വേദനായകംപിള്ള
യഥാര്‍ത്ഥ സംഗീതസേവനം, ദേശംകൊണ്ടോ മതംകൊണ്ടോ ബന്ധിക്കപ്പെട്ടതല്ല എന്നതിന് ഒരു നല്ല ഉദാഹരണമാണ് വേദനായകംപിള്ള. 1826 ല്‍ തൃശ്ശിനാപ്പള്ളിക്കടുത്ത് വേലന്‍കുളത്തൂര്‍ ഗ്രാമത്തില്‍ ഒരു കത്തോലിക്കാകുടുംബത്തില്‍ ശവരിമുത്തുപ്പിള്ളയുടെ മകനായി ജനനം. തിരുവാടുതുറൈമഠത്തിലെ സുബ്രഹ്മണ്യദേശികര്‍, തമിഴ്‌വിദ്വാന്‍ മീനാക്ഷിസുന്ദരംപിള്ള, ഗോപാലകൃഷ്ണ ഭാരതി മുതലായവരുമായുള്ള അടുപ്പം സംഗീതത്തില്‍ പരിജ്ഞാനം നേടുന്നതിന് ഇദ്ദേഹത്തെ സഹായിച്ചു.
സര്‍ക്കാര്‍ നീതിന്യായവകുപ്പില്‍ പല ജോലികളിലിരുന്ന് ഒടുവില്‍ മുന്‍സിഫ് ഉദ്യോഗത്തില്‍ പ്രശസ്തമായ സേവനം അനുഷ്ഠിച്ചുവെങ്കിലും ആ ഉദ്യോഗത്തില്‍ അദ്ദേഹം സംതൃപ്തനല്ലായിരുന്നു. സ്വമേധയാ പെന്‍ഷന്‍പറ്റി പിരിഞ്ഞു. പിന്നീട് സംഗീതത്തിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. നീതിപരവും എല്ലാ മതാനുയായികള്‍ക്കും സ്വീകാര്യവുമാകത്തക്കവണ്ണം ഈശ്വരനെ പൊതുവായി സ്തുതിക്കുന്ന കീര്‍ത്തനങ്ങള്‍ വേദനായകംപിള്ളയുടെ തൂലികയില്‍നിന്ന് ഉതിര്‍ന്നു. 200 ല്‍പ്പരം കീര്‍ത്തനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇവ 'സര്‍വ്വസമയസാരകീര്‍ത്തനങ്ങള്‍' എന്ന പേരില്‍ അറിയപ്പെടുന്നു. പ്രതാപമുതലിയാര്‍ ചരിത്രം, ഗുണസുന്ദരി എന്നീ നോവലുകളും അദ്ദേഹം രചിച്ചിട്ടുണ്ട്. തമിഴിലായിരുന്ന ഇദ്ദേഹത്തിന്റെ രചനയിലധികവും. ഈശ്വരസ്‌തോത്രങ്ങള്‍ എന്ന പേരില്‍ ചില കീര്‍ത്തനങ്ങളും രചിച്ചിട്ടുണ്ട്.
വേദനായകംപിള്ളയുടെ രചനകളില്‍ ഏറെ പ്രസിദ്ധമായതും സര്‍വ്വരാലും പ്രകീര്‍ത്തിക്കപ്പെടുന്നതും ഇന്നും കച്ചേരികളില്‍ ധാരാളം ഗായകര്‍ ആലപിക്കുന്നതുമായ ചില കൃതികളെ പരാമര്‍ശിക്കാതിരിക്കാന്‍ സാധ്യമല്ല. നാദനാമക്രിയരാഗത്തിലെ കണ്ണാലെ കണ്ടേന്‍ വേറെന്റും, മലയമാരുതരാഗത്തിലെ ദയൈപുരിയ, സരസ്വതീരാഗത്തിലെ ദേവാധിദേവ, ഹിന്ദോളരാഗത്തിലെ ചിന്തയാമി, അഠാണരാഗത്തിലെ മനമേ നീ മറവാതെ, അയ്യനെ ഉന്‍ ജയമനോഹരിരാഗം, കരുണാരസനിധിയേ ഹിന്ദോളരാഗം, തുടങ്ങിയ കീര്‍ത്തനങ്ങള്‍ ഇവയില്‍ ചിലതാണ്.
വേദനായകംപിള്ളയുടെ കീര്‍ത്തനങ്ങളെ അനുകരിച്ച് കെ.സി.കേശവപിള്ള ഈശ്വരസ്‌തോത്രങ്ങള്‍ എന്ന പേരില്‍ ചില കീര്‍ത്തനങ്ങള്‍ രചിച്ചിട്ടുണ്ട്.
മതേതരത്വത്തിന്റെ മകുടോദാഹരണമായിരുന്ന ശ്രീ വേദനായകംപിള്ള എന്ന ക്രിസ്ത്യാനി സംഗീതജ്ഞന്‍ 1889 ല്‍ ഇഹലോകവാസം വെടിഞ്ഞു.