ലോകത്തിലെ ഒരു വലിയ സാഹിത്യശാഖയായി കുട്ടികളുടെ സാഹിത്യം മാറിയിട്ടുണ്ട്. ഓരോ ദേശത്തിനും അതിന്റെ വകഭേദങ്ങളുമുണ്ട്. നാടോടിക്കഥകളും മിത്തുകളും കോമിക്കുകളുമൊക്കെയായി അതൊരു വലിയ സാധ്യത തുറന്നിടുന്നുണ്ട്.
പാശ്ചാത്യസാഹിത്യത്തിന്റെ ചരിത്രത്തില്‍ ഡാനിയേല്‍ ഡിഫോയുടെ റോബിന്‍സണ്‍ ക്രൂസോയോളം വായിക്കപ്പെട്ട കൃതികള്‍ ചുരുക്കമാണ്. ഇത്രയേറെ പതിപ്പുകള്‍ വിറ്റഴിഞ്ഞ മറ്റൊരു പുസ്തകവുമില്ല. പൂര്‍ണരൂപത്തിലും സംഗ്രഹമായും പുനരാഖ്യാനമായും ചിത്രകഥയായും ബാലസാഹിത്യമായുമൊക്കെ നൂറുകണക്കിനു പതിപ്പുകള്‍. ലോകത്ത് ഏറ്റവുമധികം വിവര്‍ത്തനം ചെയ്യപ്പെട്ട പുസ്തകങ്ങളിലൊന്നു റോബിന്‍സണ്‍ ക്രൂസോയാണ്.
മാതാപിതാക്കളുടെ ആഗ്രഹത്തിനെതിരായി 1651 ഓഗസ്റ്റ്മാസം കപ്പല്‍യാത്രയ്ക്ക് ഇറങ്ങിത്തിരിച്ച റോബിന്‍സണ്‍ ക്രൂസോയുടെ കപ്പല്‍ അതിഭയങ്കരമായ ഒരു കൊടുങ്കാറ്റില്‍പ്പെട്ടു. തകര്‍ന്ന കപ്പലില്‍നിന്നു രക്ഷപ്പെട്ട ക്രൂസോ ഒരു വിധത്തില്‍ തന്റെ വീട്ടില്‍ മടങ്ങിയെത്തി. പക്ഷേ, കടലിനോടും കടലിലെ സാഹസികയാത്രയോടുമുള്ള അടങ്ങാത്ത അഭിവാഞ്ഛമൂലം അയാള്‍ വീണ്ടും കപ്പല്‍യാത്രയ്ക്കിറങ്ങി. ഇത്തവണ ക്രൂസോ കടല്‍ക്കൊള്ളക്കാരുടെ കൈയിലകപ്പെട്ടു. അവര്‍ അയാളെ അവരുടെ അടിമയാക്കി. രണ്ടു വര്‍ഷത്തെ യാതനകള്‍ക്കുശേഷം ക്‌സുരി എന്ന ഒരു കുട്ടിയുടെകൂടെ ഒരു ബോട്ടില്‍ക്കയറി അയാള്‍ രക്ഷപ്പെടുന്നു. കടലില്‍ അലഞ്ഞുതിരിഞ്ഞ ക്രൂസോയെ ഒരു പോര്‍ച്ചുഗീസ് കപ്പിത്താന്‍ രക്ഷപ്പെടുത്തി ബ്രസീലിലെത്തിച്ചു. വളരെ നാളത്തെ കഠിനാധ്വാനത്തിലൂടെ അയാള്‍ അവിടെയൊരു തോട്ടം സമ്പാദിക്കുന്നു.
കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം ആഫ്രിക്കയില്‍നിന്ന് അടിമകളെ കൊണ്ടുവരുന്ന ഒരു പര്യവേക്ഷണക്കപ്പലില്‍ ക്രൂസോ വീണ്ടും സാഹസികയാത്രയ്ക്കിറങ്ങുന്നു. ആ കപ്പലും അപകടത്തില്‍പ്പെടുന്നു. ക്രൂസോയും ഒരു നായയും രണ്ടു പൂച്ചകളും മാത്രമാണ് അപകടത്തില്‍ അവശേഷിച്ചത്. അവര്‍ വിജനമായ ഒരു ദ്വീപില്‍ വന്നടിഞ്ഞു. കപ്പലില്‍നിന്നു വീണ്ടെടുത്ത കുറച്ചു സാധനങ്ങള്‍ ഉപയോഗിച്ച് ദ്വീപില്‍ അയാള്‍ ഒരു ചെറിയ കുടില്‍ കെട്ടി. അവിടെ മൃഗങ്ങളെ വേട്ടയാടിയും, കൃഷി ചെയ്തും അയാള്‍ തന്റെ ഏകാന്തമായ ജീവിതം കഴിച്ചുകൂട്ടി. വര്‍ഷങ്ങള്‍ കടന്നുപോയി. ദ്വീപില്‍ ഇടയ്ക്കിടെ നരഭോജികള്‍ വന്നുപോകാറുണ്ടെന്നു ക്രൂസോ മനസ്സിലാക്കി. നരഭോജികളുടെ കൈയില്‍നിന്നു വഴുതിപ്പോയ ഫ്രൈഡേ എന്ന ഒരു മനുഷ്യനെ ക്രൂസോ രക്ഷപ്പെടുത്തി. ക്രൂസോ അയാളെ ഇംഗ്ലീഷ് പഠിപ്പിക്കുകയും ക്രിസ്തുമതവിശ്വാസിയാക്കുകയും ചെയ്തു.
വീണ്ടും ദ്വീപിലെത്തുന്ന നരഭോജികളില്‍ മിക്കവരെയും ക്രുസോയും ഫ്രൈഡേയും ചേര്‍ന്ന് കൊലപ്പെടുത്തി. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. നരഭോജികളുടെ കൈയിലകപ്പെട്ടിരുന്ന രണ്ടു തടവുകാരെ അവര്‍ രക്ഷപ്പെടുത്തി. അവരില്‍ ഒരാള്‍ ഫ്രൈഡേയുടെ അച്ഛനായിരുന്നു. മറ്റേത് ഒരു സ്‌പെയിന്‍കാരനായിരുന്നു. കപ്പലപകടത്തില്‍പ്പെട്ട വേറേയും സ്‌പെയിന്‍കാര്‍ ആ തീരത്തടിഞ്ഞിട്ടുണ്ടെന്ന് അവര്‍ ക്രൂസോയോടു പറഞ്ഞു. അവരെയെല്ലാം ഒരുമിച്ചുകൂട്ടി ഒരു കപ്പല്‍ നിര്‍മിച്ച് ദ്വീപില്‍നിന്നു രക്ഷപ്പെടാന്‍ ക്രുസോ തീരുമാനിച്ചു.
പക്ഷേ, സ്‌പെയിന്‍കാര്‍ എത്തുംമുമ്പ് ഒരു ബ്രിട്ടീഷ് കപ്പല്‍ അവിടെയെത്തി. ലഹളക്കാര്‍ ആ കപ്പലിന്റെ നിയന്ത്രണം കയ്യടക്കിയിരിക്കുകയായിരുന്നു. ക്രൂസോ അതിന്റെ കപ്പിത്താനുമായി ഒരു ഉടമ്പടിയുണ്ടാക്കി. ലഹളക്കാരെ തോല്പിച്ചോടിച്ചശേഷം ആ കപ്പലില്‍ അവര്‍ ബ്രിട്ടനിലേക്കു മടങ്ങുകയും ചെയ്തു.