ചന്ദനമരത്തിന്റെ പൂവിനെക്കുറിച്ചു ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിച്ചിരിക്കുന്നു ഇതാ ഒരു പാട്ടെഴുത്തുകാരന്‍. ആദ്യം ഈ ഗാനം കേള്‍ക്കുക.
''താരം താനേ തിരി താഴ്ത്തിയ നേരംഎന്റെ കിനാവിന്റെ
തേരില്‍ നീ മാത്രമായിരുന്നു.
സഖീ നീ മാത്രമായിരുന്നു
രാഗം മൂളും നീലത്താമര ത്താരോ
നീ ദേവകന്യകത്താരോ
പ്രിയേ നീ ചന്ദനപ്പൂവായിരുന്നു''
(ചിത്രം - കാളച്ചേകോന്‍; ഗാനരചന - കെ.എസ്. ഹരിഹരന്‍; സംഗീതം - ഡോ. ഗിരീഷ് ജ്ഞാനദാസ്; ആലാപനം - പി.ജയചന്ദ്രന്‍)
സുഗന്ധമോ ഭംഗിയോ ഇല്ലാത്ത പൂവാണ് ചന്ദനത്തിന്റേത്. എന്നിട്ടും അഭിമാനത്തോടെ ഗാനരചയിതാവ് പറയുന്നു 'പ്രിയേ നീ ചന്ദനപ്പൂവായിരുന്നു' എന്ന്. നായിക ഇപ്പോള്‍ അങ്ങനെയല്ല എന്ന ദുസ്സൂചനയും ഗാനത്തിലുണ്ട്.
കണ്ടില്ലേ, പൂവൊക്കെ പാടാന്‍ തുടങ്ങിയിരിക്കുന്നു. നീലത്താമരത്താര് രാഗം മൂളുകയാണത്രേ. ആ നീലത്താമരപ്പൂവായും ദേവകന്യകത്താരായും നായികയെ കല്പിച്ചിരിക്കുന്നു പാട്ടെഴുത്തുകാരന്‍. അഞ്ചാറു വരികളുള്ള ഈ പല്ലവിയില്‍ നായികയുമായുള്ള പ്രണയത്തെയും അവളുടെ സൗന്ദര്യത്തെയും ആവിഷ്‌കരിക്കാനാണ് കെ.എസ്. ഹരിഹരന്‍ ശ്രമിച്ചത്. പക്ഷേ, വെളുക്കാന്‍ തേച്ചതു പാണ്ടായി എന്നു പറഞ്ഞതു പോലെയായി കാര്യങ്ങള്‍.
''മധുചന്ദ്രിക തൂകും രാവില്‍
മരന്ദരാഗിണി മീട്ടും ശ്രുതിയില്‍
ഒഴുകും പ്രേമവിപഞ്ചികയില്‍
രാഗവതീ നീയെന്‍
പ്രണയവസന്തം
അഴകിന്‍ വര്‍ണസുഗന്ധം''
രാഗിണി എന്നാല്‍ അനുരാഗമുള്ളവള്‍ എന്നര്‍ത്ഥം; സമ്മതിച്ചു. എന്നാല്‍ 'മരന്ദരാഗിണി' (മരന്ദം = പൂന്തേന്‍)പോലെയുള്ള പ്രയോഗങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങാന്‍ പ്രയാസമാണ്. സുഗന്ധത്തിനു വര്‍ണമുണ്ടെന്ന കണ്ടുപിടിത്തവും ശുദ്ധഭോഷ്‌കല്ലേ? പ്രേമവിപഞ്ചികയില്‍ ശ്രുതി ഒഴുകുന്നെന്നാണോ പ്രേമവിപഞ്ചികതന്നെ ഒഴുകുന്നെന്നാണോ? അര്‍ത്ഥശങ്കയ്ക്കിടനല്കാത്തവിധം വരികള്‍ ചമയ്ക്കുകയെന്ന പ്രാഥമികതത്ത്വംപോലും ഇവിടെ പാലിച്ചിട്ടില്ല.
''ഇതു പൂത്തുലയും വിണ്ണില്‍ മധുചൊരിയും
നിന്‍ മേനിയില്‍ നിറയെ
രതിരാഗമുതിരും
മെല്ലെത്തഴുകും തനുവില്‍ താനേ
വര്‍ണമയൂഖം വിടരും
തുടുരാഗപരാഗം നിറയും''
വരികളൊപ്പിക്കാനുള്ള രചയിതാവിന്റെ തത്രപ്പാടു കണ്ടിട്ട് ചിരി വരുന്നു. ഗാനം ഒരുവിധത്തില്‍ തട്ടിക്കൂട്ടിയെടുത്തപ്പോള്‍ ആവര്‍ത്തനംകൊണ്ട് വിരസമായിപ്പോയി. രാഗം നാലു തവണയും താര് (പൂവ്), പ്രേമം (പ്രണയം) എന്നിവയും മൂന്നുവട്ടവും മധു (മരന്ദം), തനു (മേനി) എന്നിവ രണ്ടു പരിവൃത്തിയും പ്രയോഗിച്ചിട്ടേ രചയിതാവ് തൂലിക താഴെ വയ്ക്കുന്നുള്ളൂ. ഇത്തരം ഇരട്ടിപ്പുകള്‍ എടുത്തുമാറ്റിയാല്‍ ഗാനത്തില്‍ പിന്നെയെന്തുണ്ടാവും? അതിനെക്കുറിച്ച് ഇന്നത്തെ ഗാനശില്പികള്‍ അല്പംപോലും ബോധവാന്മാരല്ല. അവര്‍ക്ക് ഈണത്തിനൊപ്പിച്ചു പദങ്ങള്‍ അടുക്കിക്കഴിഞ്ഞാല്‍ ജോലി തീര്‍ന്നു എന്ന വിചാരമാണ്. പുതിയ പാട്ടുകള്‍ നീര്‍ക്കുമിളപോലെ തകര്‍ന്നു തരിപ്പണമാകാന്‍ കാരണം ഈ അബദ്ധധാരണയാണ്. കൂട്ടത്തില്‍ കവിത്വം കഷ്ടിപിഷ്ടിയാകുന്നതോടെ തകര്‍ച്ച പൂര്‍ണമാകുന്നു.
കാവ്യസംസ്‌കാരം എന്നൊന്നുണ്ട്. അത് ആര്‍ജിക്കാത്തവര്‍ തൂലിക തൊടാതിരിക്കുകയാണു ഭേദം. കൈരളിയോട് (മലയാളത്തോട്) അത്രയെങ്കിലും നീതി പുലര്‍ത്താന്‍ അവര്‍ തയ്യാറാകണം എന്നാണ് എന്റെ എളിയ അപേക്ഷ.