•  30 Jun 2022
  •  ദീപം 55
  •  നാളം 17
ഈശോ F r o m t h e B i b l e

അവഗണന

കലരെയും പരിഗണിക്കാന്‍ വന്നവന് അവഗണനയുടെ അനുഭവം. എല്ലാവരെയും ഏറ്റെടുക്കാന്‍ അവന്‍ വിരിച്ചുപിടിച്ച കരങ്ങളെ പലരും, പലയിടങ്ങളിലും തട്ടിമാറ്റി. ഉറ്റവര്‍പോലും ഒറ്റപ്പെടുത്തിയ നിമിഷങ്ങള്‍. ഒരുപക്ഷേ, താന്‍ വഹിക്കാനിരിക്കുന്ന കുരിശിനെക്കാള്‍ അവനെ ഭാരപ്പെടുത്തിയത് സ്വന്തം ജനം കൊടുത്ത തഴയലിന്റെ തോള്‍ച്ചുമടായിരുന്നു. രക്ഷിക്കാന്‍ നീട്ടിയ പാണികളെ പുച്ഛിച്ചുതള്ളിയവര്‍ക്ക് അവന്‍ വെറുമൊരു ആശാരിച്ചെക്കന്‍ എന്നതിലുപരി ആരുമല്ലായിരുന്നു, ഒന്നുമല്ലായിരുന്നു. പക്ഷേ, അവരെയൊന്നും അവന്‍ അവഗണിച്ചില്ല, ശപിച്ചില്ല, ശകാരിച്ചില്ല. ഒന്നിനെയും ചെറുതായിക്കണ്ടു നിരാകരിച്ചില്ല. പകരം, പുല്ലിനും പൂവിനും പറവകള്‍ക്കും പൈതങ്ങള്‍ക്കുപോലും അര്‍ഹിക്കുന്ന പരിഗണന കൊടുത്തു. അവരെപ്പോലെയാകാനാണ് അവന്‍ ആവശ്യപ്പെട്ടത്. എന്നിട്ടും, ഏറ്റവും ചെറിയവര്‍ക്കു ചെയ്യുന്ന ഔദാര്യത്തിനും, ഒരു കോപ്പ കുടിനീരിനുംവരെ പ്രതിഫലം കുറിച്ചവന് അവഗണിക്കപ്പെട്ടതിന്റെ നൊമ്പരം അനുഭവിക്കേണ്ടിവന്നു.
നമ്മുടെ അസ്തിത്വത്തിന്റെയും ആയുസ്സിന്റെയും ആധാരമായ ദൈവത്തെ തള്ളിക്കളഞ്ഞുകൊണ്ടുള്ള ചിന്തയും വാക്കും ചെയ്തിയും നമ്മില്‍നിന്നുണ്ടായാല്‍ അവിടുത്തെ അനുഗ്രഹങ്ങള്‍ നമുക്കും അന്യമാകും. നമ്മോടുള്ള സ്‌നേഹത്തെപ്രതിയാണ് അവന്‍ ഒരു സാധാരണക്കാരനായത്. അവന്‍ സ്വയം സ്വീകരിച്ച ആ സാധാരണത്വത്തെ നാം നിസ്സാരവത്കരിക്കരുത്. കൂടെ വസിക്കാന്‍ സര്‍വ്വതും ത്യജിച്ചു വന്നവന്‍ വിവിധ രൂപത്തിലും ഭാവത്തിലും നമ്മുടെ അനുദിനജീവിതത്തിന്റെ ഭാഗമായി നില്ക്കുന്നുണ്ട്. അവനെ വിഗണിക്കരുത്. അവിടുത്തെ സന്നിധിയില്‍ ചെലവഴിക്കുന്ന സമയത്തിലും, അവിടുത്തോടുള്ള പ്രാര്‍ത്ഥനകളിലും വിരസത തോന്നരുത്. നമ്മുടെ ജീവിതപുസ്തകത്തിലും അവഗണനയുടെ ചില അനുഭവത്താളുകള്‍ ഉണ്ടായിരിക്കാം. അവയൊക്കെ കയ്‌പ്പേറിയ ചില കാസകളാണു നമുക്കുനേരേ വച്ചുനീട്ടിയത്. അവഗണനകളെ അധികമൊന്നും നമ്മുടെ നാഥന്‍ പരിഗണിച്ചില്ല. ചില തരംതാഴ്ത്തലുകളെ നമുക്കും കണ്ടില്ലെന്നു വയ്ക്കാം. അവഗണിച്ചവന്‍ തന്നെ അവയോര്‍ത്തു പിന്നീടു ലജ്ജിച്ചുകൊള്ളും. ഒപ്പം, ആരെയും അവഗണിക്കാതിരിക്കാം. അവഗണന അവഹേളനത്തിനു തുല്യമാണ്. നാം അവഗണിച്ചതിന്റെ  നൊമ്പരം മനസ്സില്‍ പേറുന്നവരോടു മനസ്സാ മാപ്പിരക്കാം. നമ്മെ അറിയാവുന്നവരെല്ലാം  നമ്മെ ഇഷ്ടപ്പെടണമെന്നോ, അംഗീകരിക്കണമെന്നോ ഇല്ല. എങ്കിലും, നാമായിട്ട് ആരെയും അപമാനിക്കേണ്ട. എല്ലാവരും ദൈവത്തിനു വേണ്ടപ്പെട്ടവരാണ്.  ഇഹത്തില്‍ നമ്മുടെ പരിഗണനയ്ക്ക് ഏല്പിക്കപ്പെട്ടിട്ടുള്ളവരോട് ആദരവോടെ പെരുമാറാം. മറ്റുള്ളവരെപ്പറ്റിയുള്ള മുന്‍വിധികള്‍ മാറ്റാം. അവ വസ്തുതകളെ കാണാനുള്ള നമ്മുടെ കാഴ്ചയെ മറയ്ക്കും, കാഴ്ചപ്പാടുകളെ വികലമാക്കും. ഓര്‍ക്കണം, ചില നന്മകള്‍ നാം തീരെ പ്രതീക്ഷിക്കാത്ത വ്യക്തികളില്‍നിന്നും ഇടങ്ങളില്‍നിന്നും വരാം.