•  21 Nov 2024
  •  ദീപം 57
  •  നാളം 37
വചനനാളം

ശാന്തശീലനും വിനീതഹൃദയനും

ഒക്‌ടോബര്‍ 6
ഏലിയാ-സ്ലീവ-മൂശക്കാലം ഏഴാം ഞായര്‍  (സ്ലീവാ നാലാം ഞായര്‍) 
പുറ 33:12-17   ജറെ 20:7-13
2 കോറി 1:3-7  മത്താ 11:25-30

  •  ലോകത്തെക്കുറിച്ചു പഠിക്കാനോ അദ്ഭുതങ്ങള്‍ ചെയ്യാനോ മരിച്ചവരെ ഉയിര്‍പ്പിക്കാനോ അല്ല നാം മിശിഹായില്‍നിന്നു പഠിക്കേണ്ടത്; മറിച്ച്, എളിമയും ശാന്തതയുമാണ്. വലിയ കെട്ടിടം പണിയണമെങ്കില്‍ ആഴമായ അടിത്തറ വേണം.  കെട്ടിടത്തിന്റെ ഉയരം വര്‍ധിക്കുന്നതനുസരിച്ച് അടിത്തറയുടെ ആഴവും വര്‍ധിക്കണം. എളിമകൂടാതെ ഉയര്‍ച്ചയില്ല

   ഏലിയാ - സ്ലീവാ - മൂശക്കാലങ്ങളിലെ ഏഴാം ഞായര്‍, അതായത്, സ്ലീവാക്കാലം നാലാം  ഞായറാഴ്ച ധ്യാനവിഷയമാക്കുന്ന തിരുവചനഭാഗങ്ങളെല്ലാം ക്ലേശങ്ങളിലും സഹനങ്ങളിലും ആശ്വാസമേകി കൂടെയായിരിക്കുന്ന ദൈവസാന്നിധ്യത്തെക്കുറിച്ചാണ്. യുഗാന്ത്യോന്മുഖമായ യാത്രയാണു മനുഷ്യജീവിതം. ആ യാത്രയില്‍ ക്ലേശങ്ങളും സഹനങ്ങളുമുണ്ട്; ആകുലതകളും അസ്വസ്ഥതകളുമുണ്ടാകും. എന്നാല്‍, ദൈവസാന്നിധ്യബോധത്തില്‍ മുന്നോട്ടുനീങ്ങണമെന്നും ശാന്തതയുടെയും പ്രത്യാശയുടെയുമായ മാര്‍ഗത്തില്‍ മുന്നേറണമെന്നും തിരുവചനം ഓര്‍മിപ്പിക്കുന്നു. 
     പുറപ്പാടുപുസ്തകത്തില്‍നിന്നുള്ള ഒന്നാം പ്രഘോഷണത്തില്‍ വാഗ്ദത്തനാട്ടിലേക്കുള്ള യാത്രയില്‍ മൂശയുടെ കൂടെയായിരിക്കുന്ന ദൈവസാന്നിധ്യത്തെക്കുറിച്ചാണു  പറയുന്നത്. വാഗ്ദത്തനാട്ടിലേക്കുള്ള യാത്രയില്‍ മൂശയ്ക്കും ഇസ്രയേല്‍ജനത്തിനും കഷ്ടതകളും ആകുലതകളുമൊക്കെയുണ്ടായിരുന്നു. ആ യാത്രയില്‍ മൂശ ദൈവത്തെ അറിഞ്ഞിരുന്നു. ഇന്നു വായിക്കുന്ന വചനഭാഗത്തിനു തൊട്ടുമുമ്പിലുള്ള വചനം പറയുന്നത് ഒരുവന്‍ തന്റെ സുഹൃത്തിനോട് എന്നവിധം കര്‍ത്താവ് മൂശയോടു മുഖാമുഖം സംസാരിച്ചിരുന്നു എന്നാണ് (33:11).  മൂശ കര്‍ത്താവിനോടു ചോദിക്കുന്നു: അങ്ങ് ഈ ജനത്തെ നയിക്കുക എന്ന് ആവശ്യപ്പെടുന്നു; ആരെയാണ് എന്റെകൂടെ അയയ്ക്കുക? മൂശ പറഞ്ഞു: അങ്ങു കൂടെ വരുന്നില്ലെങ്കില്‍ ഞങ്ങളെ പറഞ്ഞയയ്ക്കരുതേ. കര്‍ത്താവ് പറഞ്ഞു: ഞാന്‍തന്നെ നിന്റെ കൂടെ വരുകയും നിനക്ക് ആശ്വാസം നല്കുകയും ചെയ്യും. കൂടെയായിരുന്നുകൊണ്ട് ആശ്വാസം നല്കുന്ന ദൈവസാന്നിധ്യമാണ് മൂശയ്ക്കു യാത്ര മുന്നോട്ടുനയിക്കുന്നതിനു കരുത്തുനല്കുന്നത്. 
    ജറെമിയാപ്രവാചകന്റെ പുസ്തകത്തില്‍നിന്നുള്ള രണ്ടാമത്തെ പ്രഘോഷണത്തില്‍ പരാതിയോടെയുള്ള ജറെമിയായുടെ വാക്കുകളാണു ശ്രവിക്കുന്നത്. കര്‍ത്താവിന്റെ വചനം പ്രസംഗിച്ച് ഇറങ്ങിപ്പുറപ്പെട്ട ജറെമിയായ്ക്കു സഹനവും പരിഹാസവുമായിരുന്നു നേരിടേണ്ടിവന്നത്. കര്‍ത്താവിന്റെ വചനം നിന്ദനത്തിനു ഹേതുവായിരിക്കുന്നുവെന്ന് പ്രവാചകന്‍ വിലപിക്കുന്നു. തന്റെ പതനം കാത്തിരിക്കുന്നവര്‍ ചുറ്റം ഭീകരത സൃഷ്ടിക്കുന്നു. അവര്‍ പറയുന്നു, നമുക്കവനെ തോല്പിക്കാം. എന്നാല്‍, പ്രവാചകന്റെ ശക്തി വീരയോദ്ധാവിനെപ്പോലെ കര്‍ത്താവ് തന്റെകൂടെയുണ്ട് എന്നതാണ്. അതിനാല്‍, തന്നെ പീഡിപ്പിക്കുന്നവര്‍ക്കു കാലിടറും; അവര്‍ വിജയിക്കുകയില്ല. ജീവിതയാത്രയില്‍ സഹനങ്ങളും പ്രതിസന്ധികളുമുണ്ടാകുമ്പോള്‍ ഒരു ധീരയോദ്ധാവിനെപ്പോലെ കൂടെയുള്ള കര്‍ത്താവിനെ തിരിച്ചറിയാനാണ് തിരുവചനം പറയുന്നത്. 
     കോറിന്തോസുകാര്‍ക്കെഴുതിയ ലേഖനത്തില്‍ പൗലോസ്ശ്ലീഹാ സകല സമാശ്വാസത്തിന്റെയും കാരുണ്യത്തിന്റെയും ദൈവം എന്നാണ് ഈശോമിശിഹായുടെ പിതാവായ ദൈവത്തെ വിളിച്ചിരിക്കുന്നത്. സഹനത്തിലും സമാശ്വാസത്തിലും പങ്കാളിയാകുന്ന ദൈവസാന്നിധ്യത്തെക്കുറിച്ചാണ് ശ്ലീഹാ പറയുന്നത്. നാം ദൈവത്താല്‍ സമാശ്വസിപ്പിക്കപ്പെടുന്നത് സഹനമനുഭവിക്കുന്നവര്‍ക്കു നാം സമാശ്വാസമാകുന്നതിനുവേണ്ടിയാണ്. മിശിഹായുടെ സഹനത്തില്‍ പങ്കാളിയാകുന്നതുപോലെ മിശിഹാവഴി തങ്ങളുടെ സമാശ്വാസവും സമൃദ്ധമാകുന്നുവെന്നാണ് ശ്ലീഹാ പറയുന്നത്.  
     അധ്വാനിക്കുന്നവരെയും ഭാരം വഹിക്കുന്നവരെയും തന്റെ പക്കലേക്കു വിളിക്കുകയും അവര്‍ക്കു വിശ്രമം നല്കുമെന്ന് ഉറപ്പു നല്കി ക്ലേശിതരുടെയും പീഡിതരുടെയും കൂടെയായിരിക്കുകയും ചെയ്യുന്ന മിശിഹായെയാണ് സുവിശേഷത്തില്‍ നാം കാണുന്നത്. വിശ്രമിക്കുക എന്നാല്‍ ദൈവത്തോടുകൂടെയായിരിക്കുക എന്നാണ് അര്‍ഥം. എപ്രകാരമാണ് ആ വിശ്രമം കണ്ടെത്തേണ്ടത് എന്നും ഈശോ പറയുന്നു. തന്നില്‍നിന്നു പഠിക്കാനാണ് അവിടുന്ന് ആവശ്യപ്പെടുന്നത്. താന്‍ ശാന്തശീലനും വിനീതഹൃദയനുമാണ്; നിങ്ങള്‍ എന്നില്‍നിന്നു പഠിക്കുവിന്‍. എന്റെ നുകം മൃദുവും ഭാരം ലഘുവുമാണ്.  കര്‍ത്താവിന്റെ നുകം എന്താണ് എന്ന് പ്രഭാഷകന്റെ പുസ്തകം 51:26 പറയുന്നുണ്ട്; കര്‍ത്താവിന്റെ പ്രബോധനമാണ് അവിടുത്തെ നുകം. അവിടുത്തെ പ്രബോധനം എളിമയോടെ സ്വീകരിക്കുന്നവര്‍ക്ക് അവിടുത്തോടുകൂടെ വിശ്രമത്തിലേക്കു പ്രവേശിക്കാം. അവിടുത്തെ പ്രബോധനം ബുദ്ധിമാന്മാരില്‍നിന്നും വിവേകികളില്‍നിന്നും മറച്ചുവച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയെന്ന് ഈശോ പറയുന്നു. കര്‍ത്താവിനെ സ്വീകരിക്കാത്തവരാണ്; അവിടുത്തെ പ്രബോധനം തിരസ്‌കരിച്ചവരാണ്; സ്വയം ബുദ്ധിമാന്മാരെന്നും വിവേകികളെന്നും വിചാരിക്കുന്ന ഇക്കൂട്ടര്‍. എന്നാല്‍, ശിശുക്കള്‍ എന്നു പറയുന്നതിലൂടെ ഉദേശിക്കുന്നത് കര്‍ത്താവിന്റെ വചനത്തിനു ചെവികൊടുക്കുന്നവരാണ്; എളിമയോടെ  കര്‍ത്താവിന്റെ പ്രബോധനം സ്വീകരിക്കുന്നവരാണ്. ഭൗതികജ്ഞാനത്തിന്റെ കണ്ണുകളിലൂടെമാത്രം വചനത്തെ അന്വേഷിക്കുന്ന മനുഷ്യര്‍ക്ക് ദൈവികരഹസ്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയുകയില്ല. നിയമജ്ഞരും ഫരിേസയരും കര്‍ത്താവിന്റെ ശാസന എറ്റുവാങ്ങുന്നത് അവര്‍ നിയമം വ്യാഖ്യാനിച്ച് അതിനെ ഭാരമുള്ളതാക്കി മാറ്റുകയും; എന്നാല്‍, അത് പാലിക്കുന്നതിനു ചെറുവിരല്‍കൊണ്ടു സഹായിക്കാതിരിക്കുകയും ചെയ്യുന്നതിനാലാണ്. എന്നാല്‍, മിശിഹാ നിയമത്തെ സ്‌നേഹത്തിന്റെ നിയമമായി വ്യാഖ്യാനിക്കുകയും ശത്രുവിനെപ്പോലും സ്‌നേഹിച്ചുകൊണ്ട് സ്‌നേഹത്തിന്റെ നിയമം പൂര്‍ത്തിയാക്കുകയും ചെയ്തു. അവിടുന്ന് നിയമം വ്യാഖ്യാനിച്ചപ്പോള്‍ അത് മധുരിതമായി, എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്നതായി മാറി. തന്നില്‍നിന്നു പാഠം പഠിക്കാനാണ് മിശിഹാ ആവശ്യപ്പെടുന്നത്.  
വിശുദ്ധ അഗസ്റ്റിന്‍ ഈ വചനഭാഗത്തെ വ്യാഖ്യാനിച്ചുകൊണ്ടു പഠിപ്പിക്കുന്നു: ലോകത്തെക്കുറിച്ചു പഠിക്കാനോ അദ്ഭുതങ്ങള്‍ ചെയ്യാനോ മരിച്ചവരെ ഉയിര്‍പ്പിക്കാനോ അല്ല നാം മിശിഹായില്‍നിന്നു പഠിക്കേണ്ടത്; മറിച്ച്, എളിമയും ശാന്തതയുമാണ്. വലിയ കെട്ടിടം പണിയണമെങ്കില്‍ ആഴമായ അടിത്തറ വേണം. അതാണ് എളിമ. കെട്ടിടത്തിന്റെ ഉയരം വര്‍ധിക്കുന്നതനുസരിച്ച് അടിത്തറയുടെ ആഴവും വര്‍ധിക്കണം. എളിമകൂടാതെ ഉയര്‍ച്ചയില്ല. സ്വയം ശൂന്യമാക്കിക്കൊണ്ട് ദൈവികരഹസ്യം പൂര്‍ണമായും വെളിപ്പെടുത്തിയ മിശിഹാ ഒരു ശിശുവായാണ് ഭൂമിയില്‍ അവതരിച്ചത്. 
     കര്‍ത്താവ് നല്കുന്ന വിശ്രമമാണ് എലിയാ-സ്ലീവാ-മൂശക്കാലത്തെ പ്രധാന വിചിന്തന വിഷയം. സുവിശേഷത്തിലൂടെ ഈശോ ഇന്ന് വിളിക്കുന്നതും ആ വിശ്രമത്തിലേക്കാണ്. കര്‍ത്താവിന്റെ പ്രബോധനങ്ങളെ സ്വീകരിച്ച് അവിടുന്നില്‍നിന്നു പാഠം പഠിച്ച് നിത്യ സൗഭാഗ്യത്തെ നോക്കിപ്പാര്‍ത്തിരിക്കാന്‍, ക്ലേശങ്ങളും പീഡനങ്ങളും ഉണ്ടാകുമ്പോള്‍ നിരാശരാകാതെ പ്രത്യാശയില്‍ വ്യാപരിച്ച് ഈ ആരാധനക്രമകാലത്തിന്റെ ചൈതന്യം ജീവിക്കാന്‍ തിരുവചനം നമ്മെ വിളിക്കുന്നു.

 .

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)