•  17 Oct 2024
  •  ദീപം 57
  •  നാളം 32
വചനനാളം

മഹത്ത്വപൂര്‍ണനായ മനുഷ്യപുത്രന്റെ ആഗമനം

ഒക്‌ടോബര്‍ 20 ഏലിയാ-സ്ലീവ-മൂശക്കാലം ഒമ്പതാം ഞായര്‍(മൂശ രണ്ടാം ഞായര്‍) 

ഉത്പ 19:23-29   മലാ 4:1-6  1 തെസ 4:13-18   ലൂക്കാ 21:20-28

   ര്‍ത്താവിന്റെ വരവിനെക്കുറിച്ചുള്ള ചിന്തകള്‍ ധാരാളമായി നിറഞ്ഞിരിക്കുന്ന ആരാധനക്രമകാലഘട്ടമാണ് ഏലിയ-സ്ലീവാ-മൂശക്കാലം. യുഗാന്ത്യോന്മുഖചിന്തകള്‍ പങ്കുവയ്ക്കപ്പെടുന്ന ഈ കാലഘട്ടത്തിന്റെ പ്രത്യാശ കര്‍ത്താവു രക്ഷിക്കും എന്നതാണ്. എല്ലാം വീണ്ടെടുക്കുന്ന, ഒരുമിപ്പിക്കുന്ന ഒരു ''രക്ഷകന്‍'' വരുമെന്ന പ്രത്യാശ എല്ലാവര്‍ക്കുമുണ്ട്. ഒമ്പതാം ഞായറിലെ വായനകളെല്ലാം രക്ഷയെക്കുറിച്ചും രക്ഷകനെക്കുറിച്ചുമാണ്.
    ഒന്നാം വായനയില്‍ (ഉത്പ. 19:23-29) അബ്രാഹത്തെയും ലോത്തിനെയും രക്ഷിക്കുന്ന ദൈവത്തെക്കുറിച്ചും; രണ്ടാം വായനയില്‍ (മലാ. 4:1-6) ആസന്നമാകുന്ന കര്‍ത്താവിന്റെ ദിനത്തെക്കുറിച്ചും; മൂന്നാം വായനയില്‍ (1 തെസ. 4:13-18) കര്‍ത്താവിന്റെ പ്രത്യാഗമനത്തെക്കുറിച്ചും മരിച്ചവരുടെ ഉയിര്‍പ്പിനെക്കുറിച്ചും; നാലാം വായനയില്‍ (ലൂക്കാ 21:20-28) ശക്തിയോടും വലിയ മഹത്ത്വത്തോടുംകൂടി മേഘങ്ങളില്‍ വരുന്ന മനുഷ്യപുത്രനെക്കുറിച്ചും നാം വായിക്കുന്നു. രക്ഷകന്റെ വരവിലുള്ള പ്രത്യാശയാണ് എല്ലാ വായനകളുടെയും അടിസ്ഥാനപ്രമേയം.
    ഉത്പത്തി 19:23-29: നീതിയും ന്യായവും നിറഞ്ഞ കര്‍ത്താവിന്റെ വഴികളിലൂടെ സഞ്ചരിക്കാത്ത സോദോംഗോമോറാ ദേശങ്ങള്‍ക്കു നാശം സംഭവിക്കുന്നതാണ് വായനയുടെ പശ്ചാത്തലം. സോദോം ഗോമോറപ്രദേശത്ത് അഗ്നിയും ഗന്ധകവുമാണു വര്‍ഷിക്കപ്പെടുന്നത്. ദൈവശിക്ഷയെ സൂചിപ്പിക്കുന്നതിനായി വിശുദ്ധഗ്രന്ഥം ഉപയോഗിക്കുന്ന രണ്ടു പ്രതീകങ്ങളാണ് അഗ്നിയും ഗന്ധകവും. (ഏശയ്യാ 30:33; 34:9-10; എസെ. 38:22; സങ്കീ. 11:6) ശിക്ഷ നല്‍കിക്കൊണ്ട് ദൈവം നീതി നടപ്പാക്കുകയാണിവിടെ. പട്ടണത്തെയും അതിലെ നിവാസികളെയും താഴ്‌വരയെയും സസ്യലതാദികളെയും നാമാവശേഷമാക്കി എന്നത് ശിക്ഷയുടെ തീവ്രതയെ കാണിക്കുന്നു.
ലോത്തും ഭാര്യയും മക്കളും സോദോം വിട്ടു പുറത്തേക്കു പോകുമ്പോള്‍ അവര്‍ക്കു ലഭിച്ചിരുന്ന കല്പനകളിലൊന്നാണ് 'പിന്‍തിരിഞ്ഞു നോക്കരുത്' (19:17) എന്നത്. എന്നാല്‍, ലോത്തിന്റെ പിറകേ വരികയായിരുന്ന ഭാര്യ പിന്തിരിഞ്ഞുനോക്കുകയും തത്ഫലമായി അവള്‍ ഒരു ഉപ്പുതൂണായിത്തീരുകയും ചെയ്തു. ദൈവികകല്പനയുടെ ലംഘനത്തിനുള്ള ശിക്ഷയാണിത് എന്നാണ് വ്യാഖ്യാനം. അനുസരണക്കേടിനു ലഭിക്കുന്ന ശിക്ഷയുടെ കാഠിന്യം ഓര്‍മിപ്പിക്കാന്‍വേണ്ടിയാണ് ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നത്.
    അബ്രാഹം അതിരാവിലെ എഴുന്നേറ്റ്, താന്‍ കര്‍ത്താവിന്റെ മുമ്പില്‍ നിന്ന സ്ഥലത്തേക്കു ചെന്നു (19:27). അബ്രാഹത്തിന്റെ യാത്രയുടെ ലക്ഷ്യസ്ഥാനം ശ്രദ്ധേയമാണ്. കര്‍ത്താവിന്റെ ഇടങ്ങളിലേക്കാണ് അബ്രാഹത്തിന്റെ യാത്ര. ആ യാത്രയാണ് അബ്രാഹത്തിന്റെ ജീവിതത്തില്‍ അനുഗ്രഹമായിത്തീരുന്നത്. ദൈവികവചസ്സുകള്‍കേട്ട്, ദൈവിക ഇടങ്ങളില്‍ വസിച്ച്, ദൈവികമായി ചരിക്കുന്ന വ്യക്തിയാണ് അബ്രാഹം. ദൈവം അബ്രാഹത്തെ ഓര്‍ക്കാന്‍ കാരണവുമതാണ് (19:29). 'ദൈവം അബ്രാഹത്തെ ഓര്‍ത്തു' എന്ന ഉത്പത്തിഗ്രന്ഥകാരന്റെ പരാമര്‍ശം പ്രസക്തിയുള്ളതാണ്. ദൈവത്തെ ഓര്‍ക്കുന്നവനെ ദൈവവും ഓര്‍ക്കും.
സോദോമിലേക്കും ഗോമോറയിലേക്കും നോക്കുന്ന അബ്രാഹത്തിനു കാണാന്‍ സാധിക്കുന്നത് 'തീച്ചൂളയില്‍നിന്നെന്നപോലെയുള്ള പുക'യാണ്. ഇതൊരു എരിഞ്ഞടങ്ങലാണ്; നാശത്തിന്റെ അടയാളമാണിത്. തെറ്റു ചെയ്യുന്നവര്‍ക്കു ലഭിക്കുന്ന ശിക്ഷയുടെ പ്രതീകമാണിത്. നിതീയും ന്യായവും പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലേ ദൈവാനുഗ്രഹവും രക്ഷയും ലഭ്യമാകുകയുള്ളൂ; അല്ലാത്തയിടങ്ങളിലെല്ലാം  കത്തിയമരലുകള്‍മാത്രമാണ് അവശേഷിക്കുക. ദൈവത്തിന്റെ വാക്കുകള്‍ക്കു ചെവി കൊടുത്തതുകൊണ്ട് ലോത്തിനെ ദൈവം നാശത്തില്‍നിന്നു രക്ഷിച്ചു.
    മലാക്കി 4:1-6: യഹോവയെ ഭയപ്പെടുന്ന നീതിമാന്മാര്‍ക്കും യഹോവയെ അനുസരിക്കാത്ത ദുഷ്ടരും അഹങ്കാരികളുമായവര്‍ക്കും സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള പ്രവാചകന്റെ വാക്കുകളാണ് ഈ വചനഭാഗത്തു നാം ശ്രവിക്കുന്നത്. വിധിദിവസം സത്യസന്ധരായവരെ ദൈവം പരിഗണിക്കുമെന്നും ദുഷ്ടര്‍ക്ക് അവരുടെ ദുഷ്ടതയുടെ ഫലം (ശിക്ഷ) ലഭിക്കുമെന്നും പ്രവാചകന്‍ പറയുന്നു (3:18).
ദുഷ്ടരായവര്‍ വലിയ ശിക്ഷാവിധി നേരിടും. തിന്മ നിറഞ്ഞ ഈ മനുഷ്യര്‍ 'വയ്‌ക്കോല്‍'പോലെയാകും. വേരും ശാഖയും അവശേഷിക്കാത്തവിധം അവര്‍ ദഹിപ്പിക്കപ്പെടും (4:1). ഒന്നും അവശേഷിക്കാത്തവിധമുള്ള ഒരു 'സര്‍വനാശം' സംഭവിക്കുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. വയ്‌ക്കോല്‍ അഗ്നിയില്‍ വയ്ക്കുമ്പോള്‍ കത്തിച്ചാരമാകുന്നതുപോലെയായിരിക്കും ദുഷ്ടന്മാരുടെ അവസ്ഥ.
    കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ അവിടുത്തെ ആദരിക്കുന്നവരും ബഹുമാനിക്കുന്നവരും സ്‌നേഹിക്കുന്നവരും അവിടുത്തെ വാക്കുകള്‍ കേള്‍ക്കുന്നവരുമാണ്. അവര്‍ക്കു ലഭിക്കുന്നത് 'നീതിസൂര്യ'ന്റെ പ്രകാശമാണ് (4:2). 'ത്‌സെദെഖാ' (tsedaqah)എന്ന ഹീബ്രുവാക്കിന്റെ അര്‍ഥം നീതി എന്നാണ്. നന്മ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ദൈവനീതി ലഭിക്കും. അത് ദൈവത്തിന്റെ കരുതലും കാരുണ്യവുമാണ്.
ദുഷ്ടന്മാരുടെ ചില വിജയങ്ങള്‍ താത്കാലികമാണ്. ശാശ്വതമായ ഒരു വിജയം അവര്‍ക്കില്ല. കാല്‍ക്കീഴിലെ ചാരം പോലെയാണവര്‍ 'എഫെര്‍' എന്ന ഹീബ്രുപദത്തിന്റെ അര്‍ഥം  ചാരം, പൊടി എന്നൊക്കെയാണ്. നിസ്സാരതയെയാണ് ഇത് അര്‍ഥമാക്കുന്നത്. അവരുടെ അസ്തിത്വമില്ലായ്മയെയാണ് ഇതു പരാമര്‍ശിക്കുന്നത്. ദൈവത്തോടു ചേര്‍ന്നുനില്‍ക്കുന്നവര്‍ക്കാണ് യഥാര്‍ഥ അസ്തിത്വമുള്ളത്.
    1 തെസലോനിക്ക 4:13-18: പൗലോസ്ശ്ലീഹായ്ക്ക് തെസലോനിക്കയിലെ തന്റെ ശുശ്രൂഷ നേരത്തേ അവസാനിപ്പിക്കേണ്ടി വന്നതുകൊണ്ട് എല്ലാ പ്രബോധനങ്ങളും ജനങ്ങള്‍ക്കു നല്‍കാന്‍ സാധിച്ചിരുന്നില്ല. തെസലോനിക്കയിലെ സഭയിലേക്കു പൗലോസ് തിമോത്തിയെ അയച്ചപ്പോള്‍ അവര്‍ 'കര്‍ത്താവിന്റെ രണ്ടാമത്തെ വരവിനെക്കുറിച്ചും, മരിച്ചവരുടെ ഉയിര്‍പ്പിനെക്കുറിച്ചും' തിമോത്തിയോട് സംശയം ഉന്നയിച്ചു. ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി കത്തു മുഖാന്തരം പൗലോസ് നല്‍കുന്നതാണ് ഇന്നത്തെ വായനയുടെ പശ്ചാത്തലം.
    'പ്രത്യാശയില്ലാത്ത മറ്റുള്ളവരെ'പ്പോലെ എന്ന് പൗലോസ് ഉദ്ദേശിക്കുന്നത് വിജാതീയസമൂഹത്തെയാണ്. നിത്യജീവിതത്തിലുള്ള, ഉയിര്‍പ്പിലുള്ള വിശ്വാസം ഇല്ലാത്തവരെയാണ് ഇത് അര്‍ഥമാക്കുന്നത്. 'നിദ്രപ്രാപിച്ചവര്‍' എന്ന പരാമര്‍ശം മരണംമൂലം ഈ ലോകത്തില്‍നിന്നു വേര്‍പെട്ടുപോയവരെയാണ് സൂചിപ്പിക്കുന്നത്. മരിച്ചവര്‍ക്കു സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള  'അറിവ്' പൗലോസ് ഇവിടെ നല്‍കുകയാണ്.
ഈശോ മരിക്കുകയും തുടര്‍ന്ന് അവിടുന്ന് ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു. പിതാവായ ദൈവത്തിന്റെ പദ്ധതിയാണത് (1:10). ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം ഈശോയുടെ ഉയിര്‍പ്പാണ്. അവിടുത്തെ ഉയിര്‍പ്പില്‍ എല്ലാവരും വിശ്വസിക്കുന്നു. പിതാവായ ദൈവം ഈശോയെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചതുപോലെ കര്‍ത്താവായ ഈശോയില്‍ നിദ്രപ്രാപിച്ചവരെ ദൈവം ഉയിര്‍പ്പിക്കും. ഈ പ്രത്യാശയാണ് വിശ്വാസികള്‍ക്ക് ഉണ്ടാകേണ്ടത്. പൗലോസ് നല്‍കുന്ന 'അറിവ്' ഇതാണ്: മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടും.
   കര്‍ത്താവിന്റെ രണ്ടാംവരവ് വേഗത്തില്‍ത്തന്നെ സംഭവിക്കുമെന്ന ധാരണയാണ് ആദിനൂറ്റാണ്ടില്‍ എല്ലാവരും പുലര്‍ത്തിയിരുന്നത്. എന്നാല്‍, പിന്നീട് കര്‍ത്താവിന്റെ വരവിനു കാലതാമസം വന്നപ്പോള്‍ ഒരുനാള്‍ കര്‍ത്താവു വരും, എല്ലാവരും ഒരുങ്ങിയിരിക്കണം എന്ന ധാരണ വന്നു. 'കര്‍ത്താവിന്റെ രണ്ടാം വരവില്‍ ക്രിസ്തുവില്‍ മരണമടഞ്ഞവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‍ക്കും, അപ്പോള്‍ ജീവിച്ചിരുന്നവര്‍ അവിടുത്തോടൊപ്പം മേഘങ്ങളില്‍ സംവഹിക്കപ്പെടും' എന്നു പൗലോസ് പഠിപ്പിച്ചു.
    ലൂക്കാ 21:20-28: ജറുസലെമിന്റെ പതനത്തെക്കുറിച്ചും (20:20-24) മനുഷ്യപുത്രന്റെ മഹത്ത്വപൂര്‍ണമായ ആഗമനത്തെക്കുറിച്ചും (20:25-28) ഇന്നത്തെ സുവിശേഷത്തില്‍ നാം വായിക്കുന്നു. ജറുസലെമിന്റെ നാശത്തെക്കുറിച്ചുള്ള മൂന്നാം പ്രവചനമാണിത് (13:34-35; 19:41-44). പഴയനിയമത്തില്‍ കാണുന്ന പ്രവാചകന്മാരുടെ വിധിപോലെയാണ് ജറുസലെംനഗരത്തിനുമേല്‍ ഈശോ പ്രവചിക്കുന്ന വിധി.
   ശത്രുക്കള്‍ ജറുസലെംപട്ടണത്തിനുചുറ്റും താവളമടിക്കും. അവര്‍ വിജാതീയരാണ്. വിജാതീയരുടെ കടന്നുകയറ്റം നാശത്തിന്റെ അടയാളമാണ്. ഗ്രീക്കുഭാഷയിലെ 'എറെമോസിസ്' (eremosis) എന്ന പദത്തിന്റെ അര്‍ഥം ‘devastation’എന്നാണ്. കൊടിയ നശീകരണം, ഉണ്ടാകുമെന്നാണ് സൂചന. ഇവിടെ സംഭവിക്കാന്‍ പോകുന്നത് ഒരു desolation’ ആണ്; നിര്‍ജ്ജനീകരണം സംഭവിക്കുമെന്നര്‍ഥം. ആര്‍ക്കും പ്രത്യേക പരിഗണന ലഭിക്കാത്ത മരണത്തിന്റെയും ദുഃഖത്തിന്റെയും നാള്‍ വന്നുഭവിക്കുമെന്നാണ് പ്രവചനം. എന്നാല്‍, 'വിജാതീയരുടെ നാളുകള്‍' (times of Gentiles) ഒരുനാള്‍ അവസാനിക്കും. ദൈവമക്കള്‍ വീണ്ടും പുനഃസംഘടിപ്പിക്കപ്പെടുമെന്ന പ്രത്യാശയുടെ സൂചനയാണിത്.
   മനുഷ്യപുത്രന്റെ വരവ് (parousia) എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. മനുഷ്യപുത്രന്റെ വരവില്‍ പ്രകൃതിയില്‍ അടയാളങ്ങള്‍ കാണപ്പെടും. സൃഷ്ടിയാകെ ഉലഞ്ഞാടുമ്പോള്‍ കര്‍ത്താവിന്റെ സമയം വരുന്നുവെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. അപ്പോള്‍ മനുഷ്യപുത്രന്‍ വലിയ ശക്തിയോടും വലിയ മഹത്ത്വത്തോടുംകൂടെ മേഘങ്ങളില്‍ ആഗതനാകും. മേഘം (cloud) ദൈവസാന്നിധ്യത്തിന്റെ, ദൈവമഹത്ത്വത്തിന്റെ പ്രതീകമാണ്. പ്രപഞ്ചത്തിന്റെ അധികാരം മുഴുവന്‍ കൈയേല്‍ക്കാന്‍വേണ്ടിയാണ് ശക്തിയോടുകൂടെ അവിടുന്നു വരുന്നത്. ഇതരശക്തികളെല്ലാം ഇല്ലാതാകും. ശത്രുക്കളെ ഭയന്ന് ഇതുവരെ തല താഴ്ത്തിയിരുന്നവര്‍ക്ക് ഇനി തലയുയര്‍ത്താം. കാരണം, ശക്തനായ മനുഷ്യപുത്രന്‍ കടന്നുവരുന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)