ഒക്‌ടോബര്‍ 13 ഏലിയാ-സ്ലീവ-മൂശക്കാലം എട്ടാം ഞായര്‍ (മൂശ ഒന്നാം ഞായര്‍)
പുറ 20:18-21 ജോയേ 2:1-11
ഹെബ്രാ 10:19-25 മത്താ 25:31-46
ഏലിയാ-സ്ലീവാ-മൂശക്കാലങ്ങളില്‍, മൂശക്കാലം ഒന്നാം ഞായറാഴ്ച തിരുവചനങ്ങളില്‍നിന്നു ധ്യാനിക്കുന്നത് മരണം, പുനരുത്ഥാനം, അന്ത്യവിധി എന്നിവയെക്കുറിച്ചാണ്.
വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍മാത്രം കാണുന്ന മിശിഹായുടെ പ്രത്യാഗമനത്തിലുള്ള അന്ത്യവിധിവിവരണമാണ് ഇന്നത്തെ സുവിശേഷഭാഗം. ഒരു സാരോപദേശകഥയെന്നപോലെയുള്ള വിവരണമാണ് ഇവിടെ കാണുന്നത്. മനുഷ്യപുത്രനെ ഇടയനായും രാജാവായും ജനത്തെ അജഗണങ്ങളായും അന്ത്യവിധിയില്‍ ആടുകളെ ചെമ്മരിയാടെന്നും കോലാടെന്നും വേര്‍തിരിക്കുന്നതുപോലെയും അവതരിപ്പിച്ചുകൊണ്ടു നന്മചെയ്തവര്‍ക്കു നിത്യജീവനും നന്മചെയ്യാത്തവര്‍ക്കു ശിക്ഷയുമുണ്ടെന്ന കാര്യമാണു പ്രതിപാദ്യവിഷയം.
ഈശോയുടെ പ്രതിനിധികളായ എളിയ മനുഷ്യരോടുള്ള കാരുണ്യപൂര്‍വകമായ പ്രവൃത്തികളായിരിക്കും വിധിയുടെ മാനദണ്ഡം. നിങ്ങളെ സ്വീകരിക്കുന്നവര്‍ എന്നെത്തന്നെയാണു സ്വീകരിക്കുന്നതെന്ന തിരുവചനം (മത്താ. 10:40) യാഥാര്‍ഥ്യമാകുന്നതാണ് 'എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവനു നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണു ചെയ്തത്' എന്ന ഈശോയുടെ വാക്കുകളില്‍ കാണുന്നത്. നീ പീഡിപ്പിക്കുന്ന മിശിഹായാണു ഞാന്‍ എന്ന് ഈശോ പൗലോസിനോടു പറയുമ്പോഴും ഇതുതന്നെയാണു വെളിപ്പെടുന്നത്. മിശിഹായുടെ രണ്ടാമത്തെ വരവില്‍ എല്ലാ ജനതകളും വിളിച്ചുകൂട്ടപ്പെടുമെന്നതിലൂടെ മിശിഹായുടെ ന്യായവിധിക്ക് എല്ലാ ജനതകളും വിധേയമാക്കപ്പെടുമെന്നും മനുഷ്യര്‍ക്കു ശുശ്രൂഷ ചെയ്യുന്നവര്‍ തങ്ങള്‍ അറിയാതെതന്നെ ഈശോയ്ക്കാണു ശുശ്രൂഷ ചെയ്യുന്നതെന്നും തിരുവചനം വ്യക്തമാക്കുന്നു. ഓരോരുത്തര്‍ക്കും തങ്ങളുടെ പ്രവൃത്തികള്‍ക്കനുസരിച്ചു പ്രതിഫലം ലഭിക്കുമെന്ന വചനവും (റോമ. 2:6; എഫേ. 6:8; 1 പത്രോ. 1:17; വെളി: 2:23) അന്ത്യദിനത്തില്‍ യാഥാര്‍ഥ്യമാകുമെന്ന് ഈശോയുടെ വാക്കുകളിലൂടെ വെളിപ്പെടുന്നു. തിന്മകളെക്കുറിച്ച് ആകുലതപ്പെടുന്നതിനെക്കാള്‍ നന്മകള്‍ ചെയ്യുന്നതില്‍ വ്യഗ്രതയുള്ളവരായി വളരുന്നതാണ് നിത്യജീവനിലേക്കുള്ള മാര്‍ഗമെന്നു തിരുവചനം പഠിപ്പിക്കുന്നു. ചെയ്യേണ്ട നന്മകള്‍ ചെയ്യാതെ കടന്നുപോകുന്നതും ശിക്ഷാവിധിക്കു കാരണമാകുമെന്നും പ്രബോധിപ്പിക്കുന്നു.
നന്മകള്‍ ഒരുവനില്‍ രൂപംകൊള്ളുമ്പോള്‍ തിന്മകള്‍ സ്വയമേ ഇല്ലെന്നാകും; പ്രകാശം വരുമ്പോള്‍ അന്ധകാരം ഇല്ലെന്നാകുന്നതുപോലെതന്നെ. പുറപ്പാടുപുസ്തകത്തില്‍നിന്നുള്ള ആദ്യപ്രഘോഷണത്തില്‍ ശ്രവിക്കുന്നത് പത്തുകല്പനകള്‍ വിവരിച്ചതിനുശേഷമുള്ള വചനഭാഗങ്ങളാണ്. പുറപ്പാടുപുസ്തകം 19-ാം അധ്യായം 16-ാം വചനത്തില്‍ ദൈവമായ കര്‍ത്താവ് ഇസ്രായേല്‍ജനത്തിനു പ്രത്യക്ഷപ്പെടുന്ന കാര്യമാണു പറയുന്നത്. അവിടെ ഇസ്രായേല്‍ജനത്തിനുള്ള ജീവിതത്തിന്റെ മാനദണ്ഡമായി അവര്‍ക്കു ലഭിക്കുന്നത് പത്തുകല്പനകളാണ്. അതു നല്കുന്നതിനായി പ്രത്യക്ഷപ്പെട്ട ദൈവമഹത്ത്വത്തിനുമുമ്പില്‍ ഭയചകിതരായി നില്ക്കുന്ന ജനത്തെ കാണാം. ദൈവത്തിന്റെ സാന്നിധ്യത്തിലും അവിടുന്നു നല്കിയ നിയമത്തിന്റെ കാര്‍ക്കശ്യത്തിലുമാണ് അവര്‍ ഭയപ്പെട്ടത്; തങ്ങള്‍ മരിച്ചുപോകുമെന്ന് അവര്‍ കരുതി. മൂശ അവരോടു പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട,ïനിങ്ങളെ പരീക്ഷിക്കുന്നതിനും നിങ്ങള്‍ പാപം ചെയ്യാതിരിക്കേണ്ടതിന് നിങ്ങളുടെ മുമ്പില്‍ ഭയം ജനിപ്പിക്കുന്നതിനുംവേണ്ടിയാണ് ദൈവം പ്രത്യക്ഷപ്പെടുന്നത്. ദൈവഭയമാണ് ഒരുവനെ പാപത്തില്‍നിന്ന് അകറ്റിനിറുത്തുന്നത്. ദൈവഭയം എന്നത് പേടിയുളവാക്കുന്ന ഒരു നെഗറ്റീവു കാര്യമല്ല; മറിച്ച്, ദൈവത്തിന്റെ മഹത്ത്വം അറിഞ്ഞുകഴിയുമ്പോളുളവാകുന്ന ഭക്തിയും വിസ്മയവും ദൈവത്തിന്റെ മുമ്പിലുള്ള മനുഷ്യന്റെ നിസ്സാരതയും വ്യക്തമാക്കുന്ന ഒരു ഭാവമാണ്. ദൈവഭയമുളവാകുക എന്നു പറഞ്ഞാല്‍ ദൈവഹിതത്തിനനുസൃതമായി ജീവിക്കാന്‍ യോഗ്യരാകുക എന്നതാണ്. അതിനാണ് ദൈവം സീനായ് മലയില്‍ പ്രത്യക്ഷമാകുന്നതും നിയമങ്ങള്‍ നല്കുന്നതും. ദൈവസാന്നിധ്യബോധവും ദൈവികനിയമങ്ങളുമാണ് ഒരുവനെ പാപത്തില്‍നിന്ന് അകറ്റുന്നത്. ദൈവഭയമാണ് ജ്ഞാനത്തിന്റെ ആരംഭം എന്നാണ് സുഭാഷിതങ്ങള്‍ പറയുന്നത്(9:8). സഭാപ്രസംഗകന്‍ പഠിപ്പിക്കുന്നു; മനുഷ്യന്റെ ആത്യന്തികമായ കടമ ദൈവഭയമുള്ളവനായിരിക്കുക, അവിടുത്തെ കല്പനകള്‍ പാലിക്കുക എന്നതാണ് (12:13). ദൈവഭയമുള്ളവനുമാത്രമേ സഹോദരങ്ങളില്‍ ദൈവത്തെക്കണ്ട് അവനു ശുശ്രൂഷചെയ്യാന്‍ സാധിക്കുകയുള്ളൂ. അപ്രകാരം ശുശ്രൂഷ ചെയ്യുന്നവര്‍ക്കാണു നിത്യജീവന്‍ എന്നാണ് ഇന്നത്തെ സുവിശേഷം പഠിപ്പിക്കുന്നതും.
ദൈവത്തിന്റെ ഹിതത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ആര്‍ക്കും ന്യായവിധി നേരിടേണ്ടിവരുമെന്ന കാര്യമാണ് ജോയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍നിന്നുള്ള പ്രഘോഷണത്തിലൂടെ പങ്കുവയ്ക്കുന്നത്. ജറുസലേം ദൈവത്തിന്റെ പട്ടണമായതുകൊണ്ട,് സിയോന്‍ അവിടുത്തെ പര്‍വതമായതുകൊണ്ട് അത് നശിപ്പിക്കപ്പെടുകയില്ല, തങ്ങള്‍ക്കൊരാപത്തും വരുകയില്ല എന്നു കരുതിയിരുന്ന ജറുസലേംനിവാസികള്‍ അനുതപിച്ചില്ലെങ്കില്‍ കര്‍ത്താവിന്റെ ന്യായവിധി നേരിടേണ്ടിവരുമെന്ന കാര്യമാണ് ഈ വചനഭാഗത്തിന്റെ പ്രതിപാദ്യവിഷയം. ന്യായവിധി നടപ്പിലാക്കുന്ന കര്‍ത്താവിന്റെ ദിനം സമാഗതമാകുന്നതിനെക്കുറിച്ചാണ് ജോയേല്‍പ്രവാചകന്‍ പറയുന്നത്. കര്‍ത്താവിന്റെ ദിനം മഹത്തും അതിഭീതിദവുമാണെന്നു പ്രവാചകന്‍ പറയുന്നു. ജോയേല്‍ പ്രവാചകന്റെ പുസ്തകം ഒന്നാം അധ്യായത്തില്‍ വിവരിക്കുന്ന വെട്ടുക്കിളിയുടെ ബാധ അവര്‍ക്കു പ്രതിരോധിക്കാനാവാഞ്ഞതുപോലെ കര്‍ത്താവിന്റെ ദിനത്തിലെ ന്യായവിധിയെയും അവര്‍ക്കു തടഞ്ഞുനിര്‍ത്താനാവില്ല.
ഈശോമിശിഹായുടെ തിരുരക്തത്താല്‍ വീണ്ടെടുക്കപ്പെട്ട് വിശുദ്ധസ്ഥലത്തു പ്രവേശിക്കാന്‍ പാത തുറന്നുകിട്ടിയ വിശ്വാസിസമൂഹത്തിന്റെ ജീവിതം എപ്രകാരമായിരിക്കണമെന്നാണ് ഹെബ്രായലേഖനത്തില്‍നിന്നുമുള്ള പ്രഘോഷണത്തില്‍ പറയുന്നത്. ദുഷ്ടമനഃസാക്ഷിയില്‍നിന്ന് ഹൃദയം വെടിപ്പാക്കുകയും ശരീരം ശുദ്ധജലത്താല്‍ കഴുകുകയും ചെയ്തുകൊണ്ട്, അതായത്, ആന്തരികവും ബാഹ്യവുമായ വിശുദ്ധി പുലര്‍ത്തിക്കൊണ്ട്, വിശ്വാസത്തിന്റെ സത്യഹൃദയത്തോടെ, പ്രത്യാശയുടെ ഏറ്റുപറച്ചിലില്‍ മുറുകെപ്പിടിച്ചുകൊണ്ട്, സ്‌നേഹവും സല്‍പ്രവൃത്തികളും പ്രോത്സാഹിപ്പിച്ചുകൊണ്ട് വിശ്വാസജീവിതം നയിക്കാം. എന്തെന്നാല്‍, ഭീതിദമായ വിധിദിവസത്തെ അഭീമുഖീകരിക്കേണ്ടവരാണ് എല്ലാ ജനതകളും.