•  2 May 2024
  •  ദീപം 57
  •  നാളം 8
കേരളത്തിലെ പക്ഷികള്‍

അരയന്നം

രയന്നം അഥവാ ഹംസം നമ്മുടെ നാട്ടിലെ സാധാരണ പക്ഷിയല്ല. ഇവ മുഖ്യമായും അലങ്കാരപ്പക്ഷിയായി വളര്‍ത്തപ്പെടുന്നു. താറാവിനോടു സാദൃശ്യമുള്ളതും അതിനെക്കാള്‍ വലുപ്പമുള്ളതുമായ ഒരു പക്ഷിയാണിത്. കാഴ്ചയ്ക്ക് ഏറെ അഴകുണ്ടിതിന്. ഒരു ജലപ്പക്ഷിയാണെങ്കിലും കരയിലും കാണാം. ഇംഗ്ലീഷില്‍ സ്വാന്‍ എന്നു വിളിക്കുന്നു. 
ഏഴുതരം അരയന്നങ്ങള്‍ ലോകത്തു കാണപ്പെടുന്നു.  യൂറോപ്പും ഏഷ്യയുമാണ് അരയന്നങ്ങളുടെ സ്ഥിരം വാസസ്ഥലങ്ങള്‍. നമ്മുടെ നാട്ടില്‍ മ്യൂട്ട് എന്നു വിളിക്കുന്ന ഒരുതരം അരയന്നങ്ങളാണു കൂടുതലും കാണപ്പെടുന്നത്. മ്യൂട്ട് അരയന്നങ്ങള്‍ ജീവിതത്തിന്റെ ഏറിയപങ്കും ജലത്തില്‍ കഴിയാനിഷ്ടപ്പെടുന്നു.  പന്ത്രണ്ടു കിലോഗ്രാമോളം ഭാരമുണ്ടാകും. സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഇക്കൂട്ടര്‍ എന്നും മുന്നില്‍ത്തന്നെ. വലിയ ശബ്ദകോലാഹലങ്ങളൊന്നുമില്ല. എന്നാല്‍, ചില സമയത്തു ചിറകിട്ടടിച്ചു നേര്‍ക്കാഴ്ച ഉണ്ടാക്കുന്നു. ഈ അരയന്നങ്ങളില്‍ കാണുന്ന കണ്ണിന്റെ മുന്‍ഭാഗത്തെ കറുത്ത നിറമുള്ള ത്രികോണാകൃതി ഇവയെ തിരിച്ചറിയാനുള്ള ഒരടയാളമാണ്.
വലിയ ജലപ്പക്ഷികളായ അരയന്നങ്ങള്‍ അവിടെനിന്നുതന്നെ ആഹാരസമ്പാദനവും നടത്തുന്നു. തവള, മത്സ്യം, സസ്യഭാഗങ്ങള്‍, ഷഡ്പദങ്ങള്‍ എന്നിങ്ങനെയാണ് ഇഷ്ടവിഭവങ്ങള്‍. സാധാരണമായി താറാവിനെപ്പോലെ വെള്ളത്തില്‍ ഊളിയിട്ടു ഇരപിടിക്കാനൊന്നും മ്യൂട്ട് അരയന്നങ്ങള്‍ ശ്രമിക്കാറില്ല. നീളന്‍ കഴുത്തു ജലത്തിലേക്കാഴ്ത്തി തൊട്ടുമുന്നില്‍ കണ്ടതിനെ കൊക്കിലൊതുക്കുകയാണു ചെയ്യുക.
ഈ അരയന്നങ്ങള്‍ ഏകപത്‌നീവ്രതക്കാരാണ്. ജലാശയങ്ങള്‍ക്കോ തടാകങ്ങള്‍ക്കോ സമീപം കൂടൊരുക്കുന്നു.  ഏപ്രില്‍ മാസമോ സമീപമാസങ്ങളോ ആവും പ്രജനനകാലം. ആറു മുതല്‍ പന്ത്രണ്ടുവരെ മുട്ടകളാണ് ഒരു സീസണില്‍ ഇടുക. വിരിഞ്ഞിറങ്ങുമ്പോള്‍ കുഞ്ഞുങ്ങള്‍ക്കു തൂവലുണ്ടാകില്ല.
കറുത്ത നിറത്തിലുള്ള അരയന്നങ്ങളുമുണ്ട്. കറുത്ത അരയന്നത്തിന്റെ ചിറകില്‍ വെളുത്ത തൂവലുകളും അവിടവിടെ കാണാനാവും. ഒരു കഴുകനോളം വലുപ്പമുള്ള ഇവ കുറെക്കൂടി തടിച്ചുരുണ്ടാണു കാണപ്പെടുക. കഴുത്തിനു നല്ല നീളമുണ്ടാകും. കാലുകള്‍ താറാവിന്റേതുപോലെതന്നെ. കൊക്കിന്റെ നിറം ചുവപ്പായിരിക്കും. അനാറ്റിഡേ ഫാമിലിയില്‍പ്പെടുന്ന പക്ഷിയായ അരയന്നത്തിന് 125 മുതല്‍ 155 വരെ സെന്റീമീറ്റര്‍ നീളമുണ്ടാവും.
Login log record inserted successfully!