കേരളത്തിലെ ജലാശയങ്ങളിലും പുഴയോരങ്ങളിലും കണ്ടല്‍ക്കാടുകളിലുമൊക്കെ കാണാറുള്ള ചന്തമാര്‍ന്നൊരു പക്ഷിയാണ് ചേരക്കോഴി. ഇതൊരിനം നീര്‍പ്പക്ഷിതന്നെ. സ്‌നേക്ക് ബേര്‍ഡ് അഥവാ ഡാര്‍ട്ടര്‍ എന്ന് ഇംഗ്ലീഷില്‍ വിളിക്കും. ശാസ്ത്രനാമം അന്‍ഹിഞ്ജാ അന്‍ഹിഞ്ജാ. ഏതാണ്ട് പരുന്തിനോളം വലുപ്പം വരും. നീണ്ടുമെലിഞ്ഞ കഴുത്ത് വലിയ മുണ്ടിയുടേതുപോലിരിക്കും. ആകര്‍ഷകമായ കറുപ്പുനിറമാണ്. വെള്ളിപോലെ തിളക്കമുള്ള നീണ്ട തൂവലുകള്‍ പുറത്തു തൂങ്ങിക്കിടക്കുന്നതു കാണാം. തലയ്ക്കും കഴുത്തിനും തിളക്കമുള്ള ഏതാണ്ടു തവിട്ടുനിറമായിരിക്കും. മുഖവും തൊണ്ടയും വെളുപ്പിലും. കഴുത്തിന്റെ വശങ്ങളിലൂടെ ഒരു വെള്ളപ്പട്ട കാണാം. നീണ്ട വാലിന്റെ അറ്റം അര്‍ദ്ധവൃത്താകൃതിയിലാവും. കാല്‍ കുറുകിയതും വിരലുകള്‍ താറാവിന്റേതുപോലെ ചര്‍മംകൊണ്ട് ബന്ധിപ്പിച്ചവയുമാണ്. വെള്ളത്തില്‍ മുങ്ങിക്കിടക്കാനും വായുവില്‍ വേഗം പറക്കാനും കഴിയുന്ന സവിശേഷകഴിവുണ്ട്.
വെള്ളത്തില്‍ മുങ്ങി ഇരതേടുകയാണു പതിവ്. വളഞ്ഞ കഴുത്ത് പെട്ടെന്നു നീട്ടി ആഹാരം കൊത്തിയെടുക്കുന്നു. ആഹാരംതേടല്‍ തകൃതിയായി ചെയ്യാനാവും. കൂര്‍ത്തു നീണ്ട കഴുത്ത് ഇതിനു സഹായകമാണ്. ചിറകുകള്‍ ഉണക്കിയെടുക്കാന്‍ കരയിലോ വെള്ളത്തിലോ കുറ്റിയിലോ ഇരിക്കുന്നതു കാണാം. പ്രജനനം മഴക്കാലത്താണ്. മരക്കൂട്ടങ്ങളുടെ മറവില്‍ ചുള്ളിക്കമ്പുകള്‍കൊണ്ടാണ് കൂടൊരുക്കുന്നത്.
പാമ്പിനോടു സാദൃശ്യമുള്ള നീണ്ടു നേര്‍ത്ത കഴുത്ത് യഥേഷ്ടം നീട്ടിപ്പിടിച്ച്, കഠാരിപോലെ തോന്നിക്കുന്ന കൊക്ക് കാഴ്ചയാക്കി, വിശറി മാതിരി, കറുത്ത, തൂവല്‍സമൃദ്ധമായ ചിറകുകകള്‍ വിടര്‍ത്തി ചേരപ്പക്ഷി, മരക്കുറ്റിയിലിരിക്കുന്നതു മനോഹരകാഴ്ചയാണ്. തേക്കടിത്തടാകത്തില്‍ ബോട്ടിങ് നടത്തിയിട്ടുള്ളവര്‍ ഈ കാഴ്ച കാണാതിരിക്കില്ല. ഈ പക്ഷി നീന്തുമ്പോള്‍ കഴുത്തിന്റെ കുറേ ഭാഗവും കൊക്കും മാത്രമേ വെള്ളത്തിനു പുറമേ കാണൂ. വെള്ളത്തില്‍ മുങ്ങിയുള്ള മീന്‍പിടിക്കല്‍ നല്ല കാഴ്ചയാണ്. നീണ്ടു കൂര്‍ത്ത കൊക്കിന്റെ വക്കുകളില്‍ ചെറു പല്ലുകളുള്ളതിനാല്‍ പിടിക്കുന്ന ഇര വഴുതിപ്പോകില്ല. ശരവേഗത്തിലാണു ജലസഞ്ചാരം. ചേരപ്പാമ്പിനെയോ നീര്‍ക്കോലിയെയോ അതേ മാതിരിയുള്ള ഇതരപാമ്പുകളെയോ പിടികൂടി കൊന്നു തിന്നാറുള്ളതുകൊണ്ടാണ് ചേരക്കോഴി എന്ന പേരുണ്ടായതെന്നു പഴമക്കാര്‍ പറയുന്നു. വംശനാശഭീഷണി നേരിടുന്ന പക്ഷിയാണിത്.