•  1 May 2025
  •  ദീപം 58
  •  നാളം 8
വചനനാളം

വഴിയും സത്യവും ജീവനും

മേയ് 4  ഉയിര്‍പ്പുകാലം മൂന്നാം ഞായര്‍
ഏശ 56:1-7  ശ്ലീഹ 5:34-42
എഫേ 1:3-14  യോഹ 14:1-14

  ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനമായ ഈശോമിശിഹായുടെ ഉയിര്‍പ്പും ആ വിശ്വാസത്തില്‍ അടിസ്ഥാനപ്പെടുത്തിയുള്ള ജീവിതവും പ്രഘോഷിക്കപ്പെടുന്ന ഉയിര്‍പ്പുകാലത്തിന്റെ മൂന്നാം ആഴ്ചയിലേക്കു നാം പ്രവേശിക്കുകയാണ്. ഉയിര്‍പ്പുകാലം ആദ്യഞായറാഴ്ച, ശൂന്യമായ കല്ലറയിലേക്ക് ഓടിയെത്തിയ ശിഷ്യരെയും, ആ ശൂന്യമായ കല്ലറ മിശിഹായുടെ ഉയിര്‍പ്പ് സാക്ഷ്യപ്പെടുത്തുന്നതും, ഉത്ഥിതനായ മിശിഹായുടെ പ്രത്യക്ഷപ്പെടലുകളിലൂടെ അതു സ്ഥിരീകരിക്കുന്നതും നാം കണ്ടു. രണ്ടാം ഞായറാഴ്ച, മാര്‍ത്തോമാശ്ലീഹാ ഉത്ഥിതനായ മിശിഹായെ ദര്‍ശിക്കുന്നതും കര്‍ത്താവും ദൈവവുമായി അവിടുത്തെ ഏറ്റുപറയുന്നതും നാം ധ്യാനിക്കുന്നു. 
    ഉത്ഥാനാനന്തരം മിശിഹായും അവിടുന്നില്‍ വിശ്വസിക്കുന്നവരും അവിടുത്തെ രക്ഷണീയകര്‍മങ്ങളാല്‍ വീണ്ടെടുക്കപ്പെട്ടവരും തമ്മിലുള്ള ബന്ധം എപ്രകാരമായിരിക്കുമെന്ന് ഈശോ തന്റെ പരസ്യജീവിതത്തിന്റെ അവസാനം പങ്കുവച്ച വചനങ്ങളാണ് ഉയിര്‍പ്പുകാലം മൂന്നാം ഞായറാഴ്ച നാം ധ്യാനിക്കുന്നത്.  മിശിഹായുടെ പീഡാസഹനവും കുരിശുമരണവും ഉത്ഥാനവുമെല്ലാം ശിഷ്യന്മാരോടു മുന്‍കൂട്ടി പറഞ്ഞതിനുശേഷം ഈശോ പറയുകയാണ്: നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. പിതാവിന്റെ ഭവനത്തില്‍ ധാരാളം വാസസ്ഥലങ്ങളുണ്ട്. നിങ്ങള്‍ക്കു സ്ഥലമൊരുക്കാനാണു ഞാന്‍ പോകുന്നത്. മിശിഹായുടെ പീഡാസഹനവും    കുരിശുമരണവുമമെല്ലാം പിതാവിന്റെ ഭവനത്തിലേക്കു മനുഷ്യകുലത്തെ ചേര്‍ത്തുനിര്‍ത്തുന്നതിനുവേണ്ടിയാണ് എന്ന് ഈശോ പഠിപ്പിക്കുന്നു. മിശിഹായുടെ വഴിയിലൂടെ നടന്ന്, അവിടുന്നാകുന്ന സത്യം ജീവിച്ച്, യഥാര്‍ഥ ജീവനിലേക്ക്, പിതാവിന്റെ ഭവനത്തിലേക്കു പ്രവേശിക്കുവാന്‍ സാധിക്കണം എന്നാണ് ഇന്നു തിരുവചനം ആവശ്യപ്പെടുന്നത്. അതിനാലാണ് തോമ്മാശ്ലീഹായോട് അവിടുന്ന് അരുള്‍ചെയ്തത്: ഞാനാണു വഴിയും സത്യവും ജീവനും. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ സന്നിധിയിലേക്കു വരുന്നില്ല. ഈശോവഴിയാണ് എല്ലാവരും രക്ഷപ്പെടുന്നത്, ഈശോയില്‍ എല്ലാവര്‍ക്കും രക്ഷയുണ്ട് എന്ന സുവിശേഷമാണ് ഇന്നു പ്രഘോഷിക്കപ്പെടുന്നത്. 
    എല്ലാവര്‍ക്കും കര്‍ത്താവില്‍നിന്നു രക്ഷയുണ്ട് എന്ന സന്ദേശമാണ് ഇന്നത്തെ ദൈവവചനവായനകള്‍ എല്ലാം പറയുന്നത്. പഴയനിയമത്തില്‍നിന്നുള്ള വായനയില്‍ ഏശയ്യാപ്രവാചകന്‍ കര്‍ത്താവ് എല്ലാവര്‍ക്കും രക്ഷ നല്കും എന്ന കാര്യമാണ് പ്രഖ്യാപിക്കുന്നത്. പരദേശികളെന്നു കരുതിയോ ഷണ്ഡനെന്നു കരുതിയോ ആരും മാറിനില്ക്കരുത്, എല്ലാവര്‍ക്കും കര്‍ത്താവില്‍നിന്നു രക്ഷയുണ്ട്, പുത്രീപുത്രന്മാരെക്കാള്‍ ശ്രേഷ്ഠമായ നാമവും സ്മാരകവും കര്‍ത്താവ് അവര്‍ക്കു നല്കും എന്ന് പ്രവാചകന്‍ പറയുന്നു. കര്‍ത്താവിനോടു വിശ്വസ്തത പുലര്‍ത്തുകയും നീതി പ്രവര്‍ത്തിക്കുകയും ന്യായം പാലിക്കുകയും ചെയ്യുക, കര്‍ത്താവിന്റെ മാര്‍ഗത്തിലൂടെ ചരിക്കുക എന്നിവയാണ് രക്ഷയുടെ ഘടകമായി നില്ക്കുന്നത്. അത് എല്ലാ ജനതകള്‍ക്കുമുള്ള മാനദണ്ഡമാണ് എന്ന് പ്രവാചകന്‍ ഓര്‍മിപ്പിക്കുന്നു. ആ രക്ഷയുടെ മാര്‍ഗം, ഈശോയാണ് എന്നാണ് സുവിശേഷത്തിലൂടെ പ്രഘോഷിക്കപ്പെട്ടത്. കര്‍ത്താവിന്റെ ആലയം എല്ലാജനതകള്‍ക്കുമുള്ള പ്രാര്‍ഥനാലയമെന്ന് അറിയപ്പെടും എന്ന് പ്രവാചകന്‍വഴി കര്‍ത്താവ്  പറയുന്നതിലൂടെ രക്ഷ എല്ലാവര്‍ക്കുമുള്ളതാണ് എന്നു സുവിശേഷം വ്യക്തമാക്കുന്നു. 
ഈ സുവിശേഷമറിഞ്ഞ ശ്ലീഹന്മാര്‍ ഈശോയാണ് രക്ഷയുടെ മാര്‍ഗം എന്ന് പ്രഘോഷിച്ചുകൊണ്ടും, ഈശോയാണ് മിശിഹാ എന്നു പഠിപ്പിച്ചുകൊണ്ടും  സുവിശേഷമറിയിക്കുന്ന തിനെക്കുറിച്ചാണ് രണ്ടാമത്തെ വായനയില്‍നിന്നു ശ്രവിക്കുന്നത്. ഈശോയെപ്രതി പീഡനം ഏല്‌ക്കേണ്ടിവന്നതില്‍, അപമാനിതരാകാന്‍ യോഗ്യത ലഭിച്ചതില്‍ സന്തോഷിച്ചുകൊണ്ട് മിശിഹായെ പ്രഘോഷിക്കുകയാണ്.     ശ്ലീഹന്മാരെക്കുറിച്ചു ന്യായാധിപസംഘത്തില്‍ പരാതി ലഭിച്ച്  വിചാരണ നടത്തിയപ്പോള്‍ ഫരിസേയനും ന്യായാധിപസംഘത്തിലെ അംഗവും പണ്ഡിതനുമായിരുന്ന ഗമാലിയേല്‍ പറഞ്ഞു: ഈ മനുഷ്യരില്‍നിന്ന് അകന്നുനില്ക്കുക അവരെ തനിയെ വിട്ടേക്കുക. ഈ പദ്ധതിയും ഇവരുടെ പ്രവര്‍ത്തനങ്ങളും മനുഷ്യരില്‍നിന്നാണെങ്കില്‍ തനിയെ ഇല്ലെന്നാകും. ദൈവത്തില്‍നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല. ദൈവപുത്രനായ മിശിഹായെ പ്രഘോഷിച്ചുകൊണ്ട് ശ്ലീഹന്മാര്‍ തങ്ങളുടെ ദൗത്യം നിര്‍വഹിച്ചു. ഉത്ഥിതനായ മിശിഹായില്‍ വിശ്വസിക്കുന്ന സഭാ സമൂഹത്തിന്റെ വളര്‍ച്ചയാണ് ശ്ലീഹന്മാരുടെ പ്രവര്‍ത്തനങ്ങളില്‍നിന്നുമുള്ള രണ്ടാമത്തെ പ്രഘോഷണം പങ്കുവയ്ക്കുന്നത്. 
മിശിഹായില്‍ പൂര്‍ത്തിയായ രക്ഷണീയ കൃത്യത്തെക്കുറിച്ച് ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന കീര്‍ത്തനമാണ് എഫേസോസിലെ സഭയ്‌ക്കെഴുതിയ ലേഖനത്തില്‍നിന്നു ശ്രവിക്കുന്നത്. ഈശോമിശിഹായുടെ ബലിയിലൂടെ കൃപയുടെ സമ്പന്നതയും, അപരാധങ്ങളുടെ മോചനവും വീണ്ടെടുപ്പും നമുക്കുണ്ട്. മിശിഹായില്‍ നാം ദത്തുപുത്രരായി എന്ന് ശ്ലീഹാ ഓര്‍മപ്പെടുത്തുന്നു. സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള സമസ്തവും മിശിഹായില്‍ ഏകീഭവിപ്പിക്കുന്നു എന്നു പറഞ്ഞുകൊണ്ട് സകലമനുഷ്യര്‍ക്കുമുള്ള രക്ഷയുടെ സുവിശേഷമാണ് മിശിഹാ എന്നു ശ്ലീഹാ പഠിപ്പിക്കുന്നു. അവിടുന്നാണ് സത്യം, അവിടുന്നാണ് എകമാര്‍ഗം. അവിടുന്നാണ് നിത്യജീവന്‍.  ഈ സുവിശേഷമാണ് തോമ്മാശ്ലീഹായിലൂടെ ഈശോ വ്യക്തമാക്കിക്കൊടുത്തത്. ഞാനാണ് വഴിയും സത്യവും ജീവനും. ഉയിര്‍പ്പുകാലത്തിന്റെ ചൈതന്യം നമ്മോട് ആവശ്യപ്പെടുന്നതും വഴിയും സത്യവും ജീവനുമായ മിശിഹായില്‍ ജീവിച്ച് ഉത്ഥാനത്തിന്റെ അനുഭവത്തിലായിരിക്കുവാനും അവിടുത്തെ വചനങ്ങള്‍ പാലിച്ച് സ്‌നേഹത്തില്‍ നിലനില്ക്കുവാനുമാണ്. തോമാശ്ലീഹ അനുഭവിച്ചതും ഏറ്റുപറഞ്ഞതുമായ വിശ്വാസം വിശ്വസ്തതയോടെ ജീവിക്കാനും വരുംതലമുറയിലേക്കു കൈമാറാനും പരിശ്രമിക്കാം; ദൈവകൃപ പ്രാര്‍ഥിക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)