•  21 Nov 2024
  •  ദീപം 57
  •  നാളം 37
കേരളത്തിലെ പക്ഷികള്‍

മയില്‍

ലോകത്തിലെ ഏറ്റവും മനോഹരമായ പക്ഷി ഏതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. മയില്‍തന്നെ. ഇന്ത്യയുടെ ദേശീയപക്ഷി കൂടിയാണിത്. കേരളത്തിന്റെ വനമേഖലകളില്‍ അപൂര്‍വമായിട്ടാണെങ്കിലും മയിലിനെ കാണാനാവും. നമ്മുടെ വയനാട്, ചിന്നാര്‍, പറമ്പിക്കുളം തുടങ്ങി പല വന്യജീവിസങ്കേതങ്ങളിലും മയിലുകളുണ്ട്. ഇപ്പോള്‍ മയിലുകള്‍ക്കുമാത്രമായി പാലക്കാട് ഒരു സാങ്ച്വറിയും കാണാനാവും: ചൂലന്നൂര്‍ മയില്‍സാങ്ച്വറി. ആണ്‍മയിലിനാണ് ഏറ്റവും സൗന്ദര്യമുള്ളത്. ഇവയുടെ ശരീരം മിന്നിത്തിളങ്ങുന്ന തൂവലുകളാല്‍ പൊതിയപ്പെട്ടിരിക്കുന്നു. ഈ തൂവലുകളെ നാം പീലി എന്നാണു വിളിക്കുക. തിളങ്ങുന്ന നീലനിറത്തിലാണ് കഴുത്ത്. പൂ ചൂടിയ ശിരസ്സും പീലി നിറഞ്ഞ വാലും  ആണ്‍മയിലിന്റെ പ്രത്യേകതയാണ്. നീല, പച്ച, നീലകലര്‍ന്ന പച്ച, ചാരം, സ്വര്‍ണം തുടങ്ങിയ വര്‍ണങ്ങള്‍ മയിലിന്റെ ഭംഗി കൂട്ടുന്നു. പകല്‍സഞ്ചാരിയായ മയില്‍ രാത്രി വിശ്രമിക്കുന്നത് മരത്തിലാണ്. മിശ്രഭുക്കാണിവ. ഓന്ത്, പല്ലി, അരണ, എലി, ചെറുപാമ്പുകള്‍, തവള എന്നിവയ്ക്കുപുറമേ ധാന്യങ്ങളും ചിലയിനം പുല്ലും മയില്‍ ആഹരിക്കുന്നതായി കാണാം.
വര്‍ണപ്പീലികള്‍ മയിലിനെ അപൂര്‍വസുന്ദരമാക്കുന്നു. മയില്‍പ്പീലിയുടെ സവിശേഷമായ മനോഹാരിതയ്ക്കു കാരണം അതിന്റെ ഇഴകളുടെ പ്രത്യേകതകളാണ്. ആണ്‍മയില്‍ വാല്‍ വിശറിപോലെ വിടര്‍ത്തിപ്പിടിക്കാറുണ്ട്. ഇതു കുലുക്കിവിറപ്പിച്ചാണ് നൃത്തം ചെയ്യുന്നത്. പിടയെ ആകര്‍ഷിക്കാനാണ് ആണ്‍മയില്‍ പീലി നീര്‍ത്തിയാടുന്നത്.
നിലത്തോ പൊത്തുകളിലോ ചപ്പുചവറുകളും മറ്റു സാമഗ്രികളും ചേര്‍ത്തുവച്ചാണ് മയിലുകള്‍ കൂടൊരുക്കുക. പെണ്‍മയില്‍ ഒരു തവണ നാലോ അഞ്ചോ മുട്ടകളിടും. മുട്ടകള്‍ക്ക് വെള്ളനിറമായിരിക്കും. മുട്ടവിരിയാന്‍ ഏതാണ്ട് 30 ദിവസം വേണ്ടിവരും. അടയിരിക്കല്‍കാലത്തു മയിലുകള്‍ മിക്കവാറും നിലത്താണു കഴിയുക. മയിലിന്റെ പാദങ്ങളില്‍ അരംപോലെയുള്ള നഖങ്ങളുണ്ട്. അതുപയോഗിച്ചാണ് പാമ്പിനെയും  മറ്റും പിടികൂടുക.
മികച്ച ഓട്ടക്കാരാണിവര്‍. ശത്രുക്കളില്‍നിന്ന് ഓടിരക്ഷപ്പെടാനാണ് സാധാരണമായി ശ്രമിക്കുക. അത്യാവശ്യമെങ്കില്‍ പറക്കുകയും ചെയ്യും. മയില്‍പ്പീലിക്കും മയിലെണ്ണയ്ക്കുംവേണ്ടി മനുഷ്യന്‍ ഇവയെ കൊന്നൊടുക്കാറുണ്ട്. അതുകൊണ്ട് വംശനാശഭീഷണിയും നേരിടുന്നുണ്ടെന്നു പറയാം. മയിലിനെ പിടികൂടുന്നതും കൊല്ലുന്നതുമെല്ലാം സര്‍ക്കാര്‍ നിയന്ത്രിച്ചിട്ടുണ്ട്.
ഏതാണ്ടു കഴുകനോളം വലുപ്പമുള്ളതാണ് മയില്‍പ്പക്ഷി. ആണ്‍മയില്‍പ്പീലിക്ക് ഒന്നരമീറ്ററോളം നീളം വരും. പെണ്‍മയിലിന് അത്ര വലുപ്പമില്ല. തവിട്ടുനിറമാര്‍ന്ന പെണ്‍മയിലിന് അലങ്കാരപ്പീലികളില്ല.
പക്ഷികുടുംബം: ഫാസിയാനിഡേ
ശാസ്ത്രനാമം: പാവോ ക്രസ്റ്റാറ്റസ്‌

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)