•  25 Apr 2024
  •  ദീപം 57
  •  നാളം 7
കുടുംബജ്യോതി

പരിഹാരമില്ലാത്ത പ്രശ്‌നമില്ല

നിക്കു താഴെയുള്ള നാലുസഹോദരങ്ങളെ വളര്‍ത്തി വലുതാക്കാന്‍ കൂലിപ്പണിക്കുപോയി പണം സമ്പാദിച്ച ജ്യേഷ്ഠന്‍. പഠിച്ചു വലുതായി ജോലിനേടി ജ്യേഷ്ഠനെ പൊന്നുപോലെ നോക്കുന്ന സഹോദരങ്ങള്‍. ഇതു സിനിമയിലെ സ്വപ്നതുല്യമായ കഥയല്ല. ഇത്തരം സഹോദരസ്‌നേഹത്തിന്റെ കഥ പറയുന്ന കുടുംബങ്ങള്‍ നമ്മുടെ നാട്ടില്‍തന്നെയുണ്ട്. ഒപ്പംതന്നെ, വളര്‍ത്തി വലുതാക്കിയ ജ്യേഷ്ഠനെ വെടിവച്ചു കൊന്ന അനുജനും നമ്മുടെ ഓര്‍മയില്‍ത്തന്നെയുണ്ട്. ഒന്ന് സഹോദരബന്ധത്തിന്റെ അഗാധതയെ സ്പര്‍ശിക്കുമ്പോള്‍ മറ്റൊന്ന് ഉപരിപ്ലവമായ വികലമായ സഹോദരബന്ധത്തിന്റെ കഥ പറയുന്നു.
ആരാണ്യഥാര്‍ത്ഥ സഹോദരങ്ങള്‍?
ഒരു നല്ല സഹോദരനോ സഹോദരിയോ ആകാന്‍ ഒരേ കുടുംബത്തില്‍ത്തന്നെ ജനിക്കണമോ? വേണ്ട എന്ന അഭിപ്രായക്കാരനാണു ഞാന്‍. അന്യകുടുംബത്തില്‍ ജനിച്ച ഒരു സ്ത്രീക്കും   പുരുഷനും വിവാഹത്തിലൂടെ ഇണയും തുണയുമാകാമെങ്കില്‍ മറ്റൊരു കുടുംബത്തിലെ വ്യക്തിക്കു നല്ല സഹോദരനും സഹോദരിയുമാകാമെന്നതു തര്‍ക്കമറ്റ വസ്തുതതന്നെ. ഇതു കൂട്ടുകാര്‍ക്കപ്പുറമുള്ള ഒരു ബന്ധമാണ്. പകയും വിദ്വേഷവും അസൂയയും കുറ്റംപറച്ചിലും ഇല്ലാത്ത ഒരു ബന്ധം!
യഥാര്‍ത്ഥ സഹോദരങ്ങള്‍ ആര് എന്ന ചോദ്യം ചുവടെ കൊടുക്കുന്ന നിര്‍വചനത്തിലൂടെ സമര്‍ത്ഥിക്കാം. ഒരുതരത്തിലുമുള്ള പ്രതിഫലമോ ഭാവിനേട്ടങ്ങളോ പ്രതീക്ഷിക്കാതെ അടുത്താണെങ്കില്‍ സാമീപ്യംകൊണ്ടും അകലെയെങ്കില്‍ മനസ്സുകൊണ്ടും കൂടെയുള്ള, കഴിഞ്ഞ കാലങ്ങള്‍ മറന്ന് ഞാന്‍ നിന്റെ കൂടെയുണ്ട് എന്ന് ഓര്‍മിപ്പിക്കുന്ന, തെറ്റുകള്‍ തെറ്റാണ് എന്നു ചൂണ്ടിക്കാട്ടി തിരുത്തുന്ന, ചോദിക്കാതെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു സഹായിക്കുന്ന, വീഴ്ചയില്‍ സങ്കടപ്പെടുന്ന, വളര്‍ച്ചയില്‍ സന്തോഷിക്കുന്ന, ഉത്തരവാദിത്വങ്ങള്‍ പങ്കുവയ്ക്കാന്‍ മനസ്സു കാണിക്കുന്ന, കുടുംബത്തില്‍ത്തന്നെയുള്ളരെയോ പുറത്തുള്ളവരെയോ നമുക്കു നല്ല സഹോദരങ്ങളായി കരുതാം. ഇത്തരമൊരു സഹോദരീസഹോദരബന്ധത്തില്‍ ലൈംഗികത, പണം, അധികാരം എന്നിവയ്‌ക്കൊന്നും സ്ഥാനമില്ല.
സഹോദരബന്ധങ്ങളെ ഊട്ടി യുറപ്പിക്കുന്നതില്‍ തടസ്സമായി മാറാവുന്ന ചില വസ്തുതകള്‍ ചുവടെ ചേര്‍ക്കുന്നു.
1. മാതാപിതാക്കളുടെ പക്ഷപാതപരമായ ഇടപെടലുകള്‍.    2. വീട്ടിലെ അരക്ഷിതാവസ്ഥ കണ്ടുവളരുന്ന സഹോദരങ്ങള്‍. അത്തരം അവസ്ഥകള്‍ തങ്ങളുടെ ബന്ധങ്ങളില്‍ പുനഃസൃഷ്ടിക്കുന്ന അവസ്ഥ. 3. പുറത്തുനിന്നുള്ളസമ്മര്‍ദങ്ങള്‍  4. സഹോദരങ്ങളുടെ ദുര്‍നടപ്പുകളും ചില അടിമത്തങ്ങളും   5. മാനസിക അസ്വസ്ഥതകള്‍    6. മറ്റു സഹോദരങ്ങളുടെമേല്‍ അധികാരം സ്ഥാപിക്കാനുള്ള ശ്രമം. 7. സാമ്പത്തിക ക്രമക്കേടുകളും അധികാരവടംവലികളും. 8. സഹോദരങ്ങളുടെ ജീവിതപങ്കാളികളുടെ മാനസികാവസ്ഥയും വികലമായ സ്വഭാവരീതികളും. 9. ബാഹ്യമായ ചുറ്റുപാടുകള്‍ ചെലുത്തുന്ന സ്വാധീനത്താല്‍ ഉണ്ടാകുന്ന പ്രകടമായ മാറ്റങ്ങള്‍ 10. ആകസ്മികമായ സംഭവവികാസങ്ങളെ മറികടക്കാന്‍ കഴിയാതെവരുമ്പോള്‍.
ഉറപ്പാര്‍ന്ന സഹോദരബന്ധങ്ങള്‍ വ്യക്തിജീവിതത്തില്‍ നല്‍കുന്ന നന്മകള്‍ വലുതാണ്. സംരക്ഷണം, മാര്‍ഗനിര്‍ദേശം, പരിഗണന, ആശ്രയം, അനുഗ്രഹം, അംഗീകാരം, പങ്കുവയ്ക്കല്‍, പരിപാലനം, ആനന്ദം, സ്‌നേഹം, ബഹുമാനം, ഉല്ലാസം എന്നിങ്ങനെയുള്ള വിവിധങ്ങളായ മൂല്യങ്ങള്‍ ഉറപ്പാര്‍ന്ന സഹോദരബന്ധങ്ങളില്‍ നിഴലിക്കും.
തകര്‍ന്ന സഹോദരബന്ധങ്ങളെ എങ്ങനെ വിളക്കിച്ചേര്‍ക്കാം?
ഈ പ്രക്രിയയില്‍ ചുവടെ ചേര്‍ക്കുന്ന വസ്തുതകള്‍ പരിഗണിക്കപ്പെടണം.
എന്താണ് സഹോദരങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയുടെ അടിസ്ഥാനകാരണം?
ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹോദരങ്ങള്‍ തയ്യാറാണോ?
പ്രശ്‌നപരിഹാരത്തിനുമുമ്പ് ശ്രമങ്ങള്‍ നടന്നിരുന്നോ? നടന്നിരുന്നുവെങ്കില്‍ അത്തരം ശ്രമങ്ങളുടെ ഫലം എന്തായിരുന്നു?
മേല്‍ സൂചിപ്പിച്ച മൂന്നു ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പരിഗണിച്ചശേഷമായിരിക്കണം ഇത്തരം പ്രശ്‌നങ്ങളില്‍ പരിഹാരം നിര്‍ദേശിക്കപ്പെടാന്‍. സഹോദരങ്ങള്‍ തമ്മിലുള്ള ഇത്തരം പ്രശ്‌നങ്ങള്‍ മൂന്നുതരത്തില്‍ തരംതിരിക്കാം.
സാമാന്യമായവ, സങ്കീര്‍ണമായവ, വളരെ സങ്കീര്‍ണമായവ
പ്രശ്‌നങ്ങള്‍ മേല്‍സൂചിപ്പവയില്‍ ഏതാണെങ്കിലും പരിഹാരമാര്‍ഗങ്ങള്‍ ഉണ്ട് എന്നതാണു വസ്തുത. ചില പ്രശ്‌നങ്ങള്‍ ഒരു വ്യക്തിയില്‍ കേന്ദ്രീകൃതമായി പ്രവര്‍ത്തിച്ചു പ്രശ്‌നപരിഹാരം കാണേണ്ടതാണെങ്കിലും മറ്റു ചില പ്രശ്‌നങ്ങളില്‍ കുടുംബത്തെ മൊത്തമായി സ്വാധീനിക്കാന്‍ സാധിച്ചെങ്കിലേ പരിഹാരം സാധ്യമാകൂ.
ചുരുക്കത്തില്‍, നല്ല സഹോദരബന്ധങ്ങള്‍ കുടുംബങ്ങളെ, വ്യക്തികളെ ഭദ്രതയില്‍ വളര്‍ത്തും. തകര്‍ന്ന സഹോദരബന്ധങ്ങളെ ശരിയായ ഇടപെടലുകളിലൂടെ ക്രമീകരിക്കാനും സാധിക്കും. പരിഹാരമില്ലാത്ത ഒരു പ്രശ്‌നവുമില്ല.

 

Login log record inserted successfully!