വരദാനങ്ങളുടെ ദാതാവായ പരിശുദ്ധറൂഹായെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. സഹായകനും സ്ഥൈര്യദായകനുമായ പരിശുദ്ധാത്മാവിന്റെ സാന്നിധ്യമാണ് കുടുംബങ്ങള്‍ക്കു നിലനില്പു നല്കുന്നത്. ദൈവത്താല്‍ പടുത്തുയര്‍ത്തപ്പെട്ട കുടുംബജീവതത്തിനു കെട്ടുറപ്പു പ്രദാനം ചെയ്യുന്നത് അവിടുത്തെ ആത്മാവാണ്. അധ്യാപകനായ ആത്മാവാണ് ദൈവികമായ പ്രബോധനങ്ങളും പാഠങ്ങളും നമ്മെ പഠിപ്പിക്കുന്നത്. ജോര്‍ദാന്‍ നദിയിലും സെഹിയോന്‍ശാലയിലുമൊക്കെ ആവസിച്ച ദൈവാത്മാവ് ക്രിസ്തീയകുടുംബങ്ങളിലും വന്നു വസിക്കണം. എങ്കില്‍മാത്രമേ, അവിടെയൊക്കെ നവീകരണവും ശുദ്ധീകരണവും യഥാകാലം നടക്കുകയുള്ളൂ. പൈശാചികബന്ധനങ്ങളും പാപസാഹചര്യങ്ങളും കുടുംബത്തില്‍നിന്നു വിട്ടുമാറാന്‍ വിടുതലിന്റെ ആത്മാവിന്റെ ശക്തമായ അഭിഷേകം കൂടിയേതീരൂ. അരുതാത്തവയെയൊക്കെ അകറ്റിനിര്‍ത്താനും, ആവശ്യമായവയെയൊക്കെ അന്യംനിന്നുപോകാതെ സംരക്ഷിക്കാനും കര്‍ത്താവിന്റെ ആത്മാവിനേ കഴിയൂ. പരിശുദ്ധ ത്രിത്വത്തെ സ്‌നേഹത്തിന്റെ സുവര്‍ണനൂലുകൊണ്ട് കോര്‍ത്തിണക്കുന്ന അവിടുന്നാണ് ഒരുമയില്‍ ജീവിക്കാന്‍ കുടുംബാംഗങ്ങളെ പ്രാപ്തരാക്കുന്നത്. ചേര്‍ച്ചയുടെ ആത്മാവിന്റെ അസാന്നിധ്യത്തിലാണ് കുടുംബങ്ങളില്‍ പലപ്പോഴും സ്വരച്ചേര്‍ച്ചയും മനച്ചേര്‍ച്ചയും ഇല്ലാതെ പോകുന്നത്. ദൈവികമായവയുടെ ശോഷണം കുടുംബങ്ങലില്‍ സംഭവിക്കുന്നത് പരിശുദ്ധാത്മാവിന്റെ അഭാവംമൂലമാണ്. റൂഹാവിചാരമുള്ള ഇടങ്ങള്‍ സ്വര്‍ഗീയമായ വരങ്ങളൂം ദാനങ്ങളുംകൊണ്ടു നിറയും. ആകയാല്‍, ആത്മാവിന്റെ നിയന്ത്രണത്തിനു കുടുംബങ്ങളെ മുഴുവനായും വിട്ടുകൊടുക്കുക. അടുക്കളയില്‍ കത്തുന്ന അഗ്നിക്ക് കുടുംബത്തില്‍ നിറയുന്ന കര്‍ത്താവിന്റെ ആത്മാവിന്റെ അഗ്നിയുടെ പ്രഭയുണ്ടാകട്ടെ. പ്രാവായ പരിശുദ്ധാത്മാവിന്റെ ഇരുചിറകുകളുമായിരിക്കട്ടെ ക്രിസ്തീയകുടുംബങ്ങളുടെ മേല്‍ക്കൂര. 'പരിശുദ്ധാത്മാവേ നീയെഴുന്നള്ളി...' എന്ന പരിചിതമായ പഴയ ഗാനം കുടുംബങ്ങളില്‍ പാടുന്നത് ഉചിതമായിരിക്കും.