ശ്യാമശാസ്ത്രി
സംഗീതത്രിമൂര്‍ത്തികളില്‍ ഒരാളാണ് ശ്യാമശാസ്ത്രി. തിരുവാരൂരില്‍ 1762-മാണ്ട് ജനനം. വെങ്കട സുബ്രഹ്മണ്യന്‍ എന്നാണ് യഥാര്‍ത്ഥ പേര്. ശ്യാമകൃഷ്ണന്‍ എന്ന ഓമനപ്പേര് ലോപിച്ച് ശ്യാമശാസ്ത്രിയായി. സംസ്‌കൃതം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ പാണ്ഡിത്യം സമ്പാദിച്ചു. സംഗീതസ്വാമി എന്നൊരു പണ്ഡിതന്‍ ശ്യാമകൃഷ്ണന്റെ സംഗീതാഭിരുചി മനസ്സിലാക്കുകയും പ്രാഥമികപാഠങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു. സംഗീതസംബന്ധിയായ വളരെ കാര്യങ്ങള്‍ അദ്ദേഹത്തില്‍നിന്നു മനസ്സിലാക്കി. സ്വാമികളുടെ നിര്‍ദ്ദേശാനുസരണം പച്ചിമിരിയം ആദിപ്പയ്യ എന്ന സംഗീതജ്ഞന്റെ ശിഷ്യത്വം സ്വീകരിച്ചു. സംഗീതമര്‍മ്മജ്ഞനായ ആദിപ്പയ്യയില്‍നിന്ന് ആലാപനത്തിലെ പല ദുരൂഹസംഗതികളും ശ്യാമശാസ്ത്രി ഹൃദിസ്ഥമാക്കി.
പിതാവിന്റെ മരണശേഷം കാഞ്ചീപുരം ക്ഷേത്രത്തിലെ പൂജാരിയായി. താമസിയാതെ ഗായകന്‍, വാഗ്ഗേയകാരന്‍ എന്നീ നിലകളില്‍ സുപ്രസിദ്ധനായി. വേണ്ടത്ര സ്വത്തും സുരക്ഷയും തഞ്ചാവൂര്‍ രാജാവില്‍നിന്നു ലഭിച്ചു. ത്യാഗരാജനെയും ദീക്ഷിതരെയുംപോലെ ദാരിദ്ര്യവും സാമ്പത്തികവിഷമതകളും ശ്യാമശാസ്ത്രിക്കുണ്ടായില്ല. ആയതിനാല്‍ സംഗീതാധ്യാപനത്തില്‍ വലിയ താത്പര്യം ശ്യാമശാസ്ത്രി കാട്ടിയില്ല. ശിഷ്യഗണങ്ങള്‍ ഉണെ്ടന്നല്ലാതെ ധാരാളംപേര്‍ ഉണ്ടായിരുന്നില്ല. ശാസ്ത്രികളും ത്യാഗരാജസ്വാമികളും സ്‌നേഹിതരായിരുന്നു. സ്വന്തം കൃതികളെക്കുറിച്ച് അവര്‍ പരസ്പരം ചര്‍ച്ചകള്‍ നടത്തുമായിരുന്നു. ഏറെ സൂക്ഷ്മമായും ഗൗരവത്തോടെയും ആലപിക്കേണ്ടതായ ശാസ്ത്രിയുടെ കൃതികള്‍ ശിഷ്യന്മാര്‍ വേണ്ടത്ര ഗൗരവത്തോടെ പാടാത്തതു ശ്രദ്ധിച്ച ത്യാഗരാജന്‍ അവരെ ശകാരിച്ചതായി പറയപ്പെടുന്നു. വളരെ ഗഹനങ്ങളായതും രാഗഭാവം മുറ്റിനില്ക്കുന്നതുമാണ് അദ്ദേഹത്തിന്റെ കൃതികള്‍. മുന്നൂറു കൃതികള്‍ മാത്രമേ അദ്ദേഹം രചിച്ചിട്ടുള്ളൂ. സാവേരി രാഗത്തിലുള്ള 'ജനനീനതജനപാലിനീ' ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യകൃതി. സ്വരജതികള്‍, വര്‍ണ്ണങ്ങള്‍, കീര്‍ത്തനങ്ങള്‍ എന്നിവ രചനകളില്‍പ്പെടുന്നു. മാഞ്ചി, കല്‍ഗഡ, ചിന്താമണി എന്നീ അപൂര്‍വ്വരാഗങ്ങള്‍ ആദ്യമായി പ്രയോഗിച്ചത് ശ്യാമശാസ്ത്രിയാണ്. ആനന്ദഭൈരവിരാഗവും മിശ്രചാപ്പ്താളവും അദ്ദേഹത്തിനു വലിയ ഹരമായിരുന്നു. 'മരിവേറെഗതി' 'ഓജഗദംബ' 'പാഹിശ്രീ' എന്നീ കൃതികള്‍ അതിനുദാഹരണമാണ്. മിക്കവാറും കൃതികളില്‍ ചിട്ടസ്വരങ്ങള്‍ ഉണ്ടാകും. മധുരമീനാക്ഷിയെ സ്തുതിച്ചുകൊണ്ട് രചിച്ച 9 കീര്‍ത്തനങ്ങള്‍ നവരത്‌നമാലികകീര്‍ത്തനങ്ങള്‍ എന്ന പേരിലറിയപ്പെടുന്നു.
സ്വതവേ സമാധാനപ്രിയനും സാത്വികനുമായിരുന്നു ശാസ്ത്രികള്‍. ഒരിക്കല്‍ അഹങ്കാരിയായ ബൊബ്ബിലി കേശവയ്യ എന്നൊരു സംഗീതജ്ഞന്‍ വിദ്വാന്മാരെ വെല്ലുവിളിച്ചുകൊണ്ട് തഞ്ചാവൂരിലേക്കു വന്നു. തഞ്ചാവൂര്‍ ഭരിച്ചിരുന്ന ഗരഭോജി രാജാവ് ശ്യാമശാസ്ത്രിയെ വിളിച്ചുവരുത്തി വിവരം പറഞ്ഞു. രാജസേവയില്‍ ഇഷ്ടമില്ലെങ്കിലും ഒരഹങ്കാരിയുടെ ഗര്‍വ്വം ശമിപ്പിക്കാന്‍ കിട്ടിയ അവസരം ഫലപ്രദമായി വിനിയോഗിച്ചു. ബൊബ്ബിലി പത്തി താഴ്ത്തി സ്ഥലംവിട്ടു. ഇതേ തരത്തിലുള്ള പല കഥകള്‍ ശാസ്ത്രിയെ സംബന്ധിച്ചുണ്ട്. സംഗീതത്തിനുവേണ്ടി മാത്രം അവസാനകാലം ഉഴിഞ്ഞുവച്ച അദ്ദേഹം 1827-മാണ്ട് ഇഹലോകവാസം വെടിഞ്ഞു.