•  21 Nov 2024
  •  ദീപം 57
  •  നാളം 37
വചനനാളം

മഹത്ത്വപൂര്‍ണനായി ഉയര്‍ത്തപ്പെട്ട മനുഷ്യപുത്രന്‍

സെപ്റ്റംബര്‍ 29 
ഏലിയാ-സ്ലീവ-മൂശക്കാലം ആറാം ഞായര്‍  (സ്ലീവാ മൂന്നാം ഞായര്‍) 
ഉത്പ 41:37-45  പ്രഭാ 47:2-3, 8-11
ഹെബ്രാ 1:1-4  യോഹ 12:27-36

  ലിയ സ്ലീവാ മൂശക്കാലത്തിലെ എല്ലാ ഞായറാഴ്ചകളിലുംതന്നെ ശ്രേഷ്ഠപൂര്‍ണനായ മിശിഹായെക്കുറിച്ചാണ് നാം ധ്യാനിക്കുന്നത്. പഴയനിയമവായനകളും ലേഖനവും സുവിശേഷത്തിലെ മിശിഹായിലേക്കാണ് ഏവരെയും നയിക്കുന്നത്. മഹത്ത്വപൂര്‍ണനായി യുഗാന്ത്യത്തില്‍ വരുന്ന ഈശോമിശിഹായെക്കുറിച്ചുള്ള ചിന്ത ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. ഏലിയാ സ്ലീവാ മൂശക്കാലത്തിന്റെ ആറാം ഞായറാഴ്ചയിലെ വായനകളും പ്രഭാപൂര്‍ണനായ മിശിഹായിലേക്കു നമ്മെ കൊണ്ടുവരുന്നു.
ഒന്നാം വായനയില്‍ (ഉത്പ. 41:37-45) ഈജിപ്തിന്റെ അധിപനായ, ദൈവത്തിന്റെ ആത്മാവ് കുടികൊള്ളുന്ന ജോസഫിനെക്കുറിച്ചും; രണ്ടാം വായനയില്‍ (പ്രഭാ. 47:2-3; 8-11) ഇസ്രയേല്‍ ജനത്തില്‍നിന്നു നയിക്കാനായി ദൈവമെടുത്തുയര്‍ത്തുന്ന ദാവീദിനെക്കുറിച്ചും, മൂന്നാം വായനയില്‍ (ഹെബ്രാ. 1:1-4) അത്യുന്നതങ്ങളിലുള്ള മഹത്ത്വത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായ മിശിഹായെക്കുറിച്ചും; നാലാം വായനയില്‍ (യോഹ. 12:27-36) പിതാവായ ദൈവം മഹത്ത്വപ്പെടുത്തിയിരിക്കുന്ന, ഇനിയും മഹത്ത്വപ്പെടുത്തുന്ന ഈശോമിശിഹായെക്കുറിച്ചും നാം ധ്യാനിക്കുന്നു. ജോസഫില്‍നിന്ന്, ദാവീദുവഴി, മിശിഹായിലേക്കുള്ള ഒരു വചനയാത്രയാണ് ഈ ആഴ്ചത്തെ ദൈവവചനവായനയില്‍.
ഉത്പത്തി 41:37-45: ജോസഫിനെ ഫറവോ വിശേഷിപ്പിക്കുന്നത് ''ദൈവത്തിന്റെ ആത്മാവ് കുടികൊള്ളുന്ന മനുഷ്യന്‍'' എന്നാണ്. ''ദൈവത്തിന്റെ ആത്മാവ്'' എന്നര്‍ഥംവരുന്ന ഹീബ്രുഭാഷയിലെ 'റുവാഹ്' എന്ന പദമാണിവിടെ ഉപയോഗിച്ചിരിക്കുന്നത്. ജോസഫ് 'റൂഹാ'യാല്‍ നിറഞ്ഞവനാണ്. വീണ്ടും ഫറവോ ജോസഫിനെ വിളിക്കുന്നത് 'വിവേകിയും ബുദ്ധിമാനും' എന്നാണ്. ജോസഫിന്റെ വിവേകമെല്ലാം ദൈവത്തില്‍നിന്നാണെന്ന് ഫറവോ ഇവിടെ പ്രഘോഷിക്കുന്നുണ്ട് (41:39). ഇതൊരു ഏറ്റുപറയല്‍തന്നെയാണ്.
ഈജിപ്തിലെ ജ്ഞാനികളിലാര്‍ക്കും വ്യാഖ്യാനിക്കാന്‍ സാധിക്കാത്ത സ്വപ്നങ്ങള്‍ ജോസഫ് വ്യാഖ്യാനിച്ചപ്പോള്‍ ഫറവോ അതീവസന്തുഷ്ടനായി. ജോസഫിന്റെ സ്വപ്നവ്യാഖ്യാനം കഴിഞ്ഞപ്പോഴുള്ള ഫറവോയുടെ പ്രതികരണങ്ങളാണ് ഒന്നാം വായനയുടെ പ്രമേയം.
ജോസഫ് 'അധികാരം' ഉള്ളവനാണ്. ഈജിപ്ത് രാജ്യത്തിന്റെ മുഴുവന്‍ അധിപനായി ഫറവോ നിയമിച്ചവനാണ് ജോസഫ്. ഫറവോ ജോസഫിനെ ധരിപ്പിക്കുന്നത് 'തബാത്ത്' ആണ്. അധികാരം ഏല്പിക്കുന്നതിന്റെ അടയാളമാണത്. ഹീബ്രുഭാഷയിലെ 'തബാത്ത്' (tabath) എന്ന പദത്തിന്റെ അര്‍ഥം signet’, ‘ring’  എന്നാണ്. രാജാവിന്റെ മുദ്രമോതിരം ഒരു രാജ്യത്തിന്റെതന്നെ അധികാരത്തിന്റെ അടയാളമാണ്. അത്രയും ശ്രേഷ്ഠമായ ഒരു സ്ഥാനമാണ് 'ദൈവത്തിന്റെ ആത്മാവ്' കുടികൊള്ളുന്ന ജോസഫിനു ലഭിക്കുന്നത്.
ജോസഫിന് ഒരു പുതിയ പേരു ലഭിക്കുന്നുണ്ട്: ''സാഫ്‌നത്ത് ഫാനെയ'. ഫറവോ ജോസഫിനു നല്‍കിയ ഈ പേരിന്റെ അര്‍ഥം 'ദൈവം പറയുന്നു - അവന്‍ ജീവിക്കുന്നു' എന്നാണ്. ദൈവത്തിന്റെ വാക്കുകള്‍ക്കു ചെവികൊടുത്തു ജീവിക്കുന്ന ജോസഫിന് ഈ പേര് അര്‍ഥവത്താണ്.
പ്രഭാഷകന്‍ 47:2-3; 8-11: പ്രഭാഷകന്റെ പുസ്തകത്തിന്റെ 44-ാം  അധ്യായം ആരംഭിക്കുന്നത് ഇപ്രകാരമാണ്: ''നമുക്കിപ്പോള്‍ മഹത്തുക്കളെയും പൂര്‍വപിതാക്കന്മാരെയും തലമുറക്രമത്തില്‍ പ്രകീര്‍ത്തിക്കാം'' (44:1). ഹെനോക്ക്, നോഹ (44:16-17), അബ്രാഹം, ഇസഹാക്ക്, യാക്കോബ് (44:19-23) മോശ (45:1-5), അഹറോന്‍ (45:6-22) ഫിനെഹാസ് (45:23-26). ജോഷ്വ, കാലെബ് (46:1-9), ന്യായാധിപന്മാര്‍, സാമുവല്‍ (46:11-19) ഇവരെക്കുറിച്ചെല്ലാം ഒരു അനുസ്മരണം നടത്തിയ പ്രഭാഷകന്‍ ദാവീദിലേക്കു തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇന്നത്തെ വചനവായനയുടെ പശ്ചാത്തലമിതാണ്.
ദാവീദ് ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടയാളാണെന്ന വസ്തുത പ്രഭാഷകന്‍ പ്രസ്താവിക്കുന്നുണ്ട്. ഗ്രീക്കുബൈബിളില്‍ 'അഫോരീസ് മെനോന്‍' (aphorismenon)എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. 'നിയോഗിക്കുക' , 'വേര്‍തിരിച്ചു നിര്‍ത്തുക' (set apart, appoint) എന്നീയര്‍ഥങ്ങളാണ് ഈ പദത്തിനുള്ളത്. ദൈവികദൗത്യങ്ങളുടെ നിര്‍വഹണത്തിനായി പ്രത്യേകം 'വേര്‍തിരിച്ച്' നിര്‍ത്തിയിരിക്കുന്ന ആളാണ് ദാവീദ്.
മനുഷ്യനെ ഭയപ്പെടുത്തുന്ന മൃഗങ്ങളോട് കുഞ്ഞാടിനോടെന്നപോലെ ഇടപെടാന്‍ ചങ്കൂറ്റവും കരുത്തുമുള്ളവനാണ് ദാവീദ്. മല്ലനായ ഗോലിയാത്തിനെ കവണയിലെ കല്ലുകൊണ്ടു പരാജയപ്പെടുത്തിയ ധീരശാലിയാണ് ദാവീദ് (47:3-4).
''തന്റെ എല്ലാ പ്രവൃത്തികളിലും അവന്‍ അത്യുന്നതന്റെ മഹത്ത്വം പ്രകീര്‍ത്തിച്ച് പരിശുദ്ധനായ ദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചു...'' (47:8). ദാവീദ് ദൈവസ്തുതിയുടെ മനുഷ്യനാണ് - a man of praise.. ഗ്രീക്കുഭാഷയിലെ 'എക്‌സോമൊളോഗേസിസ്' (exomologesis) എന്ന പദത്തിന്റെ അര്‍ഥം ‘acknowle dgement, praise’  എന്നൊക്കെയാണ്. ദൈവം നല്‍കിയതിനെയെല്ലാം അംഗീകരിച്ചു പറയുന്നവനാണ് ദാവീദ്.
ഹെബ്രായര്‍ 1:1-4: ഹെബ്രായലേഖനത്തിന്റെ പ്രധാന ലക്ഷ്യം എല്ലാവരെയുംകാള്‍ ശ്രേഷ്ഠനായ, എല്ലാറ്റിനെയുംകാള്‍ ശ്രേഷ്ഠമായ 'ഈശോയെ' അവതരിപ്പിക്കുക എന്നതാണ്. പഴയനിയമപ്രവാചകന്മാരെക്കാളും, പഴയനിയമപുരോഹിതന്മാരെക്കാളും, പഴയനിയമബലിയര്‍പ്പകരെക്കാളും, പഴയ ഉടമ്പടികളെക്കാളുമൊക്കെ ശ്രേഷ്ഠമായ ഈശോയെ 'യഹൂദക്രിസ്ത്യാനികള്‍ക്ക്' പഠിപ്പിച്ചുനല്‍കുകയാണു ലേഖകന്‍ ഹെബ്രായലേഖനത്തില്‍ ചെയ്യുന്നത്. ആ ശ്രേഷ്ഠനായ ഈശോയെ ആമുഖത്തില്‍ത്തന്നെ അവതരിപ്പിക്കുന്നതാണ് ഇന്നത്തെ ലേഖനം.
പഴയനിയമകാലഘട്ടത്തില്‍ ദൈവികവെളിപാടുകള്‍ നല്‍കപ്പെട്ടത് പ്രവാചകന്മാരിലൂടെയും ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരിലൂടെയുമായിരുന്നു. ദൈവത്തിന്റെ നാവായും കരങ്ങളായും അവര്‍ പ്രവര്‍ത്തിച്ചു. ദൈവത്തിന്റെ സന്ദേശങ്ങള്‍ സമയാസമയങ്ങളില്‍ അവര്‍ കൈമാറി. വിവിധരീതികളില്‍ നല്‍കപ്പെട്ട ദൈവത്തിന്റെ വെളിപാടുകള്‍ അവര്‍ പഴയനിയമതലമുറയോടു പങ്കുവച്ചു.
എന്നാല്‍, പുതിയനിയമകാലഘട്ടത്തില്‍  ദൈവം സംസാരിക്കുന്നത് അവിടുത്തെ പുത്രന്‍വഴിയാണ്. 'ഈ അവസാനനാളുകളില്‍' എന്ന പരാമര്‍ശം പുതിയനിയമകാലത്തിന്റെ സൂചനയാണ്. ഇനി പഴയ പ്രവാചകര്‍ വരാനില്ല. അവസാനമായി വരേണ്ടവന്‍ വന്നു: ദൈവപുത്രനായ മിശിഹാ.
ഈ പുത്രന്റെ വിശേഷണങ്ങള്‍ ഹെബ്രായലേഖകന്‍ വിവരിക്കുന്നുണ്ട്: ദൈവപുത്രന്‍, സകലത്തിന്റെയും അവകാശി, പ്രപഞ്ചത്തെ സൃഷ്ടിച്ചവന്‍, ദൈവപിതാവിന്റെ സത്ത, ദൈവത്തിന്റെ തേജസ്സ്, വചനത്താല്‍ എല്ലാറ്റിനെയും താങ്ങിനിറുത്തുന്നവന്‍, പാപങ്ങളില്‍നിന്നു ശുദ്ധീകരിക്കുന്നവന്‍, പിതാവായ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായവന്‍, ഉന്നതമായ നാമം വഹിക്കുന്നവന്‍. ഈശോയുടെ ശ്രേഷ്ഠതയെ വിളിച്ചോതുന്നവയാണ് ഈ വചനഭാഗങ്ങള്‍. ഈശോ ആരാണെന്ന് 'യഹൂദക്രൈസ്തവര്‍ക്ക്' മനസ്സിലാക്കാനുള്ള ഒരു 'പാഠപുസ്തകവും'കൂടിയാണിത്.
യോഹന്നാന്‍ 12:27-36: യോഹന്നാന്റെ സുവിശേഷം 1 മുതല്‍ 12 വരെയുള്ള അധ്യായങ്ങള്‍ (1:19-12:50) അടയാളങ്ങളുടെ പുസ്തകമെന്നും (Book of signs),  13 മുതല്‍ 20 വരെയുള്ള അധ്യായങ്ങള്‍ (13:1-20:31) മഹത്ത്വത്തിന്റെ പുസ്തകമെന്നു (Book of Glory) മാണ് വിളിക്കുന്നത്. യോഹന്നാന്‍ സുവിശേഷകന്‍ മഹത്ത്വത്തിന്റെ ഭാഗത്തേക്കു പ്രവേശിക്കുന്നതിനുമുമ്പ് ദൈവത്താല്‍ മഹത്ത്വപ്പെടുത്തുന്ന ഈശോമിശിഹായെ അവതരിപ്പിക്കുകയാണ് ഇന്നത്തെ സുവിശേഷത്തില്‍.
മത്തായി, മര്‍ക്കോസ്, ലൂക്കാ സുവിശേഷങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്ന ഈശോയുടെ ഗത്‌സെമനിലെ പ്രാര്‍ഥനയ്ക്കു സമാന്തരമായിത്തന്നെ ദൈവശാസ്ത്രവീക്ഷണങ്ങളോടെ യോഹന്നാന്‍ സുവിശേഷകന്‍ അവതരിപ്പിച്ചിരിക്കുന്നതാണ് ഈ വചനഭാഗം. മനുഷ്യപുത്രന്‍ മാനുഷികമായ നൊമ്പരങ്ങള്‍കൊണ്ട് അവസാനിക്കേണ്ടവനല്ല; മറിച്ച്, ദൈവത്തിന്റെ മഹത്ത്വത്തിലേക്കു കരേറ്റം ചെയ്യപ്പെടേണ്ടവനാണ്.
ഈശോ പ്രാര്‍ഥിക്കുന്നത്, 'പിതാവേ, അങ്ങയുടെ നാമത്തെ മഹത്ത്വപ്പെടുത്തണമേ' എന്നാണ്. ഗ്രീക്കുഭാഷയിലെ 'ദോക്‌സാസോ'(doxazo)എന്ന പദത്തിന്റെ അര്‍ഥം "make great’, ‘glorify’  എന്നാണ്. പിതാവായ ദൈവത്തിന്റെ നാമം മഹത്ത്വപ്പെടണമെന്നാണ് പുത്രന്റെ പ്രാര്‍ഥന.
പുത്രന്റെ പ്രാര്‍ഥനയ്ക്കു സ്വര്‍ഗത്തില്‍നിന്നുള്ള മറുപടി 'ഞാന്‍ മഹത്ത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹത്ത്വപ്പെടുത്തും' (12:28) എന്നാണ്. ഇതൊരു ദൈവികവെളിപാടാണ്. തിന്മയുടെ ശക്തികളെയെല്ലാം നിഷ്പ്രഭമാക്കി മഹത്ത്വപൂര്‍ണനായ ഈശോമിശിഹാ ആഗതനാകുന്ന സമയമായി. മിശിഹായുടെ നാമം എല്ലായിടത്തും '‘glorify’ചെയ്യപ്പെടും.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)