•  28 Mar 2024
  •  ദീപം 57
  •  നാളം 4
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

ട്രോജന്‍ കുതിരയുടെ നുഴഞ്ഞുകയറ്റം

രു കമ്പ്യൂട്ടര്‍പ്രോഗ്രാമിന്റെ അക്‌സെസ് (access) സംവിധാനത്തിലെ സുരക്ഷാപാളിച്ചകള്‍ മുതലെടുത്തുകൊണ്ടു പ്രാവര്‍ത്തികമാക്കുന്ന ഒരു കബളിത കമ്പ്യൂട്ടര്‍ പ്രോഗ്രാമാണ് ട്രോജന്‍ അഥവാ ട്രോജന്‍ ഹോഴ്‌സ് എന്നറിയപ്പെടുന്നത്. ഗ്രീക്കുകാര്‍ ട്രോജന്‍ കുതിരയെ ഉപയോഗപ്പെടുത്തി ജനങ്ങളെ കബളിപ്പിച്ച് ട്രോയ് നഗരം പിടിച്ചെടുത്തതുപോലെ ഉപഭോക്താവിനെ പറ്റിച്ച് കാര്യങ്ങള്‍ നടത്തുന്നതിനാലാണ് അതിന് ഈ പേരു നല്കിയിരിക്കുന്നത്. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, കമ്പ്യൂട്ടറിലുള്ള വിവരങ്ങള്‍ മോഷ്ടിക്കുകയോ കേടുപാടുകള്‍ വരുത്തുകയോ ചെയ്യുന്ന ഹാനികരമായ കമ്പ്യൂട്ടര്‍ പ്രോഗ്രാം ആണിത്. 'ട്രോജന്‍' എന്ന പേരോടുകൂടി ഒരു മലയാളചലച്ചിത്രം ഇറങ്ങിയിരിക്കുന്നതുകൊണ്ടാണ് അതിനെക്കുറിച്ച് ഇത്രയും ചിന്തിച്ചുപോയത്.
ആര്‍ക്കും സംശയം വേണ്ട, ഈ ചിത്രത്തില്‍ കേള്‍ക്കുന്നത് കബളിതഗാനംതന്നെയാണ്. അതിനാല്‍ 'ട്രോജന്‍' എന്ന പേര് ഏറെ യോജിക്കുന്നത് ഈ ചിത്രത്തിനല്ല, ഗാനത്തിനാണ് എന്നു പറയാതെ വയ്യ.
''എന്നുയിരേ വരൂ തെന്നലായ് അരികെ
നീ നിറയും ഈ ലോകവും പ്രണയം
വഴിയരികില്‍ നില്ക്കവേ
നിറചിരികള്‍ നല്കുവാന്‍
ഇതുവഴിയെ വന്നുവോ ജീവനേ.'' (രചന - ശബരീഷ് വര്‍മ; സംഗീതം - സെജോ ജോണ്‍; ആലാപനം - സെജോ ജോണ്‍, ഡോ. ജിസ്റ്റ് തോമസ്.)
ഈ വരികള്‍ സംഗീതത്തിന്റെ അകമ്പടിയോടെ കേള്‍ക്കണമെന്നില്ല. രണ്ടു തവണ വായിച്ചാല്‍ മതി ഇവയുടെ പൊള്ളത്തരം വ്യക്തമാവും. ഇന്നത്തെ ഗാനരചയിതാക്കളുടെ പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ ഒന്നാണ് തെന്നല്‍ അരികെയെത്തണമെന്നത്. വീണ്ടും വീണ്ടും അവര്‍ അതുതന്നെ പടച്ചുവിട്ടുകൊണ്ടിരിക്കുന്നു. പക്ഷേ, ഫലമില്ല. അബദ്ധത്തില്‍പ്പോലും തെന്നല്‍ ഇങ്ങനെ പാടുന്നവരുടെ അടുത്തുവരാനിടയില്ല. ഇവിടെ ഉയിരിനെയാണ് പാട്ടെഴുത്തുകാരന്‍ കാര്യമായി ക്ഷണിക്കുന്നത്. തെന്നലായി വേഷം മാറി എത്തണമെന്നാണ് തൂലികയുന്തുന്ന ആളിന്റെ അഭ്യര്‍ത്ഥന. പ്രണയഗാനമാണ് എഴുതേണ്ടത് എന്നതിനെക്കാള്‍ അസ്ഥാനത്ത് പ്രണയം പ്രയോഗിച്ച് അതിന്റെ അനുഭൂതിപോലും ഇല്ലാതാക്കിയിരിക്കുന്നു.
ആദ്യം വരാന്‍ ക്ഷണിച്ചു. പിന്നീട് ഇതുവഴിയേ വന്നുവോ എന്നു ചോദിച്ചു. എല്ലാം ഉയിരിനോടാണ് എന്നോര്‍ക്കണം. 'ജീവനേ' എന്നു പ്രയോഗിച്ച് അതിനു പിന്‍ബലമേകിയിട്ടുമുണ്ട് പാട്ടെഴുത്തുകാരന്‍. അല്ലെങ്കിലും നമ്മുടെ മാതൃഭാഷയോട് പണ്ടേ കലമ്പി നില്‍ക്കുന്ന ആളാണ് ശബരീഷ് വര്‍മ. ഓര്‍മയില്ലേ ആറേഴുവര്‍ഷങ്ങള്‍ക്കുമുമ്പ് 'പ്രേമം' എന്ന ചിത്രത്തിലൂടെ അദ്ദേഹം എഴുതിവിട്ട വരികള്‍.
''അവള് വേണ്ട്രാ ഇവള് വേണ്ട്രാ
ഈ കാണുന്നവള്‍മാരൊന്നും വേണ്ട്രാ
ലൗ വേണ്ട്രാ നമുക്കു വേണ്ട്രാ
ഇവിടെ അല്ലേലും സീന്‍ മൊത്തം കോണ്ട്രാ''
രാജേഷ് മുരുകേശന്റെ സംഗീതത്തില്‍ ഈ ഗാനം പാടിയതും ശബരീഷ് വര്‍മയാണ്. ഇത്തരത്തില്‍ 'കൊഞ്ഞമലയാളം' എഴുന്നള്ളിക്കാന്‍ മടിയില്ലാത്ത ഒരാള്‍ക്ക് എന്തുതന്നെ എഴുതിക്കൂടാ? ഇത്തരം മ്ലേച്ഛമായ പാട്ടുകള്‍ ഇറങ്ങിയപ്പോള്‍ കേരളീയസമൂഹം വേണ്ടതരത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. അതുകൊണ്ടാണ് ഗാനരംഗത്ത് കളകള്‍ കൂടിക്കൂടി വരുന്നത്. സംസ്‌കാരത്തിനു നിരക്കാത്ത പാട്ടുകളെ നിഷ്‌കരുണം ജനാവലി തിരസ്‌കരിക്കുന്നുണ്ട് എന്നതു മാത്രമാണ് ഒരേയൊരു സമാധാനം. എങ്കിലും അതുപോരാ. ഗാനരംഗത്ത് ട്രോജന്‍ കുതിര നുഴഞ്ഞു കയറുമ്പോള്‍ പ്രതിവിധി ചെയ്യാന്‍ നാം കരുതിയിരുന്നേ മതിയാവൂ.

 

 

Login log record inserted successfully!