''നഗരത്തില്‍നിന്നകന്ന് ഒരു വെളിസ്ഥലത്ത് ഒരു വലിയ കൂന കാണാം. അതു പ്രതിദിനം താണമര്‍ന്നുകൊണ്ടിരുന്നു. മണ്ണൊലിച്ചുപോയപ്പോള്‍, ചില അസ്ഥികൂടങ്ങള്‍ ആ കൂനയില്‍ തെളിഞ്ഞുകാണായി. ഒരസ്ഥികൂടത്തിന്റെ കഴുത്തില്‍ ചില ചുവന്ന നൂലിഴകള്‍ കാണുവാനുണ്ട്.
ആ വെളിസ്ഥലത്ത് ഇന്നും അസ്ഥികൂടങ്ങള്‍ നൃത്തം ചെയ്യാറുണ്ടത്രേ!''
തോട്ടിയുടെ മകന്‍ - തകഴി
നിന്ദിതരും പീഡിതരുമായ ആലപ്പുഴയിലെ തോട്ടികളുടെ ഉയിര്‍ത്തെഴുന്നേല്പ് ആവിഷ്‌കരിച്ച പുസ്തകമാണ് തകഴിയുടെ 'തോട്ടിയുടെ മകന്‍.' അഭിജാതവര്‍ഗം കഥാരചനയ്ക്കു നിഷിദ്ധമെന്നു കരുതിയ വിഷയം സാമൂഹികരാഷ്ട്രീയരംഗങ്ങളിലും സാഹിത്യസാംസ്‌കാരികരംഗങ്ങളിലും പുത്തനുണര്‍വുണ്ടായ നാല്പതുകളുടെ ചരിത്രപശ്ചാത്തലത്തിലാണ് തകഴി 'തോട്ടിയുടെ മകനി'ലൂടെ അവതരിപ്പിച്ചത്.
നഗരത്തിലെ സമ്പന്നവര്‍ഗവും ജന്മിമാരും മനുഷ്യരായിപ്പോലും പരിഗണിക്കാതെ ചൂഷണം ചെയ്ത തോട്ടികള്‍ അടിമനുകം വലിച്ചെറിഞ്ഞ് അവകാശബോധത്തിലേക്കുയരുന്ന കഥ പറയുന്ന നോവലാണിത്. അന്ധവിശ്വാസവും അനാചാരങ്ങളും നിലനിന്ന കാലഘട്ടത്തില്‍ തോട്ടിയുടെ മകന്‍ തോട്ടിയായി ത്തുടരണമെന്ന ധാരണ നാട്ടുനടപ്പായിരുന്നു. ഇശുക്കുമുത്തു, ചുടലമുത്തു, മോഹനന്‍ എന്നീ മൂന്നു തലമുറകളിലൂടെ തോട്ടികളുടെ പരിണാമം തകഴി ഈ നോവലില്‍ വിവരിക്കുന്നു.
തോട്ടികളുടെ ജീവിതത്തിലെ ദാരിദ്ര്യത്തെയും അടിമത്തത്തെയും നിസ്സഹായതയെയും പച്ചയായി അവതരിപ്പിക്കുന്ന ഈ കൃതിയില്‍ ഒരു കാലഘട്ടത്തിന്റെ സാമൂഹികരാഷ്ട്രീയചിത്രം സുവ്യക്തമാണ്. നരകതുല്യമായ ജീവിതം നയിച്ചുകൊണ്ട്, മറ്റുള്ളവരുടെ കക്കൂസുകള്‍ വൃത്തിയാക്കുന്ന തോട്ടിയെ സമൂഹം മനുഷ്യനായി അംഗീകരിക്കുന്നില്ല. അഴുക്കുമാറ്റുന്ന തോട്ടി, അഴുക്കു തിന്നണമെന്ന് സമൂഹം അനുശാസിക്കുന്നു. വൃത്തിയുള്ള വസ്ത്രം ധരിക്കുന്നതും നല്ല ഭക്ഷണം കഴിക്കുന്നതും തോട്ടിക്കു നിഷിദ്ധമാണ്. ദിവസവും മുഖം ക്ഷൗരം ചെയ്യുന്ന, അടിച്ചു നനച്ച നിക്കറോ, മുണ്ടോ ധരിക്കുന്ന തോട്ടിയെ ശങ്കയോടുകൂടി മാത്രമേ സമൂഹം വീക്ഷിക്കുകയുള്ളൂ. ജീവിതത്തില്‍ അടുക്കും ചിട്ടയും ഇല്ലാത്ത വൃത്തികെട്ട ശരീരമുള്ള കുടിയനായ തോട്ടിയെ ആണ് സമൂഹത്തിനാവശ്യം.
''കോളറാ!''
ആലപ്പുഴ നഗരത്തിലെ ആയിടയ്ക്കുള്ള മരണത്തിന്റെ സംഖ്യ കണക്കാക്കാന്‍ ഒക്കുകയില്ല. എന്തുകൊണ്ടെന്നാല്‍, മരിക്കുന്ന ആളുകള്‍ മനുഷ്യസമുദായത്തിന്റെ ജനസംഖ്യയില്‍പെട്ടതല്ല, പിച്ചക്കാരനും അഗതിയുമൊക്കെയാണ്. റോഡരികില്‍നിന്നും മുടുക്കുകളില്‍നിന്നുമെല്ലാം പെറുക്കിയെടുത്തു കൊണ്ടുപോകുന്നതു കാണാം! എങ്ങനെ കണക്കാക്കാനാണ്? സാധ്യമല്ല. തന്നെയുമല്ല, ഈ മരിക്കുന്നതിനു വല്ലതിനും പേരോ മറ്റോ ഉണ്ടോ?ഇനി ഭേദപ്പെട്ട ആളുകളുടെയിടയ്ക്കു ചിലരെല്ലാം മരിച്ചു എന്നു കേള്‍ക്കാം. അതില്‍ ചിലരുടെയെല്ലാം മരണം മുനിസിപ്പാലിറ്റിയില്‍ അറിവുകൊടുത്തു എന്നും വരാം. അങ്ങനെ മരണത്തിന്റെ കരിനിഴലില്‍ അപ്രസന്നമായി ഭയചകിതരായി ആലപ്പുഴ നഗരം ദിവസങ്ങള്‍ തള്ളിനീക്കിക്കൊണ്ടിരുന്നു.
എവിടെയാണു രക്ഷ! എന്താണു രക്ഷ? ആരാണ് സംരക്ഷിതര്‍? എപ്പോള്‍ അടിപെടുമെന്ന് ആര്‍ക്കുമറിഞ്ഞുകൂടാ, ഞൊടിയിടയ്ക്കുള്ളില്‍ ജീവന്‍ അനിശ്ചിതമാണ്. ഭാവി അങ്ങനെ ഇരുണ്ടു ഭീകരമായിരുന്നു...
ഇശുക്കുമുത്തു, മകന്‍ ചുടലമുത്തു, ചുടലമുത്തുവിന്റെ മകന്‍ മോഹനന്‍. സ്വന്തം പാട്ടയും മമ്മട്ടിയും ചുടലമുത്തുവിനു കൊടുത്ത്, ഒരു നല്ല തോട്ടിയായിത്തീരാന്‍ ആശീര്‍വദിച്ചശേഷം ഇശുക്കുമുത്തു മരിക്കുന്നു. സദാ നീറിപ്പുകയുന്ന അഗ്‌നിപര്‍വ്വതമായിരുന്നു ചുടലമുത്തുവിന്റെ ഹൃദയം. മോഹനന്‍ ഒരിക്കലും തോട്ടിയായിത്തീരരുതെന്ന ആഗ്രഹം എല്ലായ്പ്പോഴും അയാളില്‍ കുടികൊണ്ടു. ശ്മശാനപാലകനായി മാറുമ്പോള്‍ അയാള്‍ അതിരറ്റ് ആഹ്ലാദിക്കുന്നു. നഗരത്തിലാകെ പടര്‍ന്നുപിടിച്ച കോളറ പക്ഷേ, ചുടലമുത്തുവിനെയും വിഴുങ്ങുന്നു, മോഹനന്‍ നിരാശ്രയനായി. കാലത്തിന്റെ കുത്തൊഴുക്കില്‍ മോഹനനും തോട്ടിയായി മാറുന്നു. എങ്കിലും അവന്‍ ഇശുക്കുമുത്തുവോ ചുടലമുത്തുവോ ആയിരുന്നില്ല. പാട്ടയും മമ്മട്ടിയുമായി കക്കൂസുകള്‍ തോറും കയറിയിറങ്ങിയ മോഹനന്‍ അഗ്‌നിനാളമായിരുന്നു, ആളിപ്പടരുന്ന അഗ്‌നിനാളം...