എല്ലാവര്‍ക്കുമാ യുള്ള മുറിയിലേക്കു നയിക്കുന്ന പാതി തുറന്ന ഒരു വാതിലാണ് ഓരോ വ്യക്തിയും.
പാതിമാത്രം പൂര്‍ത്തിയായ ഒരു സ്വര്‍ഗമാണു ലോകം. അനിശ്ചിതത്വത്തിന്റെ രാജ്യം. തടാകം ഭൂമിയിലേക്കുള്ള ഒരു ജാലകമാണ്. അവിടെ കണ്ട കാഴ്ചകള്‍ പരിണമിച്ചതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ സ്വീഡിഷ് കവിയായിരുന്നടോമസ് ട്രാന്‍സ്ട്രോമറുടെ കവിതകള്‍. ഇരുപതാം നൂറ്റാണ്ടിലെ നാല് മികച്ച സ്വീഡിഷ് കവികളില്‍ ഒരാളായും അദ്ദേഹം വിലയിരുത്തപ്പെടുന്നു. 'ശ്രേഷ്ഠന്‍' എന്ന വാക്കിനോട് അദ്ദേഹത്തിനു മമതയില്ലായിരുന്നു. മാത്രമല്ല, ജനപ്രിയമായ നേട്ടങ്ങളില്‍നിന്നകന്നു വളരെ സ്വകാര്യമായി തന്റെ കുടുംബത്തിനൊപ്പം എപ്പോഴും ജീവിതം നയിച്ച കവിയായിരുന്നു ടോമസ് ട്രാന്‍സ്ട്രോമര്‍.
1931 ഏപ്രില്‍ 15 ന് സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ ജനിച്ച ടോമസ് ട്രാന്‍സ്‌ട്രോമറിന് മൂന്നു വയസ്സുള്ളപ്പോള്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. അതിനുശേഷം അമ്മയോടൊപ്പം താമസിച്ചിരുന്നത് സ്റ്റോക്ക്‌ഹോമിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ്. അദ്ദേഹം സ്റ്റോക്ക്‌ഹോം സര്‍വകലാശാലയില്‍ സാഹിത്യവും മനഃശാസ്ത്രവും പഠിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കുറ്റവാളികള്‍ക്കുവേണ്ടി സൈക്കോളജിസ്റ്റായി അദ്ദേഹം തന്റെ കരിയറിന്റെ ഭൂരിഭാഗവും ചെലവഴിച്ചു. ഒരു ഡസന്‍ കൃതികളുടെ രചയിതാവാണ് അദ്ദേഹം. ഒരു ഗദ്യസ്മരണികയും എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികള്‍ അമ്പതിലധികം ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഒരു സംസ്‌കാരത്തിലെ നല്ല കവിതയ്ക്ക് മറ്റൊരു സംസ്‌കാരത്തിലേക്കു യാത്ര ചെയ്യാനും എത്തിച്ചേരാനും കഴിയും എന്നതിന്റെ ഉജ്ജ്വലോദാഹരണമാണ് ടോമസ് ട്രാന്‍സ്ട്രോമറിന്റെ കവിതകള്‍. 2011 ല്‍ ട്രാന്‍സ്‌ട്രോമറിന് സാഹിത്യത്തിനുള്ള നൊബേല്‍സമ്മാനം ലഭിച്ചു. ഘനീഭവിച്ച, സുതാര്യമായ ബിംബങ്ങളിലൂടെ അദ്ദേഹം യാഥാര്‍ഥ്യത്തിലേക്കു വായനക്കാരെ ആനയിച്ചു.
ടോമസ് ട്രാന്‍സ്ട്രോമറിന് ഇമേജ് സൃഷ്ടിക്കാന്‍ വിചിത്രമായ ഒരു പ്രതിഭയുണ്ട്, അദ്ദേഹത്തിന്റെ ഭാഗത്തുനിന്നു പരിശ്രമമില്ലാതെതന്നെ കവിതകളില്‍ ഇമേജസ് കടന്നുവരുന്നു. അദ്ദേഹത്തിന്റെ കവിതകളെ റെയില്‍വേ സ്റ്റേഷനോടു റോബര്‍ട്ട് ബ്ലൈ ഉപമിക്കുന്നു. വലിയ ദൂരം ഓടി വന്ന തീവണ്ടികള്‍ ഒരു സ്റ്റേഷനില്‍ അല്പനേരം നില്‍ക്കുന്നു. മഞ്ഞും പൂക്കളും വഹിച്ചുവരുന്ന തീവണ്ടികള്‍പോലെ ബിംബങ്ങള്‍ നിറഞ്ഞ കവിതകള്‍ അദ്ദേഹം എഴുതി. ആ കവിതകള്‍ നിഗൂഢമാണ്. കാരണം, ബിംബങ്ങള്‍ അവിടെയെത്താന്‍ ഒരുപാടുദൂരം സഞ്ചരിച്ചിട്ടുണ്ട്. കവിതയില്‍ നിഗൂഢതയുണ്ടാകണമെന്നു മല്ലാര്‍മെ വിശ്വസിച്ചു. ആവശ്യമെങ്കില്‍ കവിതയെ യഥാര്‍ഥലോകത്തില്‍ അതിന്റെ സന്ദര്‍ഭവുമായി ബന്ധിപ്പിക്കുന്ന കണ്ണികള്‍ നീക്കം ചെയ്തുകൊണ്ട് അവയെ കൂടുതല്‍ നിഗൂഢമാക്കാന്‍ മല്ലാര്‍മെ കവികളെ പ്രേരിപ്പിച്ചു. ട്രാന്‍സ്ട്രോമറിന്റെ കവിതകളില്‍, ലൗകികലോകത്തിലേക്കു ബന്ധിപ്പിക്കുന്ന കണ്ണി ശാഠ്യത്തോടെ സൂക്ഷിച്ചിരിക്കുന്നു. എന്നിട്ടും പല വായനകളിലും നിഗൂഢതയും ആശ്ചര്യവും ഒരിക്കലും മങ്ങുന്നില്ല. നമ്മുടെ ബോധത്തിലോ ഓര്‍മയിലോ അടരടരായി അനുഭവങ്ങളുണ്ടെന്നു പറയാം. അത് നമ്മുടെ ജീവിതാനുഭവത്തോടൊപ്പം പ്രവര്‍ത്തിക്കുന്നു, പക്ഷേ, അതു നമ്മുടെ ജീവിതത്തില്‍നിന്ന് ഒന്നും വലിച്ചെടുക്കുന്നില്ല. അത് ഒരുപക്ഷേ പഴയതായിരിക്കാം. മനുഷ്യന്‍ പ്രപഞ്ചത്തെ അനുഭവിക്കുകയാണ് എന്നു ട്രാന്‍സ്‌ട്രോമര്‍ പറയുന്നു. കവിതയ്ക്ക് ഭാരമേറിയതും ദുര്‍ബലവുമായ ഉപകരണമൊന്നും ആവശ്യമില്ല എന്ന് അദ്ദേഹം വിശ്വസിച്ചു.
ട്രാന്‍സ്ട്രോമര്‍ വളരെ ഔപചാരികമായ കവിതകള്‍ എഴുതിക്കൊണ്ടാണ് കാവ്യജീവിതം ആരംഭിക്കുന്നത്. പിന്നിട് അദ്ദേഹം അനുഭവതീവ്രതകളെ വാക്കുകളുടെ നീരുറവകളില്‍ ഉള്‍ക്കൊള്ളിക്കുന്നു. നമ്മുടെയുള്ളില്‍ എവിടെയോ പ്രതിധ്വനിക്കുന്ന വികാരങ്ങളുമായി അവ പ്രത്യക്ഷമായും ബന്ധപ്പെട്ടിരിക്കുന്നു. ചില കലാസൃഷ്ടികള്‍ ലോകത്തെ വേര്‍തിരിക്കുന്ന അതിരുകള്‍ കടക്കുന്നു. അത്തരത്തിലുള്ള ഒരു കവിതയില്‍ ഒരു ആംപ്ലിഫയറും നിശ്ശബ്ദതയും, ഒരു ഭൂഗര്‍ഭഗാരേജും പൂക്കളും, നിസ്സാരമായ ബാഹ്യലോകവും നിഗൂഢമായ ഒരു അധോലോകവും ഉള്‍പ്പെട്ടേക്കാം. ഈ ഇരട്ടലോകത്ത് ഒരാളുടെ സമനില നിലനിറുത്തുന്നതു ബുദ്ധിമുട്ടാണ്. അതുകൊണ്ട്, എല്ലാ വാചാടോപങ്ങളും ഉപേക്ഷിക്കുന്നതാണു നല്ലത്.
കവികള്‍ 'അദൃശ്യതയുടെ തേനീച്ചകള്‍' എന്ന രൂപകം സൃഷ്ടിച്ചത് കവി റില്‍ക്കെയാണ്. അദൃശ്യമായതില്‍നിന്നു തേനുണ്ടാക്കുന്ന തേനീച്ചയെപ്പോലെയാണു കലാകാരന്‍. അയാള്‍ സ്വന്തം ഭൗമികചരിത്രത്തോടടുത്തുനില്‍ക്കുമ്പോഴും ആത്മീയതയിലേക്കും അദൃശ്യതയിലേക്കും നീങ്ങുന്നുവെന്ന് ട്രാന്‍സ്ട്രോമര്‍ സൂചിപ്പിക്കുന്നു. ഒരു കലാകാരന്‍ എന്ന നിലയില്‍ താന്‍ ഓര്‍മയുടെ ലോകത്തിലേക്കു കടക്കാനുള്ള ഒരു മാര്‍ഗം മാത്രമാണെന്നദ്ദേഹം വിശ്വസിച്ചു. മരിച്ചവര്‍ 'അവരുടെ ഛായാചിത്രങ്ങള്‍ വരയ്ക്കാന്‍ ആഗ്രഹിക്കുന്നു' എന്ന് പതിനേഴാം വയസ്സില്‍പോലും അദ്ദേഹത്തിന് അറിയാമായിരുന്നു. നാം ഭൂതകാലത്തിലേക്കു നോക്കി ജീവിക്കുന്നവരാണെന്നദ്ദേഹം പറയുന്നു. അതുകൊണ്ട്, ഓര്‍മയാണു നമ്മള്‍. അദ്ദേഹത്തിന്റെ കവിത 72 ലെ ഡിസംബര്‍സായാഹ്നം തുടങ്ങുന്നതുതന്നെ ഈ നിമിഷം ജീവിക്കാന്‍ ആഗ്രഹിക്കുന്ന ചില വലിയ ഓര്‍മയുടെ പ്രവര്‍ത്തനത്തില്‍, അദൃശ്യനായ മനുഷ്യന്‍ ഇതാ ഞാന്‍ വരുന്നു എന്നു പറഞ്ഞുകൊണ്ടാണ്. ട്രാന്‍സ്ട്രോമര്‍ 'ഓര്‍മ'യുടെ ഗംഭീരവും നര്‍മബോധമുള്ളതുമായ ഒരു സേവകനായിരുന്നു. സ്വീഡന്റെ കിഴക്കന്‍തീരത്തുള്ള ഒരു ദ്വീപായ റണ്‍മാരോയിലെ ബാല്യകാലഭവനത്തിലേക്ക് അവന്‍ വീണ്ടും വീണ്ടും മടങ്ങുന്നു. ട്രാന്‍സ്ട്രോമര്‍ കവിതയില്‍ സ്വന്തം ജീവിതം ഉപേക്ഷിക്കുന്നില്ല. കഠിനമാസങ്ങളില്‍ എന്റെ ജീവിതം തീ പിടിച്ചത് നിന്നെ പ്രണയിച്ചിട്ടായിരുന്നു (Fire Script).. ജീവിതം പൊയ്‌ക്കൊണ്ടേയിരിക്കുന്നു. ഭാവി അജ്ഞാതമാണ്. ചിലര്‍ക്ക് ബോട്ടുകള്‍ ജീവിതവും മരണവുമായി മാറുന്നു. മരിച്ചവരെക്കുറിച്ച് എഴുതുന്നതുപോലും വരാനിരിക്കുന്നതിന്റെ ഭാരത്തില്‍നിന്ന് വിരസമായി മാറുന്ന ഒരു നാടകംകൂടിയാണ്. ഞാന്‍ ശൂന്യനല്ല, ഞാന്‍ തുറന്നിരിക്കുന്നു എന്നു പറയാന്‍ അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹം തന്നെക്കുറിച്ചുതന്നെ സംസാരിക്കുന്നുവെന്ന് റോബര്‍ട്ട് ബ്ലൈ എഴുതുന്നു.
സ്വീഡന്‍ പ്രശസ്തമായ ഒരു ക്ഷേമരാഷ്ട്രമാണ്. സ്വീഡിഷ് ജനത ഒരു ഐശ്വര്യസമൂഹമാണ്. ഒരു പക്ഷേ, ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ഇച്ഛാശക്തിയും സമ്പത്തുമുള്ള ചരിത്രത്തിലെ ആദ്യത്തെ സമൂഹമാണത്. എന്നാല്‍, ഇന്നത് നമ്മുടേതുപോലെയുള്ള ഒരു സാങ്കേതികവിദ്യാസമൂഹമാണ്. സ്വീഡന് വളരെ വികസിതമായ ഒരു സാങ്കേതികവിദ്യയുണ്ടെന്ന വസ്തുത ട്രാന്‍സ്‌ട്രോമറിന്റെ അവസാനകാലകവിതകളില്‍ ദൃശ്യമാണ്. അദ്ദേഹം സാങ്കേതികവിദ്യയെ നാടുകടത്തുന്നില്ല. എന്നാല്‍, സാങ്കേതികവിദ്യ കവിതയില്‍ ആധിപത്യം പുലര്‍ത്താന്‍ അനുവദിക്കുന്നുമില്ല. 2015 മാര്‍ച്ച് 26 ന് സ്റ്റോക്ക്‌ഹോമില്‍വച്ച് ട്രാന്‍സ്‌ട്രോമര്‍ അന്തരിച്ചു. എങ്കിലും, എഴുതിയ കവിതകളിലൂടെ അദ്ദേഹം ജീവിക്കുന്നു.