കാട്ടുകോഴി എന്ന പക്ഷിവര്‍ഗം നമ്മുടെ വനമേഖലകളിലെല്ലാം കാണുന്ന കോഴികള്‍തന്നെ. നാട്ടുകോഴിയും മയിലുമൊക്കെ ഉള്‍പ്പെടുന്ന കോഴിക്കുടുംബത്തിലെ അഴകാര്‍ന്ന നാണംകുണുങ്ങികളാണിവ. ചിറകിന്റെ മുകള്‍ഭാഗത്ത് സ്വര്‍ണപ്പുള്ളികളും കഴുത്തില്‍ വെള്ളയോ മഞ്ഞയോ പുള്ളികളുമുണ്ട് പൂവന്‍കാട്ടുകോഴിക്ക്. അടിവയറ്റില്‍ വെള്ളപ്പുള്ളികളൊഴിച്ചാല്‍ കാട്ടുകോഴികളിലെ പിടകള്‍ നാടന്‍കോഴികളെപ്പോലെ തന്നെയാണ്. അപൂര്‍വമായിട്ടാണെങ്കിലും കാട്ടുകോഴികള്‍ മനുഷ്യരുമായി ഇണങ്ങുന്ന കാഴ്ചയുണ്ട്. കാട്ടുകോഴികളുടെ മറ്റൊരു വകഭേദമാണ് ചെങ്കോഴികള്‍. കഴുത്തില്‍ നീണ്ട സ്വര്‍ണത്തൂവലുകളും നിറഞ്ഞ അങ്കവാലുകളുമുള്ളവയാണീ പക്ഷികള്‍. നാട്ടുപൂവനുമായും പിടയുമായും ഇവയ്ക്കു രൂപസാദൃശ്യം കാണാം. മണിക്കൂറില്‍ 35 കി.മീ. വരെ വേഗത്തില്‍ പായാന്‍ കാട്ടുകോഴികള്‍ക്കാകും. ഒട്ടകപ്പക്ഷിയും ടര്‍ക്കിക്കോഴിയും കഴിഞ്ഞാല്‍ മാരത്തണില്‍ ഇവയാണ് കേമന്മാര്‍.
മനുഷ്യന് ഏറ്റവും പ്രിയങ്കരമായ പക്ഷിയുടെ വന്യജാതി എന്നതുതന്നെയാണ് കാട്ടുകോഴിയുടെ പ്രാധാന്യം. വളര്‍ത്തുകോഴികള്‍ക്കുണ്ടാകുന്ന രോഗങ്ങളുമായും അവയുടെ അത്യുത്പാദനശേഷിയുമായും ബന്ധപ്പെടുത്തി ഇതേ ജനിതകപ്പക്ഷികളെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. എന്തിനുവേണ്ടി? നമ്മുടെ ആരോഗ്യഭക്ഷണപോഷണപരിപാലനത്തിലെ അവിഭാജ്യഘടകം! മാത്രമല്ല, 56200 കോടി കോഴിമുട്ടയാണ് പ്രതിവര്‍ഷം ലോകജനത ഭക്ഷിക്കുക. ഇതൊക്കെ പരിഗണിക്കുമ്പോള്‍ വളരെ പ്രധാനമായ സ്ഥാനം കോഴികളെപ്പോലെതന്നെ കാട്ടുകോഴിക്കുമുണ്ടെന്നു കാണാം.
നാടന്‍കോഴികള്‍ ആഹരിക്കുന്ന സാധനങ്ങള്‍തന്നെയാണ് മിക്കവാറും കാട്ടുകോഴികളും അകത്താക്കുന്നതെന്നു കരുതാം. വിത്തും കായയും ചെറുജീവികളുമാണ് കാട്ടുകോഴിയുടെ തീറ്റകള്‍. കൂടൊരുക്കി മുട്ടയിടുകയും അല്പം ഉയരത്തില്‍ ചേക്കേറുകയും ചെയ്യുന്നു. നാട്ടുപൂവന്‍കോഴിയെപ്പോലെ കാട്ടുപൂവന്‍കോഴിയും കുത്തിവളഞ്ഞുനിന്നു കൂവുന്ന കാഴ്ച കാണാനാവും. വല്ലപ്പോഴുമാണെന്നു മാത്രം.