•  2 May 2024
  •  ദീപം 57
  •  നാളം 8
കേരളത്തിലെ പക്ഷികള്‍

കോഴി

ലോകമെങ്ങും കാണപ്പെടുന്ന പക്ഷികളാണ് കോഴികള്‍. മനുഷ്യനുമായി ഏറ്റവും അടുപ്പമുള്ള പക്ഷി എന്ന സ്ഥാനവും കോഴിക്കുതന്നെ. പക്ഷികളില്‍ മനുഷ്യര്‍ ഏറ്റവുമധികം ഇണക്കിവളര്‍ത്തുന്നതും കോഴിയെത്തന്നെ. ഏഷ്യയുടെ തെക്കുകിഴക്കന്‍ വനമേഖലയിലുണ്ടായിരുന്ന ചുവന്ന കാട്ടുകോഴികളാണ് ഇന്നത്തെ നാടന്‍കോഴികളുടെ മുതുമുത്തച്ഛന്മാര്‍. കോഴികളുടെ ഉദ്ഭവത്തെക്കുറിച്ച് ഏകാഭിപ്രായമില്ല. ചുവന്ന ഉച്ചിപ്പൂവും ചുണ്ടിനുതാഴെ കാണുന്ന മാംസളമായ ആടകളും പൂവന്‍കോഴികളുടെ പ്രത്യേകതകളാണ്. ചുവപ്പ്, തവിട്ട്, ഓറഞ്ച്, ചാരനിറം, കറുപ്പ്, പച്ച, നീല, ഒലീവ്, വെള്ള, സ്വര്‍ണനിറം എന്നിങ്ങനെ വ്യത്യസ്ത വര്‍ണത്തൂവലുകള്‍ കോഴികളില്‍ കാണുന്നു. പൂവന്‍തന്നെയാണ് കോഴികളുടെ കൂട്ടത്തിലെ നേതാവും സുന്ദരനും മല്ലനും.
കോഴികളുടെ എല്ലുകള്‍ക്കു ഭാരം തീരെ കുറവാണ്. ചിറകുകള്‍ ഭേഷായി ഉണ്ടെങ്കിലും അധികദൂരം ഇവയ്ക്കു പറക്കാന്‍ കഴിയില്ല. ഓടാനും ചാടാനും ചികയാനും പറ്റുംവിധത്തിലാണ് കാലുകളുടെ ക്രമീകരണം. നീണ്ടുവളഞ്ഞ നഖങ്ങള്‍ മണ്ണു ചികഞ്ഞ് തീറ്റ തേടാന്‍ സഹായിക്കുന്നു. ബലമുള്ള കൊക്കുകള്‍ ധാന്യങ്ങളും മറ്റും കൊത്തിവിഴുങ്ങാന്‍ ഉത്തമം. കോഴിപ്പിടകള്‍ക്കു പൂവനെക്കാള്‍ വലുപ്പം കുറവായിരിക്കും. ഒരേ സ്ഥലത്തുതന്നെയായിരിക്കും പിടക്കോഴികള്‍ എല്ലാ ദിവസവും മുട്ടയിടുക. 21 ദിവസം ഭക്ഷണവും വെള്ളവും കഴിക്കാതെയാണു തള്ളക്കോഴി മുട്ടകള്‍ക്കു മേലേ അടയിരിക്കുന്നത്. കോഴിക്കുഞ്ഞുങ്ങള്‍ മുട്ടയുടെ തോടു പൊട്ടിച്ചാണു പുറത്തുവരിക. അഞ്ചാഴ്ച കഴിയുമ്പോള്‍ കോഴിക്കുഞ്ഞുങ്ങള്‍ക്കു തൂവലുണ്ടാകും. മൂന്നു മാസമാകുമ്പോഴേക്കും തള്ളക്കോഴി കുഞ്ഞുങ്ങളെ സ്വതന്ത്രരാക്കുന്നു.
മാംസത്തിനും മുട്ടയ്ക്കുംവേണ്ടി വ്യാപകമായ തോതില്‍ ലോകമെമ്പാടും മനുഷ്യര്‍ കോഴിയെ വളര്‍ത്തുന്നു. മാംസത്തിനുമാത്രമായി വളര്‍ത്തുന്ന കോഴികളെ 'ബ്രോയിലര്‍' എന്നാണു വിളിക്കുക. വൈറ്റ് ലഗോണ്‍, ബ്ലാക് മൈനോര്‍ക്ക, പ്ലിമത്ത് റോക്ക്, റോഡ് ഐലന്‍ഡ് റെഡ് തുടങ്ങിയവയാണ് വളര്‍ത്തുകോഴികളിലെ മുഖ്യയിനങ്ങള്‍. വൈറ്റ് ലഗോണ്‍ തുടങ്ങിയവയില്‍ പിടയുടെയും പൂവന്റെയും നിറം ഒന്നുതന്നെയായിരിക്കും. ഇന്നു വളര്‍ത്തുന്ന കോഴികളില്‍ത്തന്നെ വിവിധ സ്പീഷിസ് തമ്മില്‍ ഇണചേര്‍ത്തുണ്ടാകുന്ന സങ്കരജാതികള്‍ ഏറെയുണ്ട്. തന്മൂലം അധികം മുട്ടയിടുന്നവയും കൂടുതല്‍ മാംസം തരുന്നതുമായ വളരെയേറെ സങ്കരജാതികളായ കോഴികള്‍ ഉണ്ടായിട്ടുണ്ട്. ഉഷ്ണരക്തജന്തുവായ കോഴി ഫാസിയാനിടെ കുലത്തില്‍പ്പെടുന്നു. ശാസ്ത്രനാമം: ഗാലസ് ഗാലസ് എന്നാണ്.

 

Login log record inserted successfully!