കന്യാമാതാവിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് സെപ്റ്റംബര്‍ ഒന്നുമുതല്‍ എട്ടുവരെ ക്രൈസ്തവര്‍ ആചരിക്കുന്ന വ്രതമാണ് എട്ടുനേമ്പ് അഥവാ നോയമ്പ്. കന്യാമേരിയുടെ നാമത്തിലുള്ള ദേവാലയങ്ങളിലാണ് എട്ടുനോമ്പ് ആചരിക്കാറുള്ളത്. ബാവുസാനോമ്പ് എന്നും ഇതിനു പേരുണ്ട്. ബാവൂസ എന്നത് ഒരു കല്‍ദായ സുറിയാനിപ്പദമാണ്. പ്രാര്‍ത്ഥന, യാചന, അപേക്ഷ എന്നൊക്കെയാണര്‍ത്ഥം. പ്രാര്‍ത്ഥനയോടുകൂടിയ ഉപവാസമാണ് ബാവൂസാ നോമ്പ്*.
കേരളത്തില്‍ എട്ടുനോമ്പ് ആചരിച്ചു തുടങ്ങിയത് 9-ാം നൂറ്റാണ്ടിലാണ്. മുഹമ്മദീയന്‍ കൊടുങ്ങല്ലൂര്‍ നശിപ്പിച്ചപ്പോള്‍ (പള്ളികള്‍, അങ്ങാടികള്‍, വീടുകള്‍, കന്യകാത്വം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി നസ്രാണിയുവതികള്‍ ആചരിച്ചു തുടങ്ങിയ വ്രതമത്രേ എട്ടുനോമ്പ്. പോര്‍ട്ടുഗീസുകാരുടെ അധാര്‍മികബന്ധങ്ങളില്‍പ്പെട്ടുപോകാതിരിക്കാന്‍വേണ്ടി കൊടുങ്ങല്ലൂരിലെ സ്ത്രീകള്‍ ആചരിച്ചു തുടങ്ങിയ വ്രതമാണ് എട്ടുനോമ്പ് എന്നൊരു വിശ്വാസവും നിലവിലുണ്ട്.
നോമ്പാചരണത്തിന്റെ പിന്നിലെ ചരിത്രവസ്തുതകള്‍ എന്തായാലും എട്ടുദിവസം ഉപവാസവും പ്രാര്‍ത്ഥനയുമായി കേരളത്തിലെ സ്ത്രീകള്‍ ആചരിക്കുന്ന അനുഷ്ഠാനമാണ് എട്ടുനോമ്പ്. എട്ടുനോമ്പ് എന്ന സമസ്തപദത്തെ ''എട്ടു നോമ്പ്'' എന്നിങ്ങനെ വിശ്ലേഷിച്ച് എഴുതരുത്. എട്ട്, നോമ്പ് - ഇവ ചേര്‍ത്തെഴുതുമ്പോള്‍ എട്ട് എന്നതിന്റെ ഒടുവിലുള്ള സംവൃതമായ (അടക്കിയുച്ചരിക്കേണ്ട) ഉകാരം വിവൃതമായ (തുറന്നുച്ചരിക്കേണ്ട) ഉകാരമായി മാറും. അങ്ങനെ എട്ട്, നോമ്പ് സമാസിക്കുമ്പോള്‍ എട്ടുനോമ്പ് എന്ന ശുദ്ധരൂപം കിട്ടുന്നു. മുന്നുമാസങ്ങള്‍ക്കുമുമ്പ് എന്നു ചേര്‍ത്തെഴുതണം. വന്നു കണ്ടു കീഴടക്കി ചെന്നു കണ്ടു പറഞ്ഞു, കണ്ടുകൊണ്ടാടി, കേട്ടുമടുത്തി... വന്നു കണ്ടു കീഴടക്കി മൂന്നും പൂര്‍ണക്രിയകള്‍. ''മലയാളത്തിലാകട്ടെ/ പുരുഷാപേക്ഷയെന്നിയേ/ വിനയെച്ചമുറപ്പിച്ചാ/ ലാഖ്യാതമതുതന്നെയാം/ വിവൃതം ദീര്‍ഘയോഗ്യത്വം, പ്രാധാന്യത്തിനു ലക്ഷണം'' ** എന്നാണല്ലോ കേരളപാണീനീയമതവും. അതായത്, മലയാളത്തില്‍ പൂര്‍ണക്രിയ ഉണ്ടാകാന്‍ ധാതുവിനോട് കാലപ്രത്യയം ചേര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വിനയെച്ചത്തെ ബലപ്പെടുത്തിയാല്‍ മതിയാകും. വിനയെച്ചം ഉറപ്പിക്കുമ്പോള്‍ അര്‍ത്ഥപരമായ പ്രാധാന്യം കിട്ടുകയും അങ്ങനെ അത് മുറ്റുവിനയായി പരിണമിക്കുകയും ചെയ്യുന്നു. അന്ത്യസ്വരത്തെ വിവൃതമാക്കിയും അതിനെ ദീര്‍ഘിപ്പിച്ചുമാണ് പ്രാധാന്യം കൈവരുത്തേണ്ടത്.
* ജോര്‍ജ് കുരുക്കൂര്‍, ഡോ., ക്രൈസ്തവശബ്ദകോശം, പി.ഒ.സി. പ്രസിദ്ധീകരണം, 2002, പുറം-179.
** രാജരാജവര്‍മ്മ ഏ.ആര്‍. കേരള പാണിനീയം, എന്‍.ബി.എസ്. കോട്ടയം, 1988, പുറം - 207.