•  21 Nov 2024
  •  ദീപം 57
  •  നാളം 37
പാട്ടിന്റെ പാലാഴി

അമ്പേ പരാജയം

ഴയ പാട്ടുകള്‍ പലതും നമ്മെ കവിതയുടെ ഗന്ധര്‍വലോകത്തേക്ക് ആനയിക്കുമായിരുന്നു. ഇന്നും അവ കേട്ടാല്‍ നാം അത്തരം അനുഭൂതിയില്‍ ആറാടുകതന്നെ ചെയ്യും. എന്നാല്‍, പുതുതായി ഇറങ്ങുന്ന ഗാനങ്ങളുടെ സ്ഥിതി അങ്ങനെയല്ല. അവ നമ്മെ നരകത്തിലേക്കാണു പിടിച്ചുതള്ളുന്നത്. എത്രയുംവേഗം അവിടെനിന്നു രക്ഷപ്പെടാനായിരിക്കും നാം ശ്രമിക്കുക. എന്തുകൊണ്ടാണ് ഈ പ്രകടമായ മാറ്റം സംഭവിക്കുന്നത്? ഉത്തരം വളരെ വ്യക്തം. മുമ്പു ഗാനരംഗത്തു പ്രവര്‍ത്തിച്ചിരുന്നവര്‍ പ്രതിഭാധനരായിരുന്നു. ഇക്കാലത്ത് മഷിയിട്ടുനോക്കിയാല്‍പ്പോലും അങ്ങനെ ഒരാളെ കണ്ടെത്താന്‍ സാധ്യമല്ല. അതുകൊണ്ടാണ് പുതിയ പുതിയ ചലച്ചിത്രങ്ങളില്‍ മുഴങ്ങുന്നതു മുഴുവന്‍ പീറപ്പാട്ടുകള്‍ മാത്രമായി മാറുന്നത്.
'സ്വര്‍ഗവാതില്‍ പക്ഷികള്‍' എന്ന ചിത്രത്തിലെ ഗാനങ്ങളുടെ കാര്യം നോക്കുക. ആകെ രണ്ടു പാട്ടുകള്‍. അവ എഴുതിയതും ചിട്ടപ്പെടുത്തിയതും ഒരാളാണ് - സതീഷ് വിശ്വ. ആദ്യത്തെ ഗാനം ഇങ്ങനെ തുടങ്ങുന്നു:
''ചെമ്പകമലരേ ചെമ്പകമലരേ
സുന്ദരിയാമഴകേ
ചന്ദനവീണേ ചന്തമണിഞ്ഞൊരു
ചുന്ദരനാമഴകേ
മഴമുകില്‍ ആടകളാല്‍
നെയ്‌തെടുത്തൊരു കുപ്പായം
മണിമാറിന്‍ ചേലു മറയ്ക്കാന്‍
നീയൊരുക്കിയ പൂഞ്ചേല
രാജകുമാരീ നീ വരുമെങ്കില്‍
ഞാനൊരുക്കാം കൊട്ടാരം''
കുറച്ചുകാലംമുമ്പ് ഒരു പാട്ടെഴുത്തുകാരന്‍ ചെമ്പകമരത്തെ നിഷ്പ്രയാസം വല്ലിയാക്കി മാറ്റി സ്വയം പരിഹാസപാത്രമായിത്തീര്‍ന്നത് നാം മറക്കാറായിട്ടില്ല.
''ചെമ്പകവല്ലികളില്‍ തുളുമ്പിയ
ചന്ദനമാമഴയില്‍'' (ചിത്രം - അറബീം ഒട്ടകോം പി. മാധവവന്‍ നായരും; ഗാനരചന-രാജീവ് ആലുങ്കല്‍)
ചെമ്പകവും ചന്ദനവും ഈ പാട്ടിലും കടന്നുവന്നത് തികച്ചും യാദൃച്ഛികമാണെന്നു പറയാനാവുമോ? ചെമ്പകമലര്‍ ഭംഗിയുള്ള താണെന്നതില്‍ തര്‍ക്കമൊന്നുമില്ല. കവിയുടെ സ്വാതന്ത്ര്യം കൈയാളിക്കൊണ്ട് സുന്ദരി എന്നു വിളിക്കുന്നതിലും തെറ്റില്ല. പക്ഷേ, 'സുന്ദരിയാമഴകേ' എന്നു പാടിക്കേള്‍ക്കുമ്പോള്‍ ഭാഷയറിയാവുന്ന ആരുടെയും മനസ്സൊന്നു കലമ്പും. സുന്ദരിക്ക് അഴകുള്ളവള്‍ എന്നാണ് രൂഢിയായ അര്‍ത്ഥം. അപ്പോള്‍ 'സുന്ദരിയാമഴകേ' എന്ന് എഴുതാന്‍ ഭാഷാഭിമാനികള്‍ യഥാര്‍ത്ഥത്തില്‍ മടിക്കേണ്ടതല്ലേ? അതുകൊണ്ടു തീര്‍ന്നില്ല, ചന്ദനവീണയെ ചന്തമണിയിക്കുകയും ചുന്ദരന്‍ (സുന്ദരന്‍ എന്നതിന്റെ ഗ്രാമ്യഭാഷ) എന്നു വിശേഷിപ്പിക്കുകയും തൊട്ടടുത്ത് വീണ്ടും അഴകു തിരുകി ഗാനത്തെ കൂടുതല്‍ വിരൂപമാക്കുകയും ചെയ്തു രചയിതാവ്.
മഴമുകിലിന്റെ ആടകള്‍കൊണ്ടു നെയ്‌തെടുത്ത കുപ്പായം മണിമാറില്‍ ചേലു മറയ്ക്കാന്‍ ചെമ്പകമലരിന്റെ പൂഞ്ചേലയായി മാറിപോലും! അതെങ്ങനെ സംഭവിക്കുമെന്ന് ആലോചിച്ച് ആശ്ചര്യപ്പെടുന്നതിനെക്കാള്‍ വിസ്മയം തോന്നുന്നത് വീണ്ടും ചേല് (ഭംഗി എന്നര്‍ത്ഥം) എന്ന പദം കടന്നുവന്നതും ഇവിടെ ഭംഗിയെ മറച്ചുകളയുന്നു എന്ന അസംഗതമായ ഭാവന  കൊണ്ടുവന്നതുമാണ്.
''നറുതിങ്കള്‍ തെന്നല്‍പോലെ
നറുപൂവിന്‍ ഈണംപോലെ
മലരായ് നീ മുന്നില്‍ നില്ക്കുകയോ
ഒരു കാതിലോലപോലെ
ഒരു പൂനിലാവുപോലെ
തരളമായ് മധുരമായ് നിറയുമോ
ആലോലം തേടുന്ന പൂങ്കാറ്റേ
നിന്നെ ഞാന്‍ പ്രണയിച്ചുപോയ്.''
ഇതാണ് ഈ ചിത്രത്തിലെ അടുത്ത ഗാനം. ഒന്നും രണ്ടും  വരികളില്‍ കടന്നുവന്ന കല്പനകളുടെ വൈരുധ്യം, പല്ലവിയുടെ ആശയദാരിദ്ര്യം എന്നിവ സഹൃദയരെ ഗാനത്തില്‍നിന്നകറ്റുന്നു. ഇത്തരം സൃഷ്ടികളെ  ജോസഫ് മുണ്ടശേരി 'അമ്പേ പരാജയം' എന്നു വിലയിരുത്തിയത് വെറുതെയല്ല. അദ്ദേഹത്തിനു സ്തുതി!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)