കുനിഞ്ഞ ശിരസ്സല്ല, ഒരിക്കലും കുനിയാത്ത ശിരസ്സാണ് പെണ്ണിന്റെ സൗന്ദര്യമെന്നു തെളിയിച്ച ആഫ്രിക്കല്‍ വനിത വംഗാരി മാതായുടെ ആത്മകഥയാണ് ''തലകുനിക്കാതെ.''
ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കെനിയയുടെ പര്‍വതപുത്രിയായി പ്രകൃതിയോടിണങ്ങി വളര്‍ന്ന ഒരു ഗോത്രവര്‍ഗ പെണ്‍കുട്ടി കൊടുമുടിയോളം വളര്‍ന്നത് നമ്മുടെ പെണ്‍കുട്ടികള്‍ക്കും ഒരു മാതൃകയാണ്. തങ്ങളുടെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും കടയ്ക്കല്‍ കോടാലി വച്ചുകൊണ്ട് തങ്ങളുടെ ഹരിതസമൃദ്ധിയെയും ഗോത്രനന്മകളെയും ചൂഷണം ചെയ്യാന്‍ വന്ന അധീശശക്തികള്‍ക്കെതിരേ ഒരു മനുഷ്യക്കോട്ട പണിത്, സ്വന്തം വീട്ടുവളപ്പില്‍ മരം നട്ടുപിടിപ്പിച്ച് മരങ്ങളെയും മനുഷ്യരെയും'' ഗ്രീന്‍ ബെല്‍റ്റ് എന്ന മഹാപ്രസ്ഥാനത്തിന്റെ, ഐക്യദാര്‍ഢ്യത്തിന്റെ, വംഗാരി മാതായുടെ ജീവിതകഥയാണിത്.
വംഗാരി മാതായ് എന്ന വംഗാരി മുത 1940 ഏപ്രില്‍ ഒന്നിന് കെനിയയിലെ ഇഹിതെ എന്ന കൊച്ചുഗ്രാമത്തിലാണു ജനിച്ചത്. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അവളുടെ മാതാപിതാക്കള്‍ ജോലി തേടി റിഫ്റ്റ് വാലി എന്ന പ്രദേശത്തുള്ള ഒരു ഫാമിലേക്കു താമസം മാറ്റി. അവിടെ വിദ്യാഭ്യാസത്തിനുള്ള സൗകര്യം കുറവാതിനാല്‍ വംഗാരിക്ക് എട്ടുവയസ്സുള്ളപ്പോള്‍ അവര്‍ ഇഹിതെയിലേക്കു മടങ്ങിവന്നു. അവിടെ ഒരു പ്രൈമറി സ്‌കൂളിലാണ് വംഗാരിയുടെ വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് സെന്റ് സിസിലിയ സ്‌കൂളിലും ലൊറേറ്റോ ഹൈസകൂളിലുമായി പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പഠനത്തില്‍ അതീവസമര്‍ത്ഥയായിരുന്നു വംഗാരി. അതുകൊണ്ടുതന്നെ ആഫ്രിക്കയിലെ ഏറ്റവും സമര്‍ത്ഥരായ 300 കുട്ടികള്‍ക്ക് അമേരിക്കയില്‍ പഠിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അവരിലൊരാള്‍ വംഗാരി മാതായ് ആയിരുന്നു. അവിടെ സെന്റ് സ്‌കൊളസ്റ്റിക് കോളജില്‍നിന്നു ജീവശാസ്ത്രത്തില്‍ ബിരുദവും പിറ്റ്സ്ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍നിന്നു ബിരുദാനന്തരബിരുദവും നേടി.
അവിടെ പഠിക്കുമ്പോഴാണ് നഗരത്തെ വായുമലിനീകരണത്തില്‍നിന്നു മുക്തമാക്കാനുള്ള ഏതാനും പരിസ്ഥിതിപ്രവര്‍ത്തകരുടെ ശ്രമം അവളുടെ കണ്ണില്‍പ്പെടുന്നത്. വംഗാരി അവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി. പഠനം പൂര്‍ത്തിയാക്കി കെനിയയിലെ നെയ്റോബിയില്‍ തിരിച്ചെത്തി അവിടെ വെറ്ററിനറി യൂണിവേഴ്സിറ്റിയില്‍ ഗവേഷണം ആരംഭിച്ചെങ്കിലും സ്ത്രീ എന്ന നിലയിലും കറുത്തവര്‍ഗക്കാരി എന്ന നിലയിലും വലിയ വിവേചനം അവര്‍ക്കു നേരിടേണ്ടിവന്നു.
ഗത്യന്തരമില്ലാതെ വംഗാരി ജര്‍മ്മനിയിലേക്കു പോയി. അവിടെനിന്നു ഡോക്ടറേറ്റ് നേടി തിരികെ നെയ്റോബി യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് ലക്ചററായി നിയമിതയായ വംഗാരി ഡോക്ടറേറ്റ് നേടിയ ആദ്യ കിഴക്കന്‍ ആഫ്രിക്കന്‍ വനിതയായിരുന്നു. പിന്നീട് യൂണിവേഴ്സിറ്റിയിലെ പല ഉന്നതപദവികളും അവര്‍ അലങ്കരിച്ചു. പഠനത്തിലും ഉദ്യോഗത്തിലും ഉയരങ്ങള്‍ താണ്ടുന്നതോടൊപ്പം വംഗാരി പല സാമൂഹികപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു.
വര്‍ഗ-ലിംഗ വിവേചനങ്ങള്‍ക്കെതിരേ അവര്‍ ശക്തമായി പ്രതികരിച്ചു. സ്ത്രീകള്‍ക്കു തുല്യപദവിക്കായി അവര്‍ പല വേദികളിലും ശബ്ദമുയര്‍ത്തി. ഒപ്പംതന്നെ പരിസ്ഥിതിപ്രശ്‌നങ്ങളിലും ക്രിയാത്മകമായി ഇടപെട്ടു. 1973 ല്‍ കെനിയയിലെ റെഡ്‌ക്രോസ് സൊസൈറ്റി ഡയറക്ടറായി അവര്‍ തിരഞ്ഞെടുക്കപ്പെട്ടു. സാമൂഹികപ്രവര്‍ത്തനങ്ങളില്‍ മുഴുകി നെയ്റോബിയുടെ ഉന്നമനത്തിനായി പരിശ്രമിക്കുമ്പോള്‍ വംഗാരി ഒരു സത്യം തിരിച്ചറിഞ്ഞു. പരിസ്ഥിതിക്കു സംഭവിച്ച അപചയമാണ് നെയ്റോബിയിലെ സാമൂഹികപ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാനം. 'എന്‍വിറോ കെയര്‍' എന്ന ഒരു സ്ഥാപനം അവര്‍ ആരംഭിച്ചു. വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുക എന്നതായിരുന്നു അവരുടെ ദൗത്യം. സാമ്പത്തിക പരാധീനതമൂലം ആ പദ്ധതി വലിയ വിജയം കണ്ടില്ലെങ്കിലും അവര്‍ യു.എന്‍. കോണ്‍ഫെറന്‍സിലേക്കു ക്ഷണിക്കപ്പെട്ടു.
തിരികെ നെയ്റോബിയിലെത്തിയ വംഗാരി നാഷണല്‍ കൗണ്‍സില്‍ ഓഫ് വുമന്‍ ഓഫ് കെനിയ (ചഇണഗ)യുമായി ബന്ധപ്പെട്ട് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പരിപാടി പുനരാരംഭിച്ചു. അതാണ് ലോകശ്രദ്ധയാകര്‍ഷിച്ച 'ഗ്രീന്‍ ബെല്‍റ്റ്' മൂവ്മെന്റ്' ആയി മാറിയത്. വിവാഹമോചനം അവരുടെ സാമ്പത്തികസ്ഥിതിയെ ദോഷമായി ബാധിച്ചെങ്കിലും അവര്‍ തന്റെ ദൗത്യങ്ങള്‍ തുടര്‍ന്നുപോന്നു.
അവരുടെ പരിസ്ഥിതിസംരക്ഷണപ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചുതുടങ്ങി. ഗ്രീന്‍ ബെല്‍റ്റ് മൂവ്മെന്റ്ആഫ്രിക്കയിലെങ്ങും പടര്‍ന്നുപന്തലിച്ചു. ഒപ്പംതന്നെ വംഗാരി രാഷ്ട്രീയകാര്യങ്ങളിലും ഇടപെടാന്‍ തുടങ്ങി. അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള ഗവണ്മെന്റിന്റെ കടന്നുകയറ്റത്തിനെതിരേ വംഗാരി ശബ്ദമുയര്‍ത്തി. ഒടുവില്‍ അവര്‍ പരിസ്ഥിതി-ഭൂവിഭവ സഹമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
തന്റെ പദവികളെല്ലാംതന്നെ പ്രകൃതിസംരക്ഷണത്തിനായി അവര്‍ ഉപയോഗപ്പെടുത്തി. ആഫ്രിക്കയുടെ രാഷ്ട്രീയ-പരിസ്ഥിതിമേഖലകളില്‍ വലിയ വിപ്ലവം സൃഷ്ടിക്കാന്‍ വംഗാരി മാതായിക്കു കഴിഞ്ഞു. തന്റെ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ ലോകശ്രദ്ധ പിടിച്ചുപറ്റി. ഒടുവില്‍ 2004 ല്‍ നെബേല്‍ സമ്മാനം അവരെ തേടിയെത്തി. അനേകം രാഷ്ട്രങ്ങളും യൂണിവേഴ്സിറ്റികളും അവരെ ആദരിച്ചു. ഇന്ത്യാ ഗവണ്മെന്റിന്റെ 2006 ലെ ഇന്ദിരാഗാന്ധി സമാധാനപുരസ്‌കാരവും അവര്‍ക്കു ലഭിച്ചു.