വയലാര്‍ രാമവര്‍മയുടെ കാലത്തെ ഗാനരചനയല്ല ഇന്നാവശ്യം എന്നു വാദിക്കുന്നവര്‍പോലും ചലച്ചിത്രത്തിനു പേരിടുമ്പോള്‍ അത് ഒട്ടൊക്കെ കാവ്യാത്മകമായിരിക്കണമെന്ന് ആഗ്രഹിക്കുകയും അങ്ങനെ പതുക്കെ വയലാര്‍ഗാനങ്ങളിലേക്കൊന്ന് ഊളിയിട്ടു നോക്കുകയും ചെയ്യും. എന്നിട്ട് ഏതെങ്കിലും വരി തപ്പിയെടുത്ത് ചിത്രത്തിന്റെ ശീര്‍ഷകമാക്കും. അതിന് ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് 'നദികളില്‍ സുന്ദരി യമുന' എന്ന ചിത്രം. 1966 ല്‍ പ്രദര്‍ശനത്തിനുവന്ന ''അനാര്‍ക്കലി'' എന്ന ചിത്രത്തിലെ
''നദികളില്‍ സുന്ദരി യമുന-യമുന-യമുന
സഖികളില്‍ സുന്ദരി അനാര്‍ക്കലി-അനാര്‍ക്കലി'' എന്ന ഗാനത്തില്‍നിന്നാണ് ഈ ചിത്രനാമം കടംകൊണ്ടതെന്നു വ്യക്തം. (രചന-വയലാര്‍ രാമവര്‍മ; സംഗീതം - എം.എസ്. ബാബുരാജ്, ആലാപനം-യേശുദാസ്, ബി. വസന്ത).
'നദികളില്‍ സുന്ദരി യമുന'യുടെ സംവിധായകര്‍ക്ക് (വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളോറ) വേണമെങ്കില്‍ അടുത്ത ചിത്രത്തിനു ള്ള പേരും വയലാറിന്റെ ഇതേ ഗാനത്തില്‍ത്തന്നെയുണ്ട് - 'സഖികളില്‍ സുന്ദരി അനാര്‍ക്കലി.'
ബി. കെ. ഹരിനാരായണന്‍ എഴുതിയതും അരുണ്‍ മുരളീധരന്‍ സ്വന്തം സംഗീതത്തില്‍ ആലപിച്ചതുമായ ഒരു ഗാനം 'നദികളില്‍ സുന്ദരി യമുന' എന്ന ചിത്രത്തില്‍ കേള്‍ക്കാം.
''ജനലിനരികെ ചേരൂ വെണ്‍വെയിലേ
മധുരമൊഴിയായ് പാടൂ പതിയേ
കനവിനിതളേ വാവാ എന്‍ തുണയായ്
ചിറകു പകരൂ എന്നില്‍ ഉയരാന്‍''
നിലാവിനെക്കുറിച്ച് പലരും എഴുതിയിട്ടുള്ളതിനാല്‍ ഹരിനാരായണന് ഒന്നു വഴിമാറി സഞ്ചരിക്കാന്‍ മോഹം. അങ്ങനെയാണ് അദ്ദേഹം വെയിലിനെ (വെറും വെയിലിനെയല്ല വെണ്‍വെയിലിനെ) കൂട്ടുപിടിച്ചത്. അതു സാരമില്ലെന്നു വയ്ക്കാം. എന്നാല്‍, വെയിലിനോടു മധുരമൊഴിയായി പതിയെ പാടാന്‍ പറയുന്നതില്‍ തികച്ചും ഔചിത്യക്കുറവുണ്ട്. കനവിനോടല്ല കനവിതളിനോടാണ് തന്റെ തുണയ്ക്കുവേണ്ടി പാടാന്‍ നായകന്‍ ആവശ്യപ്പെടുന്നത്. തൊട്ടുപിന്നാലെ മറ്റൊന്നുകൂടി വേണമെന്നു പറയുന്നു-'ചിറകു പകരൂ എന്നില്‍ ഉയരാന്‍' (എന്നിലുയരാന്‍ എന്നാണ് എഴുതേണ്ടത്. ഈ പാട്ടിന്റെ വരികള്‍ ഇപ്രകാരമാണ് എഴുതിക്കാണിക്കുന്നത്.) ചിറകു പകരുന്നതിന്റെ ഗുട്ടന്‍സ് എനിക്കു പിടികിട്ടുന്നില്ല. പ്രിയപ്പെട്ട വായനക്കാര്‍ക്കോ?
ഈ നാലു വരികള്‍ ഒന്ന് അപഗ്രഥിച്ചു നോക്കുക. ഒരു തരത്തിലും ആശയം പറഞ്ഞൊപ്പിക്കാനാവില്ല. ജനല്‍, വെയില്‍, മധുരമൊഴി, കനവ്, ചിറക് തുടങ്ങിയ നമുക്കു പരിചിതമായ പദങ്ങളാണ് രചയിതാവ് തിരഞ്ഞെടുത്ത് ഉപയോഗിച്ചിരിക്കുന്നത്. എന്നിട്ടും അവ ചേര്‍ന്നുവരുമ്പോള്‍ ആശയം അല്പംപോലും ഉരുത്തിരിയുന്നില്ല.
''കതിരുപാടം പൂക്കും ദൂരെ ചെരുവില്‍
തൂവല്‍ ചേരും ചേലില്‍ ഓരോ കുരുവികള്‍
താനേ ചേരുമോ അകതാരില്‍ താളമായ്
കളകളമിളകണ ചിരിയുടെ വളയൊട് ആരോ
പുലരൊളി നിറമിടു മിരുമണി മിഴിയൊട് ആരോ''
ഈ വരികള്‍ വായിക്കുമ്പോള്‍ത്തന്നെ ആര്‍ക്കും കല്ലുകടിക്കും. വെറുതെ കുറെ വാക്കുകള്‍ നിരത്തിയെന്നല്ലാതെ അര്‍ഥത്തെക്കുറിച്ച് ഗാനരചയിതാവ് ഗൗനിച്ചിട്ടേയില്ല. 'ഓരോ കുരുവികള്‍' എന്ന തെറ്റായ പ്രയോഗവും നടത്തിയിരിക്കുന്നു അദ്ദേഹം. 'ഓരോ' എന്ന വിശേഷണം ഏകവചനത്തിലുള്ള പദത്തോടു മാത്രമേ ചേര്‍ക്കാവൂ. അപ്പോള്‍ ഓരോ കുരുവി എന്നോ ഓരോരോ കുരുവികള്‍ എന്നോ പ്രയോഗിക്കണം. പാട്ടെഴുത്തുകാര്‍ ഭാഷാപ്രയോഗങ്ങളുടെ ബാലപാഠമെങ്കിലും അറിയേണ്ടതാണ്. ഇത്തരം അര്‍ഥശൂന്യവും അപശബ്ദകലുഷിതവുമായ ഗാനങ്ങള്‍കൊണ്ട് കൈരളിക്ക് എന്തു പ്രയോജനമെന്ന് ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ ചിന്തിക്കണം. തുടരെത്തുടരെ ഇത്തരം പേട്ടുവരികള്‍ പടച്ചുവിടാന്‍ രചയിതാക്കള്‍ക്ക് അല്പംപോലും ഉളുപ്പില്ലാത്തതാണ് ഏറെ കഷ്ടം.