•  9 May 2024
  •  ദീപം 57
  •  നാളം 9
ശ്രേഷ്ഠമലയാളം

എതിര്‍കക്ഷി

നേരിടുക (എതിരിടുക) എന്നു പ്രഥമാര്‍ത്ഥമുള്ള ഒരു ക്രിയാപദമാണ് എതിര്‍ക്കുക എന്നത്. എതിരെ നില്‍ക്കുക, എതിരെ ചെല്ലുക, ശകുനം വരുക തുടങ്ങിയ വിവക്ഷിതങ്ങളും എതിര്‍ക്കുക എന്ന പദത്തിനുണ്ട്. വിപരീതമായ ആശയമോ അഭിപ്രായമോ ശക്തിപൂര്‍വം പുറപ്പെടുവിക്കുന്നതും എതിര്‍ക്കുക ആണ്. എതിര്‍ക്കുന്നു, എതിര്‍ത്തു, എതിര്‍ക്കും എന്നിവയാണതിന്റെ കാലരൂപങ്ങള്‍. പദാന്തത്തില്‍ ക ചേര്‍ന്നുനില്‍ക്കുന്ന ''എതിര്‍ക്കുക''യെ നടുവിനയെച്ചരൂപമെന്നു നിര്‍ണയിക്കാം.
എതിര്‍ എന്ന ധാതുവിനോട് 'പ്പ്' എന്ന കൃത്പ്രത്യയം ചേര്‍ത്താല്‍ എതിര്‍പ്പ് (എതിര്‍ + പ്പ്) എന്ന ക്രിയാനാമം സിദ്ധിക്കും. ''പ്പ് ചേരും കാരിതങ്ങള്‍ക്ക്'' (കാരിക 156) എന്നു കേരളപാണിനി രേഖപ്പെടുത്തിയിട്ടുണ്ട്. എതിരിടല്‍, നേരിടല്‍, ചെറുക്കല്‍, തടയല്‍, വിരോധം, യാത്രപുറപ്പെടുമ്പോള്‍ എതിരെ വരുന്നത് തുടങ്ങിയ നാനാര്‍ത്ഥങ്ങള്‍ എതിര്‍പ്പ് എന്ന കൃദ്രൂപത്തിനുണ്ട്. എതിര്‍ എന്ന ധാതുവിന്റെ അപരൂപമാണ് 'എതൃ' എന്നത്. സംസ്‌കൃതപ്രേരണയ്ക്കു വിധേയമായി രൂപംകൊണ്ട ധാതുവാകണമത്. അങ്ങനെ, 'എതൃപ്പ്', എതൃക്കുക', 'എതൃകക്ഷി' തുടങ്ങിയ വികലപദങ്ങള്‍ പ്രചരിക്കാനിടയായി. സമൂഹമാധ്യമങ്ങള്‍വഴിയാണ് ഇത്തരം അപപാഠങ്ങള്‍ പ്രചുരപ്രചാരം നേടുന്നത്. ''എതിര്‍കക്ഷി, എതിര്‍ക്കുന്നു, ഇത്യാദികള്‍ക്കു പകരം 'എതൃകക്ഷി' എതൃക്കുന്നു എന്നിങ്ങനെ എഴുതുന്നത് എതിര്‍ എന്നതില്‍നിന്നുള്ള ജന്യത്വം സ്പഷ്ടമാകയാല്‍ ആദരണീയമല്ല. ഈ സ്വരം നിമിത്തമായ പ്രമാദം സംസ്‌കൃതശബ്ദങ്ങളിലാണ് അധികമായി കാണുന്നത്.'' ** 'എതൃമൊഴി,' 'എതൃവാ', 'എതൃപാദം' എതൃവിസ്താരം - ഇവിടെ എതിര്‍മൊഴി, എതിര്‍വാ, എതിര്‍വാദം, എതിര്‍വിസ്താരം എന്നെല്ലാമാണ് എഴുതേണ്ടത്. കൃതികള്‍ക്കു നെടുംതപസ്സിനാം/ ക്ഷിതിവാസം സ്വസുഖത്തിനല്ലതാന്‍/ എതിരിട്ടു വിപത്തൊടെന്നുമുന്നതി. വിശ്വോത്തരനാര്‍ന്നു രാഘവന്‍ (ശ്ലോകം 159) *** എന്നു ചിന്താവിഷ്ടയായ സീതയില്‍ ആശാന്‍ പ്രയോഗിച്ചിട്ടുള്ളതു ശ്രദ്ധിച്ചാല്‍ മേല്‍വിവരിച്ചവയ്ക്കു തെളിവാകും.
* രാജരാജവര്‍മ്മ, ഏ.ആര്‍., കേരളപാണിനീയം, എന്‍.ബി.എസ്., കോട്ടയം, 1988, പുറം - 276.
** നാരായണപിള്ള, പി.കെ., പ്രയോഗദീപിക, സാംസ്‌കാരികപ്രസിദ്ധീകരണവകുപ്പ്, തിരുവനന്തപുരം, 1988, പുറം 21.
*** കുമാരനാശാന്‍, എന്‍., ചിന്താവിഷ്ടയായ സീത, ബുക്ക്മീഡിയ, പാലാ, 2021, പുറം-185.

 

Login log record inserted successfully!