കുകവിതകൊണ്ടു പൊറുതിമുട്ടിയിരിക്കുന്ന കാലമാണിത്. മുമ്പ് ആനുകാലികപ്രസിദ്ധീകരണങ്ങളിലും കവിയരങ്ങുകളിലും മാത്രം ഒതുങ്ങിനിന്ന കവിത ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ (പ്രത്യേകിച്ച് മുഖപുസ്തകത്തില്‍) പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കുന്നു. അച്ചടിച്ചുവരുന്നവയായാലും ചൊല്ലുന്നവയാലും ഇവയില്‍ പത്തു ശതമാനംപോലും കവിത എന്ന പേരിന് അര്‍ഹതപ്പെട്ടവയല്ല. അര്‍ത്ഥമില്ലാത്ത വെറും പദാവലിയെ കവിത എന്ന് എങ്ങനെ വിളിക്കും? ഈ ഉദാഹരണം നോക്കുക:
''വരികള്‍ മുറിച്ച
വിതപോലെ ഒരു ക
കൊഴിയില്ല
കോഴിയുമില്ല
എങ്കിലും ഞാന്‍
എറിയും
ഏണിവച്ചു കയറില്ല
ഏണിയില്‍ കോഴി കയറിതോ
കോഴിയില്‍ മാങ്ങ വീണതോ അല്ല കാര്യം
കണ്ണിമാങ്ങ അരിഞ്ഞരിഞ്ഞരിഞ്ഞു
അച്ചാര്‍ ഇടാം എന്നോ
കണ്ണിമാങ്ങ പച്ചച്ചച്ചയ്ക്കു കഴിച്ചാല്‍
പല്ലു പുളിക്കുമെന്നോ
കറ വരുമെന്നോ
എന്നതുമല്ല
ഉപ്പിലിട്ട കണ്ണിമാങ്ങ
ചോറിനു നല്ലതാണ്
എന്നതിലാണു കാര്യം.''
'കണ്ണിമാങ്ങ' എന്ന കവിതയാണിത്. ഇവിടെ കവിത എന്ന വാക്ക് രണ്ട് ഉദ്ധരണി ചിഹ്നങ്ങള്‍ക്കുള്ളില്‍ കൊടുക്കേണ്ടതാണ്. കവിതയെ മുറിച്ച് 'ക' എന്നും 'വിത' എന്നും രണ്ടാക്കിയിരിക്കുന്നു. കോഴിക്ക് ഇവിടെ എന്തു പ്രസക്തി എന്നു മാത്രം ചോദിക്കരുത്. പ്രാധാന്യം നോക്കിയിട്ടല്ല ഇത്തരക്കാര്‍ വാക്കുകള്‍ പ്രയോഗിക്കുന്നത്. കണ്ണിമാങ്ങ അരിഞ്ഞിട്ടാണോ ഉപ്പിലിടുന്നത്? പച്ചയ്ക്ക് 'ച്ച' കൂടിയതും ഉപ്പിലിട്ട കണ്ണിമാങ്ങ ചോറിന് നല്ലതാണെന്നു സാക്ഷ്യപ്പെടുത്തുന്നതും എഴുതിയ ആളിന്റെ 'മനോധര്‍മം' എന്നു കരുതിയാല്‍ മതി.
കവിതകള്‍ ഒരു വശത്ത് ഇത്തരത്തില്‍ ദുഷിക്കുമ്പോള്‍ മറുവശത്ത് ഗാനങ്ങളും അതേ അവസ്ഥയില്‍ എത്തിച്ചേരുന്നു. സഹൃദയരുടെ ആസ്വാദനക്ഷമതയെ ഇത്തരക്കാര്‍ കൊഞ്ഞനംകുത്തുകയാണ്.
''മാങ്ങ മാങ്ങ മാങ്ങാക്കറി
അങ്കമാലി കല്യാണത്തിന്
ചെക്കന്മാര് ഉണ്ടാക്കണ കണ്ടോടി മോളേ
വെളഞ്ഞ മൂത്ത തേങ്ങ ഇടിച്ചുപി ഴിഞ്ഞു ഞങ്ങ
തേങ്ങാപ്പാലില്‍ ഉണ്ടാക്കണ കണ്ടോടി മോളേ
ആവി നോക്കി മണം പിടിച്ച്
മാങ്ങാക്കറിക്കുപ്പു നോക്കണ കണ്ടോടി മോളേ
പുത്തന്‍ചട്ടീല്‍ ചൂടുള്ള മാങ്ങ
ഊരുകാര്‍ക്ക് വിളമ്പണ കണ്ടോടി മോളേ
അങ്കമാലി മാങ്ങാക്കറി കണ്ടോടി മോളേ'' (ചിത്രം - ക്യൂബന്‍കോളനി; രചന - മനോജ് വര്‍ഗീസ് പാറേക്കാട്ടില്‍; സംഗീതം - അലോഷ്യ പീറ്റര്‍; ആലാപനം-അരിസ്റ്റോ സുരേഷ്.)
ഇത്തരത്തില്‍ ലൊട്ടുലൊടുക്ക് സന്ദര്‍ഭങ്ങളും അവയ്ക്കനുസരിച്ചുള്ള പാട്ടുകളുമാണ് ഇന്നു മലയാളചലച്ചിത്രങ്ങളില്‍ സുലഭമായിട്ടുള്ളത്.
''എന്റെ മാവും പൂത്തേ,
നിന്റെ മാവും പൂത്തേ
നമ്മുടെ മാവുകള്‍ പൂത്തേ'' ('അടി കപ്യാരേ കൂട്ടമണി' എന്ന ചിത്രത്തിലെ ''തലവര തെളിഞ്ഞിതാ'' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഒരു ഭാഗം. രചന-മനു മഞ്ജിത്ത്; സംഗീതം - ഷാന്‍ റഹ്‌മാന്‍; ആലാപനം-വിനീത് ശ്രീനിവാസന്‍, അരുണ്‍ എളാട്ട്, ഷാന്‍ റഹ്‌മാന്‍, ആര്‍.സി.) ഇവിടെ മാങ്ങയല്ല അതു കായ്ക്കുന്ന മാവാണു വിഷയം. നായികാനായകന്മാര്‍ക്ക് മാവുകൃഷിയാണോ തൊഴിലെന്ന് നമുക്കു ചോദിക്കാന്‍ തോന്നിപ്പോകും.
''മാങ്ങാത്തൊലി കാര്യം ചൊല്ലി നേരവും പോയ് - ഒരു തേങ്ങാക്കുലപ്പാട്ടിന്റൊപ്പം താളവും തുള്ളി'' (അമര്‍ അക്ബര്‍ അന്തോണി' എന്ന ചിത്രത്തിലെ 'പ്രേമമെന്നാല്‍ എന്താണു പെണ്ണേ' എന്ന ഗാനത്തിലെ ഈരടി. ഗാനരചനയും സംഗീതവും - നാദിര്‍ഷ; ആലാപനം - പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജയസൂര്യ, കലാഭവന്‍ ഷാജോണ്‍)
കണ്ടില്ലേ, നിസാരമായ മാങ്ങാത്തൊലിയെപ്പോലും പാട്ടെഴുത്തുകാര്‍ വെറുതേ വിടുന്നില്ല. ഇക്കാലത്തെ ഗാനങ്ങള്‍ക്ക്, അത്ര വിലയേയുള്ളൂ എന്നു കരുതിയാല്‍ മതി. കവിത്വസിദ്ധി തൊട്ടുതീണ്ടിയിട്ടില്ലാത്ത, ഭാഷാബോധമില്ലാത്ത കുറേപ്പേരുടെ കൂത്തരങ്ങായി ഗാനരചന മാറിയിരിക്കുന്നു. എന്നാണ് ഇതിനൊരു അറുതി വരുക!