മുങ്ങാങ്കോഴിയെ ഉഷ്ണമേഖലയിലും മിതോഷ്ണമേഖലയിലുമുള്ള ജലാശയങ്ങളിലാണു സാധാരണമായി കാണാറുള്ളത്. മുങ്ങാങ്കോഴിക്കു വാലില്ല. കൊക്കിന്റെ അറ്റംമുതല്‍ ശരീരത്തിന്റെ പിന്നറ്റംവരെ ഏതാണ്ട് 23 സെന്റീമീറ്റര്‍ നീളം വരും. താറാവിനോടു സാമ്യമുള്ള ചെറുനീര്‍പക്ഷിയാണിത്. ദേഹത്തിനാകെ തവിട്ടുനിറമാണ്. പക്ഷേ, കൊക്ക് താറാവിന്റേതുപോലല്ല, ഇരുണ്ടതും കൂര്‍ത്തതുമാണ്.
മുങ്ങാങ്കോഴിയുടെ പ്രധാന സവിശേഷത പേരു സൂചിപ്പിക്കുംപോലെ, വെള്ളത്തില്‍ മുങ്ങാനുള്ള അസാമാന്യസാമര്‍ഥ്യംതന്നെ. വെള്ളത്തിനു മീതെ നീന്താനും കഴിയും. വെള്ളത്തിനടിയില്‍ക്കൂടി നീന്തി വളരെയകലെയാണു പൊന്തുക. നുരയോ ഓളമോ യാതൊന്നും ഇതിന്റെ സഞ്ചാരഗതിയെ സൂചിപ്പിക്കുന്നില്ല. പൊങ്ങിവരുന്ന നിമിഷംതന്നെ വീണ്ടും മുങ്ങുന്നതു കാണാം. പെട്ടെന്നു മുങ്ങാനും നീന്താനും പൊന്താനും ഇതിനെ സഹായിക്കുന്നതു കാലുകളാണ്. വിരലുകള്‍ ചര്‍മബന്ധിതമല്ല. വേഗത്തില്‍ പറക്കാനാവുമെങ്കിലും വെള്ളത്തില്‍നിന്നു പെട്ടെന്നു പൊന്താന്‍ സാധ്യമല്ല. താമരയോ ആമ്പലോ ഇതര ജലസസ്യങ്ങളോ ഉള്ള ജലാശയങ്ങളിലാണിവയെ കാണുന്നത്.
കൂടു കൂട്ടുന്നതും ഇണചേരുന്നതും മറ്റും മഴക്കാലത്താണ്. ഇണകള്‍ ചേര്‍ന്നാണ് കൂടൊരുക്കുന്നത്. ചീഞ്ഞ ഇലയും തണ്ടും പുല്ലും ചണ്ടിയുമൊക്കെ സാമഗ്രികളായി ഉപയോഗിക്കുന്നു. ആമ്പല്‍ക്കൂട്ടത്തിലോ മണ്‍തട്ടിലോ കൂടൊരുക്കും. ഒരു തവണ നാലോ അഞ്ചോ മുട്ടയിടുന്നു. സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ കുഞ്ഞുങ്ങളെ മുതുകത്തേന്തി നീന്തുന്നു.
പോഡിസെപ്‌സ് ജനുസില്‍പ്പെടുന്ന ഏതാണ്ട് 18 സ്പീഷിസ് ഉണ്ട്. ശാസ്ത്രനാമം: പോഡിസെപ്‌സ് റൂഫികൊളിസ് (Podiceps ruficollis).