•  21 Nov 2024
  •  ദീപം 57
  •  നാളം 37
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

വെറും മൂഢസ്വര്‍ഗത്തില്‍

കാശവും ഭൂമിയും മറ്റും ഓരോരോ ദിവസങ്ങളിലായി സൃഷ്ടിച്ചശേഷം ദൈവം ആറാം നാളിലാണ് മനുഷ്യനെ സൃഷ്ടിച്ചതെന്നു ബൈബിള്‍ പുതിയ നിയമത്തില്‍ പറയുന്നു. മണ്ണുകൊണ്ടു മനുഷ്യനെ മെനഞ്ഞുണ്ടാക്കി മൂക്കില്‍ ശ്വാസം ഊതിയാണു ജീവന്‍ നല്കിയത്. അമ്മയെക്കുറിച്ചുള്ള അര്‍ത്ഥവത്തായ ഗാനത്തില്‍.

''ആദിയില്‍ ഭൂമിയും മാനവും തീര്‍ത്തതു ദൈവമായിരിക്കാം
ആറാം നാളില്‍ മനുഷ്യനെത്തീര്‍ത്തതും ദൈവമായിരിക്കാം''
(ചിത്രം - ചായം) എന്നു വയലാര്‍ രാമവര്‍മ പാടിയത് ഈ പശ്ചാത്തലത്തിലാണ്. അങ്ങനെ ആറാം നാളിന്റെ പ്രസക്തിയെക്കുറിച്ച് ഒരു ഗാനത്തിലൂടെ നമുക്കു മനസ്സിലാക്കുവാന്‍ സാധിച്ചു. എന്നാല്‍, ഈ അടുത്ത കാലത്തു പ്രദര്‍ശനത്തിനു വന്ന 'വിശുദ്ധ മെജോ' എന്ന ചിത്രത്തില്‍ ഇത്തരം സങ്കല്പത്തെ പാടേ അവഗണിച്ചുകൊണ്ടാണ് ആറാം നാളിനെക്കുറിച്ചു പറഞ്ഞിരിക്കുന്നത് കാണുക:
''ആറാംനാള്‍ സന്ധ്യയ്ക്ക്
ആറരേടെ വണ്ടിക്ക്
ഒപ്പമിരുന്നു നാം
പാട്ടു പകുത്തില്ലേ
ഒറ്റയ്ക്കിരുന്നു നാം
കാറ്റു പകുത്തില്ലേ'' (ഗാനരചന-സുഫൈല്‍ കോയ; സംഗീതം - ജസ്റ്റിന്‍ വര്‍ഗീസ്; ആലാപനം - വിപിന്‍ലാല്‍, മീര ജോണി)
ഏഴു ദിവസങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഒരാഴ്ച എന്ന കണക്കനുസരിച്ചാണെങ്കില്‍ ആറാംനാള്‍ ശനിയാഴ്ചയായിരിക്കും. ചില ദിവസങ്ങളുടെ പേരുകള്‍ എടുത്തുപറഞ്ഞുകൊണ്ടുള്ള ഗാനങ്ങള്‍ പിറന്ന ചരിത്രമാണ് നമ്മുടെ ഭാഷയ്ക്കു പറയാനുള്ളത്. ചിലതു ചൂണിക്കാണിക്കാം.
1) ''തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ
  തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും ഞാന്‍'' (ചിത്രം - കൂട്ടുകുടുംബം)
2) ''ഞായറാഴ്ചകള്‍ നമ്മുടെ സഖികള്‍
  പ്രണയഗാഥ പാടിവരും കൂട്ടുകാരികള്‍'' 
  (ചിത്രം - ജിമ്മി)
3) ''വെള്ളിയാഴ്ചനാള്‍ ചന്ദ്രനെ കണ്ടാല്‍
  വെളുക്കുവോളം വിരുന്ന്'' (ചിത്രം-ശിക്ഷ)
'വിശുദ്ധ മെജോ' എന്ന ചിത്രത്തിലെ ഗാനത്തില്‍ അവ്യക്തമായി ആറാംനാള്‍ പ്രയോഗിക്കപ്പെട്ടിരിക്കുന്നു. ആ ദിവസം സന്ധ്യയ്ക്ക് ആറരേടെ വണ്ടിക്ക് ഒപ്പമിരുന്നു നായികാനായകന്മാര്‍ രണ്ടുപേരും പാട്ടു പകുത്തതു മനസ്സിലാക്കാം. യുഗ്മഗാനമായിരിക്കാം പാടിയത്. എന്നാല്‍, ഒറ്റയ്ക്കിരുന്ന് അവര്‍ കാറ്റു പകുത്തതിന്റെ പൊരുള്‍ എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല. ഒറ്റയ്ക്ക് എന്നു വച്ചാല്‍ തനിച്ച് എന്നാണല്ലോ അര്‍ത്ഥം. ഇവിടെ രണ്ടുപേരെക്കുറിച്ചു പറയുന്നു. എന്നു മാത്രമല്ല, ഗാനചിത്രീകരണത്തില്‍ നാം അവരെ കാണുന്നുമുണ്ട്. അപ്പോള്‍ 'ഒറ്റയ്ക്കിരുന്നു നാം കാറ്റു പകുത്തു' എന്നെഴുതിയത് ഭാഷയെ അവഹേളിക്കുന്നതിനു തുല്യമായി.
''ഏഴാംനാളൊരുച്ചയ്ക്ക്
എന്റെ കൂടെ കൊച്ചിക്ക്
ഒട്ടിയിരുന്നു നാം നീരു പകുത്തില്ലേ
ഒന്നിച്ചിരുന്നു നാം ചേലു പകുത്തില്ലേ''
ഈ പാട്ടിന്റെ രചയിതാവിന് ഏതു ദിവസമാണെന്നു നേരെയങ്ങു പറയുന്നത് ഇഷ്ടമല്ല. അതിനുപകരം ആറാംനാള്‍, ഏഴാംനാള്‍ എന്നൊക്കെ മാത്രമേ അദ്ദേഹം പറയൂ. നേരത്തേ ആറാം നാളിനെക്കുറിച്ചു സൂചിപ്പിച്ചതിനാല്‍ ഏഴാംനാള്‍ പിറ്റേന്നാണെന്നു കരുതാം. അന്ന് ഉച്ചയ്ക്ക് കൊച്ചിക്കു പോയ 'കഥ'യാണു മുകളില്‍ എടുത്തെഴുതിയ വരികളില്‍. എന്തു നീരാണാവോ അവര്‍ ഒട്ടിയിരുന്നു പകുത്തത്? എന്തായാലും ഇവിടെ ഒറ്റയ്ക്കിരുന്നു രണ്ടാളും പകുത്തില്ലല്ലോ. അത്രയും ആശ്വാസം!
''പിറ്റേന്നാളൊരോരത്തു
പറ്റിനിന്ന നേരത്തു
ഒപ്പമിരുന്നു നാം വഞ്ചി പകുത്തില്ലേ
ഓരത്തിരുന്നു നാം മഞ്ഞു പകുത്തില്ലേ''
ഇങ്ങനെ പരസ്പരം പകുത്തതിന്റെ പട്ടിക അവതരിപ്പിച്ച് ഗാനമാക്കി മാറ്റിയിരിക്കുന്നു പാട്ടെഴുത്തുകാരന്‍. ഗാനം പുരോഗമിക്കുന്തോറും കൂടുതല്‍ കൂടുതല്‍ ബാലിശമായിത്തീര്‍ന്നിരിക്കുന്നു എന്നതത്രേ എടുത്തുപറയേണ്ട വസ്തുത. ഇത്തരത്തില്‍ വാക്കുകള്‍ കുത്തിനിറച്ച് ഗാനമെന്ന വ്യാജേന പുറത്തിറക്കുകയാണ് അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍. ഇത്തരം വില കുറഞ്ഞ സാഹിത്യം കേട്ട് ആസ്വാദകര്‍ പുളകം ചൂടുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. അവര്‍ മൂഢസ്വര്‍ഗത്തിലാണെന്നു പറഞ്ഞുകൊള്ളട്ടെ.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)