നവംബര്‍ 24 പള്ളിക്കൂദാശക്കാലം നാലാം ഞായര്‍
ഉത്പ 14:17-24 \1 സാമു 8:1-9
വെളി 19:11-16 യോഹ 18:33-37
ആരാധനക്രമത്തിന്റെ ആദ്യകാലമായ മംഗളവാര്‍ത്തക്കാലം ആരംഭിച്ചത് രക്ഷകനായ മിശിഹായുടെ ജനനത്തെക്കുറിച്ചുള്ള സദ്വാര്‍ത്തയോടെയാണ്. ''ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു'' (ലൂക്കാ. 2:11). ഒരു ക്രിസ്റ്റോളജിക്കല്‍ കാഴ്ചപ്പാടോടെയാണ് വചനവായനകളെല്ലാം വ്യത്യസ്ത ആരാധനക്രമകാലങ്ങളില്‍ വായിക്കപ്പെട്ടതും വ്യാഖ്യാനിക്കപ്പെട്ടതും. ആരാധനക്രമത്തിലെ അവസാനകാലമായ പള്ളിക്കൂദാശക്കാലത്തിലെ അവസാനഞായറാഴ്ചയും ''രക്ഷകനായ മിശിഹാ''യെക്കുറിച്ചുള്ള ദര്‍ശനമാണ് സഭ പങ്കുവയ്ക്കുന്നത്.
ഒന്നാം വായനയില്‍ (ഉത്പ. 14:17-24) സമാധാനത്തിന്റെയും നീതിയുടെയും രാജാവായ മെല്‍ക്കിസെദേക്കിനെക്കുറിച്ചും; രണ്ടാം വായനയില്‍ (1 സാമു. 8:1-9) ഇസ്രയേല്‍ജനം തിരസ്‌കരിച്ച രാജാവായ കര്‍ത്താവിനെക്കുറിച്ചും; മൂന്നാം വായനയില്‍ (വെളി. 19:11-16) രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനുമായ മിശിഹായെക്കുറിച്ചും; നാലാം വായനയില്‍ (യോഹ. 18:33-37) രാജാവായ മിശിഹായെക്കുറിച്ചും നാം ശ്രവിക്കുന്നു. ഈശോ യഥാര്‍ഥത്തില്‍ എല്ലാവരുടെയും 'രക്ഷകന്‍' ആണ് എന്ന ഉറച്ച ബോധ്യത്തിലേക്കും ഏറ്റുപറച്ചിലിലേക്കുമാണ് ഈ വായനകളെല്ലാം നമ്മെ നയിക്കുന്നത്.
ഉത്പത്തി 14:17-24: സഹോദരനെ രക്ഷിക്കാന്‍വേണ്ടി ജീവന്‍ പണയപ്പെടുത്തി യുദ്ധം ചെയ്തശേഷം വിജയിച്ചു തിരിച്ചുവന്നപ്പോള്‍ അബ്രാഹത്തെ സ്വീകരിച്ചത് മെല്‍ക്കിസെദെക്ക് എന്ന സോദോം രാജാവാണ്. 'രാജാവിന്റെ താഴ്‌വര' എന്നറിയപ്പെടുന്ന 'ഷാവെ' താഴ്‌വരയില്‍വച്ചാണ് ഈ കണ്ടുമുട്ടല്‍ നടന്നത്. ഈ എതിരേല്പിന്റെ വിശേഷങ്ങളാണ് ഒന്നാം വായനയില്‍ നാം ധ്യാനിക്കുന്നത്.
'മെല്‍ക്കിസെദേക്ക്' എന്ന പേരിന്റെ അര്‍ഥം 'നീതിയുടെ രാജാവ്' എന്നാണ്. അദ്ദേഹം 'സമാധാനത്തിന്റെ രാജാവ്' എന്നും അറിയപ്പെട്ടിരുന്നു. 'സലേം' എന്നത് 'സിയോന്‍' ആണ്. ഇതു ജറുസലേമിന്റെ പര്യായപദമാണ്. മെല്‍ക്കിസെദേക്ക് സലേമിന്റെ രാജാവാണ് എന്നത് അദ്ദേഹം സമാധാനത്തിന്റെ (ഷലോം) വക്താവാണ് എന്ന വസ്തുത സൂചിപ്പിക്കുന്നു.
മെല്‍ക്കിസെദേക്ക് അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു. കാനാന്‍കാരുടെ ദൈവത്തിന്റെ പേരായിരുന്നു 'എല്‍ ഏല്‌യോന്‍.' അത്യുന്നതനായ ദൈവം എന്നാണ് ഈ പേരിന്റെ അര്‍ഥം. സര്‍വശക്തനായ ദൈവത്തെ സൂചിപ്പിക്കാന്‍ അബ്രാഹം ഉപയോഗിക്കുന്ന പേരാണിത് (14:22). ദൈവത്തിന്റെ പുരോഹിതനാണ് മെല്‍ക്കിസെദേക്ക്. ഹീബ്രുഭാഷയില്‍ 'കോഹെന്‍' (kohen) എന്ന വാക്കിന്റെ അര്‍ഥം 'പുരോഹിതന്‍' എന്നാണ്. രാജത്വവും പൗരോഹിത്യവും മെല്‍ക്കിസെദേക്ക് എന്ന ഒരേ വ്യക്തിയില്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു.
അപ്പവും വീഞ്ഞും വിളമ്പിക്കൊണ്ടാണ് മെല്‍ക്കിസെദേക്ക് അബ്രാഹത്തിനെ സ്വീകരിക്കുന്നത്. അപ്പവും വീഞ്ഞും ആഘോഷപൂര്‍വകമായ വിരുന്നിലെ ഭക്ഷണമാണ്. അബ്രാഹം വിജയശ്രീലാളിതനായി വന്നതിനാലാവണം മെല്‍ക്കിസെദെക്ക് ഇവ രണ്ടുംകൊണ്ടുള്ള വിരുന്നു നല്‍കിയത്. ഇതു സന്തോഷത്തിന്റെ വിരുന്നാണ്. അപ്പവും വീഞ്ഞും യുദ്ധത്തില്‍ ക്ഷീണിച്ചവര്‍ക്കുള്ള ഭക്ഷണമായിരുന്നിരിക്കണം. ഇത് ഉണര്‍വും ഉന്മേഷവും നല്‍കും. ക്രിസ്തീയവ്യാഖ്യാതാക്കളുടെ അഭിപ്രായത്തില്‍, അപ്പവും വീഞ്ഞും വിശുദ്ധകുര്‍ബാനയുടെ പ്രതീകമാണ്. കുര്‍ബാന ജീവന്‍ പ്രദാനം ചെയ്യുന്ന ഒന്നാണ്.
മെല്‍ക്കിസെദേക്ക് അബ്രാഹത്തെ അനുഗ്രഹിക്കുന്നത് 'എല്‍ ഏല്‌യോന്റെ' നാമത്തിലാണ്. അബ്രാമിന്റെ കൈകളിലൂടെ യുദ്ധത്തില്‍ വിജയം നല്‍കിയത് ദൈവമാണെന്ന ഓര്‍മപ്പെടുത്തലാണിത്. ഈ വിജയം ദൈവകൃപയുടേതാണ്. ഇതു മാനുഷികബലത്തിന്റേതല്ല.
1 സാമുവല്‍ 8:1-9: ജനത്തിനു ധീരമായ നേതൃത്വം നല്‍കിയിരുന്ന ന്യായാധിപനായിരുന്ന സാമുവല്‍ വൃദ്ധനായി. ഭരിക്കാനും ശത്രുവിന്റെ ആക്രമണങ്ങളെ ചെറുക്കാനും അദ്ദേഹവും പുത്രന്മാരും അശക്തരായിരുന്നു. തന്മൂലം ഇസ്രയേല്‍ജനം തങ്ങള്‍ക്ക് ഒരു പുതിയ രാജാവിനെ വാഴിച്ചുതരണമെന്ന് സാമുവലിനോട് അഭ്യര്‍ഥിച്ചു. ഇത്രയുംനാള്‍ ജനത്തെ നയിച്ച ദൈവമായ കര്‍ത്താവ് ജനത്തെ തുടര്‍ന്നും നയിക്കുമെന്ന് സാമുവല്‍ വിശ്വസിച്ചു. എന്നാല്‍, തങ്ങളെ നയിക്കാന്‍, ശത്രുക്കളില്‍നിന്നു സംരക്ഷിക്കാന്‍ കാര്യപ്രാപ്തിയുള്ള ഒരു രാജാവിനെ വാഴിക്കണമെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചു. ഇതാണ് വായനയുടെ പശ്ചാത്തലം.
പിതാവായ സാമുവലിന്റെ മാര്‍ഗം പിന്തുടരാത്ത ന്യായാധിപന്മാരായിരുന്നു ജോയേലും അബിയായും. കൈക്കൂലി വാങ്ങിയിരുന്ന അവര്‍ അനീതി പ്രവര്‍ത്തിക്കുന്നവരുമായിരുന്നു. ജനത്തെ നയിക്കാന്‍ കാര്യശേഷിയില്ലാത്തവരായിരുന്നു. ഇക്കാരണത്താലാണ് ഇസ്രയേലിലെ ശ്രേഷ്ഠന്മാര്‍ മറ്റു ജനതകള്‍ക്കുള്ളതുപോലെ തങ്ങളെ ഭരിക്കാന്‍ ഒരു രാജാവിനെ അഭിഷേചിച്ചു നല്‍കണമെന്ന് സാമുവലിനോടു പറയുന്നത്.
കര്‍ത്താവിനോട് അഭിപ്രായം ആരായുന്ന സാമുവലിന് കര്‍ത്താവ് നല്‍കുന്ന മറുപടി 'ജനം പറയുന്നതു കേള്‍ക്കുക' എന്നാണ്. അതായത്, ഒരു രാജാവിനെ നിയമിച്ചുനല്‍കുക. ഇതോടൊപ്പം ദൈവം സാമുവലിനോടു മറ്റൊരു കാര്യംകൂടി പറയുന്നുണ്ട്: 'അവര്‍ നിന്നെയല്ല തങ്ങളുടെ രാജാവായ എന്നെയാണ് തിരസ്‌കരിച്ചിരിക്കുന്നത്'' (8:7). ദൈവം 'മെലെക്' (melek) ആണ്. എല്ലാം ഭരിക്കുന്ന രാജാവാണ് അവിടുന്ന്. പക്ഷേ, ഇസ്രയേല്‍ജനം അതു മറന്നു. ‘They rejected me’ (8:7),’'They have forsaken me’ (8:8) എന്ന വാക്കുകള്‍ ദുഃഖത്തിന്റേതാണ്. ജനത്തിന്റെ അവിശ്വസ്തതയിലാണ് ദൈവം സങ്കടപ്പെടുന്നത്. അവിടുന്നാണ് യഥാര്‍ഥ രാജാവ് എന്ന സത്യത്തെ അവര്‍ തമസ്‌കരിച്ചു.
വെളിപാട് 19:11-16: തിന്മയുടെ ശക്തിയിന്മേല്‍ ദൈവം വരിക്കുന്ന വിജയത്തിന്റെ ചരിത്രമാണ് വെളിപാടുപുസ്തകത്തിന്റെ അവസാനഭാഗത്തു പ്രതിപാദിക്കുന്നത് (19:11-22:5). അവിടെ പ്രധാന കഥാപാത്രം ക്രിസ്തുവാണ്. ആ ക്രിസ്തുവിന്റെ ഒരു പ്രത്യേകതയാണ് ഈ വചനഭാഗത്തു പ്രതിപാദിക്കുന്നത്.
പുതിയ നിയമത്തില്‍ സുവിശേഷങ്ങളിലും ലേഖനങ്ങളിലുമൊക്കെ അവതരിപ്പിക്കപ്പെടുന്ന ശാന്തനായ ഈശോയുടെ ചിത്രങ്ങളില്‍നിന്നു വ്യത്യസ്തമായി അവിടുത്തെക്കുറിച്ചുള്ള ഒരു പുതിയ മാനം ഇവിടെ അവതരിപ്പിക്കുന്നു: ''രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനും.''
വെള്ളക്കുതിരയുടെ പുറത്തിരിക്കുന്നവന്‍ 'വിശ്വസ്തനും' 'സത്യവാനു'മാണ്. നീതിയോടെ വിധിക്കുകയും പടപൊരുതുകയും ചെയ്യുന്നവനാണ് അവന്‍. പഴയനിയമത്തില്‍ ദൈവമായ കര്‍ത്താവിന്റെ വിശേഷണങ്ങളാണിവയെല്ലാം : Faithful, True, Righteous, Warrior.
ശിരസ്സില്‍ അനേകം കിരീടങ്ങള്‍ ഉള്ളവനാണ് അവന്‍. ഗ്രീക്കുഭാഷയിലെ 'ദിയാദെമാ' ((diadema) ) എന്ന വാക്കിനര്‍ഥം കിരീടം (crown) എന്നാണ്. ഇതു സര്‍വാധികാരത്തെ സൂചിപ്പിക്കുന്ന പദമാണ്. ഈശോ രാജാവാണെന്നും സര്‍വശക്തനാണെന്നും ഇതു വ്യക്തമാക്കുന്നു. ഏഴു കിരീടങ്ങള്‍ ധരിച്ച സര്‍പ്പത്തിന്റെയും (12:3), പത്തുകിരീടങ്ങള്‍ അണിഞ്ഞ മൃഗത്തിന്റെയും (13:1) അധികാരത്തെ അതിശയിക്കുന്നതാണ് അനേകം (many) കിരീടങ്ങള്‍ ധരിച്ച മിശിഹാ.
രക്തത്തില്‍ മുക്കിയ മേലങ്കി (rob dipped in blood) ) യുദ്ധത്തിലുള്ള വിജയത്തിന്റെ അടയാളമാണ്. തിന്മയുടെ ശക്തികളെ പരാജയപ്പെടുത്തിയതിന്റെ, അധര്‍മത്തിന് അറുതി വരുത്തിയതിന്റെ പ്രതീകമാണിത്. ഇപ്രകാരം ചെയ്തത് 'ലോഗോസ്' ആണ്. ദൈവത്തിന്റെ വചനമാണ് ഈശോ. തിന്മയ്‌ക്കെതിരേ ക്രിസ്തു നടത്തുന്ന യുദ്ധം മാനുഷികമായ ഒന്നല്ല; മഹത്ത്വീകൃതനായ ക്രിസ്തുവാണ് യുദ്ധം നയിക്കുന്നത്. മിശിഹാ രാജാവാണ്.
യോഹന്നാന്‍ 18:33-37: ഈശോയുടെ പീഡാനുഭവവിവരണത്തിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗമാണിത് (18:28-1:16). കൊട്ടാരത്തിനകത്തും പുറത്തുമായി നടക്കുന്ന വ്യത്യസ്തങ്ങളായ രംഗങ്ങളാണിവിടെയുള്ളത്. ഈശോയുടെ രാജത്വത്തെ സംബന്ധിച്ചു കൊട്ടാരത്തിനകത്തു നടക്കുന്ന സംഭാഷണമാണ് ഇന്നത്തെ സുവിശേഷവായനയുടെ പശ്ചാത്തലം.
പ്രത്തോറിയത്തില്‍ പ്രവേശിക്കുന്ന പീലാത്തോസ് ഈശോയോടു ചോദിക്കുന്നത് 'നീ യഹൂദരുടെ രാജാവാണോ' എന്നാണ്. ഗ്രീക്കുഭാഷയിലെ 'ബസിലെയൂസ്' (Basileus) എന്ന വാക്കിന്റെ അര്‍ഥം രാജകീയാധികാരം കൈയാളുന്നവന്‍ എന്നാണ്. റോമന്‍ രാജഭരണം നിലനില്‍ക്കുമ്പോള്‍ അതിനു ബദലായുള്ള രാജത്വമാണോ ഈശോയുടേത് എന്നറിയാനുള്ള ചോദ്യമാണിത്. യഹൂദര്‍ ഈശോയുടെമേല്‍ ആരോപിച്ചത് ഒരു 'രാഷ്ട്രീയകുറ്റം' ആണ്. റോമന്‍ ഭരണാധികാരികളുടെ കോടതിയില്‍ മരണശിക്ഷ ലഭിക്കാവുന്ന ഒന്നാണ് ഈ കുറ്റം. യഹൂദരുടെ ആരോപണം ശരിയാണോ എന്നറിയാനാണ് പീലാത്തോസ് ഈ ചോദ്യം ഉന്നയിക്കുന്നത്.
''എന്റെ രാജ്യം ഐഹികമല്ല'' (18:36). താന്‍ എങ്ങനെയുള്ള രാജാവാണെന്ന ഈശോയുടെ ഉത്തരമാണിത്. 'കോസ്‌മോസ്' (kosmos) എന്ന ഗ്രീക്കുപദം ഭൗതികലോകത്തിന്റെ രാഷ്ട്രീയാധികാരത്തെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. "My kingship is not of this world’ എന്ന വാക്യം ഈശോയുടെ രാജത്വം 'അലൗകികം' ആണെന്നു വ്യക്തമാക്കുന്നു. അതായത്, ദൈവരാജ്യത്തിന്റേതാണ് എന്ന്.
ഈശോയുടെ രാജത്വത്തിന്റെ സ്വഭാവം 'സത്യത്തിനു സാക്ഷ്യം വഹിക്കുക' എന്നതാണ് (18:37). സത്യത്തിന്റെ മാനുഷികരൂപമാണ് ഈശോ. അതു മനസ്സിലാക്കാത്തതിനാലാണ് പീലാത്തോസ് ചോദിക്കുന്നത് 'എന്താണു സത്യം' എന്ന് (18:38). ദൈവം സത്യമാണ്. ദൈവപുത്രനായ ഈശോ സത്യമാണ്. ''
വഴിയും സത്യവും ജീവനും ഞാനാണ്'' (യോഹ. 14:6).