പാപനാശം ശിവന്‍
കഴിഞ്ഞ നൂറ്റാണ്ടിലെ പ്രശസ്തനായ ഒരു വാഗ്ഗേയകാരനാണ് തഞ്ചാവൂരിനടുത്ത് പോളകം എന്ന സ്ഥലത്ത് 1890-ല്‍ ജനിച്ച പാപനാശം ശിവന്‍. രാമയ്യ എന്നാണ് മാതാപിതാക്കള്‍ ഇട്ട പേര്. ഭസ്മം പൂശി രുദ്രാക്ഷവും ധരിച്ച് ആകര്‍ഷകമായ ഈണത്തില്‍ ശിവസ്തുതികള്‍ പാടിവന്ന ഇദ്ദേഹത്തെ എല്ലാവരും ശിവന്‍ എന്നുവിളിച്ചു. ഇദ്ദേഹത്തിന്റെ ഭജനകളില്‍ പങ്കെടുത്ത് നിര്‍വൃതിയനുഭവിച്ച ഭക്തര്‍ പാപനാശം എന്ന വിശേഷണം പേരോടുചേര്‍ത്തു വിളിച്ചുപോന്നു. പോളകം രാമയ്യ അങ്ങനെ പാപനാശം ശിവനായി. 'പാപനാശം' എന്ന പ്രസിദ്ധമായ സ്ഥലത്ത് കുറെനാള്‍ താമസിച്ച് ഭജന ചെയ്തിരുന്നതിനാല്‍ ഈ പേര് അന്വര്‍ത്ഥമായി.
തിരുവനന്തപുരത്ത് സംസ്‌കൃതകോളജില്‍ പഠിച്ച് വ്യാകരണത്തിലും ശാസ്ത്രത്തിലും പ്രാവീണ്യം നേടിയ ശിവന്‍ തിരുവനന്തപുരത്തുണ്ടായിരുന്ന സുപ്രസിദ്ധവേദാന്തിയും കവിയും ഗാനകൃത്തുമായ നീലകണ്ഠശിവനുമായി പരിചയപ്പെടാനിടയായി. അദ്ദേഹത്തിന്റെ ഭജനകളില്‍ ദിവസേന ഉത്സാഹത്തോടെ പങ്കെടുക്കുകയാല്‍ സംഗീതകവനത്തിലും വേദാന്തതത്ത്വശാസ്ത്രപരമായ ഗാനനിര്‍മ്മിതിയിലും ഉത്സുകനായിത്തീര്‍ന്നു. നൂര്‍ണി മഹാദേവഭാഗവതരുടെ ശിക്ഷണത്തില്‍ സംഗീതത്തിന്റെ പ്രാഥമികപാഠങ്ങള്‍ അഭ്യസിച്ചു നേമം നടേശഭാഗവതരില്‍നിന്ന് കാര്യമായ സംഗീതപഠനം സിദ്ധിച്ചു. പിന്നീട് കോനേരി രാജപുരം വൈദ്യനാഥയ്യരെന്ന പ്രസിദ്ധവിദ്വാന്റെ ശിഷ്യനായി ഏറെക്കാലം കഴിച്ചു.
ഒരു തീര്‍ത്ഥാടകനായി പിന്നീട് പുണ്യക്ഷേത്രങ്ങളിലൂടെ സഞ്ചരിക്കുകയും അവിടത്തെ ദേവന്മാരെക്കുറിച്ച് കീര്‍ത്തനങ്ങള്‍ രചിച്ചുപാടുകയും ചെയ്ത് നിസ്പൃഹനായി ജീവിതം കഴിച്ചുപോന്നു. 1917-ല്‍ വിവാഹിതനായി. രണ്ടു പെണ്‍മക്കളുണ്ടായി. പില്‍ക്കാലത്ത് അവര്‍ സംഗീതവിദുഷിമാരായി മാറി.
500 ല്‍പ്പരം കൃതികള്‍ പാപനാശം ശിവന്റേതായുണ്ട്. എല്ലാം വളരെ മഹത്തരങ്ങളാണ്. സംഗീതവിദ്വാന്മാര്‍ ഇക്കാലത്ത് ഇദ്ദേഹത്തിന്റെ ധാരാളം കൃതികള്‍ ആലപിച്ചുവരുന്നു. സംഗീതത്തില്‍ രാഷ്ട്രപതിയുടെ കീര്‍ത്തിമുദ്രയും മദ്രാസ് സംഗീതസഭയുടെ സംഗീതകലാനിധി എന്ന ബഹുമതിയും മദ്രാസിലെ തമിഴൈസംഘം 'ഇശൈപേരറിഞ്ഞര്‍' എന്ന ബഹുമതിയും നല്കിയിട്ടുണ്ട്.
പാപനാശം ശിവന്‍ 1973-ല്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ തമിഴ്-സംസ്‌കൃതം കൃതികള്‍ കച്ചേരികളില്‍ ഇന്നത്തെ യുവഗായകരും ആലപിക്കുന്നുണ്ട്. മൂന്നു വാല്യങ്ങളിലായി മുന്നൂറില്‍പ്പരം കൃതികള്‍ സ്വരപ്പെടുത്തി പ്രസിദ്ധം ചെയ്തിട്ടുണ്ട്. കപാലി (മോഹനരാഗം), മയില്‍വാഹനം (മോഹനം), ശരവണഗുഹനേ (മധ്യമാവതി), ക്ഷീരസാഗരശായി (പൂര്‍വ്വികല്യാണി), പരാല്‍പരം പരമേശ്വരാ (വാചസ്പതി) എന്നിവ ഏറെ പ്രസിദ്ധങ്ങളാണ്. ആദ്യകാല തമിഴ്ചലച്ചിത്ര നടന്‍ ത്യാഗരാജഭാഗവതര്‍ക്കുവേണ്ടി കുറെ ഗാനങ്ങള്‍ തയ്യാറാക്കിയത് ഇന്നും അവിസ്മരണീയങ്ങളാണ്. പഴയ തമിഴ് ചലച്ചിത്രവ്യവസായമേഖലയില്‍ ഗാനരചയിതാവായും സംഗീതസംവിധായകനായും അഭിനേതാവായും പാപനാശം ശിവന്‍ തിളങ്ങിയിരുന്നു.