''പാത തികച്ചും ശൂന്യമായിരുന്നു. മഞ്ഞുമഴ പൂര്‍വാധികം ശക്തിയിലായിക്കഴിഞ്ഞു. അന്നു രാവിലെ കണ്ട പ്രകൃതി ആകെ മാറിയതായിത്തോന്നി. ഇപ്പോള്‍ പച്ചയില്ല, മഞ്ഞയില്ല, ചുവപ്പില്ല, മഞ്ഞണിഞ്ഞ ഗിരിശൃംഗങ്ങളില്ല. ചുറ്റിനും വെളുത്ത പുകപടലങ്ങള്‍ മാത്രം. ഇടയ്ക്കിടെ തണുത്ത കാറ്റ്. ഹിമപടലങ്ങള്‍ക്കു നേരിയ ചലനം. എങ്ങും ശൂന്യത. നടക്കുന്തോറും ചാരനിറം ഇരുണ്ടിരുണ്ടുവന്നു. കഷ്ടിച്ച്, പാതമാത്രം മുന്നില്‍ക്കാണാം. കാട്ടുചോലകളുടെ ഗാനം മാത്രം കേള്‍ക്കാം. അന്തരീക്ഷം തണുത്തു വിറങ്ങലിച്ചു കിടക്കുന്നു'' - ഹിമവാന്റെ മുകള്‍ത്തട്ടില്‍.
യാത്രകളും യാത്രാവിവരണങ്ങളും എന്നും എന്നെ മോഹിപ്പിക്കാറുണ്ട്. കാണാന്‍ കഴിയാത്ത കാഴ്ചകളെക്കുറിച്ചു വായിക്കാനും അറിയാനും പിന്നെ ആ വഴികളിലൂടെ ഒരു യാത്ര പോവാനും താത്പര്യമില്ലാത്തവര്‍ ആരെങ്കിലുമുണ്ടോ, അല്ലെങ്കില്‍ തനിക്ക് ഒരിക്കലും നേരിട്ടു കാണാന്‍ കഴിയാത്ത കാഴ്ചകളെ മറ്റുള്ളവരുടെ വിവരണങ്ങളില്‍ക്കൂടി അറിയാനുള്ള ത്വരയെങ്കിലും എല്ലാവരുടെയും മനസ്സില്‍ കാണും. പക്ഷേ, താന്‍ കണ്ട ദൃശ്യങ്ങളെ തന്മയത്വത്തോടെ മറ്റുള്ളവര്‍ക്കു വിശദീകരിച്ചു കൊടുക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നുവരില്ല. അതു കൃത്യമായി സാധിച്ചതുകൊണ്ടാണ് രാജന്‍ കാക്കനാടന്‍ മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയിരിക്കുന്നത്. അദ്ദേഹത്തിന്റെ യാത്രാവിവരണങ്ങള്‍ രണ്ടെണ്ണമേയുള്ളൂവെങ്കിലും അത് മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക് കൃതികളാണ്. പലരും ഹിമാലയം യാത്രാവിവരണങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും ഒന്നിനും ഇത്രത്തോളം ജനമനസ്സുകളെ സ്വാധീനിക്കാനായിട്ടില്ല.
ഹിമവാന്റെ മുകള്‍ത്തട്ടില്‍ - വായിച്ചിട്ടുള്ളതില്‍ ഏറ്റവും മനോഹരമായ യാത്രാവിവരണം. പുതയ്ക്കാന്‍ ഒരു കരിമ്പടംപോലുമില്ലാതെ കടുത്ത ശൈത്യത്തെ വെല്ലുവിളിച്ച് ഏകനായി, ദരിദ്രനായി അമര്‍നാഥ് ഗുഹയിലേക്കു നടത്തിയ സഞ്ചാരത്തിന്റെ കഥയാണിത്. ലൗകികനായ ഒരാള്‍ക്ക് യാത്ര ഒരു ആധ്യാത്മികാനുഭവമായിത്തീരുന്നതിന്റെ ആലേഖനമാണത്. മലയാളത്തിലുണ്ടായ ഹിമവല്‍യാത്രാവിവരണങ്ങളുടെ കൂട്ടത്തില്‍ വേര്‍തിരിഞ്ഞു നില്‍ക്കുന്ന ഒരു കൃതിയാണിത്. ഹൃഷികേശ് മുതല്‍ ബദരീനാഥ് വരെ അതീവദുഷ്‌കരങ്ങളായ ഹിമപാതകളിലൂടെയും ഘോരവനങ്ങളിലൂടെയും കുന്നുകളിലൂടെയും മലകളിലൂടെയും കാല്‍നടയായി നടത്തിയ സാഹസികസഞ്ചാരത്തിന്റെ അതിമനോഹരമായ വിവരണം.
ഈ പുസ്തകത്തില്‍ മനുഷ്യമാംസംപോലും കഴിക്കാന്‍ മടിക്കാത്ത അഘോരികളെയും, ശിവനെമാത്രം ഉപാസിച്ച് അതിശൈത്യത്തില്‍ ഗുഹകളില്‍ ജീവിക്കുന്ന സന്ന്യാസിമാരെയും, ലൗകികസുഖത്തില്‍ അഭിരമിച്ച് കൊട്ടാരസദൃശമായ മാളികകളില്‍ താമസിച്ച് ആത്മീയതയുടെ മൊത്തക്കച്ചവടക്കാരെന്നു ഭാവിക്കുന്ന കോര്‍പ്പറേറ്റ് സ്വാമിമാരെയും കാണാം. ബദരിനാഥനെക്കണ്ടു ജീവിതം അവിടെത്തന്നെ അവസാനിക്കുന്നതാണ് പുണ്യമെന്നു കരുതുന്ന വൃദ്ധയാത്രികരെയും നാഗരികത തെല്ലുമേശാത്ത നിഷ്‌കളങ്കഗ്രാമീണരെയും ദൈന്യബാല്യങ്ങളെയും മലമുകളിലെ അതിസുന്ദരികളായ ഗ്രാമീണപ്പെണ്‍കൊടികളെയും ബദരീനാഥ് യാത്രികരെ പ്രതീക്ഷിച്ചിരിക്കുന്ന ചായക്കടകളിലെ ദരിദ്രജീവിതങ്ങളെയും കാക്കനാടന്‍ ഒട്ടൊരു സങ്കടത്തോടെ ഈ പുസ്തകത്തില്‍ കോറിയിടുന്നു.
സാധാരണ യാത്രാവിവരണങ്ങളില്‍ നാം കാണുന്ന അഹങ്കാരം, ആത്മപ്രശംസ, ആഡംബരം എന്നിവ ഈ യാത്രാവിവരണത്തില്‍ തെല്ലുമേശിയിട്ടില്ല. അന്തിയുറങ്ങാന്‍ സഞ്ചാരി ആശ്രയിച്ചത് ധര്‍മശാലകളെയും വന്യമൃഗങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കടന്നുവരാന്‍ സാധ്യതയുള്ള കാട്ടിനുള്ളിലെ ഗുഹകളെയുമാണ്. പ്രഭാതത്തില്‍ ശുചിയാവാന്‍ ശരീരം മരവിപ്പിക്കുന്ന കാട്ടുചോലകളെ ആശ്രയിച്ചു. പലപ്പോഴും കൂട്ടിനുണ്ടായിരുന്നത് അഗതികളും ഭിക്ഷാംദേഹികളുമായിരുന്നു. പലപ്പോഴും വിശപ്പിനു കിട്ടിയിരുന്നത് ഉണക്കറൊട്ടിയും കാട്ടുചോലയിലെ തെളിനീരുമായിരുന്നു.
ഒരേസമയം പ്രകൃതിയുടെ പ്രതിരോധങ്ങളോടു മല്ലിട്ട് ലക്ഷ്യപ്രാപ്തി നേടുന്ന മനുഷ്യമനസ്സിന്റെ ദൃഢശക്തിയും പ്രകൃതിയുടെ വിദൂരവിസ്മയങ്ങള്‍ അറിഞ്ഞും അനുഭവിച്ചും അതിനെ ഒരു അനുഭൂതിയായി ഉള്‍ക്കൊള്ളാനുള്ള ആന്തരികത്വരയും തെളിഞ്ഞുകാണുന്ന, ആത്മാര്‍ത്ഥത തുടിക്കുന്ന കൃതിയാണിത്. യാത്രയുടെ ലഹരിയില്‍, ജീവിതംതന്നെ ഹോമിച്ച രാജന്റെ ജീവിതയാത്ര അവിചാരിതമായി അവസാനിച്ചെങ്കിലും ഹിമവല്‍പര്യടനത്തിന്റെ ഈ കൃതിയിലൂടെ അദ്ദേഹം ജീവിക്കുന്നു.