മദ്ധ്യവേനല്‍ അവധിക്കാലം ഇങ്ങെത്താറായി. പണ്ടൊക്കെ വായനയുടെ പൂക്കാലമായിരുന്നു അവധിക്കാലം. പക്ഷേ, ഇന്നിപ്പോള്‍ അങ്ങനെയാണെന്നു കരുതാനാകില്ല. കാരണം, വളരെക്കുറച്ചു കൊല്ലങ്ങള്‍ക്കിടയില്‍ ലോകം ഏറെ മാറിപ്പോയിട്ടുണ്ട്. ടെലിവിഷന്‍, അതില്‍ മിന്നിമായുന്ന ഇഷ്ടാനുസരണചാനലുകള്‍, കാര്‍ട്ടൂണ്‍ സിനിമകള്‍, ഹാരി പോട്ടര്‍, അനുദിനം വര്‍ദ്ധിച്ചുവരുന്ന പഠനഭാരം, വേലികളെപ്പോലെ പൊളിച്ചോ നൂണ്ടോ കടക്കാനാവാത്ത മതിലുകളുടെ അതിപ്രസരം, ''ഇട്ടാവട്ടം'' വീടുകളും മുറ്റമില്ലാവീടുകളും ആകാശംമുട്ടുന്ന വീടുകളും. കൂട്ടില്ലാത്ത, കളിയില്ലാത്ത ചുറ്റുവട്ടം... അങ്ങനെയങ്ങനെ കുട്ടികളെ ഏതെങ്കിലും വിധത്തില്‍ സഹായിക്കാനോ അഴിച്ചുവിടാനോ ഒന്നും പറ്റാത്ത അവസ്ഥ. വായനയിലേക്കെന്നല്ല, ഒന്നിലേക്കും അവരെ വഴിനടത്താനാവില്ല. അവരെ മാത്രമല്ല, ആരെയും. വല്ലാത്തൊരു ജീവിതകാലം. പക്ഷേ, മാതാപിതാക്കള്‍ കുട്ടികള്‍ക്കുവേണ്ടി ചില പുസ്തകങ്ങള്‍ വായിച്ചിരിക്കുന്നതു നല്ലതാണ്. അത്തരത്തിലൊന്നാണ് ഈസോപ്പുകഥകള്‍.
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ഗുണപാഠകഥകളില്‍ മുന്‍പന്തിയിലാണ് ഈസോപ്പുകഥകള്‍. ഈസോപ്പുകഥകള്‍ക്കു തുല്യമായ കഥകള്‍ പല ലോകഭാഷകളിലും കാണാമെങ്കിലും ഇവയുടെ സ്വീകാര്യത മറ്റൊന്നിനുമുണ്ടെന്നു തോന്നുന്നില്ല. ഒട്ടുമിക്ക ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുള്ള ഇവ പ്രായ - ദേശ - കാലഭേദമില്ലാതെ എല്ലാവരും ഒരേപോലെ ആസ്വദിക്കുന്നു. മലയാളത്തിലേക്കും ഈസോപ്പുകഥകള്‍ പല കാലഘട്ടങ്ങളില്‍ പലര്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. വിശ്വസാഹിത്യത്തിലെ കഥാപാരമ്പര്യത്തിന്റെ അതിപുരാതന ശേഖരങ്ങളായ ഈ കഥകള്‍ ബിസി 620 നും 560 നും മദ്ധ്യേ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ഈസോപ്പ് എഴുതിയതാണ്.
ഈ കഥകളൊന്നും കഥാകൃത്ത് ലിഖിതരൂപത്തിലാക്കാന്‍ സാധ്യതയില്ലെന്നും വാമൊഴിയായി പ്രചരിച്ച ഈ കഥകള്‍ക്കു പില്‍ക്കാലത്ത് പുസ്തകരൂപം കൈവന്നതാണെന്നുമാണ് പണ്ഡിതരുടെ അഭിപ്രായം. ഇക്കാര്യത്തില്‍ പണ്ഡിതര്‍ക്കിടയില്‍ വിരുദ്ധാഭിപ്രായങ്ങളുണ്ടെങ്കിലും കഥകളുടെ മൂല്യത്തെ സംബന്ധിച്ചു തര്‍ക്കമില്ല. കൊച്ചുകൊച്ചു കഥകളിലൂടെ സാരോപദേശത്തിന്റെ വലിയ ലോകം ഇവ കാട്ടിത്തരുന്നു. മൃഗങ്ങളും പക്ഷികളും മനുഷ്യരും മറ്റു ചരാചരങ്ങളും നിറഞ്ഞ ഈ രസകരമായ കഥകളിലൂടെ നന്മയും തിന്മയും ശരിയും തെറ്റും ധര്‍മവും അധര്‍മവും എന്താണെന്നു ലളിതമായി അവതരിപ്പിക്കുന്നു.
ഒരു ഈസോപ്പ് കഥകൂടി പങ്കുവയ്ക്കുന്നു.
ചെന്നായും ആട്ടിന്‍കുട്ടിയും
കൂട്ടംതെറ്റി അലയുകയായിരുന്ന ആട്ടിന്‍കുട്ടിയെ കണ്ട ചെന്നായ് അതിനെ കൊന്നുതിന്നാന്‍ തീരുമാനിച്ചു.
എന്നാലതിനെ കൊല്ലാന്‍ ഒരു കാരണം കണ്ടെത്തിയിട്ടു മതി ശാപ്പിടാന്‍ എന്ന് ചെന്നായ് ഉറപ്പിച്ചു.
അവന്‍ ആട്ടിന്‍കുട്ടിയെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: ''എടാ കുഞ്ഞേ, കഴിഞ്ഞ വര്‍ഷം നീ എന്നെ അപമാനിച്ചില്ലേ?''
ആട്ടിന്‍കുട്ടിയാകട്ടെ വ്യസനപ്പെട്ടുകൊണ്ടു മൊഴിഞ്ഞു: ''ഞാന്‍ ജനിച്ചിട്ടു മാസങ്ങളേ ആയിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം ഞാന്‍ ഉണ്ടായിരുന്നില്ല.''
ചെന്നായ് ആരോപണം മാറ്റി. 'ഞാന്‍ ഇരപിടിക്കുന്ന മേച്ചില്‍പ്പുറങ്ങളിലാണു നീ മേയുന്നത്' എന്നായി ചെന്നായ്.
''ഇല്ല അങ്ങുന്നേ. ഞാനിതേവരെ പുല്ലു കഴിക്കാറായിട്ടില്ല.'' ആട്ടിന്‍കുട്ടി പറഞ്ഞു.
'ഞാന്‍ കുടിക്കുന്ന ഉറവയില്‍നിന്നാണ് നീ കുടിക്കുന്നത്' എന്നായി ചെന്നായയുടെ അടുത്ത ആരോപണം.
''ഞാനിന്നേവരെ അമ്മയുടെ പാലല്ലാതെ ഒന്നും കുടിച്ചിട്ടില്ല. പാലുമാത്രമാണ് എനിക്കു ഭക്ഷണവും പാനീയവും.'' ആട്ടിന്‍കുട്ടി ഉണര്‍ത്തിച്ചു.
ഇതോടെ ആരോപണങ്ങള്‍ മതിയാക്കിയ ചെന്നായ് ആട്ടിന്‍കുട്ടിയെ കൊന്നു ശാപ്പിട്ടുകൊണ്ടു പറഞ്ഞു: ''എന്റെ ആരോപണങ്ങള്‍ക്കെല്ലാം നിനക്കു മറുപടിയുണ്ടായിരിക്കാം. എന്നാലിന്ന് അത്താഴപ്പട്ടിണി കിടക്കാന്‍ എനിക്കുദ്ദേശ്യമില്ല.''
ഗുണപാഠം: ദ്രോഹികള്‍ക്ക് ഉപദ്രവിക്കാന്‍ എപ്പോഴും ന്യായങ്ങളുണ്ടാവും.