കഥ, തിരക്കഥ, സംഭാഷണം എന്നിവയ്ക്കുപുറമേ ഗാനരചന നിര്‍വഹിക്കുകയും ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്ത് ബഹുമുഖപ്രതിഭ തെളിയിച്ച അപൂര്‍വം ചിലരുണ്ട് മലയാളത്തില്‍. തിക്കുറിശ്ശി സുകുമാരന്‍നായര്‍, പി. ഭാസ്‌കരന്‍, ശ്രീകുമാരന്‍ തമ്പി എന്നിവരുടെ പേരുകളാണ് സംശയമെന്യേ എടുത്തുപറയാവുന്നത്. എന്നാല്‍ ആ ശ്രേണിയിലേക്കു കടന്നുകയറാന്‍ പിന്നീടു പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും ഗാനരചനയില്‍ അവര്‍ പരാജയമായിരുന്നു. ഇതാ ഏറ്റവുമൊടുവില്‍ 'പദ്മ' എന്ന ചിത്രം തെളിയിക്കുന്നതും മറ്റൊന്നല്ല. ഗാനരചന - അനൂപ് മേനോന്‍; സംഗീതം - നിനോയ് വര്‍ഗീസ്; ആലാപനം - രാജ്കുമാര്‍ രാധാകൃഷ്ണന്‍.
''മൗനത്തിന്‍ പൂങ്കവിളില്‍
നാണത്തിന്റെ മുല്ലമലര്‍ക്കൊടിയോ
വാതില്ക്കല്‍ വന്നൊളിക്കും
പൂവെയിലിന്‍ തങ്കച്ചിലമ്പൊലിയോ
വിണ്ണില്‍പായും മിന്നല്‍നാളം
നിന്നനുരാഗം പെയ്യും നേരം
ആരോരുമറിയാതെ കാലങ്ങളറിയാതെ
നെഞ്ചില്‍ നോവായ് എന്നും.''
അഹങ്കാരത്തിനു കൈയും കാലും വച്ചു എന്നു നാം തമാശയായി പറയാറുണ്ട്. ഇവിടെ മൗനത്തിനാണ് അങ്ങനെ ശരീരമുണ്ടായിരിക്കുന്നത്. ദോഷം പറയരുതല്ലോ, മൗനത്തിനു പൂങ്കവിളൊക്കെ ഉണ്ടത്രേ. തീര്‍ന്നില്ല, ആ പൂങ്കവിളിന്റെ വിശേഷണം. അവിടെ നാണത്തിന്റെ മുല്ലമലര്‍ക്കൊടിയാണോ എന്നു സംശയിക്കുന്നു പാട്ടെഴുത്തുകാരന്‍. കവിതയിലും ഗാനത്തിലും ഭാവനയാകാം. പക്ഷേ, അതു കൊഞ്ഞനംകുത്തുന്ന തരത്തിലാകരുത്. വാതില്ക്കല്‍ വന്നൊളിക്കുന്ന പൂവെയിലിനെ കാണാന്‍ ചന്തമുണ്ട്. ഇവിടെ അനൂപ് മേനോന്‍ സൃഷ്ടിച്ച പൂവെയില്‍ തങ്കച്ചിലമ്പൊലി മുഴക്കുന്നതാണ്. കലികാലവൈഭവം എന്നല്ലാതെ എന്തു പറയാന്‍.
വിണ്ണില്‍ പായുന്ന മിന്നല്‍നാളത്തിനും കാര്യമായ പണി കൊടുക്കാന്‍ രചയിതാവു മറന്നില്ല. നായികയുടെ അനുരാഗം കടംകൊണ്ട് അത് (മിന്നല്‍നാളം) പെയ്യുകയാണുപോലും. എല്ലാം ആരോരുമറിയാതെയും കാലങ്ങളറിയാതെയും എന്നും നെഞ്ചില്‍ നോവായി മാറിയെന്നും അറിയിക്കുന്നു പാട്ടെഴുത്തുകാരന്‍. കൊള്ളാവുന്ന കുറെ പദങ്ങള്‍ മാലപോലെ കോര്‍ത്തെടുത്താല്‍ ഗാനമായി എന്നു ധരിച്ചുവച്ചിരിക്കുന്നു അനൂപ് മേനോന്‍. അദ്ദേഹത്തോട് സ്‌നേഹബുദ്ധ്യാ പറയട്ടെ, അങ്ങനെ എഴുതുന്നതല്ല ഉത്തമഗാനം. ലക്ഷണമൊത്ത ഗാനം എന്തെന്നറിയണമെങ്കില്‍ അദ്ദേഹം വയലാര്‍ രാമവര്‍മയുടെയോ പി. ഭാസ്‌കരന്റെയോ മറ്റോ ഗാനങ്ങള്‍ കേള്‍ക്കണം.
''കാതോരമെത്തുന്ന പാട്ടില്‍
നീ തേടുന്ന ഗന്ധര്‍വനാദം
മെയ്യോരമലിയുന്ന മഞ്ഞില്‍
നീയറിയുന്ന കല്‍ഹാരഗന്ധം
വിണ്ണില്‍ തുഷാരം പൊഴിയുന്ന നേരം
സിന്ദൂരരേണുവില്‍
ഒന്നായ് അലിയും വിമൂകം.''
പല്ലവിയുമായി വലിയ ബന്ധമൊന്നുമില്ല ഈ അനുപല്ലവിക്ക്. പദമടുക്കാനുള്ള പ്രവണത ഈ ഗാനഭാഗത്തും പ്രകടമായി കാണാം. ഓരോ ഈരടിക്കും അര്‍ത്ഥം തോന്നുമെങ്കിലും മൊത്തത്തില്‍ ഗാനത്തിന്റെ ആശയം ചിന്തിക്കുമ്പോള്‍ നിരാശതയായിരിക്കും ഫലം. മെയ്യോരം മഞ്ഞലിയുന്നതിന് എന്തു പ്രസക്തി? മൗനത്തില്‍ തുടങ്ങി ഗാനം മൗനത്തില്‍ (വിമൂകം) അവസാനിപ്പിക്കുന്നു രചയിതാവ്.
അനൂപ് മേനോന് ഗാനരചന വഴങ്ങുന്നതല്ലെന്ന് ഇതിനു മുമ്പുതന്നെ വ്യക്തമായിട്ടുള്ളതാണ്. അദ്ദേഹം കുറച്ചു പാട്ടുകള്‍ എഴുതിയിട്ടുണ്ടെങ്കിലും അവയൊന്നും കുറ്റമറ്റതല്ല. അതേ നിലവാരമാണ് ഇവിടെ പരാമര്‍ശിച്ച ഗാനത്തിനുമുള്ളത്. പലതും കൈയാളാനുള്ള ആഗ്രഹം നല്ലതാണ്. അതിനു പ്രതിഭകൂടി അനുഗ്രഹിക്കണമല്ലോ. പക്ഷേ, ഒരു കാര്യമുണ്ട്. ഇക്കാലത്ത് നേരേ ചൊവ്വേ പാട്ടെഴുതാന്‍ കഴിവുള്ളവര്‍ ഒരാളുമില്ല എന്നതിനാല്‍ ആര് എന്തെഴുതിയാലും ഒരു പ്രയോജനവുമില്ല. കഷ്ടം! നമ്മുടെ ഗാനരംഗം ഇത്രമാത്രം അധഃപതിച്ചല്ലോ.