അസാധാരണഭംഗിയുള്ള കാട്ടുപക്ഷിയാണ് തീക്കാക്ക. കാക്കയുമായി സാദൃശ്യമൊന്നുമില്ല. നമ്മുടെ മഴക്കാടുകളിലും ഇലപൊഴിയും ഈര്‍പ്പവനങ്ങളിലുമാണ് ഈ പക്ഷി കാണപ്പെടുക. കേരളത്തില്‍ സൈലന്റ് വാലി, തട്ടേക്കാട്, ആറളം, പെരിയാര്‍, പേപ്പാറ എന്നിവിടങ്ങളില്‍ തീക്കാക്കയെ യഥേഷ്ടം കാണാനാവും. തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ ഈ പക്ഷി സുലഭമായി കാണപ്പെടുന്നു. തീക്കാക്കയ്ക്ക് ഇംഗ്ലീഷില്‍ Malabar Tragon എന്നാണു പറയുക.
മൈനയോളം വലുപ്പമുള്ള തീക്കാക്കപ്പക്ഷികളില്‍ ആണിനാണു കൂടുതല്‍ ഭംഗി. ആണിന്റെ കഴുത്തിന്റെ അടിഭാഗം ചന്തമാര്‍ന്ന ചുവപ്പുനിറമായിരിക്കും. തീനിറം എന്നു പറയുകയാവും ശരി. അതുകൊണ്ടാവാം തീക്കാക്ക എന്ന പേരു വന്നത്. ഇതിന്റെ കൊക്ക് പരന്നതും കുറുകിയതുമാണ്. കാലുകളും കുറുകി ക്കാണപ്പെടുന്നു. ആണ്‍പക്ഷിയുടെ തല, കഴുത്ത് എന്നിവ കറുപ്പാണ്. എന്നാല്‍, പെണ്‍പക്ഷിക്ക് ഇത്രയും നിറമില്ല. തലയും കഴുത്തും നരച്ച തവിട്ടുനിറം. അടിഭാഗത്തിനു മഞ്ഞ കലര്‍ന്ന തവിട്ടുനിറവുമാണ്. പ്രാണികളും ഷഡ്പദങ്ങളും മറ്റുമാണ് ഇവയുടെ ഇരകള്‍.
തീക്കാക്കകള്‍ കാടുവിട്ടു വരാറേയില്ല. മനുഷ്യനെ കാണാത്തവിധം പുറംതിരിഞ്ഞായിരിക്കും ഇവ ഇരിക്കുക. പുറംതിരിഞ്ഞിരിക്കുമ്പോള്‍ ചുവപ്പുനിറം കാണാനാവാത്തതിനാല്‍ ഇവയെ അത്ര പെട്ടെന്നു തിരിച്ചറിയാനാവില്ല.
ഫെബ്രുവരി-ജൂണ്‍ മാസങ്ങളാണ് പ്രജനനകാലം. ഇക്കാലത്ത് കാട്ടിലെ മരപ്പൊത്തുകളിലോ മലമുകളിലെ മാളങ്ങളിലോ ഇവ മുട്ടയിടുന്നു. അടയിരിക്കുന്നതും മുട്ട വിരിയിരിക്കുന്നതുമെല്ലാം അമ്മപ്പക്ഷിയുടെ ജോലിതന്നെ. സഹായിയായി അപ്പന്‍പക്ഷിയും കൂടെയുണ്ടാവുമെന്നുമാത്രം.