•  18 Apr 2024
  •  ദീപം 57
  •  നാളം 6
സ്റ്റൂഡന്റ്‌സ് ഷെല്‍ഫ്‌

മാല്‍ഗുഡിദിനങ്ങള്‍

സാങ്കല്പികമായ ഒരു ഗ്രാമമാണെന്ന് എഴുത്തുകാരന്‍ തന്നെ പറയുമ്പോഴും നമുക്കു ചിരപരിചിതമാണെന്ന തോന്നലുളവാക്കുന്ന സ്ഥലമാണ് മാല്‍ഗുഡി. ഈ ഗ്രാമത്തെയും അവിടുത്തെ ജനങ്ങളെയും വായനക്കാര്‍ യാഥാര്‍ത്ഥ്യമെന്നു കരുതി സ്നേഹിച്ചു. ഈ അപൂര്‍വമായ ഭാഗ്യം സിദ്ധിച്ച സാഹിത്യകാരനാണ് ആര്‍.കെ. നാരായണ്‍. മാല്‍ഗുഡിയെ പശ്ചാത്തലമാക്കി അദ്ദേഹം എഴുതിയ കഥകളുടെ സമാഹാരമാണ് മാല്‍ഗുഡി ഡേയ്‌സ്.
1943 ന്റെ തുടക്കത്തില്‍ പുറത്തുവന്ന മാല്‍ഗുഡി ഡേയ്സിന്റെ തുടര്‍ച്ചയായി ആര്‍.കെ.നാരായണ്‍ എഴുതിയ പല രചനകളിലും മാല്‍ഗുഡി കടന്നുവന്നു. പ്രസിദ്ധീകരിച്ച് 70 വര്‍ഷങ്ങളിലധികം പിന്നിട്ടിട്ടും ഈ കഥകള്‍ മനുഷ്യമനസ്സുകളില്‍നിന്ന് മായാതെ നില്‍ക്കുന്നത് നമ്മുടെയൊക്കെ ജീവിതങ്ങളില്‍ വന്നേക്കാവുന്ന അസാധാരണങ്ങളായ സംഭവങ്ങള്‍ പ്രമേയങ്ങളായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളതുകൊണ്ടു മാത്രമാണ്. ജീവിതത്തില്‍ നമ്മള്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികളും വിഷമതകളും നര്‍മത്തില്‍ ചാലിച്ച ഭാഷയിലാണ് ഈ കഥകളില്‍ ആര്‍.കെ. നാരായണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
വിവിധ ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലും വിവര്‍ത്തനം ചെയ്യപ്പെട്ട മാല്‍ഗുഡിയുടെ കഥകള്‍ 2009 ല്‍ മാല്‍ഗുഡിദിനങ്ങള്‍ എന്ന പേരില്‍ മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. സാധാരണക്കാരുടെ ജീവിതത്തിലെ അസാധാരണസംഭവങ്ങളെ കേന്ദ്രമാക്കി ജീവിതത്തിന്റെ അനിശ്ചിതത്വങ്ങള്‍ ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുന്ന 32 കഥകളാണ് മാല്‍ഗുഡി ദിനങ്ങള്‍ എന്ന പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ഗൃഹാതുരത്വത്തിന്റെ സുഖമുള്ള നോവുമായി വായനക്കാരനെ അലട്ടുന്ന ഈ കഥകള്‍ വിവര്‍ത്തനമെന്നു തോന്നിക്കാത്ത വിധത്തില്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയത് റോയ് കുരുവിളയാണ്.
ആര്‍.കെ. നാരായണ്‍ ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസില്‍ (ഇപ്പോള്‍ ചെന്നൈ, തമിഴ്നാട്) ഒരു അയ്യര്‍ വടാമ തമിഴ് ബ്രാഹ്‌മണകുടുംബത്തില്‍ 1906 ഒക്ടോബര്‍ 10-നാണ് ജനിച്ചത്. ആറ് ആണ്‍മക്കളും രണ്ടു പെണ്‍മക്കളുമുള്ള കുടുംബത്തിലെ ഒരാളായിരുന്നു അദ്ദേഹം. ആണ്‍കുട്ടികളില്‍ രണ്ടാമനായിരുന്ന നാരായണ്‍ന്റെ ഇളയസഹോദരന്‍ രാമചന്ദ്രന്‍ പിന്നീട് ജെമിനി സ്റ്റുഡിയോയില്‍ പത്രാധിപരായി. പ്രശസ്ത  കാര്‍ട്ടൂണിസ്റ്റായ ആര്‍.കെ. ലക്ഷ്മണ്‍ ഇളയ സഹോദരനാണ്. സ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന പിതാവിന്റെ സ്‌കൂളിലാണ് വിദ്യാഭ്യാസം നിര്‍വഹിച്ചത്.
ആര്‍.കെ. നാരായണന്റെ ആദ്യനോവല്‍ 1935 ല്‍ പ്രസിദ്ധീകരിച്ച സ്വാമി ആന്‍ഡ് ഹിസ് ഫ്രണ്ട്സ് ആണ്. നോവല്‍, ചെറുകഥ, സ്മരണ, യാത്രാവിവരണം, ഇതിഹാസ - പുരാണകഥകളുടെ പുനരാഖ്യാനം എന്നീ വിഭാഗങ്ങളിലായി ഇരുപത്തഞ്ചിലധികം കൃതികള്‍ പ്രസിദ്ധീകരിച്ചു. ദി ഗൈഡിന് 1960 ലെ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഇത് വഴികാട്ടി എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1964 ല്‍ പദ്മഭൂഷണ്‍, 2000 ല്‍ പദ്മവിഭൂഷണ്‍ എന്നിവ നേടി. നിരവധി തവണ നോബല്‍ സമ്മാനം നല്‍കുന്നതിനായുള്ള പട്ടികയില്‍ നാരായണ്‍ ഇടം നേടിയിട്ടുണ്ടെങ്കിലും നോബല്‍ സമ്മാനം ഒരിക്കലും ലഭിച്ചിരുന്നില്ല. നോബല്‍ സമ്മാനസമിതി നാരായണ്‍ന്റെ കൃതികളെ അവഗണിച്ചതായും സാഹിത്യവൃത്തങ്ങളില്‍ സംസാരമുണ്ട്.

 

Login log record inserted successfully!