•  2 May 2024
  •  ദീപം 57
  •  നാളം 8
സാഹിത്യവിചാരം

ശൈലി ഭാഷയുടെ പൊതുസവിശേഷതയാണോ?

ഭാഷയിലെ ശൈലിയുടെ പഠനവുമായി ബന്ധപ്പെട്ട ശാഖയാണ് ശൈലീവിജ്ഞാനീയം (Stylistics).. ഭാഷയില്‍ ശൈലി എന്താണ്?  എങ്ങനെയാണ് ശൈലി രൂപപ്പെടുന്നത്?  അത് എങ്ങനെ തിരിച്ചറിയാനും വിവരിക്കാനും കഴിയും?  ശൈലി ഭാഷയുടെ പൊതുസവിശേഷതയാണോ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക് ശൈലീ വിജ്ഞാനീയം ഉത്തരം നല്കുന്നു.  ശൈലി എന്ന ആശയംതന്നെ സങ്കീര്‍ണമായ ഒന്നാണ്.  അതിന്റെ സ്വഭാവത്തെക്കുറിച്ച് നിരവധി വ്യത്യസ്ത വീക്ഷണങ്ങളുമുണ്ട്. ശൈലി എന്നാല്‍ രീതി എന്നാണ് അര്‍ഥം.  ഒരു ക്രിക്കറ്റ്കളിക്കാരന്റെ ശൈലി അയാള്‍ ബാറ്റ് ചെയ്യുന്നതോ ബൗള്‍ ചെയ്യുന്നതോ ആയ രീതിയാണ്. ഒരു പ്രഭാഷകന്റെ ശൈലി വാചാലമായതോ വിരസമായതോ ആണെന്നു പറയുമ്പോള്‍, അയാള്‍ വാചാലമായ അല്ലെങ്കില്‍ വിരസമായ രീതിയില്‍ സംസാരിക്കുന്നു എന്നാണ്  അര്‍ഥമാക്കുന്നത്. 

കാറ്റി വെയില്‍സ് ശൈലിയെ ''വ്യതിരിക്തമായ ആവിഷ്‌കാരരീതി'' എന്നു നിര്‍വചിക്കുന്നു. വ്യക്തിയുടെ ആശയപ്രകാശനരീതി എന്നാണ് സാമാന്യാര്‍ഥം. സ്‌റ്റൈല്‍ എന്ന  പദത്തിന്റെ നിരുക്തി എഴുത്താണി എന്ന അര്‍ഥമുള്ള സ്‌റ്റൈലസ് എന്ന ലാറ്റിന്‍ പദത്തില്‍നിന്നാണ്.  സാഹിത്യശൈലി എഴുത്തിന്റെ രീതിയാണ്;  ഒരു രചയിതാവിന്റെ ശൈലി എന്നത് അയാളുടെ  രചനാരീതിയാണ്. അയാളുടെ സ്വന്തം ചിന്തകള്‍ വാക്കുകളില്‍ പ്രകടിപ്പിക്കുന്നതിനുള്ള പ്രത്യേക രീതിയാണ്. എല്ലാ എഴുത്തുകാര്‍ക്കും അവരവരുടേതായ ഒരു ശൈലിയുണ്ട്. ശൈലി വ്യക്തിപരമായ കാര്യമാണ്. രണ്ടു വ്യക്തികള്‍ കൃത്യമായി ഒരുപോലെയല്ല;  അതിനാല്‍ ഒരു മനുഷ്യന്‍ സംസാരിക്കുകയോ എഴുതുകയോ ചെയ്യുമ്പോള്‍, അയാള്‍  സ്വയം പ്രകാശിപ്പിക്കുന്നത് മറ്റൊരാളെപ്പോലെയാവില്ല. 
ഫ്രഞ്ച് എഴുത്തുകാരനായ ബഫണ്‍ ഉദ്ദേശിച്ചത് ഇതാണ്, 'ട്യേഹല ശ െവേല ാമി.' ശൈലി എന്നുവച്ചാല്‍  മനുഷ്യന്‍തന്നെ. ശൈലിയില്‍നിന്ന് ഒരാളെ തിരിച്ചറിയാന്‍ കഴിയും. ഓരോ എഴുത്തുകാരന്റെയും ശൈലിപ്രത്യേകതകളെക്കുറിച്ചും നമ്മള്‍ അങ്ങനെ പറയുന്നു. ആളുകള്‍ക്കോ സ്ഥലങ്ങള്‍ക്കോ 'സ്‌റ്റൈല്‍' ഉണ്ടെന്നു പറയുമ്പോള്‍, അവര്‍ക്ക് പരിഷ്‌കൃതചാരുതയോ ഭംഗിയോ മോടിയോ മികച്ച രീതിയോ ഉണ്ടെന്നാണ് നമ്മള്‍ അഭിപ്രായം പ്രകടിപ്പിക്കുന്നത് (ഉദാഹരണത്തിന്, 'അവര്‍ ഗംഭീരമായ രീതിയില്‍ ജീവിക്കുന്നു' അല്ലെങ്കില്‍ 'ഇവിടെ ഒരാള്‍ സ്‌റ്റൈലിലാണ് ഭക്ഷണം കഴിക്കുന്നത്.').  ഈ ദൈനംദിന സങ്കല്പങ്ങള്‍ ഭാഷയിലെ ശൈലിയുടെ ഉപയോഗത്തെക്കുറിച്ചുള്ള കൂടുതല്‍ സാങ്കേതികചര്‍ച്ചയ്ക്ക് ഒരു നല്ല തുടക്കമാണ്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍, അവരെല്ലാം ഒരു വ്യതിരിക്തമായ ആവിഷ്‌കാരരീതിയെ പരാമര്‍ശിക്കുന്നു, ഏതു മാധ്യമത്തിലൂടെയും ഈ പദപ്രയോഗത്തിന് മൂര്‍ത്ത രൂപം നല്കുന്നു. അതേരീതിയില്‍, ഭാഷയിലെ ശൈലിയെ വ്യതിരിക്തമായ ഭാഷാപദപ്രയോഗമായി നിര്‍വചിക്കാം. എന്നാല്‍, ശൈലിയുടെ മറ്റു പ്രകടനങ്ങളെപ്പോലെ, ഒരു എക്‌സ്പ്രഷനെ വ്യതിരിക്തമാക്കുന്നത് എന്താണെന്നും അതു രൂപപ്പെടുത്തിയത് എന്തുകൊണ്ടാണെന്നും അത് എന്തു ഫലമുണ്ടാക്കുന്നുവെന്നും പരിഗണിക്കേണ്ടതുണ്ട്. അതിനാല്‍, ശൈലിയെക്കുറിച്ചുള്ള പഠനമായ സ്‌റ്റൈലിസ്റ്റിക്‌സിനെ ഭാഷയിലെ വ്യതിരിക്തമായ ആവിഷ്‌കാരത്തിന്റെ വിശകലനവും അതിന്റെ ഉദ്ദേശ്യത്തിന്റെയും ഫലത്തിന്റെയും വിവരണവുമായി നിര്‍വചിക്കാം. അത്തരം വിശകലനവും വിവരണവും എങ്ങനെ നടത്തണം, അവ തമ്മിലുള്ള ബന്ധം എങ്ങനെ സ്ഥാപിക്കണം എന്നത് വ്യത്യസ്തശൈലിയുള്ള പണ്ഡിതന്മാരും ശൈലീവിജ്ഞാനീയവിദഗ്ദ്ധരും വിയോജിക്കുന്ന വിഷയങ്ങളാണ്. എന്നാല്‍, ഈ പൊതുനിര്‍വചനം വര്‍ത്തമാനകാലത്തേക്ക് നമ്മുടെ ഉദ്ദേശ്യങ്ങള്‍ നിറവേറ്റും.  ഈ നിര്‍വചനം പ്രായോഗികമായി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നു കാണാന്‍, ശൈലിയുടെ പ്രത്യേക സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന പാഠത്തിന്റെ വ്യത്യസ്ത വിഭാഗങ്ങള്‍ അല്ലെങ്കില്‍ തരങ്ങള്‍ എങ്ങനെ പ്രത്യേക ഫലങ്ങള്‍ സൃഷ്ടിക്കുന്നുവെന്നു നോക്കണം.    
ഭാഷയുടെയും സംസ്‌കാരത്തിന്റെയും നിലനില്പ് കലയിലൂടെയാണ്. കലാസൃഷ്ടികള്‍ക്കു തനതായ ശൈലിയും രൂപവുമുണ്ടെങ്കില്‍ മാത്രമേ അവയ്ക്ക് എക്കാലവും നിലനില്ക്കാനാവൂ. ശൈലി, ഒരു കലാസൃഷ്ടി ഓര്‍മയില്‍ നിലനില്ക്കാന്‍ സഹായിക്കുന്ന സ്വഭാവവൈശിഷ്ട്യമാണെന്ന് പോള്‍ വലേറി പറഞ്ഞിട്ടുണ്ട്. കല വിലോഭനീയമാണെന്ന് എഴുതിയ സൂസന്‍ സൊണ്ടാഗ് ശൈലിയാണ് കല എന്നു പറഞ്ഞു. ശൈലിയെ ഒഴിവാക്കി കലാസൃഷ്ടി സാധ്യമല്ല.കാരണം, കലാസൃഷ്ടിയില്‍ അനിവാര്യമായതെന്തോ അതാണ് ശൈലി. ഒരു കലാസൃഷ്ടിയും ശൈലീമുക്തമല്ല. സാധാരണമായതില്‍നിന്നു വ്യത്യസ്തമായി, വ്യവസ്ഥാപിതമാര്‍ഗത്തില്‍നിന്നു ഭിന്നമായി ഒരു കലാസൃഷ്ടിയില്‍ ഋജുവും സംവേദനത്തിനുതകുന്നതും ഉചിതമായിട്ടുള്ളതുമായ ഒരാവിഷ്‌കരണരീതിയാണുള്ളതെങ്കില്‍ അത് സ്രഷ്ടാവിന്റെ തനതുശൈലിയായി കണക്കാക്കാം. വാസ്തവത്തില്‍, ചിന്തയുടെ ഉടയാടയാണു  ശൈലി. അത് കലാകാരന്റെ മനസ്സിന്റെ കയ്യൊപ്പാണ്. മനുഷ്യമനസ്സിന്റെ നിലപാടുകളും പ്രയാണ മേഖലകളും വിഭിന്നമായിരിക്കുന്നിടത്തോളം കാലം ശൈലിയും വ്യത്യസ്തമായിരിക്കും, അനന്തവും.
ശൈലി ഒരു ആവിഷ്‌കരണമാര്‍ഗമാകുന്നു. സാഹിത്യത്തില്‍ ഭാഷാവിഷയകമായ തിരഞ്ഞെടുപ്പുകളില്‍നിന്നാണ് ശൈലി രൂപം കൊള്ളുന്നത്. പ്രതിപാദ്യത്തിന്റെ സവിശേഷമായ ഒരു ഭാവം തിരഞ്ഞെടുക്കുന്നതും ഉചിതമായ പദം നിര്‍ണയിക്കുന്നതും സംയോജിപ്പിക്കുന്നതുമൊക്കെ രചനാതന്ത്രത്തിന്റെ ഭാഗമാണ്. ശൈലിയാകട്ടെ രചനാതന്ത്രത്തിന്റെ ഭവിഷ്യത്ഫലവും. രചനാതന്ത്രം ഫലിക്കുന്നതിനുവേണ്ടി കവി സൃഷ്ടിക്കുന്ന ഭാഷയാണ് അയാളുടെ ശൈലി. എഴുത്തുകാരന്റെ എല്ലാ തിരഞ്ഞെടുപ്പുകളുടെയും ആകെത്തുക. എഴുത്തിന്റെ സ്വരത്തെ തീവ്രമാക്കുന്ന ശൈലി കേവലമോടിയല്ല. അതിനുമുപരിയായി മുഖ്യാര്‍ഥത്തിന്റെയും മൂല്യനിര്‍ണ്ണയത്തിന്റെയും സൂക്ഷ്മ വ്യത്യാസങ്ങളെക്കൂടി ശൈലി വഹിക്കുന്നുണ്ട്. വിശേഷിച്ച് എഴുത്തുകാരന്റെ വ്യക്തിത്വത്തെ നിര്‍വചിക്കുവാന്‍ തക്കവണ്ണം അയാളുടെ അടിസ്ഥാനനിലപാടുകളെ, സങ്കല്പനങ്ങളെ പ്രതിപാദ്യത്തോടും വായനക്കാരോടുമുള്ള ബന്ധത്തെ എല്ലാം നിര്‍വചിക്കുവാനും നിര്‍ണ്ണയിക്കുവാനും ശൈലി ഉതകുന്നു. ഒരു കവിയുടെ ശൈലി എന്നു പറയുമ്പോള്‍ സാങ്കേതികമായി വിവക്ഷ അയാളുടെ തനതായ വാക്‌സമ്പ്രദായമെന്നാണ്. പക്ഷേ, അതയാളുടെ സ്വത്വമുദ്രകള്‍ വഹിക്കുന്നുണ്ട്. പ്രതിപാദ്യത്തിന്റെ സവിശേഷമായ അവതരണ രീതി എന്ന നിര്‍വചനത്തില്‍നിന്നും എഴുത്തുകാരന്റെ ആഴത്തിലുള്ള അന്തസ്സാരമെന്ന സങ്കല്പത്തിലേക്ക് ശൈലി വളരുന്നത് അങ്ങനെയാണ്. ട്യേഹല ശ െ വേല റലലു ലലൈിരല ീള ംൃശശേിഴ. ശൈലി സ്വയംഭരണാവകാശമുള്ളതും അനുകരണീയവുമാണെന്ന് സൂസന്‍ സൊണ്ടാഗ് ചൂണ്ടിക്കാണിക്കുന്നു.
ശൈലിയെ സംബന്ധിച്ചു കിഴക്കും പടിഞ്ഞാറുമുള്ള കാഴ്ചപ്പാടുകള്‍ താരതമ്യപ്പെടുത്തുന്നത് അതിനെക്കുറിച്ചു  കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനു സഹായകമാകും. പാശ്ചാത്യര്‍ വ്യക്തിസത്തയുടെ പ്രകാശനമെന്ന നിലയില്‍ ആത്മനിഷ്ഠമായും പ്രതിപാദ്യസ്വഭാവാനുസാരിയെന്ന നിലയില്‍ വസ്തുനിഷ്ഠമായും ശൈലിയെ പരിഗണിക്കുന്നു. കഠിനാധ്വാനത്തിലൂടെ കൈവരിക്കേണ്ട കരകൗശലമാണ് ശൈലിയെന്ന് വാള്‍ട്ടര്‍ പേറ്റര്‍ പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ശൈലിയുടെ പ്രധാന ഘടകങ്ങള്‍ ഡിക്ഷന്‍, ഡിസൈന്‍, വ്യക്തിത്വം എന്നിവയാണ്. ആദ്യത്തേതിനെ സംബന്ധിച്ചിടത്തോളം തന്റെ സ്വന്തം ആത്മാവിന് നിറം നല്കാന്‍ ഉചിതമായ വിശ്വസ്തമായ ഒരു പദാവലി കണ്ടെത്തലാണ്. പഴയതും കാലഹരണപ്പെട്ടതുമായ പദങ്ങള്‍ ഉപേക്ഷിക്കണം. അലങ്കാരത്തിന് അനാവശ്യമായ സ്ഥാനം നല്കരുത്. എങ്കില്‍ മാത്രമേ, വായനക്കാരന് ആനന്ദദായകമായ ഉത്തേജനം നല്കാന്‍  കഴിയൂ.  ഒരു എഴുത്തുകാരന്‍ അനാവശ്യസ്തുതികളും വിശേഷണങ്ങളും ഒഴിവാക്കണം. വാക്കുകള്‍ തിരഞ്ഞെടുക്കുന്നതില്‍ അയാള്‍ കണിശക്കാരനും കൃത്യതയുള്ളവനുമായിരിക്കണം. ശൈലിയുടെ ആത്മാവ് എഴുത്തുകാരന്റെ വ്യക്തിത്വമാണ് എന്ന് പേറ്റര്‍ പറഞ്ഞു വച്ചു. ഘടനയുടെ സൗന്ദര്യത്തെ നശിപ്പിക്കുന്ന ഒന്നും ശൈലിയിലുണ്ടാവരുത്. ആശയത്തിനും ആവിഷ്‌കാരത്തിനും സമ്പൂര്‍ണമായും അനുരൂപമായിരിക്കണം ശൈലി. അത്തരം ശൈലീവല്ലഭന്മാര്‍ക്കേ പ്രവാചകന്മാരാകാനാവൂ.   
ശൈലിയാണ് നമ്മുടെ ശ്രദ്ധയെ കേന്ദ്രീകൃതമാക്കുന്നത്. സാഹിത്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല ചിത്രകല ഉള്‍പ്പെടെയുള്ള സകല കലകള്‍ക്കും അത് ബാധകമാണ്. ലിയണാര്‍ഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധമായ മോണാലിസയുടെ ചിത്രം കാണുമ്പോള്‍ വിശ്വം മയക്കുന്ന ആ കള്ളപ്പുഞ്ചിരിയെക്കുറിച്ചു മാത്രമാണ് ദ്രഷ്ടാവ് ചിന്തിക്കുന്നത്. മറ്റൊന്നും കാണാന്‍ അയാളെ  അനുവദിക്കാതെ ദൃഷ്ടി / ശ്രദ്ധ ഒരേ ഒരു കാര്യത്തിലേക്ക് കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിക്കുന്നത് ആ കലാകാരന്റെ ശൈലിയുടെ സവിശേഷത കൊണ്ടാണ്. എന്തെല്ലാം കാര്യങ്ങളില്‍ കലാകാരന്‍ ശ്രദ്ധിച്ചു എന്നതല്ല കേന്ദ്രീകൃതഭാവത്തിനു നല്കുന്ന ശ്രദ്ധയുടെ തീവ്രതയാണ് നല്ല ശൈലിയുടെ ലക്ഷണം. ഒരു കലാകാരന്‍ തന്റെ സൃഷ്ടിയുടെ കേന്ദ്രീകൃതഭാവത്തില്‍ കൊടുക്കുന്ന തീവ്രതയും ആധികാരികതയും ആ സവിശേഷ കേന്ദ്രീകൃത ഭാവത്തെ തിരഞ്ഞെടുക്കുന്നതിനു കാണിച്ച വിവേകവും അയാളുടെ ശൈലിയെ നിര്‍ണയിക്കുന്ന ഘടകങ്ങളായിരിക്കും. 

Login log record inserted successfully!