•  28 Nov 2024
  •  ദീപം 57
  •  നാളം 38
പാട്ടിന്റെ പാലാഴി

സംഗീതാചാര്യന്മാര്‍


മുത്തുസ്വാമി ദീക്ഷിതര്‍


സംഗീതത്രിമൂര്‍ത്തികളില്‍ രണ്ടാമനായ മുത്തുസ്വാമിദീക്ഷിതര്‍ തിരുവാരൂരില്‍ ജീവിച്ചിരുന്ന പ്രസിദ്ധ വിദ്വാനായിരുന്ന രാമസ്വാമിദീക്ഷിതരുടെ മൂത്ത പുത്രനായി 1775 ല്‍ ജനിച്ചു. മുത്തുസ്വാമിയുടെ ബാല്യത്തില്‍ത്തന്നെ രാമസ്വാമി കുടുംബസമേതം മണലി എന്ന സ്ഥലത്തേക്കു താമസം മാറ്റി. അവിടെവച്ച് മറ്റു രണ്ടു മക്കളായ ചിന്നസ്വാമി, ബാലുസ്വാമി എന്നിവര്‍ ജനിച്ചു.
മണലിയില്‍ താമസിക്കുന്ന കാലത്ത് പരിചയപ്പെട്ട ചിദംബരസ്വാമി എന്ന സംഗീതനോടൊപ്പം മുത്തുസ്വാമി കാശിയിലേക്കു പോയി. അവിടെ ആറുവര്‍ഷം ജീവിച്ചു. അക്കാലത്ത് ഹിന്ദുസ്ഥാനിസംഗീതവും അഭ്യസിച്ചു. കൂടാതെ ചിദംബരനാഥസ്വാമിയില്‍നിന്ന് യോഗാഭ്യാസം പരിശീലിക്കുകയും 'ശ്രീവിദ്യോപദേശം' സ്വീകരിക്കുകയും ചെയ്തു.
ഹിന്ദുസ്ഥാനിസംഗീതത്തിലെ ദ്രുപത് അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചു. തിരുത്തണി എന്ന സ്ഥലത്തു താമസമാക്കിയ ദീക്ഷിതര്‍ ഒരു വാഗ്ഗേയകാരന്‍ എന്ന രീതിയില്‍ പ്രസിദ്ധനായി. അദ്ദേഹത്തിന്റെ ആദ്യകൃതി 'ശ്രീനാഥാദി ഗുരുഗുഹജതി' എന്ന ആദിതാളത്തിലുള്ള മായാമാളവരാഗ കീര്‍ത്തനമായിരുന്നു. കാഞ്ചീപുരത്തുവച്ച് ഏകാമ്രനാഥനെയും കാമാക്ഷിയെയുംകുറിച്ചു കീര്‍ത്തനങ്ങള്‍ രചിച്ചു. പല യാത്രകള്‍ക്കുംശേഷം തിരുവാരൂരില്‍ തിരിച്ചെത്തി പിതാവിനൊപ്പം താമസിച്ചു. 1817 ല്‍ മാതാപിതാക്കള്‍ മണ്‍മറഞ്ഞു.
സംസ്‌കൃതത്തിലായിരുന്നു ദീക്ഷിതര്‍ കൃതികള്‍ രചിച്ചത്. സംസ്‌കൃതത്തിലെ അലങ്കാരപ്രയോഗങ്ങള്‍ കീര്‍ത്തനങ്ങളില്‍ ധാരാളം കാണാമായിരുന്നു. സംസ്‌കൃതം, തമിഴ്, തെലുങ്ക് എന്നിവ ഇടകലര്‍ത്തിയും ചില കൃതികളുണ്ട്. തെലുങ്കുഭാഷയില്‍ മാത്രം രചിച്ച ഒരു കൃതി ശ്രീരഞ്ജിനി രാഗത്തിലുള്ളത് കാണുന്നുണ്ട്. വിളംബകാലത്തിലുള്ളവ (തീരെ സാവധാനത്തില്‍)യാണ് ഇദ്ദേഹത്തിന്റെ കൃതികള്‍. ചില രചനകളില്‍ മധ്യമകാലവും ധൃതകാലവും കാണാറുണ്ട്. പിതാവു കണ്ടുപിടിച്ച രാഗമായ ഹംസധ്വനിയില്‍ ദീക്ഷിതര്‍ 'വാതാപിഗണപതി' എന്ന സുപ്രസിദ്ധമായ ഗാനം രചിച്ചു. ഇന്നും സംഗീതാസ്വാദകര്‍ വളരെയിഷ്ടപ്പെടുന്ന കീര്‍ത്തനമാണ് വാതാപി. യതി, മധ്യമകാലസാഹിത്യം, പ്രാസം, യമകം എന്നിവ മുത്തുസ്വാമി ദീക്ഷിതരുടെ കൃതികളില്‍ ധാരാളമുണ്ട്. മുത്തുസ്വാമി ദീക്ഷിതരുടെ ഒരു കീര്‍ത്തനമെങ്കിലും പാടാതെ ഒരു ഭാഗവതരും കച്ചേരി അവതരിപ്പിക്കാറില്ല. പഞ്ചലിംഗസ്ഥലകൃതികള്‍, നവഗ്രഹകൃതികള്‍, കമലാംബനവാവരണം, ഷോഡശഗണപതികീര്‍ത്തനങ്ങള്‍, ത്യാഗരാജസ്തുതിയായി രചിച്ച വിഭക്തികീര്‍ത്തനങ്ങള്‍ എന്നിവ എടുത്തുപറയേണ്ട രചനകളാണ്. ഹിന്ദുസ്ഥാനി സംഗീതത്തിലും പ്രാവീണ്യമുള്ളതിനാല്‍ പല ഹിന്ദുസ്ഥാനിരാഗങ്ങളിലും കൃതികള്‍ രചിച്ചു.
ദീക്ഷിതരുടെ ശിഷ്യരില്‍ സ്വന്തം സഹോദരന്മാരായ ബാലുസ്വാമിയും ചിന്നസ്വാമിയും കൂടാതെ അനേകം ഗായകരും, നാദസ്വരവിദ്വാന്മാരും നര്‍ത്തകരും, ദാസിമാരും ഉള്‍പ്പെടുന്നു. വിപുലമായ ഒരു ശിഷ്യസമ്പത്തുണ്ടായതിനാല്‍ ദീക്ഷിതര്‍ കൃതികള്‍ നാടൊട്ടുക്ക് പ്രചരിക്കാനിടയായി. 'ഗുരുഗുഹ' എന്ന മുദ്രയുള്ളതിനാല്‍ ദീക്ഷിതര്‍ കൃതികള്‍ തിരിച്ചറിയാന്‍ സാധിക്കുന്നു. 1835 ല്‍ മീനാക്ഷിമേമുദം എന്നു തുടങ്ങുന്ന പൂര്‍വ്വികല്യാണി രാഗത്തിലുള്ള കൃതി ഒരു വേദിയില്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം സമാധിയടഞ്ഞു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)