•  2 May 2024
  •  ദീപം 57
  •  നാളം 8
സാഹിത്യവിചാരം

സല്‍മാന്‍ റുഷ്ദിയും സാങ്കല്പിക മാതൃഭൂമിയും

ജ്ജ്വലമായ രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിന്റെ രചയിതാവ്  സല്‍മാന്‍ റുഷ്ദി വിരുദ്ധാഭിപ്രായങ്ങളെ ഉണര്‍ത്തുന്ന നമ്മുടെ കാലത്തെ ഏറ്റവും വിവാദവ്യക്തികളില്‍ ഒരാളായി വിലയിരുത്തപ്പെടുന്നു. എന്നാല്‍, റുഷ്ദി കേവലം ഒരു ആക്ഷേപഹാസ്യനോവലിസ്റ്റല്ല. അനുകൂലിച്ചാലും പ്രതികൂലിച്ചാലും, ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടം വിസ്മരിക്കാനാവില്ല. ശബ്ദമില്ലാത്തവര്‍ക്കുവേണ്ടി ശബ്ദിക്കാനും നിസ്വര്‍ക്കുവേണ്ടി പോരാടാനുമുള്ള പ്രതിബദ്ധതയില്‍ റുഷ്ദി അവഗണിക്കാനാവാത്ത എഴുത്തുകാരനാണ്. റുഷ്ദിയുടെ കലയുടെ പ്രധാന വിഷയങ്ങളിലൊന്ന് പ്രവാസിവ്യക്തിത്വത്തിന്റെ പ്രശ്‌നമാണ്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളില്‍ പലരും 'സാങ്കല്പികമാതൃഭൂമി' തേടി ഒരു കരയില്‍നിന്നു മറ്റൊരു കരയിലേക്കൊഴുകുന്ന കുടിയേറ്റക്കാരാണ്. കൂടാതെ, എഴുത്തുകാരന്‍ തന്റെ കുടിയേറ്റവ്യക്തിത്വവുമായി അവരെ ഇണക്കി  സ്വയം  തിരിച്ചറിയുന്നുമുണ്ട്. സ്വത്വാന്വേഷണം  ഒരുപക്ഷേ, റുഷ്ദിയുടെ കൃതികളില്‍ ആവര്‍ത്തിച്ചുവരുന്ന പ്രമേയമാണ്. ഇരട്ടസ്വത്വത്തിന്റെ പ്രമേയങ്ങള്‍. 'വിഭജിക്കപ്പെട്ട വ്യക്തിത്വങ്ങള്‍', 'നിഴല്‍രൂപങ്ങള്‍' എന്നിവ അദ്ദേഹത്തിന്റെ രചനകളില്‍ ആവര്‍ത്തിക്കുന്നു. കുടിയേറ്റക്കാരന്റെ ഭിന്നിപ്പ്/ഇരട്ടവ്യക്തിത്വം, അതുപോലെതന്നെ കുടിയേറ്റ അസ്തിത്വത്തിന്റെ പ്രത്യേകതയായ സന്ദിഗ്ദ്ധതയും അവ്യക്തതയും ഒക്കെ അവിടെക്കാണാം. കുടിയേറ്റ കഥാകാരന്റെ ഈ അതുല്യമായ വീക്ഷണകോണില്‍നിന്നാണ് റുഷ്ദി ലോകത്തെ വിവരിക്കുന്നത്. ലോകത്തെ വീണ്ടും വിശദീകരിക്കുന്നതിലും അങ്ങനെ കലയുടെയും ജീവിതത്തിന്റെയും ഒരു പുതിയ ദര്‍ശനം സൃഷ്ടിക്കുന്നതിലും  തന്റെ പങ്കിനെക്കുറിച്ച് അദ്ദേഹത്തിനു ബോധ്യമുണ്ട്. അദ്ദേഹം ഒരഭിമുഖത്തില്‍ പറഞ്ഞു: ''കുടിയേറ്റമെന്നാല്‍ ആത്മാവില്‍ ആഴത്തിലുള്ള മാറ്റങ്ങളും ഞെരുക്കങ്ങളും അനുഭവിക്കുക എന്നതാണ്. എന്നാല്‍, കുടിയേറ്റക്കാരന്‍ തന്റെ പ്രവൃത്തിയിലൂടെ രൂപാന്തരപ്പെടുകമാത്രമല്ല, പുതിയ ലോകത്തെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. കുടിയേറ്റക്കാര്‍ ജനിതകവ്യതിയാനം വന്നവരായി മാറിയേക്കാം. പക്ഷേ, അത്തരം സങ്കരീകരണത്തില്‍നിന്നാണ് പുതുമ ഉയര്‍ന്നുവരുന്നത്''. ഒരു ദര്‍ശകന്റെ വര്‍ധിച്ചുവരുന്ന ജ്ഞാനത്തോടെ, കുടിയേറ്റക്കാരന്റെ അനുഭവം അതിന്റെ സാര്‍വത്രികമാനത്തില്‍ റുഷ്ദി മനസ്സിലാക്കി.

ഇന്ത്യ സ്വാതന്ത്ര്യം നേടിയ വര്‍ഷത്തിലാണ് സല്‍മാന്‍ റുഷ്ദി ബോംബെയില്‍ ജനിച്ചത്. പിതാവ് കേംബ്രിഡ്ജില്‍ വിദ്യാഭ്യാസംനേടിയ ഒരു ബിസിനസുകാരനായിരുന്നു, പിതാമഹന്‍ ഒരു  ഉറുദു കവിയായിരുന്നു. പതിന്നാലാമത്തെ വയസ്സില്‍, റുഷ്ദിയെ ഇംഗ്ലണ്ടിലേക്ക്, പ്രശസ്തമായ റഗ്ബി സ്‌കൂളിലേക്ക് അയച്ചു. അടുത്ത വര്‍ഷം അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പാക്കിസ്ഥാനിലേക്കു കുടിയേറി. അങ്ങനെ കുടിയേറ്റവും വിഭജിക്കപ്പെട്ടതിന്റെ വേദനയും റുഷ്ദിയുടെ മാനസികഘടനയില്‍ ആദ്യകാലത്തുതന്നെ സ്വാധീനം ചെലുത്തി. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം കേംബ്രിഡ്ജിലെ കിങ്‌സ് കോളജില്‍ പഠിച്ചു ബിരുദം നേടി.  1975-ലാണ് റുഷ്ദിയുടെ ആദ്യനോവല്‍ ഏൃശാൗ െപുറത്തിറങ്ങിയത്, അതിനുശേഷം അദ്ദേഹത്തിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
സമകാലിക ലോകഎഴുത്തുകാരെക്കുറിച്ചുള്ള സീരിസില്‍ ആന്‍ഡ്രൂ ടെവേഴ്‌സണ്‍ സല്‍മാന്‍ റുഷ്ദിയെക്കുറിച്ചു  വ്യക്തമാക്കുന്ന ചില സത്യങ്ങളുണ്ട്. സല്‍മാന്‍ റുഷ്ദിയുടെ പ്രശസ്തി സ്ഥാപിക്കാന്‍ ഒട്ടും പ്രയാസമില്ല. അദ്ദേഹത്തിന്റെ നോവലുകള്‍ ദശലക്ഷക്കണക്കിനാണു വിറ്റുപോയിട്ടുള്ളത്. അവ നിരവധി ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എം.എല്‍.എ. ഇന്റര്‍നാഷണല്‍ ഗ്രന്ഥസൂചിക അദ്ദേഹത്തിന്റെ ഫിക്ഷനുകളെക്കുറിച്ച് എഴുതിയ എഴുനൂറിലധികം ജേണല്‍ലേഖനങ്ങളും പുസ്തകങ്ങളിലെ അധ്യായങ്ങളും പട്ടികപ്പെടുത്തുന്നു. നിലവില്‍ മുപ്പതിലധികമുണ്ട്, അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും വിവിധ വശങ്ങളെക്കുറിച്ചു പ്രസിദ്ധീകരിച്ച മോണോഗ്രാഫുകള്‍. പ്രധാന അന്താരാഷ്ട്ര കോണ്‍ഫെറന്‍സുകളിലും സാഹിത്യപരിപാടികളിലും റുഷ്ദിതന്നെ പതിവായി പ്രത്യക്ഷപ്പെടുന്നു. അദ്ദേഹം പതിവായി അഭിമുഖങ്ങളും നല്കുന്നു. കൂടാതെ, പ്രഭാഷണങ്ങളും നടത്തുന്നു. നിരവധി ഡോക്യുമെന്ററികളുടെ വിഷയമാണ് അദ്ദേഹം. കൂടാതെ, സിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2001 ല്‍ ബ്രിഡ്ജറ്റ് ജോണ്‍സ് ഡയറിയിലെ ഒരു ഹാസ്യ കഥാപാത്രമായി അഭിനയിച്ചു. അദ്ദേഹത്തിന്റെ കൃതികള്‍ മറ്റു മാധ്യമങ്ങളിലും വിപുലമായി തുടരനുരൂപിതജീവിതം ആസ്വദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നോവലുകളെ അടിസ്ഥാനമാക്കി സ്റ്റേജ് ഷോകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഡ്വ ല്‍ നിന്നുള്ള ബോണോ  ഒരു ഗാനം ദി ഗ്രൗണ്ട് ബിനീത്ത് ഹെര്‍ ഫീറ്റിലെ വരികള്‍ ഉപയോഗിച്ച് എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ദി ഫയര്‍ബേര്‍ഡ്സ് നെസ്റ്റ് എന്ന ഒരു കൃതിയെ അടിസ്ഥാനമാക്കി സംവിധായിക അപൂര്‍വ ലഖിയ ഒരു സിനിമ   ചെയ്തിട്ടുണ്ട്. ഒരു പക്ഷേ, സല്‍മാന്‍ റുഷ്ദിയുടെ പേര് അന്താരാഷ്ട്രതലത്തില്‍ പൊതുവെ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ സ്ഥാപിതമാണെങ്കിലും, അദ്ദേഹം പ്രസിദ്ധനായത് എങ്ങനെയാണെന്ന് സ്ഥാപിക്കാന്‍ പ്രയാസമാണ്. അദ്ദേഹത്തിന്റെ രചനകള്‍ മാത്രമല്ല അതിനു കാരണം.  1989   ലെ ഫത്വയും ഒരു കാരണമാണ്. അയത്തുള്ള ഖൊമേനി ദൈവനിന്ദയുടെ പേരില്‍ അദ്ദേഹത്തെ വധിക്കണമെന്ന് ആവശ്യപ്പെട്ടു.   റുഷ്ദിയുടെ ജീവനു ഭീഷണിയുണ്ടായില്ലായിരുന്നുവെങ്കില്‍, 1989ല്‍ ദ സാത്താനിക് വേഴ്‌സസിന്റെ  746,949 കോപ്പികള്‍ വിറ്റഴിയില്ലായിരുന്നു; ടാബ്ലോയിഡ് പത്രങ്ങള്‍ക്ക് ഇപ്പോള്‍ റുഷ്ദിയുടെ സങ്കീര്‍ണ്ണമായ പ്രണയജീവിതം ഇരട്ടപ്പേജുള്ള 'എക്സ്‌ക്ലൂസീവ്' വിഷയമാവുകയില്ലായിരുന്നു. അയത്തുള്ളയുടെ  ഉത്തരവ് വരുന്നതിനു വളരെ മുമ്പുതന്നെ; അദ്ദേഹം അറിയപ്പെടുന്ന ഒരു എഴുത്തുകാരനായിരുന്നു. 1989 ആയപ്പോഴേക്കും റുഷ്ദി മൂന്നു നോവലുകള്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞിരുന്നു. അവയില്‍ അവസാനത്തെ രണ്ടെണ്ണം, മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ (1981), ഷെയിം (1983) എന്നിവ സാഹിത്യലോകം പരക്കെ പുകഴ്ത്തിയവയാണ്. റുഷ്ദി,  പിന്നീട് പല മാധ്യമങ്ങളുടെയും ഏറ്റവും ഉന്നതമായ പ്രശംസയുടെ വിഷയമായി. അദ്ദേഹത്തിനുവേണ്ടി പത്രപ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ശബ്ദങ്ങള്‍ ഇപ്പോഴും അദ്ദേഹത്തിന്റെ നോവലുകളുടെ പുറംചട്ടയെ അലങ്കരിക്കുന്നതു കാണാം.
1980കളുടെ തുടക്കത്തില്‍ റുഷ്ദി സ്വന്തം വീടാണെന്ന് അവകാശപ്പെട്ട രണ്ടു രാജ്യങ്ങളിലും, ഫത്വയ്ക്ക് വളരെ മുമ്പുതന്നെ മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍, അമ്പരപ്പിക്കുന്ന മൗലികതയുടെ സൃഷ്ടിയായും ഉയര്‍ന്നുവരുന്ന 'പോസ്റ്റ് കൊളോണിയല്‍' (പിന്നീട് 'കോമണ്‍വെല്‍ത്ത്' എന്നാണറിയപ്പെട്ടത്) ഫിക്ഷന്റെ കൗണ്ടര്‍-കാനോന്‍ എന്ന നാഴികക്കല്ലായി മാറാന്‍ വിധിക്കപ്പെട്ട ഒന്നായും സ്വാഗതം ചെയ്യപ്പെട്ടിരുന്നു. ഡല്‍ഹിയില്‍, റുഷ്ദിയുടെ ഫിക്ഷന്റെ ഒരു വായനയില്‍ പങ്കെടുത്തപ്പോള്‍, താന്‍ ഒരു പുതിയ യുഗത്തിന്റെ ശബ്ദം കേള്‍ക്കുകയായിരുന്നെന്ന് അനിതാ ദേശായി പറഞ്ഞു. കസുവോ ഇഷിഗുറോ തനിക്കു ലഭിച്ച വലിയ ശ്രദ്ധയ്ക്കു കാരണമായി പറഞ്ഞത് 'എല്ലാവരും പെട്ടെന്ന് മറ്റു റുഷ്ദിമാരെ തിരഞ്ഞു' എന്നാണ്.  മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍പോലെ അക്കാലത്ത് സാഹിത്യലോകത്ത് ഇത്രയധികം സ്വാധീനം ചെലുത്തിയ ഒരു നോവല്‍ വേറേയുണ്ടായില്ല. മിഡ്നൈറ്റ്സ് ചില്‍ഡ്രനില്‍, മാജിക് റിയലിസത്തിന്റെ സവിശേഷതകളായ റിയലിസ്റ്റിക്, ഫന്റാസ്റ്റിക് ഘടകങ്ങളുടെ മിശ്രണത്തിലൂടെയും സംയോജനത്തിലൂടെയും, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ രാഷ്ട്രീയജീവിതത്തിന്റെ ബഹുതലവും സങ്കീര്‍ണവുമായ യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും റുഷ്ദി ശ്രമിക്കുന്നു. 
ഉപരിതലതലത്തില്‍, 1947 ഓഗസ്റ്റ് 15 ലെ ഇന്ത്യയുടെ ചരിത്രപരമായ അര്‍ദ്ധരാത്രിയില്‍ ജനിച്ച സലീം സിനായിയുടെയും മറ്റു കുട്ടികളുടെയും കഥയാണ് പാതിരാസന്തതികള്‍ (മിഡ്‌നൈറ്റ്സ് ചില്‍ഡ്രന്‍). ആഴത്തിലുള്ള തലത്തില്‍, ഇത് വളര്‍ന്നുവരുന്ന ഒരു രാജ്യത്തിന്റെ കഥയാണ്. എന്റെ വിധി എന്റെ രാജ്യത്തിന്റേതുമായി അഭേദ്യമാംവണ്ണം ചേര്‍ന്നിരുന്നു എന്ന് നോവലിന്റെ തുടക്കത്തില്‍ത്തന്നെ പറയുന്നുണ്ട്. ഇന്ത്യന്‍സമൂഹത്തിന്റെ ശിഥിലീകരണത്തിന്റെയും ബഹുസ്വരതയുടെയും, ഇന്ത്യക്കാര്‍ അനുഭവിക്കുന്ന സാമൂഹിക, മത, പ്രാദേശിക, സങ്കുചിതസ്വത്വങ്ങളുടെ ആശയക്കുഴപ്പത്തിന്റെയും കണ്ണാടിയാണ് പാതിരാസന്തതികള്‍. പറയുന്നതിനു പക്വതയുടെ ധ്വനി കൊടുക്കാന്‍ അലങ്കാരങ്ങളില്ലാതെ പറയണമെന്ന് പാതിരാസന്തതികളില്‍ പറയുന്നുണ്ടെങ്കിലും റുഷ്ദിയുടെ ഭാഷ രൂപകാത്മകമാണ്.  യാഥാര്‍ഥ്യം നിലനില്ക്കുകയോ അട്ടിമറിക്കുകയോ അദൃശ്യമാക്കുകയോ ചെയ്യുന്ന ഒരു സാഹചര്യത്തില്‍, സത്യം നിര്‍മിക്കപ്പെടുന്നിടത്ത്, ഫാന്റസിയാണ് മറഞ്ഞിരിക്കുന്നതിനെ കണ്ടെത്താനുള്ള ഒരേയൊരു മാര്‍ഗം. 
ഇന്ത്യന്‍സ്വാതന്ത്ര്യദിനത്തിന്റെ അന്ന് അര്‍ദ്ധരാത്രിയില്‍ ജനിച്ച സലീമിന്റെയും മറ്റ് ആയിരത്തൊന്നു കുട്ടികളുടെയും ടെലിപതിക് കഴിവുകള്‍, പരസ്പരം ആശയവിനിമയം നടത്താന്‍ അവരെ പ്രാപ്തരാക്കുന്നത്  ഉള്‍പ്പെടുന്നതാണ് റുഷ്ദിയുടെ മാജിക് റിയലിസത്തിന്റെ തത്ത്വം. മാജിക്കല്‍ റിയലിസത്തിന്റെ മുദ്രകള്‍ സാത്താനിക് വേഴ്‌സസിലും കാണാം. ബോംബെയില്‍നിന്ന് ലണ്ടനിലേക്കു കുടിയേറി ഇംഗ്ലീഷുകാരായി മാറുന്ന രണ്ട് ഇന്ത്യക്കാരുടെ കഥയാണ് സാത്താനിക് വേഴ്‌സസ്. ഈ നോവല്‍ ഓര്‍ഹന്‍ പാമുകിനെ ആകര്‍ഷിക്കാന്‍ കാരണമെന്തെന്ന് അദ്ദേഹംതന്നെ പറയുന്നു: ''അതിമാനുഷികപരിവേഷമുള്ള സാഹസികത അല്ല എന്നെ വായനയിലേക്ക് ആകര്‍ഷിക്കുന്നത്''. രചനാഘടനയും ശില്പസൗന്ദര്യവും അദ്ദേഹത്തെ ആകര്‍ഷിച്ചു. പൂര്‍വസ്മരണകളിലൂടെയും വ്യതിചലനങ്ങളിലൂടെയും ഉപകഥകളിലൂടെയും ഉരുത്തിരിഞ്ഞുവരുന്നതാണ് അതിന്റെ കഥ  എന്നതും പാമുകിനെ കീഴടക്കി.
247 വയസ്സായിരുന്ന അന്ധകവയിത്രിയും പ്രവാചികയും മാന്ത്രികവിദ്യകള്‍ പ്രവര്‍ത്തിക്കുന്നവളുമായ പമ്പ കമ്പാനയുടെ ജയപരാജയ എന്ന കാവ്യത്തിലുടെ സൃഷ്ടിക്കപ്പെട്ട വിജയനഗരി എന്ന ചരിത്രത്തില്‍ മറച്ചുപിടിക്കപ്പെട്ട ഒരു സാമ്രാജ്യത്തിന്റെ രഹസ്യങ്ങള്‍ അവതരിപ്പിക്കുന്ന കൃതിയാണ് റുഷ്ദിയുടെ വിക്ടറി സിറ്റി. പമ്പ എന്നത് പാര്‍വതിയുടെ പ്രാദേശികനാമമാണ്. കവയിത്രിയ്ക്ക് പമ്പ എന്ന പേരു നല്‍കി.  നൃത്തത്തിന്റെ അധിപനായ ശിവന്‍ അവള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവള്‍ ഒരു പ്രവാചികയായി. അവള്‍ രചിച്ച കാവ്യം നൂറ്റാണ്ടുകള്‍ക്കുശേഷം കണ്ടെടുക്കപ്പെടുന്നതാണ് വിജയനഗരിയുടെ പ്രമേയം. വിജയനഗരിചരിത്രവും സങ്കല്പവും വേര്‍തിരിച്ചറിയാനാവാത്ത വിധത്തില്‍ മാന്ത്രികയാഥാര്‍ത്ഥ്യങ്ങളുടെ ലോകം സൃഷ്ടിച്ചുകൊണ്ട് എഴുതപ്പെട്ട നോവലാണ്. സാഹിത്യം, സംസ്‌കാരം, സിദ്ധാന്തം, രാഷ്ട്രീയം എന്നിവയെക്കുറിച്ചുള്ള ആരോഗ്യകരവും കര്‍ക്കശവുമായ സംവാദങ്ങള്‍ക്കിടയില്‍ റുഷ്ദിയുടെ എല്ലാ കൃതികള്‍ക്കും ഒരു  ഇടമുണ്ട്.

Login log record inserted successfully!