•  21 Nov 2024
  •  ദീപം 57
  •  നാളം 37
വചനനാളം

താലന്തുകള്‍ വര്‍ധിപ്പിക്കുക

നവംബര്‍ 17   പള്ളിക്കൂദാശക്കാലം   മൂന്നാം ഞായര്‍

ഉത്പ 29:15-30   പ്രഭാ 11:20-27
2 തെസ 3:6-15  മത്താ 25:14-30

     നിന്റെ അധ്വാനഫലം നീ അനുഭവിക്കും; നീ സന്തുഷ്ടനായിരിക്കും; നിനക്കു നന്മ വരും (സങ്കീ. 128:2). അധ്വാനിക്കുന്നവനു സുഖനിദ്ര ലഭിക്കുന്നു (സഭാ. 5:12). സ്വാശ്രയശീലനും അധ്വാനപ്രിയനും ജീവിതം മധുരമാണ് (പ്രഭാ. 40:18). നന്നായി അധ്വാനിക്കുന്നതും ഉത്തരവാദിത്വബോധത്തോടെ ജോലി ചെയ്യുന്നതും വിശുദ്ധഗ്രന്ഥഭാഷ്യത്തില്‍ ശ്രേഷ്ഠമായ കാര്യമാണ്. പള്ളിക്കൂദാശ മൂന്നാം ഞായറിലെ വായനകളെല്ലാം കര്‍ത്തവ്യനിര്‍വഹണത്തെക്കുറിച്ചാണു പൊതുവായി പങ്കുവയ്ക്കുന്നത്. ഏല്പിക്കപ്പെട്ട ജോലികള്‍ നന്നായി ചെയ്യേണ്ടതിനെക്കുറിച്ചാണിവ ഉദ്‌ബോധിപ്പിക്കുന്നത്.
    ഒന്നാം വായനയില്‍ (ഉത്പ. 29:15-30) റാഹേലിനുവേണ്ടി ലാബാന്റെ കീഴില്‍ ജോലി ചെയ്യുന്ന യാക്കോബിനെക്കുറിച്ചും; രണ്ടാം വായനയില്‍ (പ്രഭാ. 11:20-27) ഒരാള്‍ തന്റെ കര്‍ത്തവ്യങ്ങള്‍ നിഷ്ഠയോടെ അനുഷ്ഠിക്കേണ്ടതിനെക്കുറിച്ചും; മൂന്നാം വായനയില്‍ (2 തെസ. 3:6-15) അലസത കൂടാതെ ജോലി ചെയ്യേണ്ടതിനെക്കുറിച്ചും; നാലാം വായനയില്‍ (മത്താ. 25:14-30) ഭരമേല്പിച്ച താലന്ത് അധ്വാനിച്ചു വര്‍ധിപ്പിക്കേണ്ടതിനെക്കുറിച്ചും നാം ശ്രവിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നു. ചുമതലാബോധത്തോടെയുള്ള 'അധ്വാനം', അതാണ് വായനകളുടെ മുഖ്യപ്രമേയം.
   ഉത്പത്തി 29:15-30: പരദേശിയായി യാത്ര ചെയ്യുന്ന യാക്കോബ്, ബെഥേലിലെ തന്റെ ദൈവദര്‍ശനത്തിനുശേഷം എത്തിച്ചേരുന്നത് കിഴക്കുള്ളവരുടെ ദേശത്താണ് (29:1). ‘people of the east’ എന്ന പൊതുവിശേഷണം കാനാനു കിഴക്കുള്ള 'അരമായരുടെ ദേശം' എന്നാണ് അര്‍ഥമാക്കുന്നത്. യാത്രയ്ക്കിടയില്‍ ആ ദേശത്തെ കിണറ്റിന്‍കരയില്‍വച്ചു കണ്ടുമുട്ടിയ റാഹേലിന്റെ പിതാവായ ലാബാന്‍ യാക്കോബിനെ തന്റെ കുടുംബാംഗമായി സ്വീകരിക്കുന്നത് അവന്‍ 'തന്റെ അസ്ഥിയുടെ അസ്ഥിയും മാംസത്തിന്റെ മാംസവുമാണ്' എന്നു (29:14) പറഞ്ഞാണ്. ആ ലാബാനുവേണ്ടിയാണ് യാക്കോബ് കഠിനാധ്വാനം ചെയ്യുന്നത്.
യാക്കോബ് തന്റെ ബന്ധുവാണെങ്കിലും അവന്‍ ചെയ്യുന്ന ജോലിക്കു പ്രതിഫലം നല്‍കാന്‍ ലാബാന്‍ മനസ്സു കാണിക്കുന്നുണ്ട്. അതിന്റെ പിന്നിലുള്ള ഉദ്ദേശ്യം നല്ലതല്ലെങ്കിലും ലാബാന്‍ പ്രതിഫലം നല്‍കാമെന്നു പറയുന്നുണ്ട്. ''വെറുതെ പണിയെടുക്കേണ്ടതില്ല'' ((serving for nothing)  എന്നതില്‍നിന്ന് 'പ്രതിഫലത്തിനായി പണിയെടുക്കുക' (serving for reward) എന്ന ലാബാന്റെ ചിന്ത യാക്കോബിനെ വെറും ഒരു പണിക്കാരനാക്കി മാറ്റുന്നുണ്ട്. ബന്ധുവിന്റെ സ്ഥാനം മാറി അവന്‍ ഒരു വേലക്കാരനായി പരിഗണിക്കപ്പെട്ടു. എങ്കിലും, യാക്കോബ് വിശ്വസ്തതയോടെ തന്നെ ഏല്പിച്ച ജോലി ചെയ്യാന്‍ മനസ്സു കാണിക്കുന്നുണ്ട്.
ലാബാന്റെ കീഴില്‍ അവന്റെ മകള്‍ റാഹേലിനെ സ്വന്തമാക്കാന്‍വേണ്ടി താന്‍ ഏഴുവര്‍ഷം ജോലി ചെയ്യാം എന്നാണ് യാക്കോബ് അഭിപ്രായപ്പെട്ടത് (29:18). വധുവിന്റെ പിതാവിനു വരന്‍ നല്‍കേണ്ട തുകയ്ക്കു പകരമാണ് ഏഴു വര്‍ഷത്തെ ഈ അധ്വാനം. ഹീബ്രുഭാഷയിലെ 'അബദ്' (abad)  എന്ന ക്രിയാപദത്തിന്റെ അര്‍ഥം '‘serve’  എന്നാണ്. അനുസരണവും വിധേയത്വവുമുള്ള ഒരു ദാസ്യശുശ്രൂഷകനായി അധ്വാനിച്ചുകൊള്ളാമെന്നാണ് യാക്കോബ് വാഗ്ദാനം ചെയ്യുന്നത്. ജോലി ചെയ്യാനുള്ള യാക്കോബിന്റെ മനസ്സ് ഇതു വ്യക്തമാക്കുന്നു.
തന്റെ ജോലിയുടെ കാലാവധി കഴിഞ്ഞപ്പോള്‍ പ്രതിഫലം ചോദിച്ച യാക്കോബിനെ ലാബാന്‍ വഞ്ചിക്കുന്നുണ്ട്. ലാബാന്‍ റാഹേലിനു പകരം ലെയാ എന്ന മകളെ യാക്കോബിന് വിവാഹം ചെയ്തുകൊടുത്തു. ഉദ്ദേശ്യശുദ്ധി അത്ര നല്ലതല്ലാത്ത ലാബാന്‍ വീണ്ടും ഏഴുവര്‍ഷംകൂടി തന്റെ കീഴില്‍ ജോലി ചെയ്യാന്‍ യാക്കോബിനെ നിര്‍ബന്ധിച്ചു. റാഹേല്‍ എന്ന 'പ്രതിഫലം' കിട്ടാന്‍ യാക്കോബ് വീണ്ടും അധ്വാനിച്ചു. ഏകാകിയും പരദേശിയുമായ യാക്കോബിന് തന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മാര്‍ഗങ്ങളൊന്നും ഇല്ലായിരുന്നു. എങ്കിലും യാക്കോബ് പതറിയില്ല. അവന്‍ നന്നായി അധ്വാനിച്ചു. ആ അധ്വാനം അവനു പ്രതിഫലമായ 'റാഹേലിനെ' സ്വന്തമാക്കാന്‍ അവനെ സഹായിച്ചു.
പ്രഭാഷകന്‍ 11:20-27: സുഭാഷിതങ്ങളുടെ ശൈലിയിലുള്ള ചെറിയ സൂക്തങ്ങള്‍ നിറഞ്ഞ ജ്ഞാനഗ്രന്ഥമാണ് പ്രഭാഷകന്‍. ധാര്‍മികമൂല്യങ്ങള്‍ക്ക് ഏറെ വിലകല്പിക്കുന്ന ഒരു ഗ്രന്ഥമാണിത്. നിയമജ്ഞനായിരുന്ന പ്രഭാഷകന്‍ നിയമവും പ്രവാചകന്മാരും ഇതരഗ്രന്ഥങ്ങളും നന്നായി പഠിച്ചതിന്റെ വെളിച്ചത്തില്‍ തനിക്കു ലഭിച്ച ജ്ഞാനം മറ്റുള്ളവര്‍ക്കു പകര്‍ന്നുനല്‍കുകയാണ് ഈ പുസ്തകത്തില്‍.
'നിന്റെ കര്‍ത്തവ്യങ്ങള്‍ നിഷ്ഠയോടെ അനുഷ്ഠിക്കുക' എന്ന ഉപദേശമാണ് പ്രഭാഷകന്‍ ഒന്നാമതായി നല്‍കുന്നത് (11:20 a). Stand by your covenant’ എന്ന പ്രയോഗം ശ്രദ്ധേയമാണ്. ഉടമ്പടി (covenant)  എന്നര്‍ഥം വരുന്ന 'ദിയാതെകെ' (diatheke) എന്ന പദം രണ്ടുപേര്‍ തമ്മിലുള്ള ഒരു കരാറിനെയാണ്  (agreement)  സൂചിപ്പിക്കുന്നത്. പരസ്പരം സമ്മതിക്കുന്ന ഉടമ്പടികള്‍ പാലിക്കുക എന്നതു മാന്യതയാണ്. അതു നിഷ്ഠയോടെ അനുഷ്ഠിക്കണം; അസാധുവാക്കാന്‍ പാടില്ല. 'സ്‌തെത്തി' (stethi)  എന്ന ആജ്ഞാസ്വഭാവമുള്ള (imperative) പദത്തിന്റെ അര്‍ഥം "bring into force, confirm, make it valid’  എന്നൊക്കെയാണ്.
വാര്‍ധക്യംവരെ ജോലി ചെയ്യണമെന്നും (11:20 b), കര്‍ത്താവില്‍ ശരണംവച്ചു ജോലി ചെയ്യണമെന്നും പ്രഭാഷകന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ആരോഗ്യം അനുവദിക്കുന്നതുവരെ ഒരാള്‍ അധ്വാനിക്കണമെന്നതാണ് 'വാര്‍ധക്യം' (become old)  എന്നര്‍ഥം വരുന്ന 'പാലെയ്ഓ' (palaioo) എന്ന പദം സൂചിപ്പിക്കുന്നത്. ജോലി ചെയ്യുന്നവര്‍ക്ക് 'ദൈവവിചാരം' ഉണ്ടാകണമെന്നതാണ് trust in the Lord’എന്ന പ്രയോഗം അര്‍ഥമാക്കുന്നത്. ജോലിക്ക് അമിതപ്രാധാന്യം കൊടുക്കുന്നവര്‍ ദൈവത്തെ നഷ്ടപ്പെടുത്തിക്കളയാന്‍ സാധ്യതയുണ്ടെന്ന ചിന്തയില്‍നിന്നാവാം ഈ ദര്‍ശനം രൂപപ്പെട്ടിരിക്കുന്നത്.
2 തെസലോനിക്ക 3:6-15: പൗലോസ്ശ്ലീഹായുടെ ലേഖനങ്ങളിലെല്ലാം പൊതുവായി രണ്ടു ഭാഗങ്ങളുണ്ട്: (1) ദൈവരാജ്യം (2) ധാര്‍മികദര്‍ശനം. ഇന്നത്തെ വായന ‘ethical’   (സന്മാര്‍ഗപരമായ) ആയ കാര്യങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങളാണ്. അധ്വാനത്തിന്റെ മഹത്ത്വത്തെയും പ്രാധാന്യത്തെയുംകുറിച്ച് അതിമനോഹരമായി അവതരിപ്പിക്കുന്ന ഒരു വിശുദ്ധഗ്രന്ഥഭാഗമാണിത്.
തന്റെ തെസലോനിക്കാ യാത്രയില്‍ (എ.ഡി.50-52) താന്‍ എപ്രകാരമാണ് അധ്വാനിച്ചതെന്നു പങ്കുവച്ചുകൊണ്ടാണ് പൗലോസ് അലസതയില്‍നിന്നു മാറിനില്ക്കാന്‍ എല്ലാവരെയും ആഹ്വാനം ചെയ്യുന്നത്. 'അലസത'യില്‍ വ്യാപരിക്കുന്നവരില്‍നിന്ന് ഒഴിഞ്ഞുമാറിനില്‍ക്കണം. ഗ്രീക്കുഭാഷയിലെ 'അത്താക്‌തോസ് (ataktos)  എന്ന പദത്തിന്റെ അര്‍ഥം 'ൗിറശരെശുഹശിലറ, "undisciplined, disorderly, lazily’  എന്നൊക്കെയാണ്. അച്ചടക്കമില്ലാതെ, ക്രമരാഹിത്യത്തില്‍ മടിയനായി നടക്കുന്നവരെയാണ് ഈ വാക്കുകൊണ്ടു വിവക്ഷിക്കുന്നത്.
പാരമ്പര്യത്തിനിണങ്ങാത്ത രീതിയില്‍ ജീവിക്കുന്നവര്‍ ചെയ്യുന്നതും ശരിയായ കാര്യങ്ങളല്ല. 'പരദോസിസ്' (paradosis) എന്ന ഗ്രീക്കുപദം 'പാരമ്പര്യ'ത്തെ (tradition) കുറിക്കുന്നതാണ്. പൗലോസ് പഠിപ്പിച്ച വിശ്വാസസത്യങ്ങളെ (സത്യപ്രബോധനങ്ങളെ) ആണ് ഇത് ഉദ്ദേശിക്കുന്നത്. ഒപ്പം, പൗലോസിന്റെ ജീവിതമാതൃകയെയും ഇതു ചൂണ്ടിക്കാണിക്കുന്നു. പൗലോസ് കൈമാറിയ അധ്വാനത്തിന്റെ 'ജീവിതപാരമ്പര്യം.' 
'അധ്വാനിച്ചു ഭക്ഷിക്കുക' (ഉത്പ. 3:19) എന്നത് ദൈവികകല്പനയായതിനാല്‍ അധ്വാനിക്കാതെ ഭക്ഷിക്കുന്നവന്‍ സഹോദരന്റെ അപ്പം മോഷ്ടിക്കുന്നവനാണെന്നതാണ് യഹൂദചിന്ത. ആര്‍ക്കും ഭാരമാകാതിരിക്കാന്‍വേണ്ടി 'കഠിനമായി' അധ്വാനിച്ച വ്യക്തിയാണ് പൗലോസ്. കോപോസ് (kopos), മോഖ്‌തോസ് (mochtos)  എന്ന രണ്ടു പദങ്ങള്‍ ശ്ലീഹാ ഉപയോഗിക്കുന്നുണ്ട്. അവയുടെ അര്‍ഥം  യഥാക്രമം '"labour’  എന്നും "toil’ എന്നുമാണ്. അലസമായ അധ്വാനമല്ല തന്റേത്; മറിച്ച്, കഷ്ടപ്പെട്ടും ക്ലേശിച്ചും നിര്‍വഹിച്ച ജോലിയായിരുന്നു അത്. പൗലോസിന്റെ അധ്വാനം ഈശോയ്ക്കുവേണ്ടിയുള്ള സഹനത്തിന്റെ ജോലിയായിരുന്നു. പ്രതിസന്ധികളിലും തളരാത്ത ജോലി. 
മത്തായി 25:14-30: നിതാന്തജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പഠിപ്പിക്കുന്ന മൂന്ന് ഉപമകളാണ് 'വിശ്വസ്തനും അവിശ്വസ്തനുമായ സേവകന്‍' (മത്താ. 24:45-51), 'പത്തു  കന്യകകളുടെ ഉപമ' (25:1-13), 'താലന്തുകളുടെ ഉപമ' (25:14-30). കര്‍ത്താവിന്റെ രണ്ടാമത്തെ ആഗമനത്തിന്റെ (parousia)  കാലവിളംബം വിശദീകരിക്കുന്ന മൂന്നാമത്തെ ഉപമയാണ് ഇന്നു നാം ശ്രവിക്കുന്നത്.
പ്രതീകാത്മകത നിറഞ്ഞ ഉപമയാണിത്. ഉപമയിലെ യജമാനന്‍ ഈശോയാണ്. അവിടുത്തെ സേവകര്‍ പല വിധത്തിലുള്ള ഉത്തരവാദിത്വങ്ങള്‍ ലഭിച്ച സഭയിലെ അംഗങ്ങളാണ്. യജമാനനായ ഈശോയുടെ യാത്ര ഈ ഭൂമിയില്‍നിന്ന് അവിടുന്ന് ഉന്നതങ്ങളിലേക്കു കരേറുന്നതിനെ കുറിക്കുന്നു. യജമാനന്‍ തിരിച്ചുവരാന്‍ വൈകുന്ന കാലമെന്നത് സഭയുടെ കാലമാണ്. കിട്ടിയ താലന്തുകള്‍ വര്‍ധിപ്പിച്ചവര്‍ ക്രിസ്തീയവഴിയിലൂടെ ചരിച്ചവരാണ്. കിട്ടിയ താലന്ത് ഒളിച്ചുവയ്ക്കുകയും അലസനായിരിക്കുകയും ചെയ്തവന്‍ ഈശോയെ തിരസ്‌കരിച്ചവരുടെ, അതുവഴി ശിക്ഷ ഏറ്റുവാങ്ങിയവരുടെ പ്രതിനിധിയാണ്.
'താലന്തുകള്‍ സേവകന്മാരെ ഏല്പിച്ചു' (entrusted the property). . ഗ്രീക്കുഭാഷയിലെ 'പാരദിദോമി' (paradidomi)  എന്ന പദത്തിന്റെ അര്‍ഥം 'ഭരമേല്പിക്കുക' (entrust) എന്നാണ്. സേവകന്‍ ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ നിര്‍വഹിക്കുമെന്ന ഉറപ്പോടെ യജമാനന്‍ നല്‍കുന്ന ആധികാരികമായ ചുമതലപ്പെടുത്തലാണിത്. ഏല്പിക്കുന്നയാളെ വിശ്വാസത്തിലെടുത്തുകൊണ്ടു നടത്തുന്ന ഭരമേല്പിക്കലാണിത്. സേവകന്‍ ചുമതലാബോധത്തോടെ പ്രവര്‍ത്തിക്കുമെന്ന ചിന്തയിന്മേലാണ് താലന്തുകള്‍ നല്‍കുന്നത്.
ഈശോയുടെ രണ്ടാമത്തെ ആഗമനത്തിനായി കാത്തിരിക്കുന്ന ക്രിസ്തുശിഷ്യന്മാര്‍ ജാഗരൂകതയോടെ പ്രതീക്ഷിച്ചിരിക്കുന്നതിനോടൊപ്പം ഓരോരുത്തരെയും ഭരമേല്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ വിശ്വസ്തതയോടും ശ്രദ്ധയോടും വിവേകത്തോടുംകൂടി ഫലപ്രദമായി ഉപയോഗിക്കണമെന്ന് ഈ ഉപമ പഠിപ്പിക്കുന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)