥം. ദൈവമനുഷ്യബന്ധത്തിലാണ് ഉടമ്പടി രൂപംകൊണ്ടത്. ഇത് ഒരു 'ഒരുമിക്കല്‍' ആണ്. ഉടമ്പടി ലംഘിക്കുമ്പോള്‍ ഈ ബന്ധം മുറിയുന്നു. ജനം ഉടമ്പടി ലംഘിച്ചിട്ടും അവരോടു വീണ്ടും കരുതല്‍ കാട്ടാന്‍ മനസ്സുള്ളവനാണ് ദൈവം. അക്കാരണത്താലാണ് ഇസ്രയേല്‍മക്കളുടെ ദീനരോദനം കര്‍ത്താവ് കേട്ടതും അവരുമായുള്ള ഉടമ്പടി ഓര്‍മിച്ചതും. God remembered the covenant. ഈ 'ഓര്‍മ' ദൈവത്തിന്റെ കാരുണ്യത്തിന്റെ ഭാവംതന്നെയാണ്.
ഈജിപ്തുകാര്‍ ചുമത്തിയ ഭാരം നീക്കി ഇസ്രയേല്‍മക്കളെ ദൈവമായ കര്‍ത്താവ് മോചിപ്പിക്കുമെന്ന ഉറപ്പും അവിടുന്നു നല്‍കുന്നുണ്ട്. ‘I will redeem you’ എന്ന കര്‍ത്താവിന്റെ വാക്ക് 'വിമോചനത്തിന്റെ സ്വരം' ആണ്. ഇത് 'രക്ഷയുടെ' സ്വരമാണ്. ദൈവം യഥാര്‍ഥത്തില്‍ "Redeemer' - രക്ഷകന്‍ ആണ്.
    ഏശയ്യാ 49:1-7: ജനതകളുടെ പ്രകാശമായ കര്‍ത്താവിന്റെ ദാസന്‍ തന്റെ വിളിയെക്കുറിച്ചും ദൗത്യത്തെക്കുറിച്ചും വിവരിക്കുകയാണ് ഈ വചനഭാഗത്ത്. ഈ വിവരണത്തില്‍ ദൈവമായ കര്‍ത്താവ് ആരാണ് എന്ന യാഥാര്‍ഥ്യത്തെ അദ്ദേഹം വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്.
ദൈവികശുശ്രൂഷയ്ക്കായി ഒരാളെ നിയോഗിക്കുന്നവനും ശക്തിപ്പെടുത്തുന്നവനുമാണ് കര്‍ത്താവ്. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ ഈ ദൗത്യത്തിനുവേണ്ടി 'ദൈവദാസന്‍' തിരഞ്ഞെടുക്കപ്പെട്ടു. ഹീബ്രുഭാഷയിലെ 'ഖാറാ' (qara) എന്ന പദത്തിന്റെ അര്‍ഥം 'വിളിക്കുക' എന്നാണ്. ഇതൊരു 'ദൈവവിളിയാണ് (49:1). He made my  mouth like a sharp sword (49:2). 'നാവിനെ 'വാള്' (sword) പോലെ മൂര്‍ച്ചയുള്ളതാക്കി' എന്നതിന്റെ അര്‍ഥം 'പ്രവാചകധര്‍മം' നല്‍കി എന്നതാണ്. ദൈവത്തിനുവേണ്ടി തീക്ഷ്ണതയോടെ സംസാരിക്കേണ്ടവനാണ് ദൈവദാസന്‍.
ദൈവദാസന്റെ ഈ ശുശ്രൂഷയിലൂടെയാണ് ദൈവം മഹത്ത്വം പ്രാപിക്കുന്നത് (49:3). ഹീബ്രുവിലെ 'പാര്‍' paar) എന്ന പദത്തിന്റെ അര്‍ഥം ‘glorify, honour’   എന്നൊക്കെയാണ്. ദൈവപദ്ധതിയനുസരിച്ച് ഒരാള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അയാള്‍ ദൈവത്തെ 'ആദരിക്കുക'യാണ്; ഒപ്പം ദൈവത്തെ 'മഹത്ത്വ'പ്പെടുത്തുകയാണ്. ദൈവദാസന്റെ ദൗത്യവും അതുതന്നെയാണ്. 'തന്നെത്തന്നെ മഹത്ത്വപ്പെടുത്താതെ ദൈവത്തെ മഹത്ത്വപ്പെടുത്തുക' എന്നതാണ് ദൈവശുശ്രൂഷകന്റെ ദൗത്യം.
ദൈവശുശ്രൂഷകന്‍ ബലഹീനനാണ്. ദൗത്യനിര്‍വഹണത്തിനായി അവനെ ശക്തിപ്പെടുത്തുന്നതും ബലപ്പെടുത്തുന്നതും ദൈവമായ കര്‍ത്താവാണ്. My God has become my strength (49:5). 'ഓസ്' oz) എന്ന ഹീബ്രുപദത്തിന്റെ അര്‍ഥം "might, strength’എന്നാണ്. ഫിലിപ്പി ലേഖനം 4:13 ല്‍ ഇതുതന്നെയാണ് പൗലോസ് ശ്ലീഹാ പറയുന്നത്. ''എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും'' ''എന്റെ അഭയസങ്കേതം ദൈവമാണ്'' (സങ്കീ. 46:1).
    1 പത്രോസ് 1:3-7: പത്രോസ് ശ്ലീഹാ തന്റെ ലേഖനത്തിന്റെ ആരംഭത്തില്‍ 'ദൈവത്തിനു സ്തുതി' അര്‍പ്പിക്കുന്നുണ്ട്. ഈ സ്തുതികീര്‍ത്തനത്തില്‍ പിതാവായ ദൈവത്തിന്റെ കാരുണ്യത്തെക്കുറിച്ച് പത്രോസ് സംസാരിക്കുന്നുണ്ട്. '"By His great mercy’ 'എന്നാണ് പത്രോസ് കുറിച്ചിരിക്കുന്നത്. ഗ്രീക്കുഭാഷയിലെ 'പോലുസ്' polus) എന്ന പദത്തിന്റെ അര്‍ഥം 'great, plentiful’എന്നാണ്. സാധാരണകരുണയെ അതിലംഘിക്കുന്ന മഹത്തായ കരുണയുടെ ഉറവിടമാണ് ദൈവം. അതുകൊണ്ടാണ് പത്രോസ് പാടുന്നത്: ""Blessed be the GOD'' ' ഇതൊരു 'കൃതജ്ഞതാസ്‌തോത്രം' ആണ്.
മതമര്‍ദനകാലത്ത് വിശ്വാസികള്‍ വിവിധ രീതികളില്‍ ദുഃഖിക്കേണ്ടിവരുന്നുണ്ടെങ്കിലും ആരും നിരാശരാകരുതെന്നും; മറിച്ച്, ആനന്ദിക്കണമെന്നും പത്രോസ് പഠിപ്പിക്കുന്നു: "In this you greatly rejoice   (1:6). ഗ്രീക്കുഭാഷയിലെ 'അഗല്ലിയാഓ' (agallias) എന്ന പദത്തിന്റെ അര്‍ഥം ‘be overjoyed, exault, be glad’ എന്നൊക്കെയാണ്. ഈശോയെപ്രതിയുള്ള സഹനങ്ങളില്‍ ഭഗ്നാശരാകാതെ ദൈവസ്തുതി അര്‍പ്പിക്കാനാണ് പത്രോസ് ശ്ലീഹാ ആഹ്വാനം ചെയ്യുന്നത്. പീഡാനുഭവങ്ങളില്‍ നഷ്ടധൈര്യരാകാതെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നവര്‍ക്ക് ദൈവം 'രക്ഷ' പ്രദാനം ചെയ്യും. 1:9 ല്‍ പത്രോസ് ഇതു വ്യക്തമാക്കുന്നുണ്ട്: മിശിഹായിലുള്ള വിശ്വാസത്തിന്റെ ഫലം ആത്മാവിന്റെ രക്ഷയാണ്.
   മത്തായി 19:23-30: ഈശോയുടെ ശിഷ്യനാകാനുള്ള ക്ഷണം നിരസിച്ച ധനികനായ യുവാവ് പോയിക്കഴിഞ്ഞപ്പോള്‍ ഈശോ തന്റെ ശിഷ്യരോടു സമ്പത്തിനെക്കുറിച്ചു പങ്കുവയ്ക്കുന്നതാണ് വചനഭാഗം.  ദൈവരാജ്യപ്രവേശനത്തിനു തടസ്സം നില്‍ക്കുന്ന ഒന്നാണ് 'സമ്പത്ത്' എന്നും (19:23-26), ത്യാഗം സഹിച്ച് ഈശോയെ അനുഗമിക്കുന്നവര്‍ക്ക് 'രക്ഷ' ലഭിക്കുമെന്നും (19:27-30) അവിടുന്ന് പഠിപ്പിക്കുന്നു.
    യഹൂദജനത്തിന്റെ കാഴ്ചപ്പാടനുസരിച്ച്, ദൈവകല്പനകള്‍ പാലിച്ച് അതനുസരിച്ചു ജീവിക്കുന്നവര്‍ക്ക് ദൈവം നല്‍കുന്ന പ്രതിഫലമാണ് സമ്പത്ത്. സമ്പത്ത് ദൈവത്തിന്റെ  അനുഗ്രഹമായിട്ടാണ് അവര്‍ കരുതിയിരുന്നത് (ജോബ് 1:10; സങ്കീ. 128:1-2). എന്നാല്‍ ഈശോ പറഞ്ഞു, ധനവാന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുക ദുഷ്‌കരമാണെന്ന്. കാരണം, അവന്റെ ശ്രദ്ധ ധനത്തിലാണ്; ദൈവത്തിലല്ല. ദൈവത്തെയും മാമോനെയും ഒരാള്‍ക്ക് ഒരേസമയം സേവിക്കാന്‍ സാധിക്കില്ലല്ലോ. വിശ്വാസിയുടെ മുന്‍ഗണന ദൈവമായിരിക്കണം. എങ്കിലേ 'രക്ഷ' സാധ്യമാവുകയുള്ളൂ.
    രക്ഷപ്പെടാന്‍ ആര്‍ക്കു സാധിക്കുമെന്ന ശിഷ്യന്മാരുടെ ചോദ്യത്തിന് ഈശോ നല്‍കുന്ന മറുപടി ശ്രദ്ധേയമാണ്: മനുഷ്യര്‍ക്ക് ഇത് അസാധ്യമാണ്; എന്നാല്‍ ദൈവത്തിന് എല്ലാം സാധ്യമാണ് (19:16).  നിത്യരക്ഷ മനുഷ്യന്റെതന്നെ ശക്തിയാല്‍ നേടിയെടുക്കാന്‍ സാധിക്കുന്ന ഒന്നല്ല. ഒരു മനുഷ്യന്റെ പ്രവൃത്തിയുടെ മാഹാത്മ്യംകൊണ്ട് അവനു ദൈവരാജ്യം നേടാനാവില്ല. ദൈവം മനുഷ്യനു നല്‍കുന്ന ഒരു കൃപവഴിമാത്രമാണ് ഇതു സാധ്യമാകുന്നത്. ദൈവം തന്റെ പുത്രനായ ഈശോമിശിഹാവഴി മനുഷ്യകുലത്തിനു നേടിക്കൊടുത്തതാണ് രക്ഷ. മനുഷ്യന് അസാധ്യമായതിനാല്‍ ദൈവം പാത തുറന്നുകൊടുത്തു. ഈ പാതയിലൂടെ ചരിക്കുന്നവര്‍ രക്ഷ പ്രാപിക്കും. പാത 'മിശിഹാ' ആണ്. അവിടുന്നില്‍ വിശ്വസിക്കുക എന്നതാണ് രക്ഷ പ്രാപിക്കാനുള്ള പ്രധാന മാര്‍ഗം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)