•  21 Nov 2024
  •  ദീപം 57
  •  നാളം 37
പാട്ടിന്റെ പാലാഴി

സംഗീതാചാര്യന്മാര്‍

ഇരയിമ്മന്‍ തമ്പി

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ സദസ്സിലെ വിദ്വാനും പ്രഗല്ഭവാഗ്ഗേയകാരനും സമര്‍ത്ഥനായ ആട്ടക്കഥരചയിതാവുമായിരുന്നു ഇരവി വര്‍മ്മന്‍ തമ്പി എന്ന ഇരയിമ്മന്‍ തമ്പി. മകയിരം തിരുനാള്‍ രവിവര്‍മ്മയുടെ മകള്‍ പാറുക്കുട്ടി തങ്കച്ചിയുടെ മകനായി 1782 ല്‍ ഇദ്ദേഹം ജനിച്ചു. കാവ്യം, നാടകം, അലങ്കാരം, വ്യാകരണം, തര്‍ക്കശാസ്ത്രം എന്നീ വിഷയങ്ങളില്‍ പണ്ഡിതനായിരുന്നതിനാല്‍ സ്വാതിതിരുനാള്‍ മഹാരാജാവിന്റെ പ്രത്യേക ബഹുമാനത്തിനു പാത്രമായിരുന്നു.
'ഓമനത്തിങ്കള്‍കിടാവോ' എന്ന താരാട്ട് കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകുമോ? ഈ ഗാനം ഇരയിമ്മന്‍ തമ്പി രചിച്ചത് സ്വാതിതിരുനാളിനെ ഉറക്കാനായിരുന്നു. 28 സംസ്‌കൃതകീര്‍ത്തനങ്ങള്‍, 5 മലയാള കീര്‍ത്തനങ്ങള്‍, 5 വര്‍ണ്ണങ്ങള്‍, 22 പദങ്ങള്‍ എന്നിവ കൂടാതെ ദക്ഷയാഗം, കീചകവധം, ഉത്തരാസ്വയംവരം എന്നീ ആട്ടക്കഥകളും അദ്ദേഹം രചിച്ചു. കഥകളി ആചാര്യന്മാര്‍ക്കും സംഘങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും ഹരം പകര്‍ന്നുകൊണ്ട് ലോകമൊട്ടുക്ക് അവതരിപ്പിച്ചുവരുന്ന കഥകളാണിവ. പ്രചാരത്തിലിരിക്കുന്ന പല തിരുവാതിരപ്പാട്ടുകളും ഊഞ്ഞാല്‍പ്പാട്ടുകളും തമ്പിയുടേതാണ്. ഇദ്ദേഹത്തിന്റെ ആട്ടക്കഥകളിലെ പദങ്ങള്‍ പലതും സംഗീതപ്രേമികളായ വീട്ടമ്മമാര്‍പോലും പാടിയിരുന്നു. 'പ്രാണനാഥനെനിക്കു നല്‍കിയ' എന്ന പദവും 'കരുണ ചെയ്യാനെന്തു താമസം കൃഷ്ണാ' എന്ന കീര്‍ത്തനവും 'അടിമലരിണതന്നെ' എന്ന കൃതിയും 'പാഹിമാം ഗിരിതനയെ' 'പരദേവതേ' എന്നീ ഗാനങ്ങളും പ്രസിദ്ധങ്ങളാണ്. 'നവരാത്രി പ്രബന്ധം' എന്നൊരു കൃതിയും അദ്ദേഹം രചിച്ചിട്ടുണ്ട്. തമിഴ് രീതിയില്‍ തുടക്കവും ദീര്‍ഘമായ ഒരു ഗാനമാണ്. പത്മനാഭപുരത്തുനിന്ന് സരസ്വതീദേവിയെ ആനപ്പുറത്തെഴുന്നള്ളിച്ച് പുഷ്യരഥത്തില്‍ പൂജപ്പുരവരെ എതിരേല്‍ക്കുന്ന ചടങ്ങുകളാണ് ഗാനത്തിന്റെ ഉള്ളടക്കം. 1856 ല്‍ ഇരയിമ്മന്‍തമ്പി അന്തരിച്ചു. കവയിത്രിയായ കുട്ടിക്കുഞ്ഞു തങ്കച്ചി ഇദ്ദേഹത്തിന്റെ മകളാണ്. 1820 ല്‍ ജനിച്ച് 1904 ല്‍ അന്തരിച്ച അവര്‍ തിരുവാതിരപ്പാട്ടില്‍ അഗ്രഗണ്യയായിരുന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)