പടയാളികള്‍ക്കും പരിസേവകര്‍ക്കും പരിഹാസപാത്രമായി പ്രത്തോറിയത്തില്‍ അവന്‍ നിന്നു. കാട്ടുജന്തുക്കളുടെ കൂട്ടത്തിലകപ്പെട്ട ഒരു ആട്ടിന്‍കുട്ടിയെപ്പോലെ ആ കാപാലികരുടെ ക്രൂരവിനോദങ്ങള്‍ക്ക് ആ ഇരവില്‍ അവന്‍ ഇരയായി. പുച്ഛംപൂണ്ട നോട്ടവും പഥ്യമല്ലാത്ത പദപ്രയോഗങ്ങളുംകൊണ്ട് അവര്‍ അവനെ അങ്ങേയറ്റം അവഹേളിച്ചു. തന്റെ വാക്കുകളെ വൈദ്യമാക്കിയവന്റെ നേര്‍ക്ക് വാക്കുകളുടെ വാള്‍ത്തലകള്‍ വീശി അവര്‍ വിനോദിച്ചു. മൊഴിയെണ്ണകൊണ്ട് സുഖപ്പെടുത്തിയവനെ മൊഴിമുനകള്‍കൊണ്ട് അവര്‍ മുറിപ്പെടുത്തി. നാവിന്റെ കെട്ടുകളഴിച്ചവനെ നാവുകളാല്‍ത്തന്നെ അവര്‍ നിന്ദിച്ചു. അപസ്തുതികള്‍ പാടി അപമാനിച്ചു. ഒരു കോമാളിയുടെ മുമ്പിലെന്നപോലെ അവന്റെ മുമ്പില്‍ പ്രണമിച്ചു തമസ്‌കരിച്ചു. മനുഷ്യനെന്ന മാന്യതപോലും അവര്‍ അവന് അനുവദിച്ചില്ല. അസഭ്യവര്‍ഷത്തിന്റെ അങ്കിയുടുപ്പിച്ചു. അവനെ അണിയിച്ച അരുണവസ്ത്രവും കൈയില്‍ കൊടുത്ത ഞാങ്ങണയും പരിഹാസത്തിന്റെ പര്യായങ്ങളായി. ഭാരമുള്ള ഒരു പരിഹാസഹാരംതന്നെ അവര്‍ അവനെ ചാര്‍ത്താതെ ചാര്‍ത്തി. തന്നെ ചുറ്റിപ്പിടിച്ച ചാട്ടവാറുകളിലെ ചീളുകളും കുന്തമുനകളുമൊക്കെ ഏല്പിച്ചതിനെക്കാള്‍ കഠോരമായ വേദന അവരുടെ നാവിന്‍തുമ്പുകളില്‍നിന്ന് അവന്‍ അനുഭവിച്ചു. എന്നിട്ടും, പൊടിക്കുഞ്ഞിനെപ്പോലും പരിഹസിക്കരുതെന്നു പഠിപ്പിച്ചവന്‍ അവയെല്ലാം സൗമ്യമായി സഹിച്ചു.
ചില 'പ്രത്തോറിയം' അനുഭവങ്ങള്‍ നമ്മുടെ ജീവിതത്തിലും ഉണ്ടാവും. നിന്ദനമേറ്റു നാം ഒന്നുമല്ലാതായിപ്പോയ നിമിഷങ്ങള്‍. പടുത്തുയര്‍ത്തിയ നിലയും വിലയുമൊക്കെ പൊടുന്നനേ പുഴയൊഴുക്കില്‍പ്പെട്ടുപോയ അവസ്ഥ. വട്ടപ്പേരുള്ള കളിപ്പാട്ടമായി മറ്റുള്ളവര്‍ക്കുമുമ്പില്‍ മാറിയ അവസരങ്ങള്‍. സ്വകുടുംബത്തിലും സമൂഹത്തിലും പ്രവര്‍ത്തനമേഖലകളിലും അപമാനിക്കപ്പെട്ടതിന്റെ വ്രണങ്ങള്‍ ഇന്നും കരിയാതെ കിടക്കുന്നുണ്ടാവാം. അവയൊന്നും നമ്മുടെ രക്ഷകന്റേതിന്റെ ഒരംശംപോലും ഉണ്ടാവില്ല. അത്രമാത്രം അവാച്യമായ അവഹേളനത്തിന്റെ വഴിയിലൂടെയാണ് അവന്‍ നടന്നുനീങ്ങിയത്. നമ്മെ അപമാനിച്ചവരോടു നിരുപാധികം പൊറുക്കാം. ഒപ്പം, ആരെയെങ്കിലും പരിഹസിച്ചിട്ടുണ്ടെങ്കില്‍ പശ്ചാത്തപിക്കാം. പരിഹാസമല്ല, പരിമളഹാസമാണ് നസ്രായനെ നായകനാക്കിയിട്ടുള്ള നമുക്ക് ഇണങ്ങുന്നത്. ഒരുത്തരെയും അവഹേളിക്കരുത്. വാക്കുകളെ വാക്കത്തിയാക്കാതെ വൈദ്യമാക്കുക. സകലരിലും ദൈവികസാന്നിധ്യമുണ്ട്. സകലരെയും നമ്മേക്കാള്‍ മേന്മയുള്ളവരായി കാണാം. മറ്റുള്ളവരില്‍ നമ്മുടെ മുഖം കാണാന്‍ കഴിഞ്ഞാല്‍ അവരെ അപമാനിക്കാന്‍ നമുക്കാവില്ല. കുറവുകളുടെ പേരില്‍ ആരെയും അവഹേളിക്കാതിരിക്കാം. വാക്കുകളെ വിശുദ്ധീകരിക്കാം. നിന്ദനവാക്കുകളുടെയല്ല, വന്ദനവചസുകളുടെ കലവറയാകട്ടെ ഇനിമുതല്‍ നമ്മുടെ വായ്. അധരങ്ങളുടെ അശുദ്ധിയെ അകറ്റാം. അതിനായി വചനപാരായണത്തെ ആശ്രയിക്കാം.