•  22 May 2025
  •  ദീപം 58
  •  നാളം 11
വചനനാളം

മിശിഹായില്‍ ഒന്നാകുവാന്‍

മേയ് 25  ഉയിര്‍പ്പുകാലം   ആറാം ഞായര്‍

ഏശ 52:7-12   ശ്ലീഹ 10:9-16     എഫേ 2:11-22  യോഹ 17:20-26

    ഉയിര്‍പ്പുകാലം ആറാം ഞായറാഴ്ചയിലെ ദൈവവചനപ്രഘോഷണങ്ങളുടെ സന്ദേശം മിശിഹായില്‍ പൂര്‍ത്തിയായ രക്ഷാകരസംഭവത്തിന്റെ ലക്ഷ്യം എന്തായിരുന്നുവെന്നു വ്യക്തമാക്കുന്നതാണ്.  ഒന്നാമത്തെ വായനയില്‍ ഏശയ്യാപ്രവാചകനിലൂടെ ലോകം മുഴുവന്‍ ദൈവത്തിന്റെ രക്ഷ കാണും എന്ന സന്ദേശം നല്കുമ്പോള്‍ ശ്ലീഹന്മാരുടെ നടപടിയില്‍നിന്നുമുള്ള രണ്ടാമത്തെ വായനയില്‍ എല്ലാ ജനപദങ്ങളും വിശുദ്ധീകരിക്കപ്പെട്ടതാണ് എന്നു വ്യക്തമാക്കുന്നു. പൗലോസ് ശ്ലീഹാ എഫേസോസിലെ സഭയ്‌ക്കെഴുതിയ ലേഖനത്തിലൂടെ എല്ലാ ജനതകളും മിശിഹായില്‍ ഒന്നാണ് എന്ന സന്ദേശം നല്കുന്നു. എല്ലാവരും ഒന്നായിമാറുക എന്നനാണ് മിശിഹായുടെ കുരിശിലെ ബലിയര്‍പ്പണത്തിന്റെ ലക്ഷ്യം എന്ന് വിടവാങ്ങല്‍പ്രഭാഷണത്തിനുശേഷം (14-16 അധ്യായങ്ങള്‍) ഈശോ നടത്തുന്ന പ്രാര്‍ഥനയിലൂടെ ഇന്നത്തെ സുവിശേഷഭാഗം വ്യക്തമാക്കുന്നത്. 
    ഇന്നത്തെ സുവിശേഷഭാഗം യോഹന്നാന്റെ സുവിശേഷം പതിനേഴാം അധ്യായത്തില്‍നിന്നുള്ള ഈശോയുടെ പുരോഹിതപ്രാര്‍ഥന എന്നറിയപ്പെടുന്ന പ്രാര്‍ഥനയില്‍നിന്നുള്ളതാണ്. പഴയനിയമഗ്രന്ഥത്തില്‍ ലേവ്യരുടെ പുസ്തകം പതിനാറാം അധ്യായത്തില്‍ പുരോഹിതന്‍ പാപപരിഹാരബലിക്കുമുമ്പായി തനിക്കുവേണ്ടിയും മറ്റു പുരോഹിതന്മാര്‍ക്കുവേണ്ടിയും വിശ്വാസിസമൂഹത്തിനുവേണ്ടിയും ക്രമമായി പ്രാര്‍ഥിക്കുന്നുണ്ട്. ഈശോയും താന്‍ കാല്‍വരിയില്‍ അര്‍പ്പിച്ച പാപപരിഹാരബലിക്കുമുമ്പായി തനിക്കുവേണ്ടിയും ശിഷ്യന്മാര്‍ക്കുവേണ്ടിയും വരാനിരിക്കുന്ന വിശ്വാസിഗണത്തിനുവേണ്ടിയും പ്രാര്‍ഥിക്കുന്നു. ഇന്ന് സുവിശേഷത്തില്‍നിന്നു ശ്രവിക്കുന്നത്     വിശ്വാസിഗണത്തിനുവേണ്ടിയുള്ള പ്രാര്‍ഥനയാണ്. അവര്‍ എല്ലാവരും ഒന്നായിരിക്കേണ്ട തിനുവേണ്ടിയാണ് പ്രാര്‍ഥിക്കുന്നത്. മിശിഹായുടെ ബലിയര്‍പ്പണം മനുഷ്യകുലം മുഴുവനുംവേണ്ടിയുള്ള രക്ഷയുടെ ബലിയായിരുന്നു. എല്ലാ മനുഷ്യരും അവിടുത്തെ ബലിയാല്‍ രക്ഷിക്കപ്പെട്ട് ആ രക്ഷയുടെ അനുഭവത്തിലേക്കു വന്ന് ഒന്നായിരിക്കണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. മിശിഹായുടെ സ്‌നേഹത്തിന്റെ സുവിശേഷം ലോകം മുഴുവന്‍ ശ്രവിക്കണമെന്നും ആ സ്‌നേഹക്കൂട്ടായ്മയില്‍ ഒന്നായിരിക്കണം എന്നതുമാണ്. മിശിഹായിലൂടെ ലോകത്തിനു മുഴുവനുമാണ് രക്ഷ സാധ്യമായത് എന്നു സുവിശേഷം സൂചിപ്പിക്കുന്നു. 
    ലോകം മുഴുവന്‍ ദര്‍ശിക്കുവാനിരിക്കുന്ന രക്ഷയെക്കുറിച്ചാണ് ഏശയ്യാ പ്രവാചകന്റെ പുസ്തകം 52-ാം അധ്യായത്തില്‍നിന്നുള്ള ആദ്യവായനയുടെ സന്ദേശം. എല്ലാ ജനതകളും കാണ്‍കെ തന്റെ പരിശുദ്ധകരം കര്‍ത്താവ് അനാവൃതമാക്കും; ഭൂമിയുടെ എല്ലാ അതിര്‍ത്തികളിലും നമ്മുടെ ദൈവത്തിന്റെ രക്ഷ കാണും. മിശിഹായിലൂടെ സാഷാത്കരിക്കപ്പെടുന്ന സാര്‍വത്രികരക്ഷയാണ് ഏശയ്യാ പ്രവചിക്കുന്നത്. ശ്ലീഹന്മാരുടെ നടപടിയില്‍നിന്നുള്ള രണ്ടാമത്തെ വായനയില്‍ ശ്രവിക്കുന്നത്, പത്രോസ് ശ്ലീഹായ്ക്കുണ്ടായ ദര്‍ശനമാണ്. എല്ലാത്തരം നാല്ക്കാലികളുമടങ്ങിയ ഒരു വിരിപ്പ് ആകാശത്തുനിന്ന് ഇറങ്ങിവരുന്നു. അവയെയെല്ലാം കൊന്നുതിന്നുക എന്ന ഒരു സ്വരമുണ്ടായി. പത്രോസ് പറയുന്നു: മലിനമോ അശുദ്ധമായതോ ഒന്നും ഞാന്‍ ഭക്ഷിക്കുകയില്ല. ഇവിടെ മൃഗങ്ങളെ ഭക്ഷിക്കുന്നതിനുള്ള നിര്‍ദേശമായിരുന്നില്ല; മറിച്ച്, വിജാതീയരെയും സഭയില്‍ ചേര്‍ക്കുന്നതിനുള്ള ആഹ്വാനമായിരുന്നു ആ ദര്‍ശനത്തിലൂടെ നല്കുന്നത്.  കര്‍ത്താവ് വിശുദ്ധീകരിച്ചതിനെ ആര്‍ക്കും അശുദ്ധമെന്നു കരുതാനാവില്ല എന്നു തിരുവചനം പറയുന്നു. വിജാതീയനായ കൊര്‍ണേലിയൂസിനെ സഭയില്‍ ചേര്‍ക്കുന്നതിനായി പത്രോസിനു ലഭിച്ചതായിരുന്നു ആ ദര്‍ശനം. എല്ലാ മനുഷ്യരും കര്‍ത്താവിനാല്‍ വിശുദ്ധീകരിക്കപ്പെട്ടു. അതിനാല്‍, രക്ഷിക്കപ്പെട്ടവരുടെ കൂട്ടായ്മയിലേക്ക് എല്ലാവരെയും ചേര്‍ക്കണമെന്നതായിരുന്നു സന്ദേശം. 
    എഫേസോസിലെ സഭയ്‌ക്കെഴുതിയ ലേഖനത്തിലൂടെ പൗലോസ്ശ്ലീഹാ പറയുന്നത് മിശിഹായില്‍ എല്ലാവരും ഒന്നാണ് എന്ന കാര്യമാണ്. പരസ്പരം അകന്നു കഴിഞ്ഞിരുന്ന പരിച്‌ഛേദിതരും അപരിച്‌ഛേദിതരും; അതായത്, യഹൂദരും വിജാതീയരും മിശിഹായുടെ രക്തത്താല്‍ സമീപസ്ഥരായിരിക്കുന്നു. തന്റെ ശരീരത്തില്‍ അവിടുന്ന് വിഭജനത്തിന്റെ മതില്‍ തകര്‍ക്കുകയും എല്ലാവരെയും ഒന്നാക്കുകയും ചെയ്തു. ഈശോമിശിഹായിലൂടെ യഹൂദര്‍ക്കും വിജാതീയര്‍ക്കും പിതാവിന്റെ പക്കലേക്കു പ്രവേശനമുണ്ട്. ദൈവത്തിന്റെ കുടുംബാംഗങ്ങള്‍ എന്ന നിലയില്‍ എല്ലാവരും സമാധാനത്തിലും കൂട്ടായ്മയിലും വസിക്കേണ്ടവരാണ്; ദൈവത്തിന്റെ വാസസ്ഥലമായി ആത്മാവില്‍ ഒന്നിച്ചു പണിയപ്പെടുന്നു എന്ന് ശ്ലീഹാ പ്രബോധിപ്പിക്കുന്നു. മിശിഹായാകുന്ന മൂലക്കല്ലിന്മേല്‍, ശ്ലീഹന്മാരായ അടിത്തറമേല്‍ പണിയപ്പെടുന്ന സഭയില്‍ എല്ലാവര്‍ക്കും പ്രവേശനമുണ്ട്. പിതാവിന്റെ സന്നിധിയിലേക്കുള്ള എല്ലാ ജനതകളുടെയും പ്രവേശനത്തിന്റെ പ്രതിരൂപമാണ് സഭയിലേക്കുള്ള എല്ലാ ജനതകളുടെയും പ്രവേശനം. മിശിഹായിലൂടെ എല്ലാ ജനപദങ്ങള്‍ക്കും രക്ഷ സാധ്യമായി എന്ന് ശ്ലീഹാ പഠിപ്പിക്കുന്നു. 
ഉയിര്‍പ്പിന്റെ സന്ദേശം സകലജനതകള്‍ക്കുംവേണ്ടിയുള്ള രക്ഷയുടെ സന്ദേശമാണ്, പ്രത്യാശയുടെ സന്ദേശമാണ്. ആ സന്ദേശത്തില്‍ ആഴപ്പെടാനുള്ള ആഹ്വാനമാണ് തിരുവചനം നല്കുന്നത്. അതുകൊണ്ടാണ് ഉത്ഥിതനായ മിശിഹാ സകല ജനപദങ്ങളോടും സുവിശേഷം പ്രസംഗിക്കാന്‍ ശിഷ്യന്മാരെ അയയ്ക്കുന്നതും ലോകാവസാനംവരെയും എക്കാലവും അവരോടുകൂടെ ഉണ്ടായിരിക്കുമെന്നു വാഗ്ദാനം ചെയ്തതും.  
മിശിഹാ നല്കുന്ന സാര്‍വത്രികരക്ഷയുടെ സുവിശേഷമാകാന്‍ നമുക്കും പരിശ്രമിക്കാം. അതിനായി ദൈവകൃപ പ്രാര്‍ഥിക്കാം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)