•  21 Nov 2024
  •  ദീപം 57
  •  നാളം 37
കേരളത്തിലെ പക്ഷികള്‍

നാകമോഹന്‍പക്ഷി

നാകമോഹന്‍പക്ഷിക്കു റോക്കറ്റ് കിളി എന്നുകൂടി പേരുണ്ട്.  പറക്കലിന്റെ വേഗം അത്രയ്ക്കാണ്. ഇംഗ്ലീഷില്‍ Indian Paradise Flycatcher എന്നു പറയും. വലുപ്പമില്ലാത്ത ഉടലും നീളന്‍വാലും നാകമോഹനെ പെട്ടെന്നു തിരിച്ചറിയാന്‍ സഹായിക്കുന്നു. വടക്കേയിന്ത്യയില്‍ വ്യാപകമായി കാണപ്പെടുകയും കൂടു കൂട്ടുകയും ചെയ്യുന്ന ഈ പക്ഷികള്‍ മഞ്ഞുകാലത്തു തെക്കോട്ടുപോരുന്നു. പെണ്‍പക്ഷിയുടെയും കുഞ്ഞുങ്ങളുടെയും തലയുടെ ഭാഗമൊഴികെ മേല്‍ഭാഗമത്രയും ചെമ്പിച്ച തവിട്ടുനിറമാണ്. ആണ്‍പക്ഷിയുടെ തലയും മുഖവും കഴുത്തുമൊക്കെ നല്ല കറുപ്പായിരിക്കും. ബാക്കിഭാഗം തൂവെള്ളനിറമാണ്. തലയില്‍ കിരീടംപോലെ കറുത്ത ചെറുപീലികള്‍ ചേര്‍ന്ന ശിഖയുണ്ട്.
തികച്ചും മനോഹരമാണ് ഈ പക്ഷി. കാഴ്ചയില്‍ ഒരു ദേശാടനപ്പക്ഷി തന്നെ. കുരുത്തോലപ്പക്ഷി, നാടക്കിളി എന്നൊക്കെയും കേരളത്തില്‍ വിളിക്കും. ''വാല്‍ക്കുരുവി'' എന്നാണ് പ്രസിദ്ധ പക്ഷിനിരീക്ഷകന്‍ സലിം അലി ഇട്ട പേര്. കേരളത്തിലെ കാടുകളിലും മരങ്ങള്‍ ഏറെയുള്ള മലമ്പ്രദേശങ്ങളിലും ഇവയെ കാണാം. മരച്ചില്ലകള്‍ക്കിടയില്‍ മറഞ്ഞിരിക്കാനാണ് ഇഷ്ടം. നാകമെന്നാല്‍ സ്വര്‍ഗമെന്നാണല്ലോ. സ്വര്‍ഗത്തില്‍ പോകാന്‍ മോഹിച്ച പക്ഷിയെന്ന വിവക്ഷയിലാണീ പേര്. 
പുഴുക്കള്‍, പ്രാണികള്‍, ഷഡ്പദങ്ങള്‍ എന്നിവ പ്രധാനാഹാരം. പെണ്‍പക്ഷിയുടെ ശിഖയും വാലും പൊതുവെ ചെറുതായിരിക്കും. നാകമോഹന്റെ ഇരതേടല്‍ പകലാണ്. സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ഈ ദേശാടനക്കിളിയുടെ കേരളത്തിലെ വാസം. മരത്തില്‍നിന്നു താഴേക്കു പറന്നിറങ്ങുക നാകമോഹന്‍പക്ഷിക്കു തീരെ താത്പര്യമില്ലാത്ത കാര്യമാണ്. നാകമോഹന്റെ ശാസ്ത്രനാമം Terpsiphone paradisi  എന്നാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)