•  25 Apr 2024
  •  ദീപം 57
  •  നാളം 7
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

നിരാശതയുടെ കടവ്?

മ്മുടെ കൊച്ചുകേരളത്തില്‍ ഇത്രയധികം ഗാനരചയിതാക്കളോ? ഇവരൊക്കെ ഇത്രനാളും എവിടെപ്പോയി ഒളിച്ചിരുന്നു? ഓരോ ചലച്ചിത്രമിറങ്ങുമ്പോഴും ഒന്നല്ല രണ്ടും മൂന്നും പാട്ടെഴുത്തുകാരാണ് പുതുതായി രംഗപ്രവേശം ചെയ്യുന്നത്. ഉള്ളതു പറയാമല്ലോ, അവനില്‍ ഒരാള്‍പോലും പ്രതീക്ഷയുണര്‍ത്തുന്നില്ല.
''മുമ്പേ ഗമിച്ചീടിന ഗോവുതന്റെ
പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം'' എന്നു കുഞ്ചന്‍ നമ്പ്യാര്‍ 'ശ്രീകൃഷ്ണചരിതം' മണിപ്രവാളത്തില്‍ പാടിയത് അന്വര്‍ത്ഥമാക്കുന്ന വിധത്തിലാണ് ഏതാണ്ടെല്ലാ പാട്ടെഴുത്തുകാരുടെയും പ്രവര്‍ത്തനം.
അമ്മയുടെ അകാലവിയോഗമുണ്ടായപ്പോള്‍ അതു താങ്ങാനാവാത്ത മകന്റെ വീക്ഷണകോണിലൂടെ പിറന്ന ഒരു ഗാനം 'ഉള്‍ക്കാഴ്ച' എന്ന ചിത്രത്തിലൂടെ ഈയിടെ കേട്ടു. രചന- സുജ തിലകരാജ്; സംഗീതം - അജയ് രവി; ആലാപനം - വൈക്കം വിജയലക്ഷ്മി.
''അമ്മ മടങ്ങി മറഞ്ഞുപോയ്
മനസ്സാം ചില്ലുപാത്രമുടഞ്ഞുപോയ്
മോഹശലഭങ്ങള്‍ പറന്നുപോയ്
ചുവടുകള്‍ക്കടിയില്‍ മണലിടിയുന്നു
കരളടരുന്നു രണമുതിരുന്നു''
ഏത് അമ്മയുടെ മരണവും ആസ്വാദകന്റെ സ്വന്തം അമ്മയുടേതായി മാറണം. എങ്കില്‍മാത്രമേ കലാസൃഷ്ടി എന്ന നിലയില്‍ ഗാനം വിജയിച്ചു എന്നു പറയാനാവുകയുള്ളൂ. 'ബാലേട്ടന്‍' എന്ന ചിത്രത്തിനുവേണ്ടി ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഈ ഗാനം ശ്രദ്ധിക്കുക.
''ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു
മണ്‍വിളക്കൂതിയില്ലേ - കാറ്റെന്‍
മണ്‍വിളക്കൂതിയില്ലേ
കൂരിരുള്‍ക്കാവിന്റെ മുറ്റത്തെ മുല്ലപോല്‍
ഒറ്റയ്ക്കുനിന്നില്ലേ ഞാനിന്നൊറ്റയ്ക്കുനിന്നില്ലേ.''
ഇവിടെ നായകന്റെ അച്ഛന്റെ പ്രാണഹാനി ഓരോ പ്രേക്ഷകനും അനുഭവപ്പെട്ടു. നായകന്റെ ഒറ്റപ്പെടല്‍ ഓര്‍ത്ത് ദൃഷ്ടാക്കള്‍ കണ്ണീര്‍വാര്‍ത്തു, ഇത്തരത്തില്‍ ഒരു ചലനം സൃഷ്ടിക്കാന്‍ 'ഉള്‍ക്കാഴ്ച'യുടെ ഗാനരചയിതാവിനു കഴിഞ്ഞിട്ടില്ല. ഗദ്യപരിവേഷത്തോടെ ചിലരെല്ലാം പറഞ്ഞിരിക്കുന്നു എന്നു മാത്രം. അമ്മയുടെ ചരമത്തിനു പ്രാധാന്യം ലഭിച്ചുകൊള്ളട്ടെ എന്നു കരുതിയാവാം 'മടങ്ങി മറഞ്ഞു പോയ്' എന്നെഴുതിയത്. മടങ്ങി, മറഞ്ഞു ഇവയില്‍ ഒരു വാക്കുകൊണ്ടുതന്നെ ആശയം വ്യക്തമാകുമെന്നിരിക്കേ, രണ്ടുംകൂടി പ്രയോഗിച്ചു പുനരുക്തിദോഷം വരുത്തേണ്ടതുണ്ടായിരുന്നോ?
ചുവടുകള്‍ക്കടിയില്‍ മണ്ണുപോരാ മണല്‍ തന്നെ വേണമെന്ന് പാട്ടെഴുത്തുകാരിക്ക് എന്തേ ഇത്ര നിര്‍ബന്ധം? മനസ്സാം ചില്ലുപാത്രമുടഞ്ഞുപോയി എന്നു രണ്ടാമത്തെ വരിയില്‍ വ്യക്തമായി പറഞ്ഞതാണ്. അതിനാല്‍ പിന്നീട് കരളടരുന്നു എന്നുകൂടി പ്രയോഗിച്ചതിന്റെ പ്രസക്തി മനസ്സിലാകുന്നില്ല. കരളടര്‍ന്നാല്‍ രണമുതിരും; സമ്മതിച്ചു. എങ്കിലും, തീരാനൊമ്പരത്തെ സൂചിപ്പിക്കാന്‍ അങ്ങനെ എഴുതേണ്ടതുണ്ടോ എന്ന സംശയവും ബാക്കിനില്ക്കുന്നു.
''വിതയ്ക്കുന്നു നനയ്ക്കുന്നു വളമേകി വളര്‍ത്തുന്നു
മോഹത്തിന്‍ വിത്തുകള്‍ നമ്മള്‍
കാലമാം മാന്ത്രികന്‍ പിഴുതെറിയുമ്പോള്‍
നിരാശതന്‍ കടവിറങ്ങുന്നു നമ്മള്‍
വീണ്ടും വിതയ്ക്കുന്നു തളിര്‍ക്കുന്നു
ജീവിതമെന്നതിനെ വിളിക്കുന്നു.''
അമ്മ അകാലത്തില്‍ പൊലിയുന്നതിന്റെ ദുഃഖം ഈ അനുപല്ലവിയിലെത്തുമ്പോള്‍ വഴിമാറിപ്പോകുന്നു. തെല്ലു തത്ത്വചിന്തയ്ക്കു പ്രാധാന്യം നല്‍കാനാണിവിടെ പാട്ടെഴുത്തുകാരിയുടെ ശ്രമം. അതാകട്ടെ, ശരിയായ വിധത്തിലല്ല താനും. മോഹത്തിന്റെ വിത്തുകള്‍ വിതച്ചു നനച്ചു വളമേറ്റി വളര്‍ത്തുമ്പോള്‍ അവ കാലമാം മാന്ത്രികന്‍ പിഴുതെറിയുന്നതത്രേ. അങ്ങനെ നട്ട നമ്മള്‍ ഉടനെ നൈരാശ്യത്തിന്റെ കടവിലിറങ്ങുന്നതുപോലും. ആശയറ്റവന്‍ നിരാശന്‍; ആശയറ്റവള്‍ നിരാശ; നിരാശന്റെയോ നിരാശയുടെയോ അവസ്ഥ നിരാശതയാണ്. നിരാശതയുടെ കടവായാലും ഇറങ്ങുന്നതിന്റെ പ്രസക്തിയാണു മനസ്സിലാകാത്തത്. ജീവിതത്തെ ഗാനത്തിലൂടെ നിര്‍വചിക്കാനാണ് ഗാനരചയിത്രിയുടെ ശ്രമം. നാട്ടുഭാഷയില്‍ പറഞ്ഞാല്‍ അതു ചീറ്റിപ്പോയി. ചുരുക്കത്തില്‍, അടിമുടി പരാജയം ഏറ്റുവാങ്ങിയ ഗാനമാണിത്. ഇക്കാലത്തിറങ്ങുന്ന പാട്ടിന്റെ മകുടോദാഹരണം. എന്തിനാണ് ഇത്തരം പ്രഹസനങ്ങള്‍ എന്നു ചലച്ചിത്രകാരന്മാര്‍ ചിന്തിക്കാത്തതാണു കഷ്ടം!

 

Login log record inserted successfully!