•  28 Nov 2024
  •  ദീപം 57
  •  നാളം 38
സാഹിത്യവിചാരം

നക്ഷത്രശോഭയുള്ള വാക്കുകള്‍

ഴുത്തിലെ ഭാഷ എപ്രകാരമായിരിക്കണമെന്നതിനു നിയതമായ നിയമങ്ങളൊന്നുമില്ല. എന്നാല്‍, എല്ലാ എഴുത്തുകാരും വായനക്കാരന്റെ ഹൃദയഭൂമിയില്‍ തന്റെ എഴുത്തിനു സവിശേഷമായ ഒരിടമുണ്ടായിരിക്കണമെന്നാഗ്രഹിക്കുന്നു. അതിനായി  അനനുകരണീയമായ ഒരു ഭാഷ സൃഷ്ടിക്കാന്‍, വാക്കുകളെ നക്ഷത്രശോഭയുള്ളതാക്കി മാറ്റാന്‍ അവര്‍ നിരന്തരം പരിശ്രമിക്കുന്നു. ആണ്ടോടാണ്ട് വൃക്ഷങ്ങള്‍ ഇലകള്‍ കൊഴിച്ച് പുത്തനിലകള്‍ ചൂടുന്നതുപോലെ, എഴുത്തുകാരും തങ്ങളുടെ സര്‍ഗവൃക്ഷങ്ങളില്‍ പുത്തന്‍ വാക്കിലകള്‍ തുന്നിച്ചേര്‍ക്കുകയും നിരന്തരോപയോഗത്താല്‍ നിറം മങ്ങിയവയെ അടര്‍ത്തിമാറ്റുകയും ചെയ്യേണ്ടതുണ്ട്. ആവര്‍ത്തനവിരസത വായനക്കാരെ, എഴുത്തുകാരില്‍നിന്നകറ്റും.
ഭാഷയെ നവീകരിക്കുകയും നൂതനവാക്കുകള്‍ കണ്ടെത്തുകയും ചെയ്യണമെന്നതിനര്‍ത്ഥം ഭാഷയെ സങ്കീര്‍ണമാക്കണമെന്നല്ല. ശബ്ദതാരാവലിയില്‍നിന്നല്ല, ഹൃദയതാരാവലിയില്‍നിന്നാവണം കവികളും കഥാകൃത്തുക്കളും പുതിയ വാക്കുകള്‍ കണ്ടെത്തേണ്ടത്. ഉദാഹരണമായി സ്‌നേഹമെന്ന വാക്കിന്റെ നിഘണ്ടുവിലുള്ള അര്‍ത്ഥങ്ങള്‍ പരിശോധിക്കുമ്പോള്‍ 'എണ്ണ' എന്നൊരര്‍ത്ഥവും കാണാം. എന്നാല്‍, ഒരു പ്രണയകഥയില്‍ സ്‌നേഹത്തിനു പകരമായി എണ്ണ എന്നൊരെഴുത്തുകാരന്‍ ഉപയോഗിച്ചാല്‍ എന്താവും കഥ! എഴുത്തില്‍ ഔചിത്യം പരമപ്രധാനമാണ്. കൃത്രിമമായ പദാവലികള്‍ സൃഷ്ടിക്കുന്നതിനെക്കാള്‍ ഉചിതം, ചിരപരിചിതമായ വാക്കുകള്‍തന്നെ പ്രയോഗിക്കുന്നതാണ്. അമ്മ, ഉമ്മ എന്നീ പദങ്ങള്‍ എത്രയോ തവണ നാം കേട്ടിരിക്കുന്നു. എങ്കിലും അമ്മ നല്‍കുന്ന ഉമ്മയുടെ സൗന്ദര്യം മാതാവേകുന്ന ചുംബനത്തിനില്ല.
ഓക്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഹ്യൂമാനിറ്റീസ് പ്രഫസറും ഇന്റര്‍നാഷണല്‍ റൈറ്റിങ് കണ്‍സള്‍ട്ടന്റുമായ ഹെലന്‍ സ്വോര്‍ഡ് അവരുടെ 'ദി റൈറ്റേഴ്‌സ് ഡയറ്റ്' (The Writers Diet)   എന്ന പുസ്തകത്തില്‍ എഴുത്തുകാര്‍ക്ക് തങ്ങളുടെ ഭാഷയെ എപ്രകാരം കൂടുതല്‍ ആകര്‍ഷകമാക്കാം എന്നു വിശദീകരിക്കുന്നുണ്ട്. 'വേസ്റ്റ് വേര്‍ഡ്‌സ്' പൂര്‍ണമായും ഒഴിവാക്കുക എന്നതാണ് ഹെലന്‍ നല്‍കുന്ന ആദ്യത്തെ നിര്‍ദേശം. ഇതില്‍ അമിതമായ അലങ്കാരങ്ങളും ക്ലീഷേയായ പദപ്രയോഗങ്ങളും ഉള്‍പ്പെടും. ആവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്നു പറയുമ്പോള്‍ത്തന്നെ ചില സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തനങ്ങള്‍ ആഖ്യാനത്തിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉദാഹരണമായി പറയുന്നത് ചാള്‍സ് ഡിക്കന്‍സിന്റെ പ്രശസ്തമായ A Tale of Two Cities' എന്ന നോവലിന്റെ ആരംഭമാണ്. "It was the best of times, it was the worst of times, it was the age of wisdom, it `was the age of foolishness, it was the epoch of belief, it was the spring of hope, it was the winter of despair...’ ഇവിടെ ആവര്‍ത്തിക്കപ്പെടുന്ന ‘it was’ അനുചിതമോ അഭംഗിയോ ആകുന്നില്ല. ഭാഷയെ എപ്രകാരം കൈകാര്യം ചെയ്യണമെന്നു മനസ്സിലാക്കിയാല്‍ എഴുത്തുകാര്‍ക്ക് തങ്ങളുടെ കൃതികളില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാം.
ഉലാവ് എച്ച് ഹേഗ് തന്റെ കാവ്യജീവിതത്തെ വിലയിരുത്തിക്കൊണ്ട് ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു: ''ഞാനിപ്പോഴും അസ്തിവാരത്തിനു കല്ല് നിരത്തുന്നതേയുള്ളൂ. മുകളില്‍ വരാന്‍ പോകുന്ന വീടിനെക്കുറിച്ച് എനിക്കു സ്വപ്നം കാണാനേ കഴിയൂ.'' തീര്‍ച്ചയായും പൂര്‍ണതയെന്നത്, പരിപൂര്‍ണസംതൃപ്തി എന്നത് എഴുത്തില്‍ സാധ്യമല്ല. അകലെയെങ്ങോ ഉള്ള പൂര്‍ണതയുടെ ആ ചക്രവാളത്തിലേക്കെത്തിച്ചേരാനുള്ള പ്രയാണമാണ്, പരിശ്രമമാണ് ഓരോ എഴുത്തുകാരുടെയും സര്‍ഗജീവിതം.
കൃത്യമായ വാക്കിനുവേണ്ടിയുള്ള ഗുസ്താവ് ഫ്‌ളോബേറിന്റെ അന്വേഷണം ഏറെ പ്രശസ്തമാണ്. ഒരു വാചകം തിരുത്തിക്കൊണ്ട് ഒരു പകല്‍ മുഴുവന്‍ ചെലവിടാന്‍ അദ്ദേഹത്തിനു മടിയുണ്ടായിരുന്നില്ല. ശേഷം രാത്രിയില്‍ ചിലപ്പോള്‍ ആ വാചകം വെട്ടിക്കളഞ്ഞെന്നും വരാം. ലോകപ്രശസ്തമായിത്തീര്‍ന്ന 'മദാം ബോവറി' ഏഴു തവണയാണ് ഫ്‌ളോബേര്‍ മാറ്റിയെഴുതിയത്. അത്രയേറെ തല പുകച്ചാണ് എഴുത്തുകാര്‍ മഹത്തായ കൃതികള്‍ സൃഷ്ടിക്കുന്നത്. 'തലയോട്ടിക്കുള്ളിലെ തീജ്വാലയാണു വാക്ക്' എന്നു കെ. പി. അപ്പന്‍ പറയുന്നുണ്ട്. ആ അഗ്നിയെ നിരന്തരം ജ്വലിപ്പിച്ചുനിര്‍ത്താനാണ് ഓരോരുത്തരും തങ്ങളുടെ എഴുത്തുവഴികളില്‍ അത്യധ്വാനം ചെയ്യുന്നത്.
എഴുത്ത്, വിശേഷിച്ചും സര്‍ഗാത്മകസാഹിത്യസൃഷ്ടി, ഒട്ടുമേ ലളിതമായൊരു പ്രക്രിയയല്ല. 'ഒരു സങ്കീര്‍ത്തനംപോലെ' എന്ന ഉജ്ജ്വലകൃതിയുടെ രചനാകാലത്തെക്കുറിച്ച് പെരുമ്പടവം ഓര്‍മിക്കുന്നതിങ്ങനെ: 'പച്ചക്കാടിനു തീ പിടിച്ചതുപോലെയായിരുന്നു ആ ദിവസങ്ങള്‍. ആറു മാസത്തോളം മുറിയടച്ചിരുന്ന്  ഒരു തപസ്സുതന്നെയായിരുന്നുവത്. ഭാര്യയും മക്കളുംപോലും ആ ദിവസങ്ങളില്‍ അടുത്തുവന്നിരുന്നില്ല. പുറത്തു ചോറു വിളമ്പി വയ്ക്കും. ഇടയ്ക്കു വന്നു കഴിച്ചുമടങ്ങും.' വായനക്കാരന്റെ ഹൃദയത്തില്‍ ശാശ്വതമായൊരിടം നേടിയിട്ടുള്ള ഏതു പുസ്തകവും എടുത്തുനോക്കിക്കോളൂ, അതില്‍ എഴുത്തുകാരന്റെ ആത്മാര്‍പ്പണത്തിന്റെ മുദ്ര കാണാം. വാലസ് സ്റ്റീവന്‍സിന്റെ അഭിപ്രായത്തില്‍, 'ആളുകളെ ജീവിക്കാന്‍ സഹായിക്കുകയാണ് എഴുത്തുകാരുടെ  കര്‍ത്തവ്യം.' അതിസാധാരണമെന്നും അര്‍ത്ഥശൂന്യമെന്നും തോന്നുന്ന ജീവിതത്തെ എഴുത്തുകാര്‍ വാക്കിന്റെ നക്ഷത്രങ്ങള്‍കൊണ്ടലങ്കരിക്കുമ്പോള്‍ ജീവിതത്തിന് അനന്യമായ സൗന്ദര്യവും ആഴവും ഉണ്ടാകുന്നു.  വാക്കുകള്‍ തേടിയിറങ്ങിയ ദൈവത്തിനു ലഭിച്ചതു നക്ഷത്രങ്ങളായിരുന്നു. നക്ഷത്രങ്ങളെ സൃഷ്ടിച്ചതു ദൈവമായിരുന്നതിനാല്‍ ദൈവത്തിനതില്‍ പുതുമ തോന്നിയില്ല. 'ദൈവം അതു കവികള്‍ക്കായി വീതിച്ചുകൊടുത്തു' എന്നു സില്‍വിയ പ്ലാത്ത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)