ജറുസലേംപുരിയുടെ പാതയോരങ്ങള്‍ അന്നു പതിവിലേറെ ജനസാന്ദ്രമായതും ഒലിവുശിഖരങ്ങള്‍പോലും ഓശാന പാടിയതും ഓര്‍ക്കുന്നില്ലേ? വിഗണിക്കപ്പെടാനും വിധിക്കപ്പെടാനും വധിക്കപ്പെടാനും വന്നവനു വഴിയില്‍ വീണുകിട്ടിയ വിരളമായ ഒരു വരവേല്പായിരുന്നു അത്. രാജനും രക്ഷകനുമായി ജനം അവനെ എതിരേല്ക്കുകയും ഏറ്റുപറയുകയും ചെയ്ത ദിവസം. തനിക്കു വരാനിരുന്ന വേദനകളെ അവന്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കിലും, തന്നെ അവഗണിച്ചവര്‍ ആവേശത്തോടെ സ്തുതിഗീതങ്ങള്‍ ആലപിച്ചപ്പോള്‍, തഴഞ്ഞുതള്ളിയവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ചപ്പോള്‍ അവന്‍ ആനന്ദിച്ചിരിക്കണം. എന്നാല്‍, ആരാധകരുടെ ആരവങ്ങളുടെയും ആര്‍പ്പുവിളികളുടെയും നടുവിലും അവന്‍ അമിതോന്മത്തനായില്ല; തന്റെ നിയോഗം മറന്നില്ല. ലോകം നല്കുന്ന അംഗീകാരങ്ങള്‍ക്കും ആദരവുകള്‍ക്കും ബഹുമതികള്‍ക്കും സുഖദുഃഖസന്തോഷങ്ങള്‍ക്കും മധ്യേ നാമും നമ്മുടെ അസ്തിത്വത്തെ വിസ്മരിക്കരുതെന്ന് അവന്‍ നമ്മെ അനുസ്മരിപ്പിക്കുന്നു. നാം നാമാകുക. നാം ആരാകണമെന്നു നാമാണു നിര്‍ണയിക്കേണ്ടത്, അന്യരല്ല. നമ്മുടെ ജീവിതത്തിലും ചില ഓശാനാനുഭവങ്ങള്‍ ഉണ്ടായിട്ടില്ലേ? നമ്മുടേതെന്നു പറയാന്‍, ഓര്‍മയില്‍ സൂക്ഷിക്കാന്‍ ചില ഓശാനദിനങ്ങള്‍ ദൈവം ഒരുക്കിയിരുന്നില്ലേ? മാമ്മോദീസ, ആദ്യകുര്‍ബാന, തിരുപ്പട്ടം, വ്രതവാഗ്ദാനം, വിവാഹം, കുടുംബത്തില്‍ ഒരുകുഞ്ഞിന്റെ പിറവി, ജൂബിലിവര്‍ഷം, ചില വിജയങ്ങള്‍, നേട്ടങ്ങള്‍ തുടങ്ങിയവയെല്ലാം നമുക്കായി മാത്രം അവിടുന്ന് അണിയിച്ചൊരുക്കിയ കുരുത്തോലദിനങ്ങളായിരുന്നു. ദൈവം നമ്മെ സഹര്‍ഷം വരവേറ്റ നിമിഷങ്ങളായിരുന്നു. അത്തരം ഒലിവിലകള്‍ വാടിപ്പോകാതെ ഹൃദയത്തില്‍ സൂക്ഷിക്കാം. ഓര്‍ക്കണം, നിസ്സാരകാരണങ്ങളുടെ പേരില്‍ വലിച്ചെറിയേണ്ടതല്ല വിശുദ്ധമായ വിശ്വാസജീവിതം. ജാതിയും മതവുമൊന്നും നോക്കാതെ ഒരാളുടെകൂടെ ഇറങ്ങിപ്പോയി തുടങ്ങേണ്ടതോ, തോന്നുമ്പോള്‍ ഒടുക്കേണ്ടതോ അല്ല പവിത്രമായ ദാമ്പത്യം. ഒരു നിമിഷത്തെ മടുപ്പിന്റെയും മറുചിന്തയുടെയും പേരില്‍ ഉപേക്ഷിച്ചുപോകേണ്ടതല്ല പരിശുദ്ധമായ പൗരോഹിത്യവും സന്ന്യാസവും. അമൂല്യങ്ങളായി അങ്ങനെ പലതുമുണ്ട് ജീവിതത്തില്‍. അവയോരോന്നും നമ്മില്‍ കോറിയിടുന്ന ആത്മീയമായ ചില കനലുകളുണ്ട്. സാധ്യമാക്കുന്ന ചില ജ്വലനങ്ങളുണ്ട്. ജീവിതതാലത്തില്‍ നമുക്കു സ്വര്‍ഗം സമ്മാനിച്ച നുറുങ്ങുസന്തോഷങ്ങള്‍ക്കു നന്ദി പറയാം. നമ്മുടെ ജീവിതമാകുന്ന ഓര്‍ശ്ലേംവീഥിയിലൂടെ രക്ഷകനെ നമുക്കും വരവേല്‍ക്കാം. അവനുമുമ്പില്‍ വിരിച്ചിടാന്‍ പുണ്യങ്ങളുടെ മേലങ്കികളും, അവനെ പ്രഘോഷിക്കാന്‍ കണ്ഠനാളത്തില്‍ ചില വിശ്വാസബോധ്യങ്ങളും, കരങ്ങളില്‍ സുകൃതങ്ങളുടെ സൈത്തിന്‍ചില്ലകളും കരുതിവയ്ക്കാം. ജീവിതം ഓശാനവിളികളുടെ വഴിയിലൂടെയാവട്ടെ.