മേയ് 11 ഉയിര്‍പ്പുകാലം നാലാം ഞായര്‍
ഏശ 49:13-23 ശ്ലീഹ 8:14-25
എഫേ 2:1-7 യോഹ 16:16-24
ഉയിര്‍പ്പുകാലം നാലാം ഞായറാഴ്ച വിശുദ്ധകുര്‍ബാനമധ്യേ ശ്രവിക്കുന്ന വചനഭാഗങ്ങളെല്ലാം സഹനങ്ങളും ത്യാഗങ്ങളും; എന്തിന്, മരണംപോലും ക്ഷണഭംഗുരമാണെന്നും സഹനങ്ങളെയും മരണത്തെയും പരാജയപ്പെടുത്തിയ മിശിഹായുടെ ഉയിര്‍പ്പു നല്കുന്ന പ്രത്യാശയില്‍, ആരും എടുത്തുകളയുകയില്ലാത്ത സന്തോഷത്തില്‍ ജീവിക്കുന്നവരാകണമെന്നുമുള്ള സന്ദേശം പങ്കുവയ്ക്കുന്നതാണ്. ദൈവത്തിന്റെ പക്കല്‍നിന്നു ദാനമായി ലഭിക്കുന്ന ആ സന്തോഷം സമ്പത്തോ മറ്റെന്തെങ്കിലും ഭൗമികനേട്ടങ്ങളോകൊണ്ടു കരസ്ഥമാക്കാവുന്നതല്ല; മറിച്ച്, ഉത്ഥിതനായ മിശിഹായിലുള്ള വിശ്വാസത്തിലൂടെ ലഭിക്കുന്നതാണ്. അവിടുന്നു വാഗ്ദാനം ചെയ്തിരിക്കുന്ന പരിശുദ്ധ റൂഹായാണ് ആ സന്തോഷത്തില്‍ നിലനില്ക്കുന്നതിനു സഹായിക്കുന്നത്.
ഇന്നു നാം ശ്രവിക്കുന്നത് യോഹന്നാന്റെ സുവിശേഷം 16-ാം അധ്യായത്തില്‍നിന്നുള്ള ഭാഗമാണ്. യോഹന്നാന്റെ സുവിശേഷം 14-16 അധ്യായങ്ങളില്‍ വിവരിക്കുന്നത് ഈശോയുടെ വിടവാങ്ങല്‍പ്രഭാഷണമാണ്. ഈശോ വരാനിരിക്കുന്ന പീഡാസഹനത്തെയും കുരിശുമരണത്തയും അതിനുശേഷമുള്ള ഉത്ഥാനത്തെയുംകുറിച്ചു പറയുന്നു. അല്പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണുകയില്ല; വീണ്ടും അല്പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണും. അല്പസമയം നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും; എന്നാല്‍, ലോകം സന്തോഷിക്കും എന്നാല്‍, അല്പസമയം കഴിഞ്ഞാല്‍ നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും. ഈശോയുടെ ശിഷ്യന്മാര്‍ക്ക് ഈ അല്പസമയം എന്ന പ്രയോഗം മനസ്സിലാകുന്നില്ല. അതിനാല്‍, അവര്‍ പരസ്പരം ചോദിക്കുന്നു: എന്താണ് അല്പസമയം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? മിശിഹായുടെ കുരിശുമരണത്തിന്റെ സമയത്ത് വ്യാപകമായ അന്ധകാരം ഈ അല്പസമയം ആയിരുന്നു. ആ അല്പസമയം ലോകം വിജയിച്ചതായി കരുതി സന്തോഷിച്ചു. മിശിഹായുടെ ശിഷ്യന്മാര്‍ പരാജയഭീതിയോടെ അടച്ചിട്ടമുറിയില്‍ അഭയംപ്രാപിച്ചു. അന്ധകാരത്തില്‍നിന്ന് ഉയിര്‍പ്പിന്റെ പുലരിയില്‍ പൊട്ടിവിടര്‍ന്ന പ്രകാശം അന്ധകാരത്തിന്റെ പരാജയവും അല്പസമയത്തിന്റെ പൂര്‍ത്തീകരണവുമായിരുന്നു.
മിശിഹായുടെ ഉത്ഥാനാനന്തരമുള്ള അനുഭവത്തില്‍ നില്ക്കുന്ന ശിഷ്യന്മാര്‍ക്ക് ഈശോ പറഞ്ഞ വാക്കുകളുടെ അര്‍ഥം ഗ്രഹിക്കാനാകുന്നുണ്ട്. മിക്രോണ്‍ എന്ന ഗ്രീക്കുപദമാണ് അല്പസമയം എന്നു വിവര്‍ത്തനം ചെയ്തിരിക്കുന്നത്. മിശിഹായുടെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഇടയിലുള്ള സമയമാണ് അല്പസമയം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. മിശിഹായുടെ മരണത്തില്‍ ലോകം ആനന്ദിച്ചു; ഈശോയുടെ ശിഷ്യന്മാര്‍ ദുഃഖിച്ചു. ആ ദുഃഖമാണ് അല്പസമയം കഴിഞ്ഞപ്പോള്‍ സന്തോഷമായി മാറിയത്. ഉത്ഥിതനായ മിശിഹായുടെ സാന്നിധ്യം ലോകാവസാനംവരെ എപ്പോഴും മനുഷ്യകുലത്തോടൊപ്പമുണ്ട് എന്നത് അവിടുന്നു വാഗ്ദാനം ചെയ്യുകയും കൗദാശികമായി ആ സാന്നിധ്യം നല്കുന്നതിലൂടെ തന്റെ നിത്യമായ സാന്നിധ്യം അവിടുന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. തന്റെ സാന്നിധ്യം അനുഭവിക്കുന്നതിനുവേണ്ടി പരിശുദ്ധ റൂഹായെ നല്കുകയും ചെയ്തു. സഹനത്തിന്റെ നിമിഷത്തില്‍നിന്നുള്ള വിടുതലിനെ ഒരു സ്ത്രീയുടെ പ്രസവവേദനയോടാണ് അവിടുന്ന് ഉപമിച്ചിരിക്കുന്നത്. സഹനം പുതുജന്മത്തിനുവേണ്ടിയുള്ളതാണ് എന്ന ദര്‍ശനം അവിടുന്നു പഠിപ്പിക്കുന്നു.
യോഹന്നാന്‍ശ്ലീഹാ ഈ വചനഭാഗം തന്റെ സുവിശേഷത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത് ആദിമസഭയുടെ സഹനത്തിന്റെയും പീഡനങ്ങളുടെയും പശ്ചാത്തലത്തില്‍ക്കൂടിയാണ്. സഹനത്തിന്റെ നിമിഷങ്ങള്‍ താത്കാലികമാണെന്നും സഹനത്തില്‍നിന്നു മോചിതരായി ഉത്ഥിതനായ മിശിഹായോടൊന്നിച്ച് വിജയശ്രീലാളിതമാകുമെന്നുമുള്ള പ്രത്യാശയുടെ ദര്‍ശനമാണ് സുവിശേഷം നല്കുന്നത്.
പഴയനിയമത്തില്‍നിന്നുള്ള ഒന്നാമത്തെ പ്രഘോഷണത്തില്‍ ഏശയ്യാപ്രവാചന്റെ വാക്കുകളില്‍ ശ്രവിക്കുന്നത് അടിമത്തത്തില്‍ കഴിഞ്ഞിരുന്ന ഇസ്രയേല്‍ജനത്തിന്റെ വിമോചനത്തെക്കുറിച്ചുള്ള സദ്വാര്‍ത്തയാ
ണ്. സഹനത്തിലൂടെയും ത്യാഗത്തിലൂടെയും കടന്നുപോയിരുന്ന ഇസ്രായേലിന് കര്‍ത്താവിന്റെ ഇടപെടലിലൂടെ വരാന്‍പോകുന്ന വിമോചനത്തെക്കുറിച്ചു പ്രവാചകന്‍ പറയുന്നു. കര്‍ത്താവ് തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു. ദുരിതമനുഭവിക്കുന്ന ജനത്തോട് അവിടുന്നു കരുണ കാണിക്കുന്നു. പെറ്റമ്മ തന്റെ കുഞ്ഞിനെ മറന്നാലും ഞാന്‍ നിങ്ങളെ മറക്കുകയില്ല. നിന്റെ നിര്‍മാതാക്കള്‍ നിന്നെ നശിപ്പിച്ചവരെക്കാള്‍ ശക്തരാണ് എന്നു പറഞ്ഞുകൊണ്ട് ജറുസലേമിന്റെ തിരിച്ചുവരവും പ്രത്യാശയുമാണ് പ്രവാചകന്‍ പ്രഘോഷിക്കുന്നത്.
ശ്ലീഹന്മാരുടെ നടപടിയില്‍നിന്നുള്ള രണ്ടാമത്തെ പ്രഘോഷണം സഭയുടെ വളര്‍ച്ചയെക്കുറിച്ചുള്ള വിവരണമാണ്. ദൈവവചനം ശ്രവിച്ച് മിശിഹായുടെ നാമത്തില്‍ മാമ്മോദീസ സ്വീകരിക്കുന്നവര്‍ പരിശുദ്ധാരൂപിയെ സ്വീകരിച്ചു ശക്തിപ്പെടുന്നത് ഇവിടെ നാം കാണുന്നു. ദൈവത്തിന്റെ ദാനം പണംകൊണ്ടു കരസ്ഥമാക്കാം എന്നു തെറ്റിദ്ധരിക്കുന്നവരെ ശക്തമായ താക്കീതു നല്കി തിരുത്തുന്നു, പത്രോസ് ശ്ലീഹാ.
എഫേസോസിലെ സഭയ്‌ക്കെഴുതിയ ലേഖനത്തിലൂടെ പൗലോസ്ശ്ലീഹാ പ്രബോധിപ്പിക്കുന്നതും മിശിഹായുടെ രക്ഷാകരപ്രവൃത്തിയിലൂടെ മനുഷ്യകുലം നേടിയ കൃപയുടെ സമൃദ്ധിയെക്കുറിച്ചും ദൈവികജ്ഞാനത്തിന്റെ പൂര്‍ണതയെക്കുറിച്ചുമാണ്. അന്തരീക്ഷശക്തികള്‍ ദൈവങ്ങളാണ് എന്നു തെറ്റിദ്ധരിച്ചു ജീവിച്ചിരുന്ന ജനതകള്‍ക്ക് ആ അന്ധകാരത്തില്‍നിന്നു വിമോചനം നല്കി യഥാര്‍ഥ വെളിച്ചത്തിലേക്കു നയിച്ചത് മിശിഹായാണ്. അതിലൂടെ സ്വര്‍ഗസൗഭാഗ്യത്തിന് എല്ലാവരും ഒരുപോലെ അര്‍ഹരായി എന്നാണ് ശ്ലീഹാ ഓര്‍മിപ്പിക്കുന്നത്. അല്പനേരത്തേക്കു വ്യാപിച്ച മനുഷ്യനിര്‍മിതമായ അന്ധകാരത്തെ നീക്കി നിത്യപ്രകാശമായ മിശിഹാ നല്കുന്ന പ്രത്യാശയെ പൂകി ഉയിര്‍പ്പിന്റെ മഹത്ത്വത്തില്‍ ജീവിക്കുവാനാണ് ഇന്നു തിരുവചനം നമ്മെ ക്ഷണിക്കുന്നത്.