•  30 Nov 2023
  •  ദീപം 56
  •  നാളം 38
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

അമൃതും മലിനജലവും

ക്കാലത്തു പുറത്തുവരുന്ന ചലച്ചിത്രഗാനങ്ങളും ആല്‍ബം പാട്ടുകളും പ്രിയപ്പെട്ട വായനക്കാര്‍ കേള്‍ക്കാറുണ്ട്. അങ്ങനെ കേള്‍ക്കുന്നതുകൊണ്ട് ഉരുത്തിരിഞ്ഞ അഭിപ്രായങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. 1. ഇന്ന് മികച്ച ഗാനം (രചന, സംഗീതം, ആലാപനം, ചിത്രീകരണം ഇവ നാലും ഒരുപോലെ നിലവാരം പുലര്‍ത്തുമ്പോഴാണ് ഇങ്ങനെ ഒരു വിശേഷണം നാം നല്കുന്നത്) ഒരു ശതമാനം പോലുമില്ല. പിറക്കുന്നവ പലതും ചാപിള്ളകള്‍ മാത്രം!  2. രചയിതാവിന് അക്ഷരജ്ഞാനം പോരാ. അതുകൊണ്ടു ഗാനത്തില്‍ നിരര്‍ത്ഥകപദങ്ങളുടെ വേലിയേറ്റമുണ്ടാവുന്നു. ചില സ്ഥിരം വാക്കുകള്‍ കൂട്ടിക്കുഴച്ചു വച്ചാല്‍ ഗാനമായി എന്ന് ഭൂരിപക്ഷം എഴുത്തുകാരും കരുതുന്നു.  3. സംഗീതം ചുക്കോ ചുണ്ണാമ്പോ എന്നറിഞ്ഞുകൂടാത്തവര്‍ സംഗീതസംവിധായകന്റെ കുപ്പായം ലജ്ജയെന്യേ എടുത്തണിയുന്നു.അതുകൊണ്ട് ഈണത്തിന്റെ വശ്യത ഗാനത്തിനു നഷ്ടപ്പെടുന്നു. 4. ഗായകര്‍ക്ക് ആലാപനത്തില്‍ ഭാവമില്ല. പല വാക്കുകളും അവര്‍ വിഴുങ്ങിപ്പോകുന്നു. ചിലതെല്ലാം അവ്യക്തമായി മാറുന്നു. ഇങ്ങനെയുള്ള ഗായകരെ പഴയ സംഗീതസംവിധായകര്‍ തുടക്കത്തില്‍ത്തന്നെ പുറത്താക്കും. 5. ഗാനചിത്രീകരണം മിക്ക സംവിധായകര്‍ക്കും വഴങ്ങുന്ന കലാപ്രവര്‍ത്തനമല്ല. അവര്‍ മുന്‍വിധിയോടെ ചിലതെല്ലാം കാട്ടിക്കൂട്ടുന്നു. പലപ്പോഴും ഗാനത്തിനു പൈങ്കിളിസ്വഭാവം കൈവരുകയാണ്.
ഇനിയുമുണ്ട് അസംഖ്യം നിരീക്ഷണങ്ങള്‍. സ്ഥലദൗര്‍ലഭ്യത്താല്‍ എല്ലാം കുറിക്കുന്നില്ല. കുറച്ചുനാള്‍മുമ്പിറങ്ങിയ 'മുല്ലമൊട്ട്' എന്ന മ്യൂസിക് ആല്‍ബം ഇങ്ങനെയാണു തുടങ്ങുന്നത്:
''മുല്ലമൊട്ട് പുതച്ചെന്റെ 
              മണവാട്ടി
നെഞ്ചിലാകെ കരളിന്റെ കരളാണു നീ'' (രചന - പി.എം. ഷമീര്‍; സംഗീതം - സജിത്ത് ശങ്കര്‍; ആലാപനം - സാലിഹ് ബഷീര്‍).
ഇതുകേട്ടു ഞാന്‍ സ്തബ്ധനായിപ്പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ. മണവാട്ടി മുല്ലമൊട്ടു    പുതയ്ക്കുന്നതിന്റെ യുക്തി എത്ര ആലോചിച്ചിട്ടും എനിക്കു പിടികിട്ടുന്നില്ല. കവിതയിലും പാട്ടിലും മറ്റും നെഞ്ച്, ഉള്ള്, മനസ്സ്, ഹൃദയം, കരള്‍ ഇവയെല്ലാം സമാനാര്‍ത്ഥത്തില്‍ പ്രയോഗിക്കുന്ന പദങ്ങളാണ്. അതുപോലും തിരിച്ചറിയാതെ നെഞ്ചിലാകെ കരളിന്റെ കരളാണു നീ'' എന്നു നായകന്‍ പാടുമ്പോള്‍ ഭാഷാബോധമുള്ള ഏതൊരു കാമുകിയും അയാളോട് അക്കാരണത്താല്‍ത്തന്നെ അകലുകയേയുള്ളൂ.
'അ ളലലഹ ഴീീറ ഹീ്‌ല ീെിഴ' എന്ന ആമുഖത്തോടും 'മനമാകെ' എന്ന പേരോടും കൂടിയ മറ്റൊരു ആല്‍ബം സോങ് ഇതാ:
''മനമാകെ നിറയുന്നേ    തളിര്‍പോലെ ഇവളെന്നും
അഴകേകും ചിരിയാലെ 
   ഇവളെന്നെ തഴുകുന്നേ
കുളിരേകും ഈ വനിയില്‍ 
   നറുതെന്നല്‍
ഇതാ മെല്ലെ മെല്ലെ പുല്‍കിപ്പോകില്ലേ'' (രചന - അഭിജിത്ത് സോമന്‍ മുതുകുളം; സംഗീതം - സിദ്ധവേദ് സുനില്‍കുമാര്‍; ആലാപനം - മനോജ് എം. ഗോവിന്ദ്.)
ഒന്നാന്തരം പ്രണയഗാനത്തിന്റെ അനുഭവം പ്രദാനം ചെയ്യുമെന്നു പറഞ്ഞിരിക്കുന്നതിനാല്‍ ഒരുകാര്യം വ്യക്തമായി. ഈ ഗാനത്തിന്റെ ശില്പികളില്‍ ആരുംതന്നെ മികവുറ്റ പ്രണയഗാനങ്ങള്‍ ഇന്നുവരെ കേട്ടിട്ടുണ്ടാവില്ല. (പൊങ്ങച്ചം എന്നു മാന്യവായനക്കാര്‍ തെറ്റിദ്ധരിക്കുകയില്ലെങ്കില്‍ അല്പം സ്വകാര്യം പറയാം. മലയാളത്തിലെ മികച്ച 51 പ്രണയഗാനങ്ങളെക്കുറിച്ചുള്ള എന്റെ സമഗ്രമായ പഠനം 'പ്രണയഗീതി' എന്ന പേരില്‍ ഒലിവ് പബ്ലിക്കേഷന്‍സ് പുസ്തകമായി ഇറക്കിയിട്ടുണ്ട്. വിരോധമില്ലെങ്കില്‍ ഇക്കൂട്ടര്‍ അതൊന്നു വായിക്കാന്‍ ശ്രമിക്കുക. അമൃതും മലിനജലവും തമ്മിലുള്ള വ്യത്യാസം അപ്പോള്‍ അവര്‍ക്കു മനസ്സിലാകും.)
ഈ ഗാനം ശ്രദ്ധിക്കുക. വരികള്‍ക്കു തമ്മില്‍ ഒരു ബന്ധവുമില്ല. കാതലായ ഒരാശയം ഗാനത്തില്‍ കണികാണാന്‍പോലുമില്ല. ഇത്തരം പാട്ടുകള്‍ കേട്ടുകേട്ട് മനസ്സു മുരടിച്ചിരിക്കുകയാണ്. ഈ അടുത്തകാലത്തൊന്നും ഇതിനു മാറ്റം വരുമെന്നു തോന്നുന്നില്ല.