അനാറ്റിഡെ കുലത്തില്‍പ്പെടുന്ന പക്ഷിയാണു വാത്ത. ഇംഗ്ലീഷില്‍ ഗൂസ് എന്നു പറയും. ശാസ്ത്രനാമം ആന്‍സെര്‍ ഇന്‍ഡിക്കസ്. ചില സ്ഥലങ്ങളില്‍ താറാവിനെയും വാത്ത് എന്നോ വാത്ത എന്നോ വിളിച്ചുകാണാറുണ്ട്. താറാവ്, അരയന്നം എന്നിവയും അനാറ്റിഡെ കുലത്തില്‍പ്പെടുന്നതാണ്. കേരളത്തില്‍ ചിലയിടങ്ങളില്‍ വാത്തയെ വളര്‍ത്തുന്നതായും കാണാം.
വാത്ത രണ്ടിനം കാണപ്പെടുന്നു; ചാരനിറമുള്ളതും കറുത്തതും. ഇവ യഥാക്രമം ആന്‍സെര്‍, ബ്രാന്റ എന്നീ ജനുസ്സുകളില്‍ പ്പെടുന്നു. താറാവിന്റെയും അരയന്നത്തിന്റെയും മധ്യേയാണ് വാത്തയുടെ വലുപ്പം. പ്രകൃത്യാ ജലജീവിയാണെങ്കിലും കരയിലും നന്നായി ജീവിക്കുന്നു. ആണ്‍വാത്തയുടെയും പെണ്‍വാത്തയുടെയും നിറം ഒരുപോലെയാണെന്നു കാണാം. ആണ്‍വാത്തയ്ക്കു പെണ്‍വാത്തയെക്കാള്‍ വലുപ്പം കൂടുതലായിരിക്കും. കഴുത്തു ചെറുതാണ്. ചുണ്ടാകട്ടെ ചോട്ടില്‍നിന്ന് അറ്റത്തേക്കു വീതി കുറഞ്ഞുവരുന്നു. താറാവിന്റെയും അരയന്നത്തിന്റെയും കാല് വാലിനടുത്ത് അല്പം പിന്നിലാണെങ്കില്‍ വാത്തയുടെ കാല് മുന്നില്‍ ഒത്ത സ്ഥാനത്തായതിനാല്‍ അനായാസം നടക്കാന്‍ സാധിക്കുന്നു.
അപകടം നേരിടുമ്പോള്‍ ഇവ ഉച്ചത്തില്‍ കരയുന്നു. കഴുത്തിലെ തൂവലുകള്‍ വിറപ്പിച്ചാണ് ദേഷ്യം പ്രകടിപ്പിക്കുക. ചെടികളുടെ നാമ്പും മറ്റുമാണ് ആഹാരം. വയലുകളില്‍ മേഞ്ഞുനടന്നോ ആഴം കുറഞ്ഞ വെള്ളത്തില്‍ തലകൊണ്ടു ചികഞ്ഞോ ഒക്കെയാണ് ആഹാരം തേടുന്നത്. ചില സ്ഥലങ്ങളില്‍ ഇവ വലിയ സംഘമായി കാണാറുണ്ട്. രാത്രിയില്‍ ഭക്ഷണം തേടി നടക്കാറുള്ള ഇവ 'ഢ' ആകൃതിയിലോ കോണാകൃതിയിലോ പറന്നുനീങ്ങുന്നതു ചേതോഹരമായ കാഴ്ച തന്നെയാണ്.
പ്രജനനകാലം വരുമ്പോഴേക്ക് വാത്തകള്‍ കേരളം വിടുകയാണു പതിവ്. വലിയ ഒരിനം വാത്തകളുടെ പ്രജനനസ്ഥാനം ലഡാക്കാണത്രേ. വാത്തകള്‍ കൂടുകൂട്ടുന്നതു വിചിത്രതരത്തിലാണ്. തറയില്‍ തൂവലുകളും തുണിത്തുണ്ടുകളും വിരിച്ചു കൂടൊരുക്കുന്നു. ഒരു തവണ മൂന്നോ നാലോ മുട്ടയിടും. മൂന്നോ നാലോ ആഴ്ചക്കാലം പെണ്‍വാത്ത അടയിരിക്കുന്നു. പതിനഞ്ചുവര്‍ഷത്തോളമാണ് ആയുസ്സ്.